ഋഷി സുനകും പൗരത്വചോദ്യം നേരിടുന്ന ഇന്ത്യക്കാരും
text_fieldsദീപാവലിയുടെ തലേരാത്രി ആസ്‌ട്രേലിയയിൽ നടന്ന ഇന്ത്യ-പാകിസ്താൻ വേൾഡ് കപ്പ് മാച്ചിൽ ഇന്ത്യ നേടിയ ഉജ്ജ്വല ജയത്തിൽ ആഹ്ലാദിച്ചു നിൽക്കെ, പടിഞ്ഞാറ് ബ്രിട്ടനിൽനിന്ന് കേട്ട മറ്റൊരു വാർത്ത ഇന്ത്യക്കാരെ കൂടുതൽ ആവേശാനന്ദ തള്ളിച്ചയിലാക്കി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 45 ദിവസം മുമ്പ് നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ലിസ് ട്രസ്സിനോട് തോറ്റ അദ്ദേഹം ഇത്തവണ അധികം എതിർപ്പില്ലാതെയാണ് കസേര പിടിച്ചത്. കുറെ നാളായി ഋഷിയുടെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും ഇത്രപെട്ടെന്ന് ഇങ്ങനെയൊരു വാർത്ത ആരും പ്രതീക്ഷിച്ചതല്ല. വാർത്ത ചാനലുകളിൽ സ്ക്രോൾ ചെയ്തപാടെ ഇത് ദീപാവലിയാഘോഷത്തിന്റെ ശുഭസൂചനയാണെന്ന അശരീരി മുഴങ്ങി വാട്സ്ആപ് ഗ്രൂപ്പുകളിൽ.
എങ്ങാണ്ടൊരിടത്ത് ആർക്കെങ്കിലും ലോട്ടറിയടിച്ചാൽ പോലും അവരുമായി ബന്ധവും ചങ്ങാത്തവും ചാർച്ചയുമുണ്ടെന്ന് സമർഥിക്കുന്നതിൽ മിടുക്കരായ നമ്മൾ ഒട്ടും സമയം കളയാതെ ഋഷി സുനകിനെ ഇന്ത്യയുടെ മകനായും മരുമകനായും ഏറ്റെടുത്തു.
200 വർഷം ഇന്ത്യയെ അടക്കിവാണ ബ്രിട്ടെൻറ പ്രധാനമന്ത്രിപദം ഒരു ഇന്ത്യൻ വംശജൻ പിടിച്ചെടുത്തിരിക്കുന്നു എന്നാണ് കരക്കമ്പി നിലവാരത്തിൽനിന്ന് അൽപമെങ്കിലും മെച്ചമുള്ളത് എന്ന് കരുതിപ്പോരുന്ന ചില വാർത്താസൈറ്റുകൾ പോലും തലക്കെട്ടിട്ട് കൊഴുപ്പിച്ചത്. ഋഷി കുടുംബസമേതം ദീപാവലി ആഘോഷിക്കുന്നതും ഉത്സവങ്ങളിൽ പങ്കെടുക്കുന്നതുമായ ചിത്രങ്ങൾ മാലമാലയായി പ്രത്യക്ഷപ്പെട്ടു. ഋഷി സുനക്, ഇന്ത്യൻ വ്യവസായിയും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തിയുടെ മകളെയാണ് വിവാഹം കഴിച്ചത് എന്നത് അദ്ദേഹത്തെ ഇന്ത്യക്കാരനാക്കുന്നത് എളുപ്പമാക്കി. മുമ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭഗവത്ഗീതയിൽ കൈവെച്ചാണ് എന്നത് ഋഷിയുടെ സ്വീകാര്യത വർധിപ്പിച്ചു. ഇന്ത്യൻ മൂല്യങ്ങളും സംസ്കാരവും മുറുകെപിടിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഋഷി സുനക് എന്ന് ഉത്തരേന്ത്യൻ പത്രങ്ങൾ തെളിവുസഹിതം അച്ചുനിരത്തി.
ഇന്ത്യയും ബ്രിട്ടനും തമ്മിലെ ബന്ധങ്ങളിൽ ഋഷിയുടെ ഇപ്പോഴത്തെ നിലപാടുകൾ നമുക്ക് സഹായകമല്ല എന്ന അടിസ്ഥാനവാദം പോലും ഈ ബഹളങ്ങൾക്കിടയിൽ ആരും ഓർത്തില്ല. ഓർത്തെങ്കിൽതന്നെയും ഒരു രാഷ്ട്രീയസംവാദത്തിലും ഇതാരും പറഞ്ഞില്ല. ഇന്ത്യൻ വംശജൻ എന്നമട്ടിൽ ആഘോഷിക്കപ്പെടുന്ന ആൾ, വംശീയതയെപ്പറ്റി വെച്ചുപുലർത്തുന്ന നിലപാടെന്താണ് എന്ന് ആരും ചികഞ്ഞുനോക്കിയില്ല, അത്തരം വാദഗതികൾ ടി.ആർ.പിക്ക് സഹായകമല്ല എന്ന തിരിച്ചറിവിൽ ചാനൽ ചർച്ചകളും ആ വഴിക്കല്ല പോയത്. മതത്തിന്റെ അതിപ്രസരം ആവശ്യത്തിലേറെ കടത്തിവിട്ട് ഇന്നത്തെ രാഷ്ട്രീയസ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചതിന് സമാനമായ വികാരതീവ്രതയാണ് ഋഷിവിജയം ചർച്ച ചെയ്ത ചാനൽ ജഡ്ജിമാരിലും വക്കാലത്തു പറച്ചിലുകാരിലും പ്രകടമായത്. ഹിമാചൽ, ഗുജറാത്ത് തിരഞ്ഞെടുപ്പിൽപോലും ഋഷിയുടെ പേര് ഉപയോഗപ്പെടുത്തിയാൽ അത്ഭുതപ്പെടേണ്ട. ഇതിലും വലിയ കുടിയേറ്റ വിരുദ്ധനായ ഡോണൾഡ് ട്രംപിെൻറ വിജയത്തിനുവേണ്ടി ജന്തർമന്തറിൽ പൂജ നടത്തിയ, അബ് കീ ബാർ ട്രംപ് സർക്കാർ എന്ന് മുദ്രാവാക്യം വിളിച്ചവരാണ് ഇവിടെ ഭരണത്തിലെന്നത് മറേക്കണ്ട.
ഋഷി സുനക് ജനിച്ചത് ഇന്ത്യയിലല്ല, ബ്രിട്ടനിലാണ്. അദ്ദേഹത്തിെൻറ അച്ഛൻ ജനിച്ചത് കെനിയയിലും അമ്മ ജനിച്ചത് താൻസനിയയിലുമാണ്. രണ്ട് മുത്തച്ഛന്മാരും അവിഭക്ത പഞ്ചാബിൽനിന്ന് 1930കളിൽ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. അമ്മയുടെ അമ്മ ജനിച്ചതും താൻസനിയയിൽ തന്നെ!
ഇതൊക്കെയാണെങ്കിലും ഇന്ത്യൻ വലതുപക്ഷ ജനതക്ക് ഇപ്പോൾ, ബ്രിട്ടനിലെ കൺസർവേറ്റിവ് പാർട്ടിയിലെ വലതുപക്ഷ നയങ്ങളുടെ ഒപ്പം നിൽക്കുന്ന, മറ്റു നാട്ടിൽനിന്നുള്ള കുടിയേറ്റക്കാരെ ആട്ടിപ്പായിക്കണമെന്ന് വാദിക്കുന്ന ഋഷി സുനക്, ഇന്ത്യയിൽ ജനിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും ജീവിതവും നൽകിയ, രാജ്യം വിഭജിക്കപ്പെട്ടപ്പോൾ അതിർത്തി കടക്കാൻ കൂട്ടാക്കാതെ ജനിച്ചുവളർന്ന മണ്ണിൽ അലിഞ്ഞു ചേരണമെന്ന് ആഗ്രഹിച്ച ലക്ഷക്കണക്കിന് പൗരജനങ്ങളേക്കാൾ വലിയ ഇന്ത്യക്കാരനാണ്. ഋഷി സുനക് ഇന്ത്യക്കാരനല്ല എന്ന് എഴുതുകയും പോസ്റ്റിടുകയും ചെയ്യുന്നവർക്ക് രാജ്യദ്രോഹിച്ചാപ്പ പതിക്കുന്ന ചടങ്ങ് മാത്രമേ ഇനി ബാക്കിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.