റഷ്യയിൽ പിന്നെയും കുലംകുത്തി
text_fieldsജനാധിപത്യവും സ്വാതന്ത്ര്യവും കവർന്ന് പൗരസമൂഹത്തിനുമേൽ നിഷ്ഠുരമായി പിടിമുറുക്കുന്ന വിദ്യ ചൈനയിൽ നിന്നു പഠിച്ചെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒരുങ്ങുന്നതായിരുന്നു കഴിഞ്ഞ വാരാദ്യത്തിൽ മോസ്കോയിൽ നിന്നുള്ള വിശേഷവാർത്ത.
സാമ്പത്തികം, വിദേശ, ആഭ്യന്തര, സാമൂഹിക നയനിലപാടുകൾ, സംസ്കാരം, കല, പ്രത്യയശാസ്ത്രം ആദി സമഗ്രമേഖലകളിൽ ചൈന വളർന്നുവികസിക്കുകയും പ്രസിഡന്റ് ഷി ജിൻപിങ് ആജീവനാന്ത സമഗ്രാധിപതിയായി മാറിയതുമെങ്ങനെയെന്ന് പഠിച്ചു പകർത്താൻ ഒരു ചിന്തഗവേഷണ ലാബിനു തന്നെ പുടിൻ തുടക്കം കുറിച്ചു.
ഷിയുടെയും ചൈനയുടെയും കമ്യൂണിസ്റ്റ് സമഗ്രാധിപത്യപാഠങ്ങൾ ‘ശാസ്ത്രീയമായി പ്രതിപാദിക്കുന്ന’ പഠനങ്ങൾ റഷ്യയിലെ ഭരണ ഔദ്യോഗിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പാർട്ടി അണികൾക്കുമായി 2025ൽ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും കമ്യൂണിസ്റ്റ് റഷ്യക്ക് പദ്ധതിയുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ യുക്രെയ്നിൽ ഭീകരാധിനിവേശം തുടരുന്ന റഷ്യക്ക് സ്വേച്ഛാധിപത്യത്തിന്റെ മർദനപാഠങ്ങൾ ഇനിയെന്തു പഠിക്കാൻ എന്ന കൗതുകത്തോടെയാണ് ലോകമാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ വാരമൊടുങ്ങുമ്പോഴേക്കും അട്ടിമറിയുടെ അപായസൂചനയിൽ ഉലയുകയാണ് പുടിൻ. ആണവാക്രമണ ഭീഷണിയടക്കം മുഴക്കി യുക്രെയ്നിലെ ഭീകരയുദ്ധത്തിൽനിന്നു തരിമ്പും പിറകോട്ടില്ലെന്ന വമ്പിൽ നിൽക്കുമ്പോഴാണ് പാളയത്തിനകത്തുനിന്ന് പുടിൻ പറഞ്ഞപോലെ പിറകിൽ കുത്തേൽക്കുന്നത്.
യുക്രെയ്ൻ അധീനപ്പെടുത്താനായി താൻ തന്നെ തുറന്നുവിട്ട ഭൂതമായ ‘വാഗ്നർ’ ആണ് ഇപ്പോൾ ദക്ഷിണ റഷ്യൻനഗരമായ റോസ്തോവോൺ ദോണിലെ സൈനിക ആസ്ഥാനം പിടിച്ച് വൈകാതെ രാജ്യത്തിനു പുതിയ പ്രസിഡന്റ് വരുന്നു എന്ന സന്ദേശവുമായി മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്നത്. സെലൻസ്കിയെയും യുക്രെയ്നെയും പാഠം പഠിപ്പിക്കാൻ പുടിൻതന്നെ പാലൂട്ടി വളർത്തിയ കൊടുംക്രിമിനലായ യെവ്ജെനി പ്രിഗോഷിൻ ആണ് റഷ്യക്ക് അകത്തുനിന്ന് കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.
റഷ്യയിലെ ഭരണനേതൃത്വത്തെ മറിച്ചിടാൻ ഏതറ്റം വരെയും പോകുമെന്ന് ഭീഷണിയുയർത്തി 25000 വരുന്ന ചോറ്റുപട്ടാളവുമായി മോസ്കോ മാർച്ചിന് വട്ടംകൂട്ടുന്ന പ്രിഗോഷിൻ അവരുമായി കൈകോർക്കാൻ മുഴുവൻ റഷ്യക്കാരോടും ആഹ്വാനം ചെയ്തിരിക്കുന്നു. ചകിതനായ റഷ്യൻ പ്രസിഡൻറ് മോസ്കോയിലെ എല്ലാ പരിപാടികളും നിർത്തിവെച്ച് ശനിയാഴ്ച അടിയന്തരമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
ഇനിയുമൊരു ആഭ്യന്തരയുദ്ധം അനുവദിക്കുകയില്ലെന്നും രാജ്യത്തെയും ജനതയെയും സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്ത പുടിൻ, കൊടും ചതിയന്മാരെ വെറുതെ വിടുകയില്ലെന്നു ഭീഷണി മുഴക്കുന്നുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പാപായുടെ സ്വന്തം പ്രിഗോഷിന്റെ പരാക്രമങ്ങൾ എവിടെയെത്തും എന്ന് ഒരു നിശ്ചയവുമില്ലാതെ കുഴങ്ങുകയാണ് മോസ്കോ.
പുടിന്റെ സ്വന്തം വിളമ്പുകാരൻ
ആരാണീ പ്രിഗോഷിൻ? സെന്റ് പീറ്റേഴ്സ്ബർഗുകാരനായ പുടിന്റെ സ്വന്തം നാട്ടുകാരൻ. പുടിനേക്കാൾ ആറുവയസ്സ് കുറവ്. സോവിയറ്റ് യൂനിയന്റെ അവസാനനാളുകളിൽ പുടിൻ ചാരവിഭാഗമായ കെ.ജി.ബിയിൽ വളരുമ്പോൾ പ്രിഗോഷിൻ പതിമൂന്നു കൊല്ലം മോഷണത്തിനും കവർച്ചക്കും ശിക്ഷയനുഭവിച്ച് ജയിലിലായിരുന്നു. പുറത്തിറങ്ങുമ്പോൾ ബ്രഷ്നേവ് യുഗവും പെരിസ്ട്രോയിക്കയുമൊക്കെ നഷ്ടമായിരുന്നു.
ജയിൽമോചിതനായ ശേഷം മോസ്കോയിൽ ഹോട്ട്ഡോഗ് വിൽപന തുടങ്ങി. ക്രമേണ വളർന്നു നഗരത്തിലെ പേരുകേട്ട ഫാൻസി റസ്റ്റാറന്റുകളിലേക്ക്. കഥയറിയാവുന്ന പുടിൻ പ്രിഗോഷിന്റെ രുചിക്കൂട്ടുകളുടെ കൊതിയനായി. ‘‘ഒരു കിയോസ്കിൽ നിന്നു ഞാനൊരു ബിസിനസ് ശൃംഖല പണിതുയർത്തിയത് പുടിൻ കണ്ടറിഞ്ഞതാണ്.
അദ്ദേഹത്തിന്റെ ഏത് അതിഥിയെയും സ്വീകരിക്കാൻ ഞാൻ റെഡിയാണ്, അവർ എന്റേതു കൂടിയാണ്’’-ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അന്നൊരിക്കൽ ഫ്രഞ്ച് പ്രസിഡന്റ് ജാക്വിസ് ഷിറാക് മോസ്കോയിൽ വന്നപ്പോൾ കൊണ്ടുപോയത് പ്രിഗോഷിന്റെ റസ്റ്റാറന്റിലേക്കാണ്.
പുടിനുമായുള്ള ആ പരിചയത്തിലൂടെയാണ് അദ്ദേഹത്തിന്റെ കോൺകോഡ് കമ്പനി സ്കൂളുകളിലെ ഉച്ചയൂണിനും സൈനിക ക്യാമ്പുകളിലെ കേറ്ററിങ് സർവിസിനുമൊക്കെയുള്ള കരാർ കൈവശപ്പെടുത്തുന്നത്. ക്രെംലിൻ കൊട്ടാരത്തിലെ വെച്ചുവിളമ്പും വൈകാതെ കൈക്കലാക്കി. അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനു വിരുന്നൊരുക്കിയതിൽ പിന്നെ ‘പുടിന്റെ ഷെഫ്’ എന്ന ചെല്ലപ്പേരും കിട്ടി.
ഭക്ഷണവിതരണത്തിൽനിന്ന് ദസൈനിക വിതരണത്തിലേക്ക്
2014ലെ ഒരു വേനലിൽ മോസ്ക്വാ നദിക്കരയിലുള്ള റഷ്യൻ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് സീനിയർ ഉദ്യോഗസ്ഥർ പ്രിഗോഷിനുമായി കൂടിക്കാഴ്ചക്കെത്തി, മേലാവിൽ നിന്നുള്ള നിർദേശപ്രകാരം. ഷെഫിനു വെച്ചുവിളമ്പാൻ ചർച്ചയെന്തിന് എന്ന മട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ വിചിത്രമായൊരു ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്. സൈനികാവശ്യത്തിലേക്ക് കുറേ വളന്റിയർമാരെ പരിശീലിപ്പിക്കാനുള്ള കേന്ദ്രം തുടങ്ങാൻ തനിക്ക് പ്രതിരോധവകുപ്പ് ഭൂമി അനുവദിക്കണം.
റഷ്യക്ക് യുദ്ധാവശ്യത്തിന് ഉപയോഗിക്കാവുന്ന ഈ കരാർ സൈനികർക്കു പക്ഷേ, സൈന്യവുമായി ഔദ്യോഗിക ബന്ധമൊന്നുമുണ്ടാവില്ല’’. ഉദ്യോഗസ്ഥർ മുറുമുറുത്തപ്പോൾ പ്രിഗോഷിന്റെ സ്വരം കടുത്തു: ‘‘ഇത് അഭ്യർഥനയല്ല, പാപാ(പുടിൻ)യുടെ ആജ്ഞയാണ്’’. അവിടെയായിരുന്നു പുടിന്റെ സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്നറിന്റെ തുടക്കം.
റഷ്യയുടെ നേരിട്ടുള്ള അധിനിവേശങ്ങളിൽ, പുടിൻ പിന്തുണക്കുന്ന സിറിയയിലെയും ലിബിയയിലെയും സ്വേച്ഛാധിപതികളുടെ തേർവാഴ്ചകളിൽ, അര ഡസനോളം ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനിക ഓപറേഷനുകളിൽ രാജ്യത്തിന്റെ സൈനികർക്കൊപ്പം ഈ ഗുണ്ടാപ്പട്ടാളം സജീവമായി പങ്കുകൊണ്ടു.
സിറിയയിൽ ബശ്ശാറുൽ അസദിനെ സഹായിക്കാൻ പുടിൻ സേനയെ അയക്കുമ്പോൾ ഭക്ഷണക്കരാർ നേടി കേറ്ററിങ് സർവിസും ഒപ്പം വാഗ്നറിന്റെ ഒളിപ്പട്ടാള സേവനവും ഡമസ്കസിലെത്തി. ആളുകളെ കഴുത്തറുത്തും അംഗവിഹീനരാക്കിയും അതു വിഡിയോ സന്ദേശങ്ങളായി പ്രചരിപ്പിച്ചും അവർ കുപ്രസിദ്ധി നേടി.
രാജ്യത്തിലെ ജയിലുകളിൽനിന്ന് ക്രിമിനൽ പരിചയമുള്ളവരെ നേരിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പ്രിഗോഷിന്റെ രീതി. ആദ്യമൊക്കെ വാഗ്നറിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചെങ്കിലും പിന്നീട് അരലക്ഷത്തിലേറെ വരുന്ന തന്റെ സ്വകാര്യ സൈന്യത്തിനു മുന്നിൽ റഷ്യൻസേന നിഷ്പ്രഭമാണ് എന്ന അവകാശവാദങ്ങളുടെ വിഡിയോ പ്രചാരണവുമായി അദ്ദേഹം രംഗത്തെത്തിയത് സ്വാഭാവികമായും പ്രതിരോധ വകുപ്പിനെ ചൊടിപ്പിച്ചു. അവരുമായുള്ള വിയോജിപ്പ് വളർന്നാണ് പ്രിഗോഷിൻ ‘വിമത നേതാവാ’യി മാറുന്നത്.
സമാന്തര യുദ്ധമന്ത്രാലയം തന്നെ
യുക്രെയ്ൻ അതിർത്തികളിൽ സ്വകാര്യ സൈനിക പരിശീലനകേന്ദ്രങ്ങളും പ്രതിരോധാവശ്യങ്ങൾക്കുള്ള ബിസിനസ് സെന്ററുകളും തുടങ്ങി മുന്നോട്ടുപോയ പാപായുടെ സ്വന്തം കൂട്ടുകാരൻ ഒരു സമാന്തര പ്രതിരോധമന്ത്രാലയം തന്നെ സൃഷ്ടിച്ചു എന്നുപറയാം. സ്വദേശത്തെയും വിദേശത്തെയും രാഷ്ട്രീയ നയനിലപാടുകളിൽ ഇടപെടുന്ന വ്യവസ്ഥാപിത ഇന്റർനെറ്റ് ട്രോളുകളുടെ ഫാക്ടറി (ട്രോൾ ഫാം) വികസിപ്പിച്ചെടുത്തു.
2016ൽ ഡോണൾഡ് ട്രംപ് വിജയിച്ച അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ ആരോപണത്തിൽ പ്രതിക്കൂട്ടിലായവരിൽ പ്രിഗോഷിന്റെ കോൺകോഡ് കമ്പനിയുമുണ്ടായിരുന്നു. ട്രംപിന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിനു ഫേസ്ബുക്ക്, ട്വിറ്റർ പ്രൊഫൈലുകൾ ഉപയോഗപ്പെടുത്തി. ഫേക് പ്രൊഫൈലുകളിൽ നിന്ന് ട്രംപ് അനുകൂല പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തു.
അതേക്കുറിച്ച് പ്രിഗോഷിൻ പിന്നീട് വ്യക്തമാക്കിയത് ഇങ്ങനെ: ‘‘മാന്യരേ, ഞങ്ങൾ ഇടപെട്ടു, ഇപ്പോഴും ഇടപെടുന്നു, ഇനിയും ഇടപെടും. സൂക്ഷ്മതയോടെ, സംക്ഷിപ്തമായി, ഞങ്ങളുടേതായ ശസ്ത്രക്രിയ രീതികളിലൂടെ. പിൻപോയന്റ് ഓപറേഷനുകളാണ് ഞങ്ങൾക്കു പഥ്യം. വൃക്കകൾ രണ്ടും കരളും ഒറ്റയടിക്ക് എങ്ങനെ പിഴുതുനീക്കണമെന്ന് ഞങ്ങൾക്കറിയാം’’.
സോറസിൽനിന്ന് ബ്രൂട്ടസിലേക്ക്
എതിർപ്പുകളെയും എതിരാളികളെയും എങ്ങനെ നേരിടണമെന്ന കമ്യൂണിസ്റ്റ് സമഗ്രാധിപത്യപാഠങ്ങളിലും പുടിന് ശിഷ്യപ്പെട്ടിരിക്കുന്നു പ്രിഗോഷിൻ. സിറിയയിൽ നിന്നുള്ള കഴുത്തറപ്പൻ വിഡിയോ സന്ദേശങ്ങളിലൂടെ ഒറിജിനൽ സൈന്യത്തെ വെല്ലാനുള്ള വാഗ്നറിന്റെ കെൽപു തെളിയിച്ച അദ്ദേഹം സ്വദേശത്ത് തന്റെ പിറകെ കൂടിയ മാധ്യമപ്രവർത്തകരെയും കമ്യൂണിസ്റ്റ് മുറയിൽ തന്നെ നേരിട്ടു.
അദ്ദേഹത്തിന്റെ വഴിവിട്ട നീക്കങ്ങളെ അന്വേഷിച്ച റഷ്യൻ മാധ്യമമായ നൊവായ ഗസെറ്റയുടെ ഓഫിസിനുമുന്നിൽ മറുപടിയായെത്തിയത് ഒരു മുട്ടനാടിന്റെ അറുത്ത തല. അന്വേഷണം നടത്തിയ മാധ്യമപ്രവർത്തകന് വീട്ടുവിലാസത്തിൽ ഒരു റീത്തും. വാഗ്നറിന്റെ മധ്യാഫ്രിക്കൻ ഓപറേഷനുകളുടെ പിറകെ കൂടിയ മൂന്നു റഷ്യൻ ജേണലിസ്റ്റുകൾ ദുരൂഹസാഹചര്യത്തിൽ ഒരു സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
അങ്ങനെ ഏതുനിലക്കും പുടിനെ വെല്ലാനുള്ള കരുത്തിന്റെ അകമ്പടിയുമായാണ് പ്രതികാരദാഹിയായ പ്രിഗോഷിന്റെ വരവ്. രാജ്യത്തെ സേവിച്ച തന്റെ കൂലിപ്പട്ടാളത്തിലെ 2000 പേരെ അസൂയ മൂത്ത റഷ്യൻസേന കൊലപ്പെടുത്തിയതിന് തിരിച്ചടിയായാണ് സൈനികകേന്ദ്രം പിടിച്ച് രാജ്യതലസ്ഥാനത്തേക്കുള്ള ഈ വിമതപടനീക്കം. ജോർജ് സോറസിനോടാണ് പുടിൻ അദ്ദേഹത്തെ ഉപമിച്ചത്.
എന്നാൽ സോറസ് അല്ല, ബ്രൂട്ടസാണ് ഇഷ്ടൻ എന്നു തിരിച്ചറിയാൻ പുടിൻ അൽപം വൈകി. അതുകൊണ്ടാണ് ഇതൊരു കൊടുംചതിയായെന്ന് പുടിൻ പരിതപിച്ചത്. കടുവയും കിടുവയും തമ്മിലെ ഈ ഏറ്റുമുട്ടലിൽ രണ്ടുപേർക്കും പിന്തിരിയാനാവില്ല, അതുപോലെ ജയിക്കാനും. കമ്യൂണിസ്റ്റ് പാരമ്പര്യമനുസരിച്ച് അവസാനത്തെ ചിരി ആരുടേതായിരിക്കും എന്നേ ഇനി അറിയാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.