Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരാഹുലാണ് എല്ലാ...

രാഹുലാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം

text_fields
bookmark_border
രാഹുലാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം
cancel
camera_alt

രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്

​​ദേ​ശീ​യ​ത​ല​ത്തി​ൽ സ്വ​ന്തം ഇ​ടം കോ​ൺ​​ഗ്ര​സ് ബി.​ജെ.​പി​ക്ക് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും അ​ത് കൈ​യ​ട​ക്കി. ഇനിയൊരു തിരിച്ചുവരവ് അസാധ്യമായ നിലയിലാണ് കോൺഗ്രസ്. ദുസ്ഥിതിക്ക് രാഹുൽഗാന്ധിയാണ് പ്രധാന ഉത്തരവാദി - പാർട്ടിവിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് എ.െഎ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിൽ നിന്ന്:

പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ലാതായി

യു.പി.എ ഒന്നും രണ്ടും സർക്കാറുകളുടെ രൂപവത്കരണത്തിന് കോൺഗ്രസ് പ്രസിഡന്റ് എന്നനിലക്ക് സോണിയ ഗാന്ധി മികച്ച പങ്കുവഹിച്ചിട്ടുണ്ട്. ആ വിജയങ്ങളുടെ പ്രധാന കാരണം ഇതാണ്: പ്രസിഡന്റ് എന്നനിലക്ക് മുതിർന്ന നേതാക്കളുടെ ബുദ്ധിപരമായ ഉപദേശങ്ങൾക്ക് ചെവികൊടുത്തു. അവരുടെ വിലയിരുത്തലുകളെ വിശ്വസിച്ചു. അവർക്ക് അധികാരം വിട്ടുകൊടുത്തു.

പക്ഷേ, 2013 ജനുവരിയിൽ വൈസ് പ്രസിഡന്റായി കടന്നുവന്ന രാഹുൽ ഗാന്ധി, കൂടിയാലോചനയുടെ മുഴുവൻ സംവിധാനങ്ങളും തകർത്തുകളഞ്ഞു. പരിചയ സമ്പന്നരായ മുതിർന്ന നേതാക്കളെ ഒതുക്കി. തഴക്കമില്ലാത്ത മുഖസ്തുതിക്കാരുടെയും പാദസേവകരുടെയും പുതിയ ഉപജാപകസംഘം പാർട്ടിക്കാര്യങ്ങൾ നോക്കിനടത്താൻ തുടങ്ങി.

ഓർഡിനൻസ് കീറിയത് ബാലചാപല്യം

പക്വതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഓർഡിനൻസ് വലിച്ചു കീറിയ സംഭവം. കോൺഗ്രസ് കോർ ഗ്രൂപ് നിശ്ചയിച്ചതനുസരിച്ച്, പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവെച്ച ഓർഡിനൻസായിരുന്നു അത്. സർക്കാറിന്റെയും പ്രധാനമന്ത്രിയുടെയും അധികാരത്തെ അവമതിച്ച ബാലചാപല്യമായിരുന്നു അത്. 2014ൽ യു.പി.എ തോൽക്കാൻ മറ്റെന്തിനേക്കാൾ, ഈ ഒറ്റ ചെയ്തിയായിരുന്നു പ്രധാന കാരണം. വലതുപക്ഷ ശക്തികളുടെ പ്രചാരണങ്ങളും ചില കോർപറേറ്റ് താൽപര്യങ്ങളും കൂടിയായപ്പോൾ കഥ പൂർണമായി.

തോറ്റു തോറ്റ് പാർട്ടി

പല വർഷങ്ങളിൽ നടന്ന ചിന്താശിബിരങ്ങളിൽ കർമസമിതികൾ മുന്നോട്ടുവെച്ച ഒരു ശിപാർശയും നേരെ ചൊവ്വേ നടപ്പാക്കിയില്ല. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കാൻ 2013ലെ ജയ്പൂർ സമ്മേളനത്തിൽ തന്റെ നേതൃത്വത്തിൽ തയാറാക്കിയ കർമപരിപാടി പ്രവർത്തകസമിതി അംഗീകരിച്ചതും സമയബന്ധിതമായി നടപ്പാക്കേണ്ടതുമായിരുന്നു. എന്നാൽ ഒമ്പതു വർഷമായി ഈ ശിപാർശ എ.ഐ.സി.സിയിലെ സ്റ്റോറിൽ വിശ്രമിക്കുന്നു.

അതു നടപ്പാക്കാൻ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും പലവട്ടം പറഞ്ഞതല്ലാതെ, ഗൗരവപൂർവം കണക്കിലെടുക്കാൻ ഒരു ശ്രമവും ഉണ്ടായില്ല. 2014 മുതൽ സോണിയയും രാഹുലും നയിച്ച രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയമായി തോറ്റു. 2014നും 2022നും ഇടയിൽ നടന്ന 49 നിയമസഭ തെരഞ്ഞെടുപ്പുകളിൽ 39ലും പരാജയം. നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ജയിച്ചത്. ആറു തവണ മാത്രമാണ് സഖ്യം രൂപപ്പെടുത്താൻ പറ്റിയത്. ഇപ്പോൾ കോൺഗ്രസ്ഭരണം രണ്ടു സംസ്ഥാനങ്ങളിൽ മാത്രം. മറ്റു രണ്ടിടത്ത് സഖ്യകക്ഷികൾ നാമമാത്രം.

പി.എമാരുടെ റിമോട്ട് കൺട്രോൾ ഭരണം

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയുടെ സ്ഥിതി കൂടുതൽ മോശമാവുകയാണ്. പാർട്ടിക്കുവേണ്ടി ജീവിതംതന്നെ നൽകിയ മുതിർന്ന നേതാക്കളെയെല്ലാം അപമാനിച്ച് സംസാരിക്കുകയും പ്രവർത്തകസമിതി യോഗത്തിൽ തിടുക്കപ്പെട്ട് പദവി ഒഴിയുകയുമാണ് രാഹുൽ ചെയ്തത്. ഇടക്കാല പ്രസിഡന്റായ സോണിയ മൂന്നു വർഷമായെങ്കിലും ഇന്നും പദവിയിൽ തുടരുന്നു.

യു.പി.എ സർക്കാറിന്റെ കാലത്തെ റിമോട്ട് കൺട്രോൾ ഭരണരീതി ഇപ്പോൾ നടപ്പാക്കിവരുന്നത് കോൺഗ്രസിലാണ്. നാമമാത്രമായി സോണിയ നേതൃസ്ഥാനത്ത് തുടരുന്നു. പ്രധാന തീരുമാനങ്ങളെല്ലാം രാഹുൽ ഗാന്ധിയോ അതിനേക്കാൾ മോശമായി അദ്ദേഹത്തിന്റെ അംഗരക്ഷകരോ പി.എമാരോ എടുക്കുന്നു.

എന്റെ 'മയ്യിത്ത്' ചുമന്നു

2020 ആഗസ്റ്റിലാണ് താനും മറ്റു 22 മുതിർന്ന സഹപ്രവർത്തകരും പാർട്ടി നേരിടുന്ന ദുഃസ്ഥിതിയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷക്ക് കത്തെഴുതിയത്. അതിന്റെ പേരിൽ കാടൻ രീതിയിൽ ആക്രമിക്കുകയും അപമാനിക്കുകയുമാണ് ഉപജാപക സംഘം ചെയ്തത്. എ.ഐ.സി.സി നടത്തുന്ന ഉപജാപകരുടെ നിർദേശപ്രകാരം ജമ്മുവിൽ എന്റെ 'മയ്യിത്ത്' ചുമന്നുനടന്നു. ഇത്തരത്തിൽ പാർട്ടി അച്ചടക്കം ലംഘിച്ചവരെ ഡൽഹിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും രാഹുൽ ഗാന്ധി നേരിട്ടും സംരക്ഷിക്കുകയാണ്.

സോണിയയുടെയും കുടുംബാംഗങ്ങളുടെയും പിഴവുകളെല്ലാം കോടതിയിൽ പ്രതിരോധിച്ചുവന്ന മുതിർന്ന നേതാവ് കപിൽ സിബലിന്റെ വസതി ഇതേ ഉപജാപകരുടെ ഗുണ്ടകൾ ആക്രമിച്ചു. പാർട്ടിയുടെ ദൗർബല്യത്തിന് കാരണങ്ങളും അതിനു പരിഹാരവും ചൂണ്ടിക്കാട്ടുന്ന കത്തെഴുതിയ കുറ്റം മാത്രമാണ് മുതിർന്ന 23 നേതാക്കൾ ചെയ്തത്. അത് ക്രിയാത്മകമായി കണക്കിലെടുക്കുന്നതിനുപകരം, പ്രവർത്തക സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ അപമാനിക്കുകയൂം ശകാരിക്കുകയുമാണ് ചെയ്തത്.

വരാൻ പോകുന്ന പകരക്കാരൻ പാവ മാത്രം

പാർട്ടി നേതൃത്വം പകരക്കാർ ഏറ്റെടുക്കുന്ന വിധം, ഒരു തിരിച്ചുവരവില്ലാത്ത സ്ഥിതിയിലാണ് കോൺഗ്രസ് എത്തിനിൽക്കുന്നത്. വീണ്ടെടുക്കാൻ കഴിയാത്തവിധം പാർട്ടി സമഗ്രമായി തകർന്നിരിക്കുന്നതിനാൽ ഈ പരീക്ഷണം പരാജയപ്പെടും. തിരഞ്ഞെടുക്കുന്ന പകരക്കാരൻ ഒരു പാവ മാത്രമായിരിക്കും. നിർഭാഗ്യമെന്നു പറയട്ടെ, ദേശീയതലത്തിൽ സ്വന്തം ഇടം കോൺഗ്രസ് ബി.ജെ.പിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളും അത് കൈയടക്കി. ഗൗരവപൂർവം ഉത്തരവാദിത്തം നിർവഹിക്കാത്ത വ്യക്തിയെ പാർട്ടിയുടെ അമരം പിടിപ്പിക്കാൻ കഴിഞ്ഞ എട്ടുവർഷമായി പാർട്ടി നേതൃത്വം ശ്രമിച്ചതു കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.

എല്ലാറ്റിനും ഉത്തരവാദി നേതൃത്വം

സംഘടന തെരഞ്ഞെടുപ്പു പ്രക്രിയ മുഴുവൻ പ്രഹസനമായി മാറി. രാജ്യത്ത് ഒരിടത്തും സംഘടനയുടെ ഏതെങ്കിലും തലത്തിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നേരിട്ട് തിരഞ്ഞെടുത്ത് എ.ഐ.സി.സിയിൽ സ്ഥാപിച്ച വിശ്വസ്തർ ഉപജാപക സംഘത്തിന്റെ സമ്മർദത്തിനൊത്ത് പട്ടികയിൽ ഒപ്പുവെക്കുന്നു. ബൂത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലെവിടെയും വോട്ടർപട്ടിക പുറത്തിറക്കുകയോ നാമനിർദേശ പത്രിക ക്ഷണിക്കുകയോ വോട്ടെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല.

ഒരിക്കൽ ദേശീയ പ്രസ്ഥാനമായിരുന്ന പാർട്ടിയിൽ വമ്പൻ ക്രമക്കേട് നടത്തുന്നതിന് എ.ഐ.സി.സി നേതൃത്വമാണ് ഉത്തരവാദി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ ഇത്തരമൊരു ഗതികേട് കോൺഗ്രസ് അർഹിക്കുന്നതാണോ എന്ന് എ.ഐ.സി.സി നേതൃത്വം സ്വയം ചോദിക്കണം. ഇക്കാലമത്രയും ജീവിതം സമർപ്പിച്ച ആശയധാര മുന്നോട്ടു കൊണ്ടുപോകാൻ ഞാനും മറ്റു ചില സഹപ്രവർത്തകരും കോൺഗ്രസിന്റെ ഔപചാരിക ചട്ടക്കൂടിനു പുറത്ത് നിരന്തരം അധ്വാനിക്കും.

ഭാരത് ജോഡോ യാത്രയല്ല, വേണ്ടത് കോൺഗ്രസ് ജോഡോ യജ്ഞം

ഇന്ത്യക്ക് ഏതാണോ ശരി, അതിനായി പോരാടാനുള്ള ശേഷിയും ഇച്ഛാശക്തിയും എ.ഐ.സി.സിയിലെ ഉപജാപക സംഘത്തിന്റെ കൈപ്പിടിയിൽ അമർന്ന കോൺഗ്രസിന് നഷ്ടപ്പെട്ടു. യഥാർഥത്തിൽ ഭാരത് ജോഡോ യാത്രക്കു മുമ്പ് കോൺഗ്രസ് ജോഡോ യത്നമാണ് നേതൃത്വം നടത്തേണ്ടത്.

ഈ സാഹചര്യങ്ങൾക്കിടയിൽ അങ്ങേയറ്റം ഖേദത്തോടെ, ഹൃദയഭാരത്തോടെ, അര നൂറ്റാണ്ടത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കോൺഗ്രസിന്റെ പ്രാഥമികാംഗത്വം അടക്കം എല്ലാ പദവികളിൽനിന്നും രാജി വെക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ghulam nabi azadcongressRahul Gandhi
News Summary - Rahul is the cause of all the trouble
Next Story