റോഹിങ്ക്യ: ഇരകളെ വേട്ടക്കാരാക്കരുത്
text_fieldsലോക ജനതയുടെ മുന്നിൽ തോരാകണ്ണീരായി നിലകൊള്ളുകയാണ് ഇന്ത്യയുടെ കിഴക്കൻ രാജ്യമായ മ്യാന്മറിലെ 11 ലക്ഷം വരുന്ന റോഹിങ്ക്യൻ ജനത. 1948 വരെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ബർമ മ്യാന്മറിലെ റാഖൈൻ പ്രവിശ്യയിലെ 90 ശതമാനത്തോളം വരുന്നതും ആ രാജ്യത്തെ വംശീയ ന്യൂനപക്ഷവുമായ റോഹിങ്ക്യൻ മുസ്ലിംകളുടെ ജീവിതം ഭരണകൂട ഭീകരതയുടെ മുന്നിൽ തീർത്തും ദുസ്സഹമായിരിക്കുന്നു. ഏതൊരു ജനതയുടെയും അടിസ്ഥാനാവശ്യമാണ് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ. അത് ജനിച്ചുവളർന്ന പ്രദേശത്തുതന്നെ ലഭ്യമാകേണ്ടതുമാണ്. എന്നാൽ, മറ്റൊരാളോ മറ്റൊരു സമൂഹമോ അവ നിഷേധിക്കുകയും പിടിച്ചടക്കുകയും ചെയ്യുന്നത് തീർത്തും പ്രതിഷേധാർഹമാണ്. ലോകത്ത് ഇത്തരമൊരു കൊടിയ പീഡനം അനുഭവിക്കേണ്ടിവരുന്ന ജനത വേറെയില്ലെന്ന് പറഞ്ഞത് ലോകശാന്തിക്ക് ഉത്തരവാദപ്പെട്ട ഐക്യരാഷ്ട്ര സംഘടനയാണ്.
വംശീയഹത്യ എന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഈ കൊടുംക്രൂരതയെ വിശേഷിപ്പിച്ചത്. വിഷയത്തിൽ മുസ്ലിം രാഷ്ട്ര സംഘടനയായ ഒ.ഐ.സിയും മാർപാപ്പയും പ്രതിഷേധം രേഖപ്പെടുത്തി. െഎക്യരാഷ്ട്ര സഭയുടെ പ്രമേയം മ്യാന്മർ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, റോഹിങ്ക്യകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് ശഠിക്കുകയും ചെയ്യുന്നു. ഒരു ഭരണകൂടം ചെയ്യാൻ മടിക്കുന്ന ഹീനപ്രവൃത്തിയാണിത്. മ്യാന്മറിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടിയ ധീര വനിതയുടെ നാട്ടിലാണ് റോഹിങ്ക്യകൾക്കെതിരെ അതീവ ഭീകരമായ നരനായാട്ട് നടന്നുവരുന്നത് എന്നത് ആലോചിക്കാൻപോലും കഴിയാത്തതാണ്. ഈ സൈനിക തേർവാഴ്ചക്കെതിരെ റോഹിങ്ക്യൻ ജനതയുടെ നന്നേ ചെറിയൊരു ശതമാനം തീവ്ര മാർഗം സ്വീകരിച്ചിരിക്കുന്നു എന്നതുകൊണ്ട് നിരാശ്രയരായ മുഴുവൻ ജനതയോടും ഉന്മൂലനനയം സ്വീകരിക്കുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ല.
14ാം നൂറ്റാണ്ടു മുതൽ റോഹിങ്ക്യൻ ജനത പഴയ അരാക്കൻ പ്രവിശ്യയിൽ കുടിയേറിപ്പാർത്തു വരുന്നതായി ചരിത്രം പറയുന്നു. ലോകത്തെ പല ജനസമൂഹങ്ങളും ഇങ്ങനെ സഹസ്രാബ്്ദങ്ങളിലായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലവിധ കാരണങ്ങളാൽ പലായനം ചെയ്ത് വാസമുറപ്പിച്ചവരാണ്. ഇന്നും അത് തുടരുന്നുമുണ്ട്. എന്നാൽ, ഇടുങ്ങിയ താൽപര്യങ്ങളുടെ പേരിൽ ഒരു സമൂഹത്തെയാകെ സ്വരാജ്യത്തെ പൗരത്വം നിഷേധിക്കുകയും ഭരണകൂടത്തിെൻറ ആയുധ ശേഷിയുപയോഗിച്ച് ആട്ടിയോടിക്കുകയും വെടിവെച്ചുകൊല്ലുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?
ലോക മനഃസാക്ഷി
റോഹിങ്ക്യൻ ജനതയുടെ വിലാപം ഏറ്റുവാങ്ങിക്കൊണ്ട് ഈ നരവേട്ടക്കെതിരെ ലോക മനഃസാക്ഷി ഉണർന്നെണീറ്റിരിക്കുന്നുവെന്നത് ചെറിയ പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര രക്ഷാസമിതി ഒറ്റക്കെട്ടായി മ്യാന്മർ ഭരണകൂടത്തോട് നരനായാട്ട് അവസാനിപ്പിക്കണമെന്നും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും താക്കീത് ചെയ്തത്. എന്നാൽ, ഐക്യരാഷ്ട്ര പൊതുസഭ യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടും അതിൽ പങ്കെടുക്കാൻ മ്യാന്മർ ഭരണാധികാരി സൂചി തയാറാകുന്നില്ല എന്നത് മനുഷ്യാവകാശത്തോടും ലോക സമൂഹത്തോടുമുള്ള അവരുടെ മനോഭാവമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങൾ കൊണ്ടൊന്നും കുലുങ്ങുന്നതല്ല മ്യാന്മർ അധികാരികളുടെ ധാർഷ്ട്യമെന്നാണ് അവർ തുടർന്നുവരുന്ന സമീപനം ഓർമിപ്പിക്കുന്നത്. രണ്ടു ലക്ഷത്തോളം ജനതയാണ് തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയാർഥികളായി കുടിയേറിയിരിക്കുന്നത്.
പീഡനങ്ങൾ സഹിക്കവയ്യാതെ ഈ ദരിദ്ര ജനത 1990കൾക്ക് മുമ്പുതന്നെ ഇന്ത്യയിൽ അഭയാർഥികളായി എത്തിത്തുടങ്ങിയിരുന്നു. ജനാധിപത്യ പാരമ്പര്യവും സംസ്കാരവും മുൻനിർത്തി ഇവർക്കെല്ലാം മെച്ചപ്പെട്ട പരിഗണന രാജ്യം നൽകി. ഇപ്പോൾ നമ്മുടെ രാജ്യത്ത് 40,000ത്തോളം റോഹിങ്ക്യൻ വംശജരുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയോളം പേരും ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി പട്ടികയിലുള്ളവരുമാണ്. ജമ്മു-കശ്മീർ, രാജസ്ഥാൻ, ഹരിയാന, ഡൽഹി, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയാൽ വീർപ്പുമുട്ടിയാണ് ഇവർ കഴിഞ്ഞുകൂടുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള കൂരകളിലും പൊട്ടിപ്പൊളിഞ്ഞ കുടുസ്സു മുറികളിലുമായി വലിയ സംഘങ്ങൾ അന്തിയുറങ്ങുകയാണ്. സംസ്ഥാന സർക്കാറുകൾ അനുവദിച്ച പല ക്യാമ്പുകളിലും ഇവരുടെ ജീവിതാവസ്ഥ ദുരിതമയമാണ്. നിത്യോപയോഗ വസ്തുക്കൾ കിട്ടാതെയും പ്രാഥമിക സൗകര്യങ്ങൾക്ക് ഇടമില്ലാതെയും കഴിയുന്നവരുടെ അവസ്ഥ ഓർക്കാൻപോലും കഴിയുന്നതല്ല.
ഇന്ത്യൻ സമീപനം
ഇന്ത്യയിൽനിന്ന് റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കുമെന്ന കേന്ദ്ര സർക്കാറിെൻറ അറിയിപ്പ് വന്നയുടൻ ഇതിനെതിരെ വൻ പ്രതിഷേധം രാജ്യത്താകെ അലയടിച്ചത് നമ്മുടെ രാജ്യം ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് ഒരുനിലക്കും കൂട്ടുനിൽക്കരുതെന്ന ഉറച്ച മുന്നറിയിപ്പായിരുന്നു. അതുപക്ഷേ, ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്ന തോന്നലാണ് മോദി സർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കുന്നതിനുള്ള തയാറെടുപ്പ് നടത്തിവരുന്നത്. റോഹിങ്ക്യൻ അഭയാർഥികൾ തീവ്രവാദികളാണെന്നും രാജ്യത്തിന് ഭീഷണിയാണെന്നുമുള്ള സർക്കാറിെൻറ സമീപനം ബി.ജെ.പി സർക്കാർ പിന്തുടരുന്ന വർഗീയ നയത്തിെൻറ ഭാഗമായേ കാണാനാകൂ. ഈ മാസമാദ്യം മ്യാന്മറിൽ ചെന്ന് സൂചിയുമായി നേരിൽ സംവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മറിെൻറ സുരക്ഷയെക്കുറിച്ചാണ് വേവലാതിപ്പെട്ടത്.
ഇന്ത്യയുടെ പാരമ്പര്യം മറന്നുകൊണ്ടുള്ളതും അന്താരാഷ്ട്ര നീതിക്കും നിയമത്തിനും നിരക്കാത്തതുമായ നടപടിയാണ് ലോക ജനാധിപത്യ ശക്തിയായ ഇന്ത്യയിൽനിന്ന് ഉണ്ടായിരിക്കുന്നത്. ബംഗ്ലാദേശ് കുന്നുകളിൽനിന്നുള്ള ചക്മ അഭയാർഥികൾക്ക് പൗരത്വം നൽകാൻ തയാറാകുന്ന കേന്ദ്ര സർക്കാർ റോഹിങ്ക്യകളുടെ കാര്യത്തിൽ തീവ്രവാദം എന്ന പൊയ്വെടി പ്രയോഗിക്കുകയാണ്. തിബത്തിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ബുദ്ധമതക്കാരുടെ നേർക്കുള്ള പീഡനങ്ങൾക്കെതിരെ ആളും അർഥവുംകൊണ്ട് പ്രതിരോധിക്കുകയും അവരുടെ ആത്്മീയ നേതാവ് ദലൈലാമക്ക് അഭയം നൽകിയതിെൻറ പേരിൽ ഒരു യുദ്ധംതന്നെ നേരിടേണ്ടിവരുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ശ്രീലങ്കയിൽനിന്നും ബംഗ്ലാദേശിൽനിന്നും അഫ്ഗാനിസ്താനിൽനിന്നുമൊക്കെ പലായനം ചെയ്ത് എത്തുന്നവരുടെ അഭയകേന്ദ്രം ഇന്നും ഇന്ത്യയാണ്. സുപ്രീംകോടതിയിലെ കേസിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ റോഹിങ്ക്യക്കാർ തീവ്രവാദികളാണെന്നാണ് കേന്ദ്ര സർക്കാർ പുറത്താക്കാനായി പറഞ്ഞ ന്യായീകരണം. ഇരയെ വേട്ടക്കാരനായി കാണുന്ന തെറ്റായ സമീപനമാണിത്.
സിറിയ, ഫലസ്തീൻ, റോഹിങ്ക്യ, ശ്രീലങ്കൻ തമിഴ് ജനതകളുൾപ്പെടെ പീഡിപ്പിക്കപ്പെടുന്ന ഓരോ മനുഷ്യ ജീവിയുടെയും കാര്യത്തിൽ ഇടപെടുകയും രാഷ്ട്രീയവും ഭൗമശാസ്ത്രപരവുമായ പരിമിതികൾ വെടിഞ്ഞ് അനുകമ്പയുടെ തൂവാലയൊപ്പുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യം. ഇതിൽനിന്നുള്ള പിന്മാറ്റംമൂലം അന്താരാഷ്ട്ര രംഗത്ത് അടുത്തകാലത്തായി രാജ്യത്തിന് വലിയ ദുഷ്കീർത്തി നേരിടേണ്ടിവരുന്നു. ഇരയുടെ പക്ഷത്തുനിന്ന് രാജ്യത്തെ ഭരണകൂടം നമ്മെ പതുക്കെപ്പതുക്കെയായി വേട്ടക്കാരുടെ പക്ഷത്തേക്ക് തെളിച്ചുകൊണ്ടുപോവുകയാണ്. ഇതിനെതിരെ ഡൽഹിയിലെ യു.എൻ പ്രതിനിധികാര്യാലയത്തിലേക്കും മ്യാന്മർ നയതന്ത്രകാര്യാലയത്തിന് മുന്നിലേക്കും ഡൽഹി ജന്തർമന്തറിലേക്കും വിവിധ സംഘടനകൾ പ്രതിഷേധാഗ്നി ഉയർത്തുകയുണ്ടായി. വെള്ളിയാഴ്ച പള്ളികളിൽ റോഹിങ്ക്യൻ ജനതക്കുവേണ്ടി പ്രത്യേക പ്രാർഥനകളും നടത്തി.
പീഡിത ജനതയുടെ കണ്ണീരൊപ്പുക എന്ന മാനവികമായ ദൗത്യം ഉയർത്തിപ്പിടിച്ച് ‘റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം, മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ബഹുജന സമ്മേളനം’ എന്ന പ്രമേയവുമായി സെപ്റ്റംബർ 18ന് വൈകീട്ട് കോഴിക്കോട്ട് മനുഷ്യസ്നേഹികളായ മുഴുവൻ ജനങ്ങളും അണിനിരക്കുകയാണ്. വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മഹാസംഗമം അശരണരും ആലംബഹീനരുമായ റോഹിങ്ക്യൻ ജനതക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ കനത്ത താക്കീതാകേണ്ടതുണ്ട്. ആ ജനതക്ക് നീതി ലഭ്യമാക്കാനും അതിനായി ലോക മനഃസാക്ഷി ഉണർത്താനുമാണ് ഈ ബഹുജന സമ്മേളനം. ഹൃദയമുള്ള ഓരോ മതേതര വിശ്വാസിയുടെയും പങ്കാളിത്തവും ഐക്യദാർഢ്യവും ഇതിൽ അനിവാര്യമാണ്. റോഹിങ്ക്യൻ ജനതയുടെ ശാശ്വതമായ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ഇന്ത്യ സർക്കാറിെൻറ ചിരകാല നയങ്ങളിലെ വ്യതിയാനത്തിനെതിരായ ശക്തമായ താക്കീതും കൂടിയാകട്ടെ ബഹുജന സമ്മേളനം.
(മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.