സ്രെബ്രനീസ വിതുമ്പുകയാണിന്നും
text_fieldsചെറുപ്പം മുതലേ വാർത്തകളിൽ കേൾക്കുന്ന, പുസ്തകങ്ങളിൽ വായിച്ച, ‘അല്ലാഹ് ഇൻ യൂറോപ്’ പോലുള്ള ഡോക്യുമെന്ററികളിലൂടെയും കോ വാദിസ് ഐദ? (Quo Vadis, Aida?/2020) പോലുള്ള സിനിമകളിലൂടെയും മനസ്സിൽ നിറഞ്ഞ മണ്ണിലേക്ക് ഈ വർഷം റമദാനിലാണ് എത്തിപ്പെടാനായത്, ഒരുപക്ഷേ, ആ പുണ്യമാസത്തിൽ ചെയ്ത നല്ല പ്രവൃത്തികളിലൊന്ന്. സരയോവോ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മഴയായിരുന്നു, പ്രിയപ്പെട്ടവരുടെ വിയോഗമോർത്ത് വിതുമ്പുന്ന പെൺകുട്ടിയെപ്പോലെ. മുമ്പൊക്കെ ബോസ്നിയ ഹെർസഗോവിനയെക്കുറിച്ച് എവിടെയെങ്കിലും വായിക്കുമ്പോഴേക്ക് ഞാനുമതുപോലെ കരഞ്ഞിരുന്നു. ആ രാജ്യത്തേക്ക് ആദ്യമായാണ് യാത്ര ചെയ്യുന്നതെങ്കിലും എവിടേക്കാണ്, എങ്ങനെയാണ് പോകേണ്ടത് എന്നതിനെക്കുറിച്ചൊന്നും രണ്ടാമതൊന്ന് ആലോചിക്കാനേ ഇല്ലായിരുന്നു. പോതൊചാരി (PotoČari) യിലേക്കല്ലാതെ മറ്റെവിടെപ്പോകാൻ!.സ്രെബ്രനീസ (Srebrenica)ക്കടുത്തുള്ള ഒരു ചെറുഗ്രാമമാണ് പോതൊചാരി. കാറിൽ മൂന്നു മണിക്കൂർ സഞ്ചരിച്ച് അവിടെ എത്തിയപ്പോഴും മഴ തോർന്നിരുന്നില്ല, ഭൂമിയിൽ ഉറഞ്ഞുപോയ ചോരപ്പാടുകളും തളംകെട്ടിയ വെറുപ്പിന്റെ രൂക്ഷഗന്ധവും അൽപമെങ്കിലുമൊന്ന് ശമിക്കണമെങ്കിൽ മഴപ്പെയ്ത്ത് തുടർന്നുകൊണ്ടേയിരിക്കണമെന്നപോലെ. നമ്മൾ ജീവിക്കുന്ന കാലത്ത് അരങ്ങേറിയ സ്രെബ്രനീസ വംശഹത്യയിൽ ജീവൻ നഷ്ടമായ 8372 മനുഷ്യരിൽ ആറായിരത്തിലേറെപ്പേർ അവിടെ വെണ്ണക്കല്ലിൽ തീർത്ത ഖബറുകൾക്കുള്ളിലുറങ്ങുന്നു. അക്ഷരമാല ക്രമത്തിൽ അവർ ഓരോരുത്തരുടെയും പേരുകൾ കൊത്തിവെച്ചിട്ടുണ്ട് ഫലകങ്ങളിൽ. വിരലിലെണ്ണാവുന്നത്ര കുറവ് സന്ദർശകർ അവക്കരികിൽ നിന്ന് പ്രാർഥിക്കുന്നത് കണ്ടു. ബെഞ്ചിൽ കുട ചൂടിയിരുന്ന് ഒരു ചെറുപ്പക്കാരൻ ചരിത്രം വായിക്കുന്നു. ഖബറിടങ്ങളോട് ചേർന്ന് ഒരു പഴയ ഫാക്ടറി മ്യൂസിയമായി പരിവർത്തിപ്പിച്ചിരിക്കുന്നു. അവിടെ ശേഖരിച്ചുവെച്ചിരിക്കുന്ന വംശഹത്യ ഇരകളുടെ ചെരിപ്പുകൾ കാണുമ്പോൾ പോളണ്ടിലെ ഓഷ്വിറ്റ്സ്-ബിർകെനൗ മ്യൂസിയം സന്ദർശിച്ചപ്പോൾ അനുഭവപ്പെട്ട അതേ ആളൽ നട്ടെല്ലിനു നടുവിലൂടെ കടന്നുപോകുന്നതുപോലെ തോന്നി. ഈ മ്യൂസിയത്തിന് പുറമെ ജനങ്ങൾ ഉപേക്ഷിച്ചുപോയ വീടുകളും കച്ചവടസ്ഥാപനങ്ങളുമെല്ലാം തുറന്ന മ്യൂസിയങ്ങളായി ഇവിടെയുണ്ട്.
വംശഹത്യകൾക്ക് ഒരു ഗൃഹപാഠം
സമഗ്രാധിപതിയും ചേരിചേരാപ്രസ്ഥാനത്തിലെ പ്രധാനിയുമായിരുന്ന മാർഷൽ ടിറ്റോ(1892-1980) യുടെ മരണശേഷം യൂറോപ്യൻ രാജ്യമായ യൂഗോസ്ലാവിയ ആഭ്യന്തര ഛിദ്രതയിലമർന്നു. സെര്ബിയ, ക്രൊയേഷ്യ, ബോസ്നിയ- ഹെര്സഗോവിന, മാസിഡോണിയ, മോണ്ടിനെഗ്രോ എന്നിങ്ങനെ അഞ്ച് റിപ്പബ്ലിക്കുകളും കൊസോവോ, വോജ്വോഡിന എന്നീ രണ്ട് സ്വയംഭരണ പ്രവിശ്യകളും അടങ്ങിയ രാജ്യം 1991ല് ആറായി വിഭജിക്കപ്പെട്ടു. വൈകാതെ വംശീയതയിലും വർഗീയതയിലുമൂന്നിയ ആഭ്യന്തരയുദ്ധം രൂക്ഷമായി. 1992 മുതൽ മൂന്നുവർഷം നീണ്ട യുദ്ധത്തിനിടെ ബോസ്നിയൻ നഗരമായ സ്രെബ്രനീസ സെർബ് സൈന്യം പിടിച്ചടക്കി. അതിന്റെ ആധിപത്യപ്രഖ്യാപനമായിരുന്നു 1995 ജൂലൈ11മുതൽ അവിടെ നടമാടിയ വംശഹത്യ. ഐക്യരാഷ്ട്ര സഭ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ചിരുന്ന ഈ മേഖലയിലെ സ്ത്രീകളെയും കൊച്ചുപെൺകുട്ടികളെയും വരെ ബലാത്സംഗത്തിനിരയാക്കിയ സെർബ് ഭീകരർ പുരുഷന്മാരെയും ആൺകുട്ടികളെയും പാടങ്ങളിലും മൈതാനങ്ങളിലും ഗോഡൗണുകളിലുമെല്ലാം നിരത്തിനിർത്തി വെടിവെച്ചു കൊന്നു. പ്രാണരക്ഷാർഥം കാടുകളിലേക്ക് ഓടിക്കയറിയവരെ പിന്തുടർന്ന് ചെന്ന് വളഞ്ഞുപിടിച്ചു കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി. ജീവനറ്റവരെ കൂട്ടക്കുഴിമാടങ്ങളിൽ കുഴിച്ചുമൂടി. സെര്ബ് പ്രസിഡന്റ് റാഡോവൻ കറാജിച്ചും പട്ടാള കമാൻഡർ റാറ്റ്കോ മ്ലാഡിച്ചുമായിരുന്നു വംശഹത്യയുടെ ആസൂത്രകർ. ജനങ്ങൾക്ക് സംരക്ഷണമേകാൻ യു.എൻ നിയോഗിച്ച ഡച്ച് പട്ടാളം കാഴ്ചക്കാരായിനിന്നു.
ജർമനിയിൽ നാസികൾ നടത്തിയ യഹൂദവിരുദ്ധ വംശഹത്യയുടെ ഭയാനകതകൾ വെളിപ്പെട്ടകാലത്ത് മേലിൽ വംശഹത്യകൾ ഉണ്ടാവില്ലെന്ന് മാത്രമല്ല, ആ വാക്കുച്ചരിക്കാൻപോലും ഭയന്നേക്കുമെന്നാണ് ലോകം വിശ്വസിച്ചിരുന്നത്. പക്ഷേ ആ ധാരണ തെറ്റായിരുന്നുവെന്ന് തെളിയിച്ചു സെർബ് വംശീയവാദികൾ. വംശീയതഭീഷണി ഇവിടെ ഇപ്പോഴും തുടരുന്നുവെന്നത് മറ്റൊരു ദുരന്തം.
നീതിക്കായി താണ്ടിയ ദൂരങ്ങൾ
ബോസ്നിയൻ യുദ്ധത്തിൽ ലക്ഷത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. 20 ലക്ഷത്തോളം പേർ താമസിച്ചിരുന്ന നാട്ടിൽനിന്ന് ചിതറിത്തെറിച്ചു പോയി, ഇരുപതിനായിരത്തിനും അര ലക്ഷത്തിനുമിടയിൽ സ്ത്രീകൾ ബലാത്സംഗത്തിനിരയായി. കുറഞ്ഞ കാലത്തിനിടെ ഒരേ പ്രദേശത്ത് ഇത്രയേറെ ആളുകളെ, അതീവ പൈശാചികമായി കൊലപ്പെടുത്തുകയും വംശീയവും സാംസ്കാരികവുമായി തകർക്കുകയും ചെയ്തു എന്നതാണ് സ്രെബ്രനീസ സംഭവത്തിന്റെ കുപ്രസിദ്ധി.
റാഡോവന് കറാജിച്ചിനും ബോസ്നിയയിലെ കശാപ്പുകാരൻ എന്നറിയപ്പെട്ട റാറ്റ്കോ മ്ലാഡിച്ചിനും അന്താരാഷ്ട്ര നീതിന്യായ കോടതി ജീവപര്യന്തത്തിനു വിധിച്ചു എന്നത് ആശ്വാസകരമാണ്; അപ്പോഴേക്കും ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും സ്രെബ്രനീസയുടെ ചെറുതും വലുതുമായ പതിപ്പുകൾ അരങ്ങേറിയിരുന്നുവെന്ന് മാത്രം.
കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്താനും അവയിലെ എല്ലുകളും അവശിഷ്ടങ്ങളും ഡി.എൻ.എ പരിശോധന നടത്തി ഇരകളെ തിരിച്ചറിഞ്ഞ് പോതൊചാരിയിലെത്തിച്ച് ഖബറടക്കാനും ഇരകളുടെ പിന്മുറക്കാരും സന്നദ്ധസംഘടനകളും ശ്രദ്ധിച്ചുപോരുന്നുണ്ട്. 28 വർഷം തികയുന്ന ഇന്നും മുപ്പതോളം മൃതദേഹങ്ങൾ അവിടെ അടക്കം ചെയ്യുമെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. പ്രാണരക്ഷാർഥം ബോസ്നിയൻ ജനത പലായനം ചെയ്ത വഴികളിലൂടെ നൂറുകിലോമീറ്റർ നീളുന്ന സമാധാന മാർച്ചും വാർഷിക അനുസ്മരണ പരിപാടികളുടെ ഭാഗമായി ഈ വർഷവുമുണ്ടായി.
പതിനൊന്ന് ഇതളുള്ള ഓർമപ്പൂക്കൾ
തങ്ങൾക്ക് ഹിതകരമല്ലാത്തത് തമസ്കരിക്കാനും സംഘടിത മറവി നടിക്കാനുമുള്ള മേലാള ശക്തികളുടെ മിടുക്ക് വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ നാം കണ്ടുപോരുന്നതാണല്ലോ. സ്രെബ്രനീസയിൽ നടന്നത് വംശഹത്യയാണെന്ന് സമ്മതിക്കാനോ, ഇരകളോട് ഖേദം പ്രകടിപ്പിക്കാനോ ഉത്തരവാദപ്പെട്ടവർ തയാറായിരുന്നില്ലെന്ന് മാത്രമല്ല അറുകൊലക്ക് ഇരയായവരെ അധിക്ഷേപിക്കാൻ പോലും രാഷ്ട്രനേതാക്കളും രാഷ്ട്രീയ നേതാക്കളും അത്യുൽസാഹം കാണിച്ചിരുന്നു. ബോസ്നിയൻ വംശഹത്യയെ നിഷേധിക്കുകയും അതിന്റെ നടത്തിപ്പുകാരെ പുകഴ്ത്തിപ്പറയുകയും ചെയ്ത ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കേയെത്തേടി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പോലുമെത്തി.
എന്നാൽ, യൂറോപ്പിന്റെ തമസ്കരണ അജണ്ടയെ തകർത്തത് ഒരു ഇന്ത്യൻ വംശജന്റെ നേതൃത്വത്തിലെ ഇടപെടലുകളാണ്. യു.പിയിലെ അഅ്സംഗഢിൽ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. വഖർ ആസ്മി തുടക്കമിട്ട ‘റിമംബറിങ് സ്രെബ്രനീസ’ കാമ്പയിൻ ബോസ്നിയൻ വംശഹത്യ ഇരകളെ കണ്ടില്ലെന്ന് നടിച്ച യൂറോപ്പിന്റെ മനോഗതിയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി. ജൂലൈ 11 സ്രെബ്രനീസ അനുസ്മരണദിനമായി ആചരിക്കാൻ 2009ൽ യൂറോപ്യൻ പാർലമെന്റ് പ്രമേയം പാസാക്കി. യു.കെയിൽ മാത്രം പ്രതിവർഷം ആയിരത്തിലേറെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഹിരോഷിമയിലെ ആറ്റംബോംബ് ഇരകളെ അനുസ്മരിക്കാൻ കടലാസുകൊണ്ട് സുഡാകോ കൊക്കുകൾ നിർമിക്കുന്നതു പോലെ 11 ഇതളുകളും നടുവിൽ പച്ചനിറവുമുള്ള വെളുത്തപൂവാണ് സ്രെബ്രനീസ ഇരകളുടെ സ്മാരകചിഹ്നം. ജൂലൈ 11നെ സൂചിപ്പിക്കാനാണ് 11ഇതളുകൾ. നിരപരാധികളും നിഷ്കളങ്കരുമായ ഇരകളെ വെള്ളനിറം കൊണ്ടും സമാധാന-നീതി പ്രതീക്ഷയെ പച്ച നിറത്താലും അടയാളപ്പെടുത്തുന്നു.
അവരും ഇന്ത്യക്കുവേണ്ടി പ്രാർഥിക്കുന്നു
സ്രെബ്രനീസയെയും 1987ൽ യു.പിയിൽ നടന്ന ഹാഷിംപുര-മലിയാന കൂട്ടക്കൊലയെയും താരതമ്യപ്പെടുത്തി പ്രശസ്ത മാധ്യമ പ്രവർത്തകൻ സഈദ് നഖ്വി ‘മാധ്യമ’ത്തിലെഴുതിയ ലേഖനം (സ്രെബ്രനീസക്കും മലിയാനക്കും പൊതുവായുള്ളത്... 12 ഏപ്രിൽ 2023) കാണുന്നത് ബോസ്നിയയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു. സ്രെബ്രനീസയിലെ കുറ്റവാളികളെ സംഭവം നടന്ന് ഏറെ വർഷങ്ങൾക്കു ശേഷമെങ്കിലും ശിക്ഷിച്ചപ്പോൾ ഹാഷിംപുര- മലിയാന കൂട്ടക്കൊല ഇരകൾ നീതിക്കായി പതിറ്റാണ്ടുകൾക്കിപ്പുറവും കാത്തിരിക്കേണ്ടി വരുന്നതിനെക്കുറിച്ചാണ് അദ്ദേഹം ആ കുറിപ്പിൽ എഴുതിയത്.
സ്രെബ്രനീസയിൽ ആതിഥ്യമരുളിയ വംശഹത്യ അതിജീവിത കുടുംബം ഉൾപ്പെടെ പലരും ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് ഏറെ അറിവുള്ളവരാണ് എന്നത് ശരിക്കും അത്ഭുതപ്പെടുത്തി. വംശഹത്യക്കാലത്ത് അവരുടെ കുടുംബം തുസ്ലയിലേക്കും സരയോവോയിലേക്കും മാറിത്താമസിച്ചു. വർഷങ്ങൾക്ക് ശേഷം വളരെ കുറച്ചു കുടുംബങ്ങൾ മാത്രമാണ് സ്രെബ്രനീസയിലേക്ക് തിരിച്ചുവന്നത്.
മതനിരപേക്ഷതയുടെയും വൈവിധ്യങ്ങളുടെയും നാടായ ഇന്ത്യയിൽ ജനങ്ങളോട് നാടുവിട്ടുപോകുവാൻ ആവശ്യപ്പെടുന്നുവെന്നതും വംശഹത്യ ആഹ്വാനം മുഴങ്ങുന്നതും തങ്ങളെ നടുക്കിക്കളഞ്ഞെന്നും ഇന്ത്യയിൽ അനിഷ്ടകരമായതൊന്നും സംഭവിക്കരുതേ എന്ന് മുടങ്ങാതെ പ്രാർഥിക്കാറുണ്ടെന്നും പറഞ്ഞാണ് സരയോവോയിലെ പണ്ഡിതനും ആക്ടിവിസ്റ്റുമായ ഡോ.സാലെഹ് ഹോഷിച്ച് എന്നെ യാത്രയാക്കിയത്.
ആ പ്രാർഥന ഫലിക്കുമായിരിക്കും; മർദിതരുടെ പ്രാർഥനക്കും ദൈവത്തിനുമിടയിൽ തടസ്സങ്ങളേതുമില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.