വായന മാറുകയാണ്, മരിക്കുകയല്ല
text_fieldsവായന മാറുകയാണ് എന്നതാണ് ശരി. ഇ-റീഡിങ്ങും പോഡ്കാസ്റ്റിങ്ങും ഒക്കെയായി വായനക്കു പുതിയ മാനങ്ങൾ കൈവരുകയാണ്. ഇസെഡ് ജനറേഷനാണ് ഡിജിറ്റൽ റീഡിങ്ങിൽ ചൈനയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്. ഇതിന് ഒന്നാമതായുള്ള കാരണം ഇ-ബുക്കുകളുടെ വില പേപ്പർ പുസ്തകങ്ങളേക്കാൾ വളരെ കുറവാണ് എന്നതാണ്.
ലോക സാഹിത്യത്തിൽ ഏറെ പാരമ്പര്യമുള്ള ഒന്നാണ് ചൈനയുടേത്. അതിന്റെ ലിഖിതങ്ങൾ 3000 വർഷത്തിലേറെയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൺഫ്യൂഷ്യസിൽനിന്ന് ആരംഭിച്ച ക്ലാസിക്കൽ കാലഘട്ടത്തിനുശേഷം, ചൈനയുടെ സാഹിത്യചരിത്രം വ്യത്യസ്ത മാതൃകകൾ അവലംബിക്കുന്ന ഒന്നായി മാറി. ഇതിൽ സവിശേഷം കവിതകളാണ്. ആദ്യകാല നാടോടിഗാനങ്ങളാണ് ഹാൻ രാജവംശത്തിന്റെ കാലത്ത് കവിതകളായി രൂപമാറ്റംചെയ്യപ്പെട്ടത്. നാടൻപാട്ടുകളുടെ ഈണമുള്ള ഈരടികളിൽ പ്രകടിപ്പിക്കപ്പെട്ടതത്രയും ലളിതമായ പരാതികളും ആശകളുമായിരുന്നു. പക്ഷേ, കാലക്രമേണ ഈ രൂപം കൂടുതൽ കൂടുതൽ സങ്കീർണമായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ, ചൈനീസ് സാഹിത്യത്തിന്റെ ആധുനീകരണം വ്യാപകമായി. ഗ്രന്ഥങ്ങളിൽ എഴുതി മാത്രം രേഖപ്പെടുത്തിയിരുന്ന ഔപചാരിക ക്ലാസിക്കൽ ഭാഷയുടെ സ്ഥാനത്ത് പ്രാദേശിക സംസാരഭാഷ സാഹിത്യരംഗത്തെ മാധ്യമമായി. ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് സാഹിത്യത്തിന്റെ പ്രമേയമായി ഏറ്റവുമധികം സ്വീകരിപ്പെട്ടത് ചൈനയുടെ സാമൂഹിക അവസ്ഥകളാണ്. അത് കഴിഞ്ഞുള്ള ആറു പതിറ്റാണ്ടുകളായി, യാഥാസ്ഥിതിക ചൈനീസ് മനോഭാവങ്ങൾക്കും പാശ്ചാത്യ അനുകരണത്തിനും ഇടയിൽ, ഒരു പെൻഡുലം കണക്കെയാണ് ചൈനീസ് സാഹിത്യം ചലിക്കുന്നത്. ക്ലാസിക്കൽ ചൈനീസ് സാഹിത്യം അതിന്റെ അതിവിദഗ്ധമായ ക്രാഫ്റ്റിനാലാണ് ഏറെ അംഗീകരിക്കപ്പെട്ടത്. പക്ഷേ, 1919നുശേഷമുള്ളവ അതിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയുടെ പേരിലും. ഏതാണ്ട് ഇതേ കാലയളവിൽ മലയാള സാഹിത്യവും മാറ്റങ്ങൾക്ക് വിധേയമാവുകയായിരുന്നു.
ചൈനയുടെ പ്രിയ കവികൂടിയായ ചെയർമാൻ മാവോ സേ തുങ് 1942ൽ, തന്റെ സഹ കമ്യൂണിസ്റ്റ് വിപ്ലവകാരികളോട് പറഞ്ഞു: ‘‘സാഹിത്യത്തിന്റെ ലക്ഷ്യം സമൂഹത്തിന്റെ ഇരുണ്ട വശം പ്രതിഫലിപ്പിക്കലോ രചയിതാവിന്റെ സ്വന്തം വികാരങ്ങളെയോ കലാപരമായ പ്രചോദനങ്ങളെയോ പ്രകടിപ്പിക്കലോ അല്ല. പകരം, സാഹിത്യത്തെയും കലയെയും വീരത്വത്തിന്റെയും സോഷ്യലിസ്റ്റ് ആദർശവാദത്തിന്റെയും നല്ല ഉദാഹരണങ്ങളാക്കി അവതരിപ്പിച്ച് ജനങ്ങളിൽ പ്രചോദനം സൃഷ്ടിക്കലാണ്. സാഹിത്യം എപ്പോഴും തൊഴിലാളികൾക്കും കർഷകർക്കും പട്ടാളക്കാർക്കുമെല്ലാം മനസ്സിലാവുന്ന ശൈലിയിലാവണം എഴുതപ്പെടേണ്ടത്. അല്ലാതെ അത് വരേണ്യ ബുദ്ധിജീവികളുടേതല്ല’’ -ഈ പ്രസ്താവന വായിക്കുമ്പോൾ തകഴിയുടെ ‘രണ്ടിടങ്ങഴി’യാണ് ആദ്യം മനസ്സിൽ വന്നത്. 1950കളോട് അടുപ്പിച്ചാണല്ലോ കുട്ടനാട്ടിലെ തൊഴിലാളികളുടെ ജീവിതകഥ അതു നമ്മോട് പറഞ്ഞത്. ചൈനീസ് സാഹിത്യവും മലയാള സാഹിത്യവും സമാനമാണ് എന്നു സമർഥിക്കാനൊന്നുമല്ല ഇതു പറയുന്നത്. സാമൂഹിക കാഴ്ചപ്പാടുകളിലെ മാറ്റം സാഹിത്യത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതു പറയാനാണ്. ഇത് സാഹിത്യത്തിന്റെ കാര്യം; ഇനി വായനയുടെ കാര്യമെടുത്താലോ?
ചൈനക്കിത് ഡ്രാഗൺ ഇയറാണ്. പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞ് എല്ലാം സാധാരണ രീതിയിലേക്ക് ആവുന്നതേയുള്ളൂ. അതിനോടനുബന്ധിച്ച ഒഴിവുദിനങ്ങളെ സ്പ്രിങ് ഫെസ്റ്റിവൽ ഹോളിഡേയ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തവണ ഹോളിഡേ സമയത്ത് കുറെയേറെ രക്ഷിതാക്കളെ കുട്ടികളോടൊത്ത് ലൈബ്രറികളിലും ബുക്ക്സ്റ്റോറുകളിലും കാണാനിടയായി. 2023ൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 75 ശതമാനത്തിലേറെ പേരും പറഞ്ഞത് ദിവസവും 30 മിനിറ്റെങ്കിലും വായനക്കായി മാറ്റിവെക്കാറുണ്ട് എന്നാണ്.
റൂറൽ ലൈബ്രറികളുടെ വർധനക്ക് സാക്ഷിയാവുന്നുണ്ട് ഇന്ന് ചൈന. ഈ കഴിഞ്ഞ അവധിക്കാലത്ത് ഗ്വയ്ജോ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ കുട്ടികൾക്കായി ഒരു ലൈബ്രറി തുറന്നു. ഒരു ഗുഹക്കുള്ളിലാണ് ഒരു ജീവകാരുണ്യസംഘം ഇത് പണികഴിപ്പിച്ചിട്ടുള്ളത്. ഗുഹയെന്നു കേൾക്കുമ്പോൾ ഭയക്കാനില്ല, മെറ്റൽകൊണ്ടുള്ള പടികളുണ്ട് അകത്തേക്കിറങ്ങാൻ. ഉള്ളിൽ വൈദ്യുതിയുണ്ട്. റാക്കുകളിൽ ഭംഗിയായി അടുക്കിവെച്ച പുസ്തകങ്ങൾ, ഇരിപ്പിടങ്ങൾ എന്നിങ്ങനെ സാധാരണ ഒരു ലൈബ്രറിക്കകത്ത് നാം എന്തെല്ലാം പ്രതീക്ഷിക്കുന്നുവോ, അതെല്ലാം ഇവിടെയുണ്ട്. സ്വസ്ഥമായിരുന്നു വായിക്കാൻ തോന്നിപ്പിക്കുന്ന അന്തരീക്ഷവും. ഗ്രാമത്തിന്റെ ചന്തമേറിയ ഭൂപ്രകൃതിയുമായി ഇഴുകിച്ചേർന്നിട്ടാണ് ഈ ലൈബ്രറി.
‘‘ഒരു ഗ്രാമീണ സമൂഹത്തിൽ വായനാസംസ്കാരം വളർത്തിയെടുക്കൽ അത്ര എളുപ്പമല്ല, അതുകൊണ്ടാണ് വായനക്കാരുടെ മനസ്സിനിണങ്ങുംവിധത്തിൽ ലൈബ്രറിക്ക് ആകർഷകമായ രൂപകൽപനയും അന്തരീക്ഷവും വേണമെന്ന് ഉറപ്പിച്ചത്’’ -ലൈബ്രറി പണിത കൂട്ടായ്മയുടെ മേധാവി ജോ ബെയ്ലി പറയുന്നു. ഗ്രാമവാസികളായ കുട്ടികളെപ്പറ്റി 10 വർഷത്തിലേറെയായി പഠിക്കുന്ന വ്യക്തിയാണ് 32കാരിയായ ജോ.
നഗരത്തിലെപ്പോലെയല്ല, ഗ്രാമത്തിലെ കുട്ടികൾ മിക്കവരും ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. സ്കൂൾ കഴിഞ്ഞ് സമയം ഫലപ്രദമായി ചെലവഴിക്കാൻ ഒരിടവുമില്ല അവർക്ക്. വാരാന്ത്യങ്ങൾ, സ്കൂൾ അവധികൾ, ഉത്സവ അവധികൾ എന്നിവ കണക്കിലെടുക്കുമ്പോൾ, ഈ ഗ്രാമത്തിലെ കുട്ടികൾ 180 ദിവസത്തിലധികം വീടുകളിൽ ചെലവഴിക്കുന്നുണ്ട്. അവിടെ മിക്കവർക്കും രക്ഷിതാക്കളുടെ മേൽനോട്ടമോ പുസ്തകശാലകൾപോലുള്ള വിദ്യാഭ്യാസ വിഭവങ്ങളോ ഇല്ലതാനും.
ഇതുകൊണ്ടാണ് കുട്ടികൾക്കായി ലൈബ്രറികൾ നിർമിക്കാനും അവർക്ക് ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ പ്രവർത്തനങ്ങൾ വാഗ്ദാനംചെയ്യാനും വായനയോടുള്ള അവരുടെ ഇഷ്ടം വളർത്താനും ജോ തീരുമാനിച്ചത്.
2019ലാണ് ഈ ചാരിറ്റി ഗ്രൂപ്പിന്റെ ആദ്യത്തെ ലൈബ്രറി തുറന്നത്. അവിടെ മുതിർന്നവർക്കും കുട്ടികൾക്കുമായി വ്യത്യസ്ത ഇടങ്ങൾ തിരിച്ചിട്ടുണ്ട്. കുട്ടികളെ വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് പല പരിപാടികളും നടത്തുന്നുണ്ട്. അങ്ങനെയുള്ള പരിപാടികളിൽ ചേരാനും പുസ്തകങ്ങൾ വായിച്ച് പോയന്റുകൾ നേടാനും കുട്ടികൾക്ക് കഴിയും. നിശ്ചിത പോയന്റുകൾ കരസ്ഥമാക്കിയാൽ, ഒരു സമ്മാനവും ലഭിക്കും. ലൈബ്രറിയുടെ ഗെസ്റ്റ്ബുക്കിൽ ‘ഇത് എന്റെ രണ്ടാമത്തെ വീടാണ്’ എന്നെഴുതിയിരിക്കുന്നു അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഒരു സ്ഥിരം വായനക്കാരൻ. പുതിയ തലമുറ വായനയെയും അതിനായി ഒരുക്കിയ സൗകര്യങ്ങളെയും ഇഷ്ടപ്പെടുന്നു എന്നർഥം.
വായന ഇല്ലാതാകുന്നു എന്ന പരിഭവങ്ങൾ എങ്ങും ഉണ്ടാകുന്ന കാലമാണല്ലോ ഇത്. എന്നാൽ, വായന മാറുകയാണ് എന്നതാണ് ശരി. ഇ-റീഡിങ്ങും പോഡ്കാസ്റ്റിങ്ങും ഒക്കെയായി വായനക്കു പുതിയ മാനങ്ങൾ കൈവരുകയാണ്. ഇസെഡ് ജനറേഷനാണ് ഡിജിറ്റൽ റീഡിങ്ങിൽ ചൈനയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്. ഇതിന് ഒന്നാമതായുള്ള കാരണം ഇ-ബുക്കുകളുടെ വില പേപ്പർ പുസ്തകങ്ങളേക്കാൾ വളരെ കുറവാണ് എന്നതാണ്. രണ്ടാമതായി, ഇ-ബുക്കുകൾ പോർട്ടബ്ൾ ആണ്. ഇത് വായനക്ഷമത വർധിപ്പിക്കുന്നു, കാരണം, ഒഴിവുസമയം മികച്ച രീതിയിൽ ഉപയോഗിക്കാനാകുന്നു. ഇ-ബുക്കുകൾ ശീലമാക്കിയശേഷം ഒരു വർഷം 10 പുസ്തകങ്ങൾ വായിക്കുന്നുണ്ടെന്നും എന്നാൽ മൂന്നു പേപ്പർ പുസ്തകങ്ങൾ മാത്രമേ വായിക്കാനാകുന്നുള്ളൂവെന്നും ഒരാൾ പറയുകയുണ്ടായി.
ലോകത്തെ ഏറ്റവും മികച്ച സ്വകാര്യ ഗ്രന്ഥശേഖരത്തിന്റെ ഉടമയായിരുന്നു ഇറ്റാലിയൻ നോവലിസ്റ്റ് ഉംബർട്ടോ എക്കോ. ‘ദിസ് ഈസ് നോട്ട് ദി എൻഡ് ഓഫ് ദ ബുക്ക്’ എന്ന പ്രസിദ്ധമായ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം പറയുന്നുണ്ട്, ഭാവിയിൽ പുസ്തകങ്ങൾ കടലാസുകൾ തുന്നിക്കെട്ടിയ ഒന്നായിരിക്കില്ല. പക്ഷേ, വായന നിലനിൽക്കുകതന്നെ ചെയ്യുമെന്ന്. എക്കോയുടെ പ്രവചനങ്ങൾ അന്വർഥമാക്കിക്കൊണ്ട് വായന രൂപം മാറിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.