വിവരാവകാശ നിയമത്തിന് മരണമണി
text_fieldsരണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള പ്രഥമ പാർലമെൻറ് സമ്മേളനത്തിൽ ധിറുതിപിടിച്ച് പാസാക്കിയ വെറും നാലു വകുപ്പുകളുള്ള 2019ലെ വിവരാവകാശ ഭേദഗതി ബിൽ നിയമമായാൽ ഇൗ ജനപക്ഷ നിയമത്തിെൻറ അടിത്തറ തകരുമെന്നതിൽ സംശയമില്ല. നിർദിഷ്ട ഭേദഗതി നിയമം ഭരണഘടന വിരുദ്ധവും നമ്മുടെ ഫെഡറൽഘടനയുടെ നഗ്നമായ ലംഘനവുമാണ്. പുതിയ ഭേദഗതിയനുസരിച്ച് കേന്ദ്ര-സംസ്ഥാന മുഖ്യവിവരാവകാശ കമീഷണർമാരുടെയും വിവരാവകാശ കമീഷണർമാരുടെയും സേവന കാലാവധി അഞ്ചുവർഷം അല്ലെങ്കിൽ 65 വയസ്സ് തികയുന്നതുവരെയെന്നത് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കാലാവധി വരെ എന്നാക്കി മാറ്റി.
വിവരാവകാശ നിയമം 15 (3) വകുപ്പനുസരിച്ച് സംസ്ഥാന മുഖ്യ വിവരാവകാശ കമീഷണറേയും വിവരാവകാശ കമീഷണർമാരെയും നിയമിക്കുന്നത് മുഖ്യമന്ത്രി ചെയർമാനും മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു മന്ത്രി സഭാംഗവും പ്രതിപക്ഷ നേതാവുമടങ്ങിയ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ്. നിർദിഷ്ട ഭേദഗതിയനുസരിച്ച് മുഖ്യ കമീഷണർക്കും കമീഷണർമാർക്കും സേവന കാലാവധി കേന്ദ്ര സർക്കാർ നിശ്ചയിക്കും. കേന്ദ്രസർക്കാറിന് ഇഷ്ടമില്ലാത്ത മുഖ്യ വിവരാവകാശ കമീഷണർമാർക്കും വിവരാവകാശ കമീഷണർമാർക്കും ചുരുങ്ങിയ കാലാവധിയും അല്ലാത്തവർക്കും ദീർഘ കാലാവധിയും നൽകിക്കൊണ്ടുള്ള വിവേചനാധികാരം എല്ലാ അർഥത്തിലും ദുരുപയോഗിക്കപ്പെടുമെന്നതിൽ സംശയമില്ല. ഇപ്രകാരം സംസ്ഥാനത്തിെൻറ അധികാര പരിധിയിലേക്ക് കേന്ദ്രസർക്കാറിന് കടന്നുകയറാനുള്ള അധികാരം നൽകുന്ന പുതിയ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണ്.
സംസ്ഥാന കമീഷണർമാരെ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ പ്രാപ്തമായ നിയമ ഭേദഗതിക്ക് പെെട്ടന്നുണ്ടായ കാരണം തേടുേമ്പാഴാണ് വിവരാവകാശ ഭേദഗതി ബില്ലിനെ രാജ്യസഭയിൽ എതിർത്ത് കോൺഗ്രസ് നേതാവ് ജയറാം രമേശിെൻറ പ്രസംഗത്തിെൻറ പ്രസക്തി മനസ്സിലാവുന്നത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ 2014ൽ കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവിട്ടു. വ്യാജ റേഷൻ കാർഡുമായി മോദി നടത്തിയ അവകാശവാദങ്ങൾ ചോദ്യംചെയ്യപ്പെട്ടു. നോട്ട് നിരോധനത്തെ റിസർവ് ബാങ്ക് എതിർെത്തന്ന വിവരാവകാശ രേഖ, റിസർവ് ബാങ്ക് വിവരാവകാശമനുസരിച്ച് കിട്ടാക്കടങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. വിദേശത്തുനിന്ന് കൊണ്ടുവന്നുവെന്ന് സർക്കാർ അവകാശപ്പെടുന്ന കള്ളപ്പണത്തിെൻറ കണക്ക് വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ടു.
ഇൗ വിഷയങ്ങളാണ് രാജ്യത്തെ വിവരാവകാശ കമീഷനുകളിൽ സ്വന്തക്കാരെ മാത്രം നിയമിക്കാൻ സാധിക്കുന്ന, അല്ലെങ്കിൽ അപ്രിയസത്യങ്ങൾ വെളിപ്പെടുത്താൻ ഉത്തരവ് പുറപ്പെടുവിക്കുന്ന കമീഷണർമാർക്കു സ്ഥാനചലനം സംഭവിക്കുംവിധമുള്ള നിർദിഷ്ട ഭേദഗതിക്ക് കാരണം. ഇൗ ഭേദഗതിയോടെ കേന്ദ്ര മുഖ്യ വിവരാവകാശ കമീഷണർക്ക് ചീഫ് ഇലക്ഷൻ കമീഷണറുടെ തുല്യപദവിയും, കേന്ദ്ര വിവരാവകാശ കമീഷണർമാർക്ക് തെരഞ്ഞെടുപ്പ് കമീഷണറുടെ തുല്യപദവിയും എന്ന സ്ഥിതിയും സംസ്ഥാന മുഖ്യ വിവരാവകാശ കമീഷണർക്ക് തെരഞ്ഞെടുപ്പ് കമീഷണറുടെ തുല്യമായ പദവിയും സംസ്ഥാന വിവരാവകാശ കമീഷണർമാർക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സമാനമായ പദവിയെന്നതും ഇല്ലാതാവും. ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് നിയമിച്ച കേന്ദ്ര-സംസ്ഥാന മുഖ്യ വിവരാവകാശ കമീഷണർമാർക്കും, വിവരാവകാശ കമീഷണർമാർക്കും ഭേദഗതി നിയമം ബാധകമെല്ലന്ന ദേഭഗതി നിയമത്തിലെ വ്യവസ്ഥയും പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും.
നിലവിലുള്ള നിയമമനുസരിച്ച് കേന്ദ്ര സംസ്ഥാന മുഖ്യ വിവരാവകാശ കമീഷണർമാരേയോ, വിവരാവകാശ കമീഷണർമാരേയോ സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ല. ഏതെങ്കിലും സംസ്ഥാന മുഖ്യ വിവരാവകാശ കമീഷണറെയോ, വിവരാവകാശ കമീഷണർമാരെയോ സ്ഥാനത്തുനിന്നും നീക്കംചെയ്യണമെങ്കിൽ കൃത്യമായ കാരണം വേണം. നിദിഷ്ട വ്യക്തി പാപ്പറായി പ്രഖ്യാപിക്കപ്പെടുക, അസന്മാർഗിക കുറ്റത്തിന് ശിക്ഷിക്കപ്പെടുക, ഒൗദ്യോഗിക പദവിയിലിരിക്കെ ശമ്പളം പറ്റുന്ന മറ്റു തൊഴിലിൽ ഏർപ്പെടുക, മുഖ്യ വിവരാവകാശ കമീഷണറായോ, വിവരാവകാശ കമീഷണറായോ പ്രവർത്തിക്കുന്നതിന് ഹാനികരമായി ബാധിച്ചേക്കാവുന്ന തരത്തിൽ സമ്പത്തോ മറ്റു സാമ്പത്തിക താൽപര്യങ്ങളോ ആർജിക്കുക, സംസ്ഥാന ഗവർണറുടെ അഭിപ്രായത്തിൽ നിർദിഷ്ട വ്യക്തി പദവിയിൽ തുടരുന്നതിന് ശാരീരികമോ മാനസികമോ ആയ വല്ല വൈകല്യങ്ങൾ നേരിടുക തുടങ്ങിയ ഏതെങ്കിലും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി റഫറൻസിനെതുടർന്ന് സംസ്ഥാന ഗവർണറുടെ ഉത്തരവിന്മേൽ മാത്രമേ നീക്കം ചെയ്യാനൊക്കൂ. കേന്ദ്ര കമീഷണർമാരെ നീക്കംചെയ്യണമെങ്കിൽ മേൽ വിവരിച്ച കുറ്റാരോപണത്തിൽ സുപ്രീംകോടതിയുടെ റഫറൻസിെൻറയടിസ്ഥാനത്തിൽ രാഷ്ട്രപതിയുടെ ഉത്തരവിന്മേൽ മാത്രമേ സാധിക്കുകയുള്ളൂ. എന്നിരിക്കെ, കമീഷണർമാരുടെ സേവന കാലാവധി ഇഷ്ടാനുസരണം നിശ്ചയിക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന നിയമ ഭേദഗതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
ഭേദഗതിക്കുള്ള മുടന്തൻ ന്യായങ്ങൾ
2019ലെ വിവരാവകാശ ഭേദഗതി നിയമത്തിെൻറ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഭേദഗതിയെ ന്യായീകരിക്കാൻ കണ്ടെത്തിയ കാരണങ്ങൾ ഏറെ വിചിത്രമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഭരണഘടന 324ാം അനുച്ഛേദമനുസരിച്ച് രൂപവത്കരിക്കപ്പെട്ടതും രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ ഉന്നത ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെയും പാർലമെൻറിേലക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഭരണഘടനാ സ്ഥാപനമാണെന്നും വിവരാവകാശ കമീഷനുകൾ 2005ലെ വിവരാവകാശ നിയമമനുസരിച്ച് രൂപവത്കരിക്കപ്പെട്ട സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണെന്നും അതുകൊണ്ട് അവ രണ്ടിനെയും തുലനം ചെയ്യാനൊക്കില്ലെന്നുമാണ് വാദം.
നിയമവിരുദ്ധമായി പൊതു അധികാര സ്ഥാനങ്ങൾ വിവരം നൽകാതിരുന്നാൽ വിവരാവകാശ നിയമം 18ാം വകുപ്പനുസരിച്ചുള്ള പരാതികളുടെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് വിവരാവകാശ കമീഷന് ഏത് അധികാര സ്ഥാനത്തുനിന്ന് ആവശ്യമായ ഏത് രേഖകളും പ്രമാണങ്ങളും വിളിച്ചുവരുത്താനും വ്യക്തികളെ സമൻസയച്ചു വിളിപ്പിക്കാനും ഒരു സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ട്. ഇപ്രകാരം സിവിൽ കോടതികളുടെ അധികാരമുള്ള വിവരാവകാശ കമീഷനുകൾ ഭരണഘടന 19 (1) (എ) അനുച്ഛേദം പൗരന് നൽകുന്ന അറിയാനുള്ള അവകാശം സാധ്യമാക്കുന്ന ഒരു സ്ഥാപനത്തെ കേന്ദ്ര സർക്കാറിെൻറ കീഴിലെ ആജ്ഞാനുവർത്തികളായ മുഖ്യ വിവരാവകാശ കമീഷണറേയും, വിവരാവകാശ കമീഷണർമാരെയും മാറ്റുന്ന നിർദിഷ്ട ഭേദഗതി ഭരണഘടന വിരുദ്ധമാണ്.
വിവരാവകാശ നിയമത്തിലെ വെള്ളംചേർക്കൽ: ഒരു കേരള മാതൃക
കേന്ദ്രത്തിലെ മോദി സർക്കാർ വിവരാവകാശ നിയമത്തെ ദുർബലമാക്കാൻ പാർലമെൻറിൽ ഭേദഗതി കൊണ്ടുവന്നതിനെതിരെ പ്രതിഷേധിച്ച സി.പി.എം നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുസർക്കാർ നിയമത്തെ പാടേ ഇല്ലാതാക്കാൻ ഉദ്ദേശ്യംവെച്ച് പുറപ്പെടുവിച്ച ഒരു സർക്കാർ ഉത്തരവ് കേരള ഹൈകോടതി നിലനിൽക്കുന്നതല്ലെന്നും ആയതിനാൽ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർമാർ പ്രസ്തുത സർക്കാർ ഉത്തരവിെൻറയടിസ്ഥാനത്തിൽ വിവരം നിഷേധിക്കരുതെന്ന് വിധിക്കുകയുണ്ടായി (WP(C) 11202/2019 ലെ വിധി). അന്തർ സംസ്ഥാന വിവരങ്ങളടങ്ങിയ രേഖകളും സർക്കാറിന് രഹസ്യമെന്ന് തോന്നുന്നതും സംസ്ഥാന സർക്കാറിന് വിവരം നൽകുന്നത് ദോഷം ചെയ്യുമെന്ന് തോന്നുന്നതുമായ വിവരങ്ങൾ വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിൽപോലും നൽകേണ്ടതിെല്ലന്ന സർക്കാർ ഉത്തരവാണ് വിവരാവകാശ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർമാർ നോേക്കണ്ടതിെല്ലന്ന് കേരള ഹൈകോടതി വിധി പുറപ്പെടുവിച്ചത്.
വിവരാവകാശ നിയമമനുസരിച്ച് നൽകാൻ പാടില്ലാത്ത വിവരങ്ങൾ എട്ടാം വകുപ്പിനപ്പുറം ഏതുതരം വിവരങ്ങൾ എന്ന് നിർവചിക്കുവാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്ന സർക്കാർ ഉത്തരവ് ഏത് നിയമ ബലത്തിലാണെന്ന് വിവരിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ട്. വിവരാവകാശ നിയമം 8 ഉപവകുപ്പ് 2 അനുസരിച്ച് ഒൗദ്യോഗിക രഹസ്യ നിയമത്തിലും, വിവരാവകാശ നിയമം 8ാം വകുപ്പിലും ഏതെല്ലാം വിവരങ്ങൾ വിവരാവകാശ അപേക്ഷയനുസരിച്ച് നിഷേധിക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും സംരക്ഷിത താൽപര്യത്തേക്കാൾ പൊതുതാൽപര്യമാണ് വിവരം നൽകുന്നതിന് മുൻതൂക്കമെങ്കിൽ ഒരു വിവരവും നിഷേധിക്കാൻ പാടില്ലായെന്ന് വ്യവസ്ഥ ചെയ്തിരിക്കെ, കേന്ദ്ര നിയമത്തിലെ നിയമവ്യവസ്ഥയിൽ വെള്ളംചേർത്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ്.
സർക്കാറിെൻറ മുഴുവൻ േജാലികളും നടത്തപ്പെടുന്നത് സാധാരണ ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ്. അത് ചെലവഴിക്കുേമ്പാൾ ആ പണത്തിെൻറ ഉടമസ്ഥരായ ജനാധിപത്യ ഭരണ ക്രമത്തിലെ യജമാനന്മാരായ ജനങ്ങൾ ജനങ്ങളുടെ സേവകരായ ഉദ്യോഗസ്ഥന്മാരോട് കണക്കു ചോദിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് വിവരാവകാശ നിയമം ഉറപ്പുനൽകുന്നത്. ഇത് ഭരണഘടനാപരമായ ഒരവകാശമാണ്. അതിനെ ദുർബലമാക്കാനുള്ള ഒരു നീക്കവും ഭരണഘടനപരമായി നിലനിൽക്കുന്നതല്ല.
(ലേഖകൻ കേരള ഹൈകോടതിയിലെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.