വഴിമാറുന്ന മണ്ണും മഴയും
text_fieldsസംസ്ഥാനത്ത് പെയ്തെത്തുന്ന ഓരോ തുള്ളി മഴയെയും കരുതിവെക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ലഭ്യമായ ജലസ്രോതസ്സുകൾ പരമാവധി ശുദ്ധമായി സംരക്ഷിക്കേണ്ടതുമുണ്ട്. മഴ ധാരാളമായി ലഭിക്കുന്നതുവരെ ജലഅച്ചടക്കം പ്രധാനമാണ്. പെയ്യുന്ന ഇടമഴകളെ സംരക്ഷിക്കാനും സംഭരിക്കാനുമുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. മഴവെള്ള സംഭരണവും മണ്ണ്, ജല, ജൈവ സംരക്ഷണപരിപാടികളും വ്യാപകമാക്കണം. ഒരു സാഹചര്യത്തിലും നിലവിലുള്ള പുല്ലുകളുൾപ്പെടെ നശിപ്പിക്കരുത്. പുതയിടൽ പരിപാടി ഒരു യജ്ഞമായി തന്നെ ഏറ്റെടുക്കേണ്ടതാണ്
ഇന്ന് ഓരോ ദിവസം കഴിയുന്തോറും കേരളത്തിന്റെ പനി കൂടുകയാണ്; വാർഷിക മഴയുടെ 70 ശതമാനവും ലഭിക്കുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ കാലയളവിലാണ്. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 25 വരെ ഈ വർഷം നാട്ടിൽ ലഭിക്കേണ്ട മഴയിൽ 47 ശതമാനം കുറവാണുണ്ടായത്. ഏറ്റവുമധികം മഴ ലഭിക്കേണ്ട ഇടുക്കിയിൽ 63 ശതമാനമാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ പകുതിയിലധികം മഴ ലഭിച്ചിട്ടില്ല. കാലവർഷം തീരാൻ 35 ദിവസം മാത്രമുള്ളപ്പോൾ സ്ഥിതി ആശങ്കാജനകമാണ്.
കാലം മാറുന്നു, കാലാവസ്ഥയും
ഇന്ത്യൻ മഹാസമുദ്രവും പസഫിക് സമുദ്രവും ക്രമാതീതമായി ചൂടാവുകയാണ്. അവയുടെ സ്വാധീനവും പസഫിക് മഹാസമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ എന്ന പ്രകൃതി പ്രതിഭാസവും കൂടിയാകുമ്പോൾ മഴയുടെ കാലവും രീതികളും വഴിമാറുന്നു. കഴിഞ്ഞ 100 വർഷക്കാലത്തെ ഇന്ത്യൻ കാലാവസ്ഥവകുപ്പിന്റെ പഠനപ്രകാരം 142 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ വരൾച്ച വന്നത് 2016 ലാണ്. വേനൽക്കാല മഴയിൽ 12 ശതമാനം കുറവ് ഉണ്ടാകുന്നതായും വിലയിരുത്തപ്പെട്ടു. 2023 ആകുമ്പോൾ സ്ഥിതി വീണ്ടും മാറുന്നു. ഫെബ്രുവരി, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കഴിഞ്ഞ 50 വർഷക്കാലത്തെ ഏറ്റവും വലിയ ചൂടാണ് അനുഭവപ്പെട്ടത്. കർക്കടകത്തിലെ മഴ മാറിയപ്പോൾ ഇടവപ്പാതിയുടെ താളം തന്നെ തെറ്റി. മൺസൂണിനെ ആശ്രയിച്ചാണ് ഇന്ത്യയിലും കേരളത്തിലും എല്ലാം വിത്തിനങ്ങളും കാർഷിക ജലസേചന രീതികളും വികസിപ്പിച്ചിട്ടുള്ളത്.
താളംതെറ്റുന്ന കാർഷിക വിളകൾ
വയനാട്ടിലെ ഇഞ്ചി, വാഴ കൃഷികൾക്ക് മഴക്കുറവ് വലിയ പ്രതിസന്ധിയാണ് ഈ വർഷം സൃഷ്ടിച്ചത്. കുട്ടനാട്, തൃശൂർ, പാലക്കാട് മേഖലകളിലെ നെൽകർഷകർ ഏറെ സങ്കടത്തിലാണ്. വർഷങ്ങൾക്കുമുമ്പ് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നടന്ന വലിയൊരു കാർഷിക സെമിനാറിൽ ഈ ലേഖകൻ മഴയുടെ മാറ്റത്തെക്കുറിച്ച് പറഞ്ഞപ്പോൾ കർഷകർ തിരിച്ചു പറഞ്ഞത്: ‘‘സാറേ, ഇടുക്കിക്കാരെ മാരി ചതിക്കില്ല’’ എന്നാണ്. ഇപ്പോൾ കഥമാറി. നല്ല മഴ ലഭിക്കേണ്ട പശ്ചിമഘട്ട മലനിരകളിൽപെട്ട ഇടുക്കി ജില്ലയിലെ നാല് ബ്ലോക്കുകളിൽ ഭൂജലനിരപ്പ് ക്രമാതീതമായി താഴുകയാണ്.
സംസ്ഥാനത്തെ മഴയിലും പെയ്ത്തിലും സ്ഥലകാല വിതരണത്തിലും നമ്മുടെ പ്രകൃതിക്കും ഭൂവിനിയോഗത്തിനും വലിയ പങ്കാണുള്ളത്. കടലിലെ വെള്ളം നീരാവിയായി ഒരു നിശ്ചിത ദൂരം ലംബദിശയിലേക്ക് സഞ്ചരിച്ച് തുടർന്ന് തിരശ്ചീനദിശയിലേക്കും മാറും. ഇവ ഇടനാടൻ കുന്നുകൾ, സഹ്യാദ്രി മലനിരകൾ എന്നിവയാൽ തടയപ്പെട്ട് വീണ്ടും ലംബദിശയിലേക്ക് മാറും.
ഒരു പരിധി കഴിയുമ്പോൾ മേഘങ്ങൾ തന്നുടലുടഞ്ഞ് മഴത്തുള്ളികളായി മാറും. മഴത്തുള്ളികൾക്ക് കനം കൂടുന്നതിനനുസരിച്ച് ഗുരുത്വാകർഷണത്തിന്റെ സ്വാധീനം കൂടിയാകുമ്പോൾ ഭൂമിയിൽ എത്തും. അന്തരീക്ഷത്തിലെ ശരാശരി നാല് കിലോമീറ്റർ ഉയരത്തിൽ രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളിൽനിന്നുള്ള മഴയാണ് നമുക്ക് കിട്ടുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദശകത്തിൽ ഒന്നു മുതൽ 1.5 കിലോമീറ്ററിനുള്ളിൽ വെച്ചു തന്നെ മഴമേഘങ്ങൾ രൂപപ്പെടുന്നതിന്റെ പ്രശ്നങ്ങളും ഉണ്ട്. ഒരു മില്ലിമീറ്റർ കനം ഉണ്ടായിരുന്ന മഴത്തുള്ളികൾ നാല് മില്ലിമീറ്റർ ആയി മാറുകയും ചെയ്തു.
മഴയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കാനാണ് സാധ്യതയുള്ളത്. നിലവിലെ വിവിധ പഠനങ്ങൾ പ്രകാരം 2024 ലെ ആദ്യ മാസങ്ങൾ വരെ എൽനിനോയുടെ സ്വാധീനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
കേരളത്തിൽ പർവതജന്യമായ മഴയാണ് പ്രധാനമായും ലഭിക്കുന്നത്. അതിനാവട്ടെ മലനിരകൾക്ക് വലിയ സ്വാധീനമാണുള്ളത്. ഓരോ മലയെടുത്താലും ഒരുവശത്ത് മഴ ലഭിക്കുമ്പോൾ മറുവശത്തും ലഭിക്കണമെന്നില്ല. ഈ തത്ത്വമനുസരിച്ചാണ് കേരളത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ മഴനിഴൽ പ്രദേശങ്ങൾ ഉണ്ടാകുന്നത്. മഴയുടെ ലഭ്യതയിലും വിതരണത്തിലും വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. അതുപോലെ മഴസീസൺ മാറിക്കൊണ്ടിരിക്കുകയാണ്. നിശ്ചിത ഇടവേളകൾ കണക്കാക്കി പ്രളയവും വരൾച്ചയും എന്ന നിലയിലേക്ക് കേരളവും മാറിക്കഴിഞ്ഞു. സമുദ്രത്തിലെ എൽനിനോ പ്രതിഭാസംപോലെ തന്നെ മഴയെ നിർണയിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. കാലാവസ്ഥയെ സ്ഥൂലം എന്നും സൂക്ഷ്മമെന്നും തരംതിരിക്കാവുന്നതാണ് ഇവയിൽ സൂക്ഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഓരോ പ്രദേശത്തെയും ഭൂപ്രകൃതി ചരിവ്, മണ്ണിന്റെ സ്വഭാവം, തണ്ണീർതടങ്ങൾ ഭൂവിനിയോഗം തുടങ്ങിയ വിവിധ ഘടകങ്ങളാണ്. കേരളത്തിലെ ഇത്തരം സ്വാഭാവിക കാലാവസ്ഥ നിർണയ ഘടകങ്ങൾക്കുണ്ടാകുന്ന മാറ്റവും മഴയുടെ വിതാനത്തെ സ്വാധീനിക്കുന്നുണ്ട്.
മണ്ണിലെ മാറ്റങ്ങൾ
ഓരോ തരി മണ്ണിലും 25 ശതമാനം വെള്ളവും 25 ശതമാനം വായുവും 15 ശതമാനത്തോളം ജീവാംശവും ബാക്കി ധാതുക്കളുമാണ്. മണ്ണിൽ വായുവും വെള്ളവും ജൈവാംശവും ഉണ്ടാകണമെങ്കിൽ ധാരാളമായി ഹ്യൂമസ് (Humus) അഥവാ ക്ലേദം ആവശ്യമുണ്ട്. മരങ്ങളും ചെടികളും പൊഴിക്കുന്ന ഇലകളും ചില്ലകളും പ്ലാസ്റ്റിക് ഒഴികെയുള്ള ചപ്പുചവറുകളും ജൈവ വസ്തുക്കളും വെള്ളവും ചേർന്നാണ് ഇത് രൂപപ്പെടുന്നത്. കേരളത്തിൽ മാലിന്യസംസ്കരണത്തിലെ അശാസ്ത്രീയത കൊണ്ടും വ്യാപകമായ കത്തിക്കൽ കൊണ്ടും സ്വാഭാവികമായി ക്ലേദം ഉണ്ടാകുന്നില്ല. ആയതുകൊണ്ട് തന്നെ മൺതരികളിൽ ജലം കരുതിവെച്ച് വേനൽകാലങ്ങളിലേക്ക് ലഭിക്കുന്ന സാഹചര്യവും കുറഞ്ഞു വരുകയാണ്.
പ്രളയശേഷം ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ ഉൾപ്പെടെ മണ്ണിരകൾ വ്യാപകമായി ചത്തുപോകുന്നുണ്ട്. മണ്ണിരയുടെ നാശം ആത്യന്തികമായി മണ്ണിനെ കൂടുതൽ മരുവത്കരിക്കപ്പെടുത്തുകയും ജലം കരുതിവെക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും. കഴിഞ്ഞ അഞ്ചുവർഷമായി ഇടുക്കിയിലെ ഏലം, കുരുമുളക്, കാപ്പി എന്നിവയുടെ ഉൽപാദനത്തിൽ വലിയ കുറവാണുണ്ടായത്. ഇത് മണ്ണിന്റെ അനുപാതത്തിൽ വലിയ ഏറ്റക്കുറച്ചിലുകളാണുണ്ടാക്കുന്നത്.
അന്തരീക്ഷത്തിലും മണ്ണിലും ഉണ്ടാകുന്ന മാറ്റം പെട്ടെന്ന് സസ്യജാലങ്ങളെയാണ് ബാധിക്കുക. വിഷുവിന് പൂത്തിരുന്ന കണിക്കൊന്ന ഇപ്പോൾ വർഷം മുഴുവൻ പൂക്കുന്നു. മരുഭൂമികളിൽ മാത്രം കാണുന്ന മരുപ്പക്ഷിയും ചരൽ കുരുവിയും പോലുള്ള ദേശാടനക്കിളികളെ നമ്മുടെ നാട്ടിൽ കണ്ടു തുടങ്ങി. രണ്ടു വർഷമായി പലയിനം മാവുകളും പൂക്കുന്നില്ല. മലയാളിയുടെ ഇഷ്ട ഭക്ഷ്യവസ്തുവായ മത്തി (ചാള) കടലിലെ ചൂട് കാരണം കേരള തീരംവിട്ട് പോയിക്കഴിഞ്ഞു. മയിൽ, കാട്ടുപന്നി, കാട്ടുകുരങ്ങ്, പുലി, ആന എന്നിവയെല്ലാം നാട്ടിലേക്ക് വരുകയാണ്.
നമ്മുടെ ആവാസവ്യവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള സൂചനകളാണ് ഇതൊക്കെ. പ്രളയശേഷം കന്നുകാലികളുടെ ഉൽപാദനശേഷിയിൽ കാര്യമായ കുറവാണ് നിരീക്ഷിക്കുന്നത്. മണ്ണിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും പ്രധാനമാണ്. ഇടവിട്ട് തുടർച്ചയായി ഉണ്ടാകുന്ന വരൾച്ചയും പ്രളയവും മരുവത്കരണത്തിലേക്കായിരിക്കും നയിക്കുക. കേരളത്തിൽ പെയ്യുന്ന മഴയെ അധികമായി കരുതിവെക്കാനുള്ള ആഴത്തിൽ മണ്ണില്ല എന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ എത്ര മഴ ലഭിച്ചു എന്നതിനെക്കാൾ പ്രാധാന്യം ലഭിക്കുന്ന മഴയിൽ എത്ര ശതമാനം മണ്ണിൽ ഉൾപ്പെടെ കരുതിവെക്കാൻ കഴിയുന്നുവെന്നതാണ്.
കേരളത്തിൽ പെയ്തൊഴിയുന്ന ആകെ മഴയുടെ 0.75 ശതമാനം കരുതാനായാൽ തന്നെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സാധിക്കും. ഒരു വർഷം കേരളത്തിന് 88.3 കോടി ഘനമീറ്റർ വെള്ളമാണ് കുടിവെള്ളത്തിനായി വേണ്ടത്. വാർഷിക വർഷപാദത്തിലൂടെ 11.650 കോടി ഘനമീറ്റർ മഴവെള്ളം ലഭിച്ചിരുന്നു. 35 ശതമാനമായ 400 കോടി ഘനമീറ്റർ വെള്ളം 48 മണിക്കൂറിനുള്ളിൽ കടലിലേക്ക് പോകുന്നതാണ്. അതേസമയം 11.250 കോടി ഘനമീറ്റർ വെള്ളത്തിന്റെ ഭൂരിഭാഗവും കരുതിവെക്കേണ്ടത് ഭൂഗർഭജലമായും മണ്ണിലുമാണ്. മണ്ണിൽ വെള്ളം കരുതിവെക്കാനുള്ള കഴിവ് ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതുകൊണ്ടുതന്നെ ഭൂജലശേഷിയും സുരക്ഷിതമല്ല. എന്തായാലും മഴയുടെയും മണ്ണിന്റെയും രീതികളും സ്വഭാവവും മാറിക്കഴിഞ്ഞിരിക്കുന്നു. ശക്തമായ വരൾച്ചയും തുടർന്ന് പ്രളയവും എന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഒറ്റമൂലികൾ മാത്രം പോരാ
മുന്നിലെ യാഥാർഥ്യങ്ങൾക്ക് പരിഹാരം കാണുക എന്നത് ശ്രമകരമായ ദൗത്യമാണ്. സംസ്ഥാനത്ത് പെയ്തെത്തുന്ന ഓരോ തുള്ളി മഴയെയും കരുതിവെക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ലഭ്യമായ ജലസ്രോതസ്സുകൾ പരമാവധി ശുദ്ധമായി സംരക്ഷിക്കേണ്ടതുമുണ്ട്. മഴ ധാരാളമായി ലഭിക്കുന്നതുവരെ ജലഅച്ചടക്കം പ്രധാനമാണ്. പെയ്യുന്ന ഇടമഴകളെ സംരക്ഷിക്കാനും സംഭരിക്കാനുമുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. മഴവെള്ള സംഭരണവും മണ്ണ് ജല ജൈവ സംരക്ഷണപരിപാടികളും വ്യാപകമാക്കണം.
ഒരു സാഹചര്യത്തിലും നിലവിലുള്ള പുല്ലുകളുൾപ്പെടെ നശിപ്പിക്കരുത്. പുതയിടൽ പരിപാടി ഒരു യജ്ഞമായി തന്നെ ഏറ്റെടുക്കേണ്ടതാണ്. കാലാവസ്ഥ മാറ്റത്തെ ചെറുക്കുന്നതിന് ആഗോളമായി തന്നെ അംഗീകരിച്ച രീതിയാണിത്. ചെമ്പരത്തി, ശീമക്കൊന്ന,സുബാബുൾ, രാമച്ചം തുടങ്ങിയ ചെടികളുടെ ഇലകളുടെ ഒപ്പം ചപ്പുചവറുകളും പുതയിടാൻ ഉപയോഗിക്കാം. വയലുകൾ തണ്ണീർത്തടങ്ങൾ, കാവുകൾ,വനങ്ങൾ എന്നിവ പരമാവധി സംരക്ഷിക്കപ്പെടണം. സൂക്ഷ്മ വനങ്ങൾ വ്യാപകമായി സൃഷ്ടിക്കാൻ കഴിയണം. ഹരിത നിർമിതികൾ കൂടുതലായി പ്രചരിപ്പിക്കപ്പെടണം.
ചൂടിന്റെ വറുതികളെ വരുതിയിലാക്കാനും ശക്തമായ മഴയെ പ്രളയമാകാതിരിക്കാനും ആവശ്യമായ പരിപാലനം ആവശ്യമാണ്. അതിനനുസരിച്ചുള്ള നയങ്ങളും പരിപാടികളും സംഘടന സംവിധാനങ്ങളുമാണ് വേണ്ടത്. പ്രശ്നങ്ങൾ പുതിയ രീതിയിലുള്ളവയാണ്, തീവ്രവുമാണ്. പുതിയ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണ്. പരമ്പരാഗത പദ്ധതികൾ കൊണ്ട് ലക്ഷ്യം നേടാനാവില്ല. പുതിയ കാലത്തെ വെല്ലുവിളികൾ കാലാവസ്ഥ മാറ്റത്തിന്റേതു കൂടിയാണ്. അവയിൽ പലതും പ്രവചനാതീതമാണ്. അതോടൊപ്പം കൺമുന്നിലെ മഴയുടെ മാറ്റവും കാൽച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്നതും പ്രധാനമാണ്. ഓരോ തരി മണ്ണും ഓരോ തുള്ളി വെള്ളവും ഓരോ കണം വായുവും സംരക്ഷിക്കുക, പരമാവധി പരിശുദ്ധിയോടെ.
(ഭൗമശാസ്ത്രജ്ഞനും ജലവിഭവ വകുപ്പ് മുൻ ഡയറക്ടറുമാണ് ലേഖകൻ)
Subhashchandraboss@yahoo.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.