കറുപ്പായിക്കൊരു മുറി; ശരവണന് തലചായ്ക്കാനിടമായില്ല...
text_fieldsജോലിസ്ഥലത്തുനിന്ന് 37 കിലോമീറ്റർ ദൂരെയാണ് ജീവൻ ബാക്കിയായവരെ പുനരധിവസിപ്പിച്ച കുന്നിൻമുകളിലെ കുറ്റിയാർവാലി. ജോലിക്കെത്താൻ തൊഴിലാളികൾക്ക് ഇവിടെ നിന്ന് കഴിയില്ല. ഇതോടെ, കൂടുതൽപേരും പെട്ടിമുടി ചുറ്റുവട്ടത്തെ ലയങ്ങളിൽ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒപ്പം കഴിയുകയാണിപ്പോഴും.
ശരവണൻ- വയസ്സ് 25, പെട്ടിമുടി...നാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും മൂത്ത സഹോദരനുമടക്കം നഷ്ടമായി. നാലു വർഷങ്ങൾക്കിപ്പുറം കസിൻ സിസ്റ്റേഴ്സിന്റെ ലയങ്ങളിൽ മാറിമാറി അന്തിയുറക്കം. തേയില എസ്റ്റേറ്റിൽ താൽക്കാലിക ജോലിക്ക് പോകുന്നതിനാൽ പട്ടിണിയില്ലെന്നു മാത്രം.
‘എൻ പേരമകൻ....പേരമകൾ... എല്ലാം പോച്ച്’ എന്ന് അലമുറയിടുന്ന കറുപ്പായിയുടെ ചിത്രം പെട്ടിമുടി ദുരന്തത്തിന്റെ നോവിൻമുഖമായി മാധ്യമങ്ങളെല്ലാം പകർത്തിയിരുന്നു. സിപ്പിച്ച ഭൂമിയിൽ കറുപ്പായിക്ക് കിട്ടിയത് അനുജത്തിയുടെ മകന്റെ കുടുംബത്തിനൊപ്പം തലചായ്ക്കാനൊരിടം. കൂടപ്പിറപ്പുകളായ 13 പേരെയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ഓരോ വർഷവും പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ കറുപ്പായിയെത്തും. ഇനിയും തിരിച്ചു കിട്ടാത്തവർക്കായി പ്രാർഥന നടത്തും. തുടർന്ന്, കിലോമീറ്ററുകൾ അകലെ പുനരധിവാസ ഭൂമിയിലേക്ക് തിരികെ. കുടുസ്സുമുറിയിലെ കട്ടിലിൽ വിശ്രമ ജീവിതം. 70 പേർ മൺമറഞ്ഞ പെട്ടിമുടി ദുരന്തത്തിൽ ദുരിതബാധിതരെ പുനരധിവസിപ്പിച്ചെന്ന് സർക്കാർ ഊറ്റം കൊള്ളുമ്പോഴാണ് ദുരന്തത്തിൽ അവശേഷിച്ചവർ തലചായ്ക്കാനിടമില്ലാതെ ബന്ധുവീടുകൾ കയറിയിറങ്ങുന്നത്. പുനരധിവാസം യാഥാർഥ്യമാക്കിയെന്ന അവകാശവാദങ്ങൾക്കിടയിലും രക്ഷിതാക്കളില്ലാത്ത ശരവണനെപ്പോലുള്ളവരുടെ വാക്കുകൾക്ക് മൂർച്ചയേറെ.
ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് കുറ്റിയാർവാലിയിലെ സർക്കാർ ഭൂമിയിൽ കണ്ണൻദേവൻ കമ്പനിയാണ് വീട് നിർമിച്ചുനൽകിയത്. 13 പേർ വരെ മരിച്ച 26 കുടുംബങ്ങളുണ്ടായിരിക്കെയാണ് പട്ടിക തയാറാക്കി ബന്ധുക്കളെയും സ്വന്തക്കാരെയും ‘ഒരുകുടക്കീഴിലാക്കി’ സർക്കാർ പുനരധിവാസ വഴിപാട് നടത്തിയത്. ജീവൻ തിരിച്ചു കിട്ടിയ പലരും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാതെ പോവുന്നതിലാണ് ഇതു കലാശിച്ചത്.
ദുരന്തമുണ്ടായി നാലു വർഷം പിന്നിട്ടിട്ടും പുനരധിവാസ പദ്ധതി സംബന്ധിച്ച പരാതികൾ ഒഴിഞ്ഞിട്ടില്ല. ജോലിസ്ഥലത്തുനിന്ന് 37 കിലോമീറ്റർ ദൂരെയാണ് ജീവൻ ബാക്കിയായവരെ പുനരധിവസിപ്പിച്ച കുന്നിൻമുകളിലെ കുറ്റിയാർവാലി. ജോലിക്കെത്താൻ തൊഴിലാളികൾക്ക് ഇവിടെ നിന്ന് കഴിയില്ല. ഇതോടെ, കൂടുതൽപേരും പെട്ടിമുടി ചുറ്റുവട്ടത്തെ ലയങ്ങളിൽ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒപ്പം കഴിയുകയാണിപ്പോഴും. സർക്കാർ നൽകിയ സൗകര്യം വാടകക്ക് നൽകിയവരുമുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷവും തമിഴ്നാട് സർക്കാർ മൂന്നു ലക്ഷവും നൽകിയതു മാത്രം.
ആഗസ്റ്റ് ആറ് രാത്രി പതിവിന് വിപരീതമായി അന്ന് മഴ തിമിർത്ത് പെയ്തു. ആഞ്ഞുവീശിയ കാറ്റിന്റെ ഇരമ്പം അന്തരീക്ഷം ഭീതിതമാക്കിയതിനു പിറകെ മലമുകളിൽ ഉരുൾപൊട്ടി. നാല് ലയങ്ങൾ തച്ചുടച്ച് മലവെള്ളം ആർത്തലച്ചെത്തി. രാത്രി പത്തരക്കുണ്ടായ ദുരന്തം പുറം ലോകമറിഞ്ഞത് പിറ്റേന്ന് പുലർച്ച. 19 ദിവസത്തെ തിരച്ചിലിൽ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങൾ. നാലുപേർ ഇന്നും കാണാമറയത്ത്. ഇരവികുളം ദേശീയോദ്യാനത്തിലൂടെ കോടമഞ്ഞിൽ പുതഞ്ഞ തേയിലക്കാടുകൾ താണ്ടിയുള്ള യാത്രയിൽ ഇടത്താവളമായിരുന്നു പെട്ടിമുടി. നൂറുകണക്കിന് തൊഴിലാളികൾ തിങ്ങിപ്പാർത്ത മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ മാറി പ്രകൃതി ഒളിപ്പിച്ചുവെച്ച ഒരിടം. ഉരുൾ പൊട്ടിയ സ്ഥലത്ത് അരുവിയാണിപ്പോൾ. സമീപത്തായുള്ള റോഡിലൂടെ കറുപ്പായിയും ശരവണനുമടക്കം നഷ്ട മനസ്സിന്റെ സന്താപത്തിൽ ദുരന്തഭൂമിയിലെ ശേഷിപ്പുകൾ നെടുവീർപ്പിടുന്നു.
ജീവൻ നഷ്ടപ്പെട്ടവർക്ക് പെട്ടിമുടിയിൽ തന്നെ അന്ത്യവിശ്രമം. ഒരുമിച്ചൊരിടത്ത് 60 ലേറെ പേർ. വയനാട് ദുരന്ത പശ്ചാത്തലത്തിൽ പെട്ടിമുടി ഒരു ഓർമപ്പെടുത്തലാണ്. പുനരധിവാസമെന്നത് കേവലം വീട് നിർമിച്ചുനൽകുന്നതല്ലെന്നും ദുരന്തത്തിന്റെ ആഘാതമേറ്റവർക്ക് തുടർ ജീവിതത്തിനുള്ള വഴിയൊരുക്കലാണെന്നുമുള്ള ഓർമപ്പെടുത്തൽ. ആർക്കുമില്ല, ഇവിടെ ലയങ്ങൾക്ക് സമാനമായ കിടപ്പാടത്തിനപ്പുറം ഒരു തുണ്ട് ഭൂമി.
ഇരുളില്‍ ഉരുളായി മരണം പെയ്തിറങ്ങിയ ഞെട്ടിക്കുന്ന ഓര്‍മകളാണ് ബാക്കിയായവർക്ക്. ഒരു രാത്രികൊണ്ട് തങ്ങള്‍ സമ്പാദിച്ചതെല്ലാം മണ്ണില്‍ അലിഞ്ഞുചേര്‍ന്ന പെട്ടിമുടിയുടെ ദുഃഖം മുഴുവന്‍ എല്ലാവരും ഒരുമിച്ച് അന്തിയുറങ്ങുന്ന പൊതുശ്മശാനത്തില്‍ വല്ലപ്പോഴുമെത്തി വിലപിച്ചുതീർക്കുന്നു ഇവർ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.