മതരാഷ്ട്രവാദം അദൃശ്യമാക്കുന്നതെന്തിനെയാണ്?
text_fieldsകേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ കോൺഗ്രസിന്റെ നേതൃത്വത്തിലെ ഐക്യജനാധിപത്യ മുന്നണിയോ ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലേറുകയാണ് വർഷങ്ങളായുള്ള പതിവ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും മുന്നണി ഭരണം മാറുമെങ്കിലും മറ്റൊരു വിധത്തിൽ ഭരണ തുടർച്ച നിലനിൽക്കുന്നു. ഭരണ മുന്നണിയുടെ നയങ്ങളെയും പദ്ധതികളെയും പ്രതിപക്ഷം എതിർക്കുകയും പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും നടത്തുകയും പതിവാണെങ്കിലും...
കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ കോൺഗ്രസിന്റെ നേതൃത്വത്തിലെ ഐക്യജനാധിപത്യ മുന്നണിയോ ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലേറുകയാണ് വർഷങ്ങളായുള്ള പതിവ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും മുന്നണി ഭരണം മാറുമെങ്കിലും മറ്റൊരു വിധത്തിൽ ഭരണ തുടർച്ച നിലനിൽക്കുന്നു. ഭരണ മുന്നണിയുടെ നയങ്ങളെയും പദ്ധതികളെയും പ്രതിപക്ഷം എതിർക്കുകയും പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും നടത്തുകയും പതിവാണെങ്കിലും അവർ തിരിച്ച് ഭരണത്തിലേറുമ്പോൾ മുൻ സർക്കാറിന്റെ നയങ്ങളിലും പദ്ധതികളിലും സമൂലമാറ്റം വരുത്തുകയോ പൊളിച്ചെഴുത്ത് നടത്തുകയോ ചെയ്യാതെ അവയെ ഒന്നുകൂടി പരിഷ്കരിച്ച് തുടർന്ന് കൊണ്ടുപോവുകയാണ് ചെയ്യാറ്. ഇതിനർഥം, മുന്നണി സംവിധാനത്തിന്റെ ഭാഗമായ ഭാരണമാറ്റമെന്നത് കേവലം സാങ്കേതികമായ അർഥത്തിലുള്ളതാണെന്നാണ്.
ഈ തുടർച്ചയെ ഉദ്യോഗസ്ഥ തലത്തിലും ഭരണ നിർവഹണ മേഖലയിലും മാത്രമായി ചുരുക്കി കാണേണ്ടതല്ല. മറിച്ച്, കേരളത്തിലെ രാഷ്ട്രീയാധികാര സംഘടനയെ നിയന്ത്രിക്കുകയും കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്ന പ്രബല സമുദായങ്ങളുടെയും അവരുടെ സാമ്പത്തിക സാമൂഹികാധിപത്യത്തിന്റെയും കെട്ടുറപ്പുമായി കണ്ണിചേർന്ന് കിടക്കുന്ന പ്രശ്നമാണിത്. മുന്നണികളുടെ ഭരണം മാറിമാറി വരുമ്പോഴും മേൽപ്പറഞ്ഞ കെട്ടുറപ്പ് അഭംഗുരം തുടരുന്നു. ഇങ്ങനെ നോക്കുമ്പോൾ, കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായ ഭരണമാറ്റം വലിയ തോതിലുള്ള രാഷ്ട്രീയ സമരത്തിന്റെ ഉള്ളടക്കമുള്ളതല്ലെന്നും കാണാം. മറിച്ച് കക്ഷി രാഷ്ട്രീയതലത്തിലുള്ള കിടമത്സരങ്ങളും നിതാന്തമായി മാധ്യമവത്കരിക്കപ്പെടുന്ന വിവാദങ്ങളും നേതാക്കളുടെ പ്രതിച്ഛായ നിർമിതിയും ക്ഷേമപദ്ധതികൾക്കുള്ള മുൻഗണനകളുമൊക്കെയാണ് ഭരണമാറ്റത്തിന്റെ കേന്ദ്രമായി നിലകൊള്ളാറുള്ളത്. ഇവയെ ജനങ്ങളുടെ ദൈനംദിന രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഗമാണെന്ന് വരുത്തുകയാണ് മുഖ്യധാരാ മാധ്യമങ്ങളും പൊതുധാരാ ബുദ്ധിജീവികളും ചെയ്യുന്നത്.
ഐക്യമുന്നണി അധികാരത്തിലേക്ക് വരുന്ന സന്ദർഭത്തിൽ ഇടതു കക്ഷികൾ പൊതുവെ ആരോപിക്കാറുള്ളത് ‘ജാതി-മത-വർഗീയ’ ശക്തികളുടെ വിജയമെന്നാണ്. ബി.ജെ.പിയുടെ വോട്ടുകൾ മറിഞ്ഞുവെന്ന ആരോപണവും ഇതിനൊപ്പം ഉന്നയിക്കാറുണ്ട്. ഇതേ സമയം ഇടതു മുന്നണി പരാജയപ്പെടുമ്പോൾ കോൺഗ്രസ് മുന്നണി പറയാറുള്ളത്, മാർക്സിസ്റ്റ് ഭരണത്തിന്റെ ഫലമായുണ്ടായ ക്രമസമാധാന തകർച്ചയോടുള്ള ജനങ്ങളുടെ പ്രതികരണമെന്നാണ്.
എന്നാൽ, 2016ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയം വരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടതുമുന്നണി സർക്കാർ കേരള ചരിത്രത്തിലാദ്യമായി രണ്ടാം വട്ടവും ഭരണത്തിൽ തിരികെയെത്തി. ഇതിന് കാരണമായി പറയപ്പെടുന്നത് കോവിഡ് മഹാമാരിക്കാലത്ത് സർക്കാർ നടത്തിയ ഇടപെടലുകളും ഇതേ അവസരത്തിൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പിതൃസ്ഥാനീയമായി ഉയർന്നതുമൊക്കെയാണ്. കിഫ്ബി പോലുള്ള സംരംഭങ്ങളിലൂടെ റോഡുകളും ആശുപത്രികളും സ്കൂൾ കെട്ടിടങ്ങളും പുതുക്കിയതുമെല്ലാം വലിയ തോതിലുള്ള പ്രചാരണ വിജയമാക്കി മാറ്റാനും ഇടതുമുന്നണിക്ക് സാധിച്ചു.
എന്നാൽ, ഇതിനെല്ലാം ഉപരിയായി ഇടതു മുന്നണിക്ക് സഹായകരമായി മാറിയ മറ്റൊരു വസ്തുതയുണ്ട്. മാർക്സിസ്റ്റുകൾ അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ, പ്രത്യേകിച്ചും ഉത്തര മലബാർ കേന്ദ്രമായി നിരന്തരം നടക്കാറുള്ള മാർക്സിസ്റ്റ്-ആർ.എസ്.എസ് സംഘർഷങ്ങളും കൊലപാതകങ്ങളും ക്രമസമാധാന പ്രശ്നമാണെന്ന പ്രചാരണമുയർത്തിയാണ് കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കാറുള്ളത്. പിണറായി സർക്കാർ അധികാരത്തിലേറുന്നതിനുമുമ്പോ അതിനുശേഷമോ ശ്രീഎമ്മിനെ പോലുള്ള ഇടനിലക്കാരെ വെച്ചുകൊണ്ട് മലബാർ മേഖലയിലെ ഇത്തരം സംഘർഷമൊഴിവാക്കാനായി രഹസ്യനീക്കം നടത്തി. ഇത് ഇരുകക്ഷികളും ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ ചില ആർ.എസ്.എസ് ആക്രമണങ്ങളിൽ ചില മാർക്സിസ്റ്റ് പ്രവർത്തകർക്ക് ജീവനാംശം സംഭവിച്ചെങ്കിലും തിരിച്ചടി നൽകാതെ അണികളെ പരിപൂർണമായ സംയമനത്തിന് വിധേയമാക്കുന്നതിലും സി.പി.എം വിജയിച്ചു. ഇതോടെ, കോൺഗ്രസിന്റെ ചിരപരിചിതമായ ക്രമസമാധാന തകർച്ച എന്ന ആരോപണത്തിന്റെ മുനയൊടിക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി സർക്കാറിന്റെ തുടർഭരണത്തിന് സാധ്യത നൽകിയത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ അന്നത്തെ മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളാണ് ജനങ്ങൾക്ക് മുന്നിലവതരിപ്പിച്ചത്. ഒന്ന്: കേന്ദ്രത്തിലും കേരളത്തിലും ഒരേപോലെ ഭരണ നഷ്ടം സംഭവിച്ചതിലൂടെ മുന്നണി രാഷ്ട്രീയം തുടർന്ന് നയിക്കാനുള്ള ശക്തി കോൺഗ്രസിൽനിന്ന് ചോർന്നുപോയിരിക്കുന്നു. തൽഫലമായി ഐക്യമുന്നണി സംവിധാനം സമീപഭാവിയിൽ തന്നെ തകർന്നടിയുകയും, കോൺഗ്രസ് നേതൃത്വനിരയിലുള്ളവർ വലിയ തോതിലുള്ള ഗ്രൂപ് വഴക്കുകൾക്കും കാലുമാറ്റത്തിനും വിധേയമാവുകയും ചെയ്യും.
രണ്ട്: കോൺഗ്രസ് മുന്നണിയിലെ ഏറ്റവും പ്രബലമായ കക്ഷിയായ മുസ്ലിം ലീഗിന് പത്തുവർഷക്കാലം അധികാരമില്ലാത്ത അവസ്ഥ താങ്ങാനാവുകയില്ല. അതിന്റെ അണികൾ ചിതറിപ്പോവുകയോ മുസ്ലിം ലീഗ് ഐക്യമുന്നണി സംവിധാനത്തെ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകും.
മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ ഈ രണ്ട് വിലയിരുത്തലുകളും അസ്ഥാനത്തായി എന്നാണ് പിൽക്കാല ചരിത്രം തെളിയിച്ചത്. കോൺഗ്രസ് സംഘടനപരമായി ശക്തിപ്പെട്ടില്ലെങ്കിലും, അഖിലേന്ത്യ തലത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയുയർന്നതും, കീഴാള രാഷ്ട്രീയകക്ഷികളുടെയും പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെ ഇൻഡ്യ മുന്നണി രൂപവത്കരിക്കപ്പെട്ടതും ബി.ജെ.പിയുടെ വാഴ്ചക്ക് പ്രതിരോധമുയർത്തിയേക്കാമെന്ന പ്രതീക്ഷയുളവാക്കി. മാത്രമല്ല, കേരളത്തിൽ അധികാരമില്ലാത്ത അവസ്ഥയുള്ളതിനാൽ സ്വയം ശിഥിലീകരിക്കപ്പെടുമെന്ന് മാർക്സിസ്റ്റുകാർ പ്രതീക്ഷിച്ച മുസ്ലിം ലീഗ് ദുർബലപ്പെടില്ലെന്ന് മാത്രമല്ല, കൂടുതൽ ശക്തിപ്പെടുകയാണുണ്ടായത്. മുമ്പ് മുസ്ലിം ലീഗിനോട് എതിർത്തുനിന്ന പല ചെറിയ മുസ്ലിം സംഘടനകളും ആ പ്രസ്ഥാനത്തോടുള്ള വൈരുധ്യം കുറച്ചതും പൊതുവായി മുസ്ലിം സമുദായിക വോട്ടുകൾ ഏകീകരിക്കാനായി നിലകൊണ്ടതുമാണ് മുസ്ലിം ലീഗിന്റെ ശക്തിപ്പെടലിന് സഹായകമായി മാറിയത്.
ഇത്തരത്തിൽ കോൺഗ്രസ് മുന്നണിയുടെ തകർച്ചയും മുസ്ലിം ലീഗിന്റെ ശക്തിശോഷണവും പ്രതീക്ഷിച്ച മാർക്സിസ്റ്റ് മുന്നണിയെ സംബന്ധിച്ച് ദുഃസ്വപ്ന സമാനമായ അനുഭവമാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം നൽകിയത്. കണക്കുകൂട്ടിയ അത്രയും സീറ്റുകൾ കിട്ടിയില്ലെന്ന് മാത്രമല്ല, അവരുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ വരെ വിള്ളൽ വീഴ്ത്തിയ തരത്തിലെ വോട്ടുചോർച്ചയുമുണ്ടായി. അപ്രതീക്ഷമായുണ്ടായ ഈ മാറ്റം മാർക്സിസ്റ്റ് പാർട്ടിയുടെ വർഗ-ബഹുജനാടിത്തറയെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം, ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടുവിഹിതം ഉയരുകയും അവർക്ക് കനത്ത പിന്തുണ ലഭിക്കുകയും ചെയ്യുന്നത് കേരളത്തിലെ സവർണ സമുദായങ്ങളുടെ വോട്ടുകളിലുണ്ടാകുന്ന ക്രമബദ്ധമായ വർധനയിലൂടെ തന്നെയാണെന്നതാണ്. കടുത്ത രീതിയിലുള്ള അവഗണനയും വിവേചനവുമുണ്ടായിട്ടും ദലിതർ അടക്കമുള്ള പാർശ്വവത്കൃതരിൽനിന്നും പിന്നാക്ക സമുദായങ്ങളിൽനിന്നും വളരെ കുറച്ചുമാത്രം വോട്ടുകളേ ഇപ്രാവശ്യവും ബി.ജെ.പിക്ക് പോയിട്ടുള്ളൂ എന്ന് വിവിധ ദേശീയ ഏജൻസികളുടെ സർവേകൾ വ്യക്തമാക്കുന്നു. എങ്കിലും ഈ വസ്തുതയെ മറച്ചുപിടിച്ചും നിശബ്ദതയിൽ മുക്കിത്താഴ്ത്തിയും ഒരു വശത്ത്, എസ്.എൻ.ഡി.പി നേതൃത്വത്തിൽ പണ്ടേയുള്ള നയവ്യതിയാനത്തിലൂന്നി ഈഴവ സമുദായത്തെയും മറുവശത്ത് ചില ചെറു മുസ്ലിം സംഘടനകളുടെ പേര് പറഞ്ഞ് മുസ്ലിം സമുദായത്തെയും കുറ്റാരോപിതരാക്കി മാറ്റാനാണ് മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രനേതൃത്വം മുതൽ മുഖ്യമന്ത്രി വരെയുള്ളവർ രംഗത്തുവന്നത്.
എന്തുകൊണ്ടാണ് സവർണ സമുദായങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഈ പഴിചാരൽ?
മാർക്സിസ്റ്റ് പാർട്ടിയുടെ ബഹുജനാടിത്തറയിൽ നിർണായകമായിട്ടുള്ളത് ദലിതരും കീഴാള ഹിന്ദുക്കളുമാണെങ്കിലും അതിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സാംസ്കാരിക അടിത്തറ നിലകൊള്ളുന്നത് സവർണ മേധാവിത്വ ശക്തികളെ ആശ്രയിച്ചാണ്. ആ നെടുനായകത്വത്തെ മറച്ചുപിടിക്കാനാണ് കീഴാളരെയും ന്യൂനപക്ഷങ്ങളെയും പഴിചാരുന്നതെന്ന് വ്യക്തം.
ഇന്ത്യയിലെ ഒരു മുസ്ലിം പ്രസ്ഥാനവും മതരാഷ്ട്രത്തിന് അല്ലെങ്കിൽ തിയോക്രാറ്റിക് സ്റ്റേറ്റിനുവേണ്ടി വാദിക്കുന്നവരോ പ്രവർത്തിക്കുന്നവരോ അല്ല. ഈ പ്രസ്ഥാനങ്ങളെല്ലാം തന്നെ ഇന്ത്യയിലെ നിയമാധിഷ്ഠിത ഭരണ വ്യവസ്ഥയെയും ഭരണ ഘടനയെയും അംഗീകരിക്കുന്നവരാണ്. അല്ലാതുള്ള ഏതെങ്കിലും വിരുദ്ധചിന്താഗതിക്കാർ നിലകൊള്ളുന്നുണ്ടെങ്കിൽ അവരെ മുസ്ലിം സമുദായം തന്നെ തിരസ്കരിക്കാറുണ്ട്. വസ്തുത ഇതായിരിക്കെ, തങ്ങൾക്ക് ഏറ്റ തിരിച്ചടിക്ക് കാരണമായി മുസ്ലിം സംഘടനകളെ തിയോക്രാറ്റിക് സ്റ്റേറ്റിന്റെ വക്താക്കളായി ചിത്രീകരിക്കുന്ന മാർക്സിസ്റ്റ് നേതാക്കന്മാർ നാസിമോഡൽ വംശീയതയാണ് പ്രചരിപ്പിക്കുന്നതെന്ന് പറയാതെ തരമില്ല.
അഖിലേന്ത്യതലത്തിൽ ബി.ജെ.പിക്ക് ക്ഷീണം പറ്റിയതിന് കാരണം, ദലിത്-പിന്നാക്ക വിഭാഗങ്ങൾ അവർക്കെതിരായി മാറിയതും, മുസ്ലിം വീടുകളിൽ ഭാഗികമായിട്ടെങ്കിലും ഏകീകരണം സംഭവിച്ചിട്ടുള്ളതുമാണ്. ഈ അർഥത്തിൽ മുസ്ലിം വോട്ടുകൾ ഏകീകരിക്കപ്പെടുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അല്ലാതെ, അത് മതരാഷ്ട്രവാദത്തിന് ശക്തിപകരുന്ന ഒരു പ്രമേയമേയല്ല. ബിഹാർ, ആന്ധ്രപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ മുസ്ലിം വോട്ടുകൾ കുറച്ചുകൂടി നല്ലനിലയിൽ ഏകീകരിക്കപ്പെട്ടിരുന്നുവെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരുക പോലുമില്ലായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിൽ പലഭാഗത്ത് എന്ന പോലെ കേരളത്തിലും മുസ്ലിം വോട്ടുകൾ ബി.ജെപിക്കെതിരിൽ കോൺഗ്രസിന് അനുകൂലമായി മാറിയതിനെയാണ് മാർക്സിസ്റ്റ് ബുദ്ധികേന്ദ്രങ്ങൾ മതരാഷ്ട്രവാദത്തിലേക്കുള്ള വീഴ്ചയായി ചിത്രീകരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഹിന്ദുത്വത്തിനെതിരായ കീഴാള-ന്യൂനപക്ഷ പ്രതിരോധങ്ങളെ തന്നെയാണ് മാർക്സിസ്റ്റ് സവർണർ തള്ളിപ്പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.