Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരൂപ് രേഖ വർമക്ക്...

രൂപ് രേഖ വർമക്ക് ഇന്ത്യൻ യുവതയോട് പറയാനുള്ളത്

text_fields
bookmark_border
രൂപ് രേഖ വർമക്ക് ഇന്ത്യൻ യുവതയോട് പറയാനുള്ളത്
cancel
camera_alt

ല​ഖ്നോ ന​ഗ​ര​ത്തി​ൽ വ​ർ​ഗീ​യ​താ വി​രു​ദ്ധ നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ത്തു​ന്ന രൂ​പ് രേ​ഖാ വ​ർ​മ

സർക്കാറിനെതിരെ പറയുന്നവരെ പിടിച്ചുകൊണ്ടുപോയി ജയിലിലിടുകയും അവരുടെ വീടുകൾ ബുൾഡോസർ കയറ്റി ഇടിച്ചുനിരത്തുകയും ചെയ്യുന്ന ഉത്തർ പ്രദേശിന്റെ തലസ്ഥാന നഗരിയിൽ വഴിയിലൂടെ പോകുന്ന കാൽനടക്കാർക്കും വാഹനയാത്രികർക്കും വർഗീയതക്കെതിരായ നോട്ടീസ് വിതരണംചെയ്യുന്ന വയോധികയെ നിങ്ങൾ ശ്രദ്ധിച്ചിരുന്നുവോ? തെരുവിൽ തിരക്കിട്ട രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അവരുടെ ചിത്രം ജൂലൈയുടെ തുടക്കത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ലഖ്നോ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമയാണ് (79) ആ പോരാളി. നഗരത്തിന് രൂപ് രേഖയുടെ മുഖവും പോരാട്ടവും സുപരിചിതമാണ്. പതിനായിരക്കണക്കിനാളുകൾക്ക് പ്രിയപ്പെട്ട അധ്യാപികയുമാണ്.

ചുട്ടുപൊള്ളിക്കുന്ന വേനലിൽ എന്തിനാണ് മണിക്കൂറുകളോളം തെരുവിൽ നിന്ന് നോട്ടീസുകൾ നൽകുന്നതെന്ന് തിരക്കിയപ്പോൾ അവർ പറഞ്ഞു: ഇതിലേറെ ചൂടുപിടിച്ച അവസ്ഥയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. നാശത്തിന്റെ പാതയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്ന സന്ദേശം യുവജനങ്ങളിലെത്തിക്കാനാണ് പരിശ്രമിക്കുന്നത്.

വിദ്വേഷം വളർത്തി സൃഷ്ടിക്കുന്ന ധ്രുവീകരണം, മുസ്‍ലിംകളെ അപരവത്കരിച്ചും ഉന്നംവെച്ചുമുള്ള അക്രമങ്ങൾ, ദലിതുകൾക്കെതിരായ അതിക്രമങ്ങൾ, തൊഴിലില്ലായ്മയുടെ ആധിക്യം, വിലക്കയറ്റം, രൂപയുടെ മൂല്യമിടിച്ചിൽ.. ഇതെല്ലാം ഉടനടി തടയിടേണ്ട കാര്യങ്ങളാണ്.സഹപ്രവർത്തകരായ പ്രഫ. രമേഷ് ദീക്ഷിത്, വന്ദന മിശ്ര, ആർ.എസ്. ബാജ്പേയ്, മധു ഗാർഗ്, രാജിവ് ധ്യാനി, മുഹമ്മദ് റാശിദ്, അത്ഹർ ഹുസൈൻ തുടങ്ങിയവരും വർഗീയതക്കെതിരായ സന്ദേശവുമായി തെരുവിലുണ്ടായിരുന്നു.

പ്രചാരണം തുടങ്ങാൻ ജൂലൈ അഞ്ച് തിരഞ്ഞെടുത്തതിനും കാരണമുണ്ട്: 1857ൽ ഇതുപോലൊരു ജൂലൈ അഞ്ചിനാണ്, ഇന്ന് ലഖ്നോവിന്റെ ഭാഗമായ ചിൻഹട്ടിൽ നടന്ന പോരാട്ടത്തിൽ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ ശേഷം ഹിന്ദുക്കളും മുസ്‍ലിംകളും ചേർന്ന് ബിർജിസ് ഖദ്രയെ അവ്ധിന്റെ നവാബായി പ്രഖ്യാപിച്ചത്.

ബ്രിട്ടീഷുകാരെ എതിരിടാൻ ചെയ്തതു പോലെ ഹിന്ദുക്കളും മുസ്‍ലിംകളും മറ്റു സമുദായങ്ങളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ രാജ്യത്തിന് പുരോഗതിയും ശക്തിയുമുണ്ടാവൂ എന്ന് ജനങ്ങളോട് പറയേണ്ടതുണ്ട്. ചിലർക്ക് സ്വാർഥ നേട്ടങ്ങളുണ്ടാകുമെന്നല്ലാതെ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം ഒരിക്കലും രാജ്യത്തിന് ഗുണം നൽകില്ല. ഭിന്നിപ്പിച്ച് ഭരിച്ച ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് വലിയ ദേശീയവാദികൾ, ദേശാഭിമാനികൾ എന്നവകാശപ്പെടുന്ന ആളുകൾ പയറ്റുന്നത്.

വംശഹത്യക്കായുള്ള ആഹ്വാനവും കുറ്റമൊന്നും ചെയ്യാതെ തന്നെ മുഹമ്മദ് സുബൈറിനെപ്പോലുള്ളവരെ പിടിച്ചുകൊണ്ടുപോയതും സമാധാനപരമായ പ്രതിഷേധം നടത്തുന്നവരുടെ വീടുകൾ തകർക്കുന്നതും ആൾക്കൂട്ട അതിക്രമകാരികൾക്ക് ജാമ്യവും ആദരവും നൽകുന്നതുമെല്ലാം ഏറെ ആകുലപ്പെടുത്തുന്ന കാര്യങ്ങളാണ്.ഇന്ത്യയുടെ പാരമ്പര്യത്തിന് ഏതെങ്കിലുമൊരു കൂട്ടർ മാത്രമല്ല അവകാശികളെന്ന് പ്രഫ. രൂപ് രേഖ അടിവരയിടുന്നു:

വേദകാലഘട്ടത്തിൽപോലും ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമായിരുന്നില്ല. വൈവിധ്യമാർന്ന സംസ്കാരങ്ങളിൽനിന്നുള്ള ആളുകൾ ഇവിടെ സമാധാനപൂർണമായി സൗഹാർദത്തോടെ താമസിച്ചുപോന്നു. ഒരു സംസ്കാരം മാത്രമായി ഇന്ത്യയെ കീഴൊതുക്കി വെച്ചിരുന്നില്ല. പല പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ ഇന്ത്യയിലേക്ക് വരുകയും പാർപ്പുറപ്പിക്കുകയും ചെയ്തു. ഹിന്ദുക്കളും മുസ്‍ലിംകളും ദലിതുകളും ദ്രാവിഡരുമെല്ലാം ഇന്നുകാണുന്ന ഇന്ത്യക്കായി സംഭാവനകളർപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ ജനതയെ ഒരുപാട് ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ബ്രിട്ടീഷുകാർ പോലും അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവാത്ത ഒരു സമുദായം പോലുമില്ല. രാജ്യത്തിനുവേണ്ടി ഏറെ പ്രയത്നിച്ച ദലിത് സമൂഹം തുല്യതയില്ലാത്ത പീഡനങ്ങൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കളും മുസ്‍ലിംകളും അളവറ്റ ത്യാഗങ്ങൾ സഹിച്ചു. സ്വാതന്ത്ര്യപ്പോരാട്ടത്തിന് പിന്തുണ നൽകിയതിന്റെ പേരിൽ ബ്രിട്ടീഷുകാർ അതിക്രൂര അതിക്രമങ്ങൾക്കിരയാക്കിയ ആയിരം മുസ്‍ലിംകളുടെ പേരുപറയാൻ എനിക്കാവും.

മുസ്‍ലിം ഭരണാധികാരികൾ തങ്ങളുടെ ഹിന്ദു പ്രജകളോട് അതിക്രമം കാണിച്ചിരുന്നു എന്ന ആവർത്തിക്കപ്പെടുന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാ ഭരണാധികാരികളും വിശ്വാസങ്ങളുടെ വ്യത്യാസമില്ലാതെ, അവരുടെ പ്രജകളോട് അതിക്രമം നടത്തിയെന്ന് അവർ പറയുന്നു. ഹിന്ദുരാജാക്കന്മാർ പ്രജകളോട് നന്നായി വർത്തിച്ചിരുന്നുവോ? രാജാക്കന്മാർ ഏറെ പേരും അതിരുവിട്ട് പ്രവർത്തിച്ചിരുന്നുവെന്ന് അവർ മറുപടി നൽകുന്നു- ഇപ്പോൾ ഇതൊരു ജനാധിപത്യ രാജ്യമാണ്. ഏതെങ്കിലും സമുദായത്തോട് ക്രൂരത കാണിക്കുന്നത് ന്യായീകരിക്കാനാവില്ല. എല്ലാ പൗരർക്കും ജാതിമത വ്യത്യാസമില്ലാതെ തുല്യമായ അവകാശമാണ് ഈ രാജ്യത്ത്.

സംസാരം അവസാനിക്കുംമുമ്പ്, രാജ്യത്തെ യുവജനങ്ങളോട് ഒരുകാര്യം പറയാനുണ്ടെന്ന് അവർ പറഞ്ഞു: ഞങ്ങളുടെ തലമുറയുടെ ഇന്നിങ്സ് പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. എപ്രകാരമുള്ള ഇന്ത്യയാണ് വേണ്ടതെന്ന് ഇനി തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾക്ക് ഇന്ത്യയെ രക്ഷിക്കാനാണ് ആഗ്രഹമെങ്കിൽ ഓരോ പൗരജനങ്ങളുടെയും അന്തസ്സും സംരക്ഷിക്കപ്പെടണം.അവരുടെ സംഭാവനകളെ അംഗീകരിക്കുകയും എല്ലാവരുടെയും പിന്തുണയോടെ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോവുകയും വേണം. എന്നാൽ വിദ്വേഷത്തിലും അക്രമത്തിലും അധിഷ്ഠിതമായ ഒരു പുതിയ ഇന്ത്യയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അത് നിങ്ങളുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rup Rekha Verma
News Summary - Rup Rekha Verma to say Indian youth
Next Story