മുളങ്കമ്പുകളിൽ തൂങ്ങിയ കണ്ണീർ ജീവിതങ്ങൾ
text_fieldsചരിത്രത്തിെൻറ ഫോൾട്ട്ലൈനിൽ കുടുങ്ങിപ്പോയവരാണ് റോഹിങ്ക്യകൾ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 3.5 ലക്ഷത്തിലധികം അഭയാർഥികളെത്തിയ ബംഗ്ലാദേശിലെ കോക്സ് ബസാറിൽ പുതുതായി വന്നു ചേർന്നത് 4.5 ലക്ഷംകൂടി. അടുത്തകാലത്ത് ദക്ഷിണേഷ്യ കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിെൻറ കഥ ദൃക്സാക്ഷിയായ മലയാളി മാധ്യമപ്രവർത്തകൻ പി.എം. നാരായണൻ വിവരിക്കുന്നു.
‘‘വിശക്കുന്നു; എന്തെങ്കിലും തരുമോ?’’- കാറിൽനിന്ന് കാമറയും മൈക്കുമായി ഇറങ്ങിയപ്പോൾ ചുറ്റും ആൾക്കൂട്ടം. സന്നദ്ധ സംഘടനകൾ ഭക്ഷണപ്പൊതിയുമായി വന്നതാണെന്ന ധാരണയിലാണ് വിശന്നുവലഞ്ഞ അവർ ഒാടിക്കൂടിയത്. മാധ്യമ സംഘമാണെന്നറിഞ്ഞതോടെ നിരാശരായി പിരിഞ്ഞുപോയി.അഭയാർഥികളുടെ സമുദ്രമാണ് കോക്സ് ബസാർ. വലിച്ചുകെട്ടിയ കറുത്ത പ്ലാസ്റ്റിക് ഷീറ്റിനടിയിൽ അശരണരായ വൃദ്ധരും സ്ത്രീകളും കുട്ടികളും കൂനിക്കൂടിയിരുന്നു. ഒരായുസ്സിെൻറ സമ്പാദ്യം മുഴുവൻ മുളെങ്കാമ്പിെൻറ രണ്ടറ്റത്തുമായി പെറുക്കിക്കെട്ടി മ്യാന്മറിൽനിന്ന് ജീവനുംകൊണ്ട് ഒാടിപ്പോന്നവരാണിവർ.
മഴവെള്ളം ഇറ്റിറ്റുവീഴുന്ന പ്ലാസ്റ്റിക് കൂടാരത്തിൽ മയങ്ങിക്കിടക്കുന്ന അഞ്ചു കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് എന്തുചെയ്യണമെന്നറിയാതെ തളരുകയാണ് ഫൗസിയ ബീഗം. ‘‘ഞാനെന്തു ചെയ്യും, ഇവർക്കെല്ലാം പനിയാണ്. മൂത്ത മകൾ രഹാന തലനാരിഴക്കാണ് മ്യാന്മർ പട്ടാളത്തിെൻറ വെടിയുണ്ടയിൽനിന്ന് രക്ഷപ്പെട്ടത്.’’
വടക്കൻ രാഖൈനിലെ മാങ്ഡോ ടൗണിലെ തുണിക്കച്ചവടക്കാരനാണ് ഫൗസിയയുടെ ഭർത്താവ് താരിഖ് ഹുസൈൻ. ആൾക്കൂട്ടം ആദ്യം തീയിട്ടത് ഹുസൈെൻറ തുണിക്കട. പിന്നീട് മ്യാന്മർ പട്ടാളം ഗ്രാമങ്ങൾ വളഞ്ഞ് ആളുകളെ വെടിവെച്ചുകൊല്ലാനും വീടുകൾ തീയിടാനും തുടങ്ങിയപ്പോൾ കുട്ടികളെ കൂട്ടിപ്പിടിച്ച് ഒാടിരക്ഷപ്പെട്ടതാണ് താരിഖ് ഹുസൈനും കുടുംബവും. പാലായനത്തിനിടയിൽ രഹാനക്കും ഹുസൈനും വെടിയേറ്റു. കാലിന് വെടിയേറ്റ ഹുസൈൻ കോക്സ് ബസാറിലെ ഏതോ ആശുപത്രിയിൽ ചികിത്സയിലാണ്. രാഹിനയാകെട്ട തലയിൽ വലിയ ബാൻഡേജുമായി (അതിർത്തി കടന്നപ്പോൾ ബംഗ്ലാദേശി പട്ടാളം മരുന്നുവെച്ച് കെട്ടിക്കൊടുത്തതാണിത്) അമ്മക്കൊപ്പം മഴ നനയുകയാണ്. ഹുസൈനെ അന്വേഷിച്ച് ആശുപത്രിയിൽപ്പോയെങ്കിലും കണ്ടെത്താനായില്ല. ഇങ്ങനെ ചിതറിപ്പോയ കുടുംബങ്ങളാണ് കോക്സ് ബസാറിലധികവും.
ആശുപത്രികളിലെ അവസ്ഥ ക്യാമ്പുകളിലേതിനേക്കാൾ ഭീകരമാണ്. പലായനം ചെയ്യുന്നവരെ ലക്ഷ്യംവെച്ച് മ്യാന്മർ പട്ടാളം വിന്യസിച്ച കുഴിബോംബിൽ തട്ടി രണ്ടു കാലും തകർന്ന അലി ഹൈദർ ചോദിക്കുന്നു: ‘‘ഇങ്ങനെ വേട്ടയാടപ്പെടാൻ ഞാനെന്തു തെറ്റാണ് ചെയ്തത്?’’ റോഹിങ്ക്യൻ മുസ്ലിം ആയിപ്പോയി എന്നതാണ് ഹൈദർ അലിക്ക് പറ്റിയ തെറ്റ്. രാഖൈനിൽ നടക്കുന്നത് വംശഹത്യയുടെ ടെക്സ്റ്റ് ബുക്ക് ഉദാഹരണമാണെന്ന് യു.എൻ മനുഷ്യാവകാശ സംഘടന സാക്ഷ്യപ്പെടുത്തുന്നു. അതിെൻറ ഇരകളാണ് ഫൗസിയയും ഹൈദറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.