വിജയിച്ചവരുടെ ഘർ വാപസി
text_fieldsഘർ വാപസിയെന്നാൽ വീട്ടിലേക്കുള്ള മടക്കം എന്നാണർഥം. പക്ഷേ, കുറച്ചു വർഷങ്ങളായി ദുർബലരും പാർശ്വവത്കൃതരുമായ മനുഷ്യർക്ക് മേൽ കൈയൂക്കും ഭീഷണിയും സമ്മർദങ്ങളും ചുമത്തി ഹിന്ദുത്വർ നടത്തുന്ന ഒരു പ്രക്രിയയായാണ് 'ഘർ വാപസി' അറിയപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മറ്റൊരു ഘർ വാപസി അരങ്ങേറി; കൈയൂക്കിെൻറയും ഭീഷണിയുടെയും വിചാരധാരക്കാരുടെ സകല സമ്മർദങ്ങളെയും അതിക്രമങ്ങളെയും അപവാദപ്രചാരണങ്ങളെയും ചെറുത്തു വിജയം കൊയ്ത കർഷക സമരപോരാളികളുടെ ഘർ വാപസി!. സ്വദേശി, സ്വാഭിമാനി ആദർശങ്ങൾ പറഞ്ഞ് അധികാരത്തിലേറിയ തീവ്ര ഹിന്ദുത്വർക്ക് കൂറ് മുഴുവനും കോർപറേറ്റുകളോടും കുത്തകകളോടുമാണെന്ന നേര് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയാണ് ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ പോരാട്ട വിജയം നേടിയ കർഷകരുടെ വീടുകളിലേക്കുള്ള മടക്കം.
അച്ഛൻ തിരിച്ചുവരാത്ത കർഷക ഭവനങ്ങൾ
പൊളിച്ചുമാറ്റിയ സിംഘുവിലെ പ്രധാനവേദിക്ക് അരികിലിരുന്ന് മുറിഞ്ഞുപോയ മൂക്ക് തുന്നിപ്പിടിപ്പിച്ച പാട് കാണിച്ച് ഗുർനാം സിങ് പറഞ്ഞു: കഴിഞ്ഞ വർഷം ആഗസ്റ്റ് 28ന് ഹരിയാനയിൽ വെച്ച് സമരത്തെ നേരിട്ട പൊലീസ് തടഞ്ഞ് ലാത്തി കൊണ്ട് അടിച്ചു തകർത്തതാണിത്. ചുമലെല്ലും അടിയേറ്റ് പൊട്ടിയിരുന്നു. ഇതുകൊണ്ടും തീർന്നിട്ടില്ലെന്ന് പറഞ്ഞ് കണ്ണട മുഖത്ത് നിന്നെടുത്ത് വലത്തെ കണ്ണിന് നേരെ ചൂണ്ടി ഗുർനാം സിങ് തുടർന്നു. കണ്ണിെൻറ കാഴ്ച പകുതി പോയി. മുഴുവൻ നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഒരു ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്.
സമരം തീർപ്പാകട്ടെയെന്നു കരുതി കാത്തിരുന്നതാണ്. കടന്നുപോയത് ഒന്നേകാൽ വർഷമാണ്. മുറിഞ്ഞു തുന്നിയ മൂക്കും പാതി മങ്ങിയ കണ്ണുമായി ഞാൻ വീട്ടിലേക്ക് മടങ്ങുകയാണ്. ഇങ്ങനെയെങ്കിലും ഞങ്ങളുടെ അച്ഛൻ തിരിച്ചുവന്നുവല്ലോ എന്നോർത്ത് എെൻറ മക്കൾ വലിയ സന്തോഷത്തിലാകും. എന്നാൽ സമരത്തിനായി ജീവൻ ത്യജിച്ചവരുടെ വീടുകളിലേക്കിനി മടങ്ങിച്ചെല്ലാൻ ആരാണുള്ളത്? എെൻറ മക്കൾ ആഘോഷിക്കുേമ്പാൾ അവരുടെ മക്കളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഞാനാലോചിക്കുന്നത്. 700ലേറെ കർഷകർ ജീവനും അതിലുമെത്രയോ ഇരട്ടി പേർ ജീവിതവും സമർപ്പിച്ചാണ് ഈ സമരം ലക്ഷ്യപ്രാപ്തിയിലെത്തിച്ചത്.
മടക്കം ജീവിക്കുന്ന രക്തസാക്ഷികളുമായി
ഗുർനാമിനെ പോലെ സ്വന്തം വേദന കടിച്ചമർത്തി വീടുകളിലേക്ക് മടങ്ങുന്ന നൂറുകണക്കിന് ജീവിക്കുന്ന രക്തസാക്ഷികളുടെ ത്യാഗത്തിെൻറ വിജയമാണ് ഈ സമരം. നേതാക്കളുടെ പാടവം കൊണ്ടു മാത്രമല്ല, കർഷകർ പുലർത്തിയ സാഹോദര്യവും നിശ്ചയദാർഢ്യവും കൂടി ചേർന്നപ്പോഴാണ് സർക്കാറിനെ വരച്ച വരയിൽ നിർത്താനായതെന്ന് ഗുർനാം അടിവരയിട്ടു. തെൻറ വേദനകളെക്കുറിച്ചല്ല, മറ്റുള്ളവരുടെ യാതനകളെപ്പറ്റിയാണ് അദ്ദേഹത്തിന് കൂടുതൽ സംസാരിക്കാനുള്ളത്. സ്വന്തം മകളുടെ വിവാഹം നിശ്ചയിച്ച് ഹരിയാനയിൽ നിന്ന് സമരത്തിനു വന്ന ദമ്പതികളിൽ ഭർത്താവ് സമരത്തിനിടെ മരിച്ചു. വിവാഹം ഇനി ആര് നടത്തുമെന്ന് ചോദിച്ചു കരഞ്ഞാണ് അദ്ദേഹത്തിെൻറ വിധവ സമരവേദി വിട്ടുപോയത്.
മടങ്ങിപ്പോകുമ്പോഴും മിനിമം താങ്ങുവിലയ്ക്ക് ഗാരൻറി നൽകി നിയമ നിർമാണം നടക്കാത്തതിനാൽ എഴുതി നൽകിയ ഉറപ്പ് നരേന്ദ്ര മോദി പാലിക്കുമോ എന്ന ആശങ്ക അവരിൽ പലർക്കുമുണ്ട്. പാർലമെൻറിൽ നിയമം കൊണ്ടുവരാതെ മോദിയുടെ കാര്യത്തിൽ തനിക്കുറപ്പ് പറയാൻ വയ്യെന്നാണ് ഗുർനാമും പറയുന്നത്. സമരം ഇത്രമാത്രം കഷ്ടപ്പാടുകളും യാതനകളും തങ്ങൾക്കുണ്ടാക്കുമെന്നോ ഇത്ര കാലം നീളുമെന്നോ ഇവരാരും കരുതിയതല്ല. എന്നാൽ സർക്കാറിന് പിന്തിരിയാനുള്ള ചിന്തയില്ലെന്ന് കണ്ടതോടെയാണ് ഈ കുത്തിയിരിപ്പിന് ദൈർഘ്യമേറുമെന്ന് കർഷകർ തിരിച്ചറിഞ്ഞത്.
പാഠം ഒന്ന്, ഐകമത്യം മഹാബലം
പൗരത്വസമരത്തെ ചോരയിൽ മുക്കിയും പോരാളികളെ കൽത്തുറങ്കിലടച്ചും അലങ്കോലപ്പെടുത്തിയ അതേ മാതൃക കർഷക സമരത്തിനു മേലും പ്രയോഗിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും ഭരണകൂടം പയറ്റിയതാണ്. സംയുക്തമായി സമരം നടത്തുന്ന സംഘടനകളിൽ നിന്ന് ഒരു വിഭാഗത്തെ മാത്രം ചർച്ചക്ക് വിളിച്ച് ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് മോദി സർക്കാർ ആദ്യം പുറത്തെടുത്തത്. ഭിന്നിപ്പുണ്ടാക്കാൻ നോക്കേണ്ടെന്നും 40 സംഘടന പ്രതിനിധികളെ ഒരുമിച്ചു വിളിച്ചാലെ ചർച്ചക്കുള്ളൂ എന്നായിരുന്നു കർഷകരുടെ മറുപടി. രാജ്യത്തെ പരാജയപ്പെടുന്ന സമരങ്ങളിൽ നിന്ന് അവർ പഠിച്ച ഈ പാഠം തന്നെയാണ് അവകാശ സമരങ്ങൾക്കിറങ്ങുന്നവർക്ക് ഈ സമരത്തിെൻറ വിജയത്തിൽ നിന്ന് വായിച്ചെടുക്കേണ്ടതും.
മുപ്പതോ നാൽപതോ അല്ല, മുന്നൂറിലേറെ സംഘടനകളാണ് അതിർത്തിയിൽ വന്നിരുന്നതെന്ന് ഓർക്കണം. 41 സംഘടനകളുടെ ഏകോപന സമിതിയായ സംയുക്ത കിസാൻ മോർച്ചക്ക് ഒപ്പമായിരുന്നു പഞ്ചാബിൽ നിന്നു മാത്രമുള്ള മുന്നൂറോളം കർഷക സംഘടനകളും.
ഡൽഹി വംശീയാക്രമണത്തിെൻറ മറവിൽ പൗരത്വ സമരപ്പന്തലുകൾ പൊളിച്ചുനീക്കിയ പോലെ, റിപ്പബ്ലിക് ദിന ട്രാക്ടർ റാലി നടക്കവെ ചിലർ ചെങ്കോട്ടയിൽ പതാക നാട്ടിയ കാരണം പറഞ്ഞ് നേതാക്കളെ ജാമ്യമില്ലാക്കേസിൽ കുടുക്കി സമരത്തെ അടിച്ചമർത്താനും പന്തലുകൾ പൊളിച്ചുനീക്കാനും ഭരണകൂടം ഒരുമ്പിട്ടിറങ്ങി. അതും കർഷകർ ഐക്യത്തോടെ നിന്ന് പരാജയപ്പെടുത്തി. സിഖ് തീവ്രവാദികളുടെ സമരമെന്നാരോപിച്ച് പൊളിക്കാൻ വന്ന വേദിയിലിരുന്ന് രാകേശ് ടികായത് കരയുന്നത് കണ്ട് ഓടിയെത്തിയത് ഉത്തർപ്രദേശിലെ ആയിരക്കണക്കിന് ജാട്ട് കർഷകരായിരുന്നു. ജനാധിപത്യ മണ്ണിൽ ഏകാധിപത്യം അടിച്ചേൽപിക്കുന്ന ഭരണകൂടങ്ങളെ എങ്ങനെ അതിജയിക്കാമെന്നതിെൻറ പാഠപുസ്തകമാണ് ഇന്നിപ്പോൾ കർഷകരുടെ ചരിത്ര സമരം.
വിജയം കർഷകരുടേത് തോൽവി സർക്കാറിേൻറത്
ഇന്ത്യ ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്ന ഉത്തർപ്രദേശിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് ഈ ദയനീയ തോൽവിക്ക് വഴങ്ങിക്കൊടുക്കാൻ മോദി സർക്കാറിനെ നിർബന്ധിതമാക്കിയത് എന്ന് നമുക്കു വേണമെങ്കിൽ വാദിക്കാം .
എന്നാൽ കഴിഞ്ഞ വർഷം നവംബർ 26ന് അതിർത്തിയിലെ തടസ്സങ്ങൾ ഭേദിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ സിംഘുവിലും ടിക്രിയിലും ഗാസിപുരിലും വന്നിരിക്കുമ്പോൾ പതിവ് ഡൽഹി ചലോ റാലികൾ പോലെ ഇത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് പിരിഞ്ഞുപോകാനുള്ളതാണെന്ന കണക്കുകൂട്ടലിലായിരുന്നു രാജ്യം ഭരിക്കുന്ന സർക്കാർ എന്നോർക്കണം. ആ കണക്കുകൂട്ടൽ തെറ്റിച്ചാണ് വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വലിയ പരിക്കേൽപിച്ച് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിെൻറ പടിവാതിൽക്കൽ വരെ ഈ സമരമെത്തിച്ചതെന്നു കൂടി ചേർത്തു പറയണം. സമരം ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ കർഷകർ ഡൽഹിയുടെ അതിർത്തികളിലിരിക്കുമെന്നും അങ്ങനെ വന്നാൽ, ഇന്ന് കേന്ദ്രമന്ത്രിസഭയിലും പാർലമെൻറിലുമിരിക്കുന്ന പലർക്കും ഇനിയൊരിക്കലും കൊടിവെച്ച കാറിൽ ഡൽഹിയിലേക്ക് വരാനാവില്ലെന്നും മോദിയും പാർട്ടിയും പേടിയോടെ തിരിച്ചറിഞ്ഞിരിക്കുന്നു. കൈയൂക്കും കുതന്ത്രങ്ങളും കൊണ്ട് തന്നിഷ്ടം നടപ്പാക്കാമെന്ന ഏഴു വർഷത്തെ ഭരണകൂട അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി തന്നെയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.