റിപ്പബ്ലിക് ദിനം ഓർമപ്പെടുത്തുന്നത്
text_fieldsജനാധിപത്യം നിലനിർത്താനാവശ്യമായ മൂന്ന് ഘടകങ്ങളും - അനുതാപം, ബഹുസ്വരത, സംവാദം - ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ നഷ്ടത്തെക്കുറിച്ചാണ് എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം നമ്മെ ഓർമപ്പെടുത്തുന്നത്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാകർമം നടന്നതിന്റെ നാലാം നാളിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത് എന്നത് പ്രതീകാത്മകമാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന് മുകളിൽ മതത്തെ പ്രതിഷ്ഠിക്കാനുള്ള സംഘ്പരിവാറിന്റെ അജണ്ടയുടെ ഭാഗമായിവേണം ഇതിനെ കാണാൻ. ഇവിടെ ഭരണഘടനക്ക് മുകളിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. അധികാരത്തിന് പരിധി കൽപിക്കുന്ന അവകാശപത്രികയായ ഭരണഘടനയെക്കാൾ അധികാര രാഷ്ട്രീയത്തിന്റെ ചിഹ്നങ്ങൾ അവർക്ക് പഥ്യമാവുന്നത് സ്വാഭാവികം മാത്രം. മതവും രാഷ്ട്രീയവും തമ്മിലെ ബലപരീക്ഷണത്തിൽ മതം വിജയിച്ചിരിക്കുന്നു, തൽക്കാലത്തേക്കെങ്കിലും. എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ രാജ്യം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണിത്.
1974ൽ പുറത്തിറങ്ങിയ എം.എസ്. സത്യുവിന്റെ ഗരം ഹവ എന്ന ചലച്ചിത്രത്തിലെ ഒരുരംഗം ഇവിടെ പ്രസക്തമാണ്. രാജ്യത്തിന്റെ വിഭജനമാണ് പശ്ചാത്തലം. ഇന്ത്യയിൽ പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അതിന് പറ്റാതായതോടെ മനസ്സില്ലാമനസ്സോടെ കഥയിലെ നായകൻ, സലിം മിർസ, പാകിസ്താനിലേക്ക് കുടിയേറാൻ തീരുമാനിക്കുന്നു. സാധനങ്ങളെല്ലാം പെറുക്കിക്കെട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ അയാൾ അരിവാളും ചുറ്റികയും ആലേഖനം ചെയ്ത കൊടിയുമേന്തി മുന്നേറുന്നൊരു പ്രകടനം കാണാനിടയായി. വണ്ടിയിൽ നിന്നിറങ്ങി, തലയിലെ തൊപ്പി നേരെയാക്കി, അയാൾ പ്രകടനത്തിന്റെ ഭാഗമായി. മതത്തിന്റെ രാഷ്ട്രീയവത്കരണത്തിനും മതവൈരത്തിനുമപ്പുറം മറ്റൊരു മാർഗം - അടിച്ചമർത്തപ്പെട്ടവരുടെ ഐക്യനിര - തുറന്നുകിടക്കുന്നുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ സത്യു നൽകുന്നത്. ചിത്രം ഇറങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിയുമ്പോഴും ‘പാകിസ്താനിലേക്ക് പോകൂ’ എന്ന അട്ടഹാസങ്ങൾക്ക് യാതൊരു ശമനവുമില്ല. ഭരണകൂട വിമർശകർക്ക് സംഘ്പരിവാർ അനുകൂലികളുടെ താക്കീത്.
റിപ്പബ്ലിക് എന്ന ആശയം
ചിത്രത്തിൽ വിവരിച്ചതുപോലുള്ള മറ്റൊരു പാതയാണ് ഇന്ത്യൻ ഭരണഘടനയും വെട്ടിത്തെളിയിക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ ദ്വന്ദങ്ങൾക്കപ്പുറം, മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും മൂന്നാം മാർഗം. മതം വിശ്വാസമാകുമ്പോൾ മനുഷ്യരെ ഒരുമിപ്പിക്കുമെന്നും അത് രാഷ്ട്രീയവത്കരിക്കപ്പെടുമ്പോൾ മനുഷ്യസമൂഹം വിഭജിക്കപ്പെടുമെന്നുള്ള തിരിച്ചറിവാണ് ഇതിന് പിന്നിൽ. ഹിന്ദി - ഉറുദു കവി, സാഹിർ ലുധിയാൻവി, പറഞ്ഞത് ഓർമയില്ലേ? ‘സ്നേഹം സ്വതന്ത്രമാണ്. അത് ഹിന്ദുവുമല്ല മുസ്ലിമുമല്ല. അത് സ്വയം ഒരു ധർമവും വിശ്വാസവുമാണ്’. സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും സ്ഥിതി സമത്വത്തിലും ഊന്നിനിൽക്കുന്ന നമ്മുടെ റിപ്പബ്ലിക്കൻ ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യവും ഇതുതന്നെ. സാമൂഹികമായി വിഭജിക്കപ്പെട്ടൊരു രാജ്യത്ത് അത് സമവായത്തിന്റെ സാധ്യതകൾ തേടുന്നു.
റിപ്പബ്ലിക്കും ജനാധിപത്യവും കൂടിച്ചേരുമ്പോൾ അതൊരു ജീവിതരീതിയായി മാറുന്നു. സമൂഹത്തിന്റെ നാനാതുറയിലും പെട്ടവർ കണ്ണോടുകണ്ണ് കാണുകയും തോളോടു തോൾ ചേർന്നുനിൽക്കുകയും പരസ്പരം സഹകരിക്കുകയും ബഹുമാനിക്കുകയും വിട്ടുവീഴ്ചകൾക്ക് തയാറാവുകയും ചെയ്യുന്നതാണ് അതിന്റെ അടിത്തറ. സുതാര്യതയും സംവാദവും ഇതിന് അത്യന്താപേക്ഷിതമായ മറ്റ് ഘടകങ്ങളാണ്.
‘റിപ്പബ്ലിക്’ എന്ന ലാറ്റിൻ പദത്തിന്റെ അർഥംതന്നെ ‘പൊതുകാര്യം’ എന്നാണ്. രാഷ്ട്രീയത്തിൽ അത് ഭരണസുതാര്യതക്കും ശക്തമായ പൊതുമണ്ഡലത്തിനും വേണ്ടി നിലകൊള്ളുന്നു. ഒരു രാജ്യം ജനാധിപത്യ റിപ്പബ്ലിക് ആവുന്നത് ജനങ്ങൾ പരസ്പരം സംഭാഷണത്തിലേർപ്പെടുകയും ശ്രവിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ്. മാധ്യമങ്ങൾ രൂപപ്പെടുത്തുന്ന സംവാദത്തിന്റെ പൊതു സംസ്കാരം ഇതിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഇതിലൂടെയാണ് പൊതു താൽപര്യവും പൊതുജനാഭിപ്രായവും രൂപംകൊള്ളുന്നത്. മറിച്ചാവുമ്പോൾ സ്വകാര്യ താൽപര്യവും സ്വകാര്യാഭിപ്രായവും പൊതുതാൽപര്യത്തിന്റെയും പൊതുജനാഭിപ്രായത്തിന്റെയും പ്രച്ഛന്നവേഷത്തിൽ അവതരിക്കുകയും റിപ്പബ്ലിക്കിന്റെ അടിത്തറ ദുർബലപ്പെടുത്തുകയും ചെയ്യും. ഇവിടെയാണ് സ്വതന്ത്ര മാധ്യമങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും പ്രാധാന്യമർഹിക്കുന്നത്.
ഭരണഘടനയും പാർലമെന്റും തെരഞ്ഞെടുപ്പും ദേശീയപതാകയും ഉള്ളതുകൊണ്ടുമാത്രം ഒരു രാജ്യവും റിപ്പബ്ലിക്കാവുന്നില്ല. ഇതിന് മൗലികമായി ഉണ്ടാവേണ്ടത് സ്വതന്ത്രരും പരസ്പരാശ്രയത്തിലും വിശ്വാസത്തിലും കഴിയുന്ന ജനതയാണ്. ജാതി, മത പരിഗണനകൾക്കപ്പുറം സാർവത്രിക പൗരത്വവും ഇതിന്റെ മുൻ ഉപാധിയാണ്. ഇതുകൊണ്ടാണ് ഗാന്ധിജിയുടെ സ്വരാജ് ഒരു റിപ്പബ്ലിക്കൻ ആശയമായി മാറുന്നത്.
നഷ്ടപ്പെടുന്ന റിപ്പബ്ലിക്കൻ മൂല്യങ്ങൾ
റിപ്പബ്ലിക് ദിനാഘോഷത്തെ ആവേശഭരിതവും ചേതോഹരവുമാക്കേണ്ടത് സൈനിക പരേഡിനും ആയുധ പ്രദർശനത്തിനുമപ്പുറം, ഭരണഘടനാ മൂല്യങ്ങളുടെ ഓർമ പുതുക്കലും അവ നമ്മുടെ രാഷ്ട്രീയത്തെ എത്രകണ്ട് സമ്പന്നമാക്കി എന്നതിന്റെ കണക്കെടുപ്പുമാണ്. അത് ഒരേസമയം പോയ വർഷത്തിലേക്കുള്ളൊരു തിരിഞ്ഞുനോട്ടവും വരുംവർഷത്തെ നേരിടാനുള്ളൊരു തയാറെടുപ്പുമാണ്. ഗ്രീക്ക് രാഷ്ട്രതന്ത്രജ്ഞൻ പെരിക്കിൾസ് പറയുംപോലെ, രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ പൂർവികരെ ഓർക്കാനുള്ള സന്ദർഭം.
മൂല്യങ്ങളെക്കുറിച്ചുള്ള ഓർമ പുതുക്കലിൽ ഒരു തിരിച്ചറിവിന്റെ പ്രശ്നവും അന്തർലീനമാണ്. ഒരുദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. രാജ്യത്തിന്റെ സാമൂഹിക വൈവിധ്യം നിഴലിക്കേണ്ടത് റിപ്പബ്ലിക് ദിന ഫ്ലോട്ടുകളിലല്ല, സർക്കാറിന്റെ നയങ്ങളിലും സമീപനങ്ങളിലുമാണ്. ഫ്ലോട്ടുകൾ പ്രതീകാത്മകവും ഭരണകൂട ചെയ്തികൾ യഥാർഥ്യത്തിന്റെ വെളിച്ചവുമായി നിൽക്കണം എന്നർഥം. എന്നാൽ, ഇവിടെ നേരെ വിപരീതമാണ് കാര്യങ്ങൾ. ഫ്ലോട്ടുകളെ യാഥാർഥ്യമായി ചിത്രീകരിച്ച് അതിനുള്ളിൽ ഭരണകൂട ചെയ്തികൾ മറച്ചുവെക്കുന്നു. ഡ്യൂപ്ലിക്കേറ്റിനെ ഒർജിനലാക്കുന്ന ഇന്ദ്രജാലം. ഇതോടെ റിപ്പബ്ലിക് ദിനാഘോഷം വെറും കെട്ടുകാഴ്ചയായി മാറുന്നു.
ഭരണകൂടത്തിന് സർവതും അധികാര രാഷ്ട്രീയത്തിലെ ലാഭ-നഷ്ട കണക്കെടുപ്പുകൾക്കുള്ള അവസരങ്ങളാണ്. വംശഹത്യയും വർഗീയ-സാമൂഹിക സംഘർഷങ്ങളും ആരാധനാലയങ്ങളുടെ നിർമാണവും പൊളിച്ചടുക്കലും പുരോഗതിയുടെ പേരിൽ ഗോത്രജനങ്ങളുടെ കുടിയൊഴിപ്പിക്കലും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും പൗരത്വപ്രശ്നവുമെല്ലാം ഇതിലെ കരുക്കളാണ്. ഇതിന് വിഘ്നം നിൽക്കുന്നതിനെയെല്ലാം അവർ നിർഭയം തട്ടിനീക്കുന്നു. അത് പൗരാവകാശങ്ങളാവാം, മാധ്യമ സ്വാതന്ത്ര്യമാവാം, നിയമവാഴ്ചയാവാം, പ്രതിപക്ഷമാവാം, ഭരണഘടനയാവാം, സ്ഥാപന സ്വരൂപങ്ങളാവാം, സിവിൽ സമൂഹമാവാം. ഇത്തരമൊരു സാഹചര്യത്തിൽ, റിപ്പബ്ലിക്കൻ മൂല്യങ്ങൾ അവരെ സംബന്ധിച്ചിടത്തോളം അർഥമല്ല; അനർഥമാണ്.
കഴിഞ്ഞവർഷത്തെ ബുക്കർ സമ്മാന ജേതാവ് പോൾ ലിഞ്ചിന്റെ പുസ്തകത്തിൽ, പുരോഹിത ഗീതത്തിൽ, പറയുന്നത് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന് നന്നേ ചേരും. ‘നിങ്ങൾ യാഥാർഥ്യം എന്നു കരുതുന്നതിനെയാണ് അവർ മാറ്റാൻ ശ്രമിക്കുന്നത്. അവർ അതിനെ കലക്കവെള്ളം പോലെ അവ്യക്തമാക്കാൻ ശ്രമിക്കുന്നു. നിങ്ങൾ, ഒന്ന് മറ്റൊന്നാണെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞാൽ ജനം അത് സത്യമാണെന്ന് വിശ്വസിക്കും’, ലിഞ്ച് വ്യക്തമാക്കുന്നു. സത്യാനന്തരകാലത്തെ ഇന്ത്യൻ രാഷ്ട്രീയം എത്തിനിൽക്കുന്നത് ഈ വിഷമവൃത്തത്തിലാണ്. ജനാധിപത്യം നിലനിർത്താനാവശ്യമായ മൂന്ന് ഘടകങ്ങളും - അനുതാപം, ബഹുസ്വരത, സംവാദം - ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ നഷ്ടത്തെക്കുറിച്ചാണ് എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം നമ്മെ ഓർമപ്പെടുത്തുന്നത്. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.