വലിയ പത്രാധിപർ
text_fieldsആധുനിക സാഹിത്യ പ്രസ്ഥാനത്തെ മലയാളത്തിലേക്ക് ആനയിക്കുന്നതിൽ ജയചന്ദ്രൻ നായർ എന്ന എഡിറ്റർ വഹിച്ച പങ്ക് നിസ്തുലമാണ്. ഒ.വി. വിജയൻ മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടു വരെ ജയചന്ദ്രൻ നായരുടെ പത്രാധിപത്യത്തിൽ കലാകൗമുദിയുടെ താളുകളിലൂടെ അനുവാചകരോട് സംവദിച്ചു. മലയാളിയുടെ സാഹിത്യ ഭാവുകത്വത്തിൽ അത് നവീനമായ ഒരു കൊടുങ്കാറ്റുതന്നെ സൃഷ്ടിച്ചു.
പ്രഫ എം. കൃഷ്ണൻ നായരുടെ ‘സാഹിത്യ വാരഫലം’ മൂന്നു പതിറ്റാണ്ടിലേറെ കലാകൗമുദിയുടെ സ്വകാര്യ സ്വത്തുകൂടിയായിരുന്നു. കൃഷ്ണൻ നായരുടെ വിമർശനങ്ങൾ പല പ്രമുഖ എഴുത്തുകാരുടേയും വൈരാഗ്യത്തിന് അന്ന് വഴിവെച്ചിരുന്നു. എന്നാൽ, വിമർശകനെയും എഴുത്തുകാരേയും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ ജയചന്ദ്രൻ നായർ സർ വിജയിച്ചു. മഹാനായ പത്രാധിപർ എന്ന് നാം വിശേഷിപ്പിക്കുന്ന എം.ടിയുടെ ക്ലാസിക് നോവലായ രണ്ടാമൂഴം പ്രസിദ്ധീകരിച്ചത് എസ്. ജയചന്ദ്രൻ നായരായിരുന്നു എന്നത് കൗതുകകരമാണല്ലോ.
ഒ.വി. വിജയന്റെ ഗുരുസാഗരവും പ്രവാചകന്റെ വഴിയും വി.കെ.എന്നിന്റെ അധികാരവും മുതൽ സച്ചിദാനന്ദന്റെയും സുഗതകുമാരിയുടെയും കടമ്മനിട്ടയുടെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയുമൊക്കെ ഏറ്റവും മികച്ച കൃതികളെല്ലാം ജയചന്ദ്രൻ നായർ എന്ന പത്രാധിപരുടെ മുഖ്യ കാർമികത്വത്തിലാണ് മലയാള സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചത്. ഓരോ കൃതി കിട്ടുമ്പോഴും കുട്ടികളുടെ നിഷ്കളങ്കതയോടെ സന്തോഷിക്കുന്ന വായനക്കാരൻകൂടിയായിരുന്നു ജയചന്ദ്രൻ നായർ. ടി. പദ്മനാഭന്റെ ഗൗരി എന്ന കഥ കിട്ടിയപ്പോൾ അദ്ദേഹത്തിനുണ്ടായ ആഹ്ലാദം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
നമ്പൂതിരിയുടെ വര, എം.പി. നാരായണ പിള്ളയുടെ സ്ഥിരം പംക്തി, സാഹിത്യ വാരഫലം, ഭട്ടതിരിയുടെ കാലിഗ്രഫിയും ലേഔട്ടും, ഏറ്റവും മികച്ച എഴുത്തുകാരുടേതു മുതൽ പുതുമുറക്കാരുടെ വരെ രചനകൾ, എല്ലാറ്റിനും മുകളിൽ എഡിറ്ററുടെ കുറിക്കുകൊള്ളുന്ന മുഖപ്രസംഗം. കലാകൗമുദിക്കു ശേഷം മലയാളം വാരികയുടെ പത്രാധിപത്യം വഹിച്ചപ്പോഴും നിറവിലും നിലപാടിലും മാറ്റമില്ലായിരുന്നു. അതിന്റെ നല്ല ഉദാഹരണമാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് പ്രഭാവർമയുടെ തുടർ കവിതയുടെ പ്രസിദ്ധീകരണം നിർത്തിവെച്ചത്.
അടിസ്ഥാനപരമായി ജയചന്ദ്രൻ നായർ ഒരു കമ്യൂണിസ്റ്റ് തന്നെയായിരുന്നു. മാതൃക കെ. ബാലകൃഷ്ണൻ എന്ന വലിയ പത്രാധിപരും. ഒരു പൊതു ഇടത്തിലും ഒരിക്കലും ജയചന്ദ്രൻ നായർ പ്രത്യക്ഷനായില്ല. ഓടിനടന്ന് പ്രഭാഷണങ്ങൾ നടത്തിയില്ല. മാധ്യമ പ്രവർത്തനം അദ്ദേഹത്തിന് സ്വകാര്യമായ ഒരിടമായിരുന്നു. ഒരുപക്ഷേ, ഈ ഒഴിഞ്ഞുനിൽക്കൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മൂലധനം. ഏതാനും വർഷങ്ങൾക്കു മുമ്പ് ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി അംഗീകാരം ലഭിച്ചതൊഴിച്ചാൽ വലിയ അംഗീകാരങ്ങളൊന്നും ജയചന്ദ്രൻ നായർക്ക് കിട്ടിയിട്ടില്ല. എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഒരുപോലെ അനഭിമതനായിരുന്നു എന്നതാണ് അതിനു കാരണം. അതുതന്നെയാണ് ആ നിഷ്പക്ഷവും നിരുപാധികവുമായ ജീവിതത്തിന്റെ അടയാളവും.
1992ലാണ് ഞാനാദ്യമായി സാറിനെ നേരിൽകാണുന്നത്. തിരുവനന്തപുരത്തെ പേട്ടക്കടുത്തുള്ള കലാകൗമുദിയുടെ ഓഫിസിൽ ഒരു കവിത നൽകാൻ പോയതാണ്. ചെറുപ്പക്കാരനായ എഴുത്തുകാരനോട് മുതിർന്ന ഒരു എഡിറ്റർ കാണിച്ച വിനയം വിസ്മയിപ്പിക്കുകതന്നെ ചെയ്തു. ആ കവിത പ്രസിദ്ധീകരിച്ച് 75 രൂപ പ്രതിഫലവും തന്നു. അങ്ങനെ കലാകൗമുദിയുടെ താളിൽ ഞാൻ എഴുത്തിനിരുന്നു. പിന്നീട് ചില ഫീച്ചറുകളുടെ ആശയങ്ങളുമായി സമീപിച്ചപ്പോഴെല്ലാം പ്രോത്സാഹിപ്പിക്കുകയും അവയെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു.
അങ്ങനെ അറിയാതെ ഞാനൊരു ജേണലിസ്റ്റായി. കലാകൗമുദിയിൽ ഒരു ഒഴിവ് വന്നപ്പോൾ താൽപര്യം അന്വേഷിച്ച് എന്നെ ഒരു മുഴുവൻ സമയ മാധ്യമ പ്രവർത്തകനാക്കി അദ്ദേഹം. പിന്നീട് രണ്ടു വർഷക്കാലം കലാകൗമുദിയിൽ സഹപത്രാധിപരായി സാറിനൊപ്പം പ്രവർത്തിച്ചു. എഴുത്തുകാരുടെ കഥകളോ കവിതകളോ വാങ്ങി പ്രസിദ്ധീകരിക്കുന്ന കേവലം ഇടനിലക്കാരനായ ഒരു പത്രാധിപരായിരുന്നില്ല ജയചന്ദ്രൻ നായർ. അദ്ദേഹം അവരുമായി ഇടതടവില്ലാതെ സംസാരിച്ചിരുന്നു. ജയചന്ദ്രൻ നായരുടെ മുറിയിൽ പാതിരാവോളം എഴുത്തു ചർച്ചകൾ നടന്നിരുന്നു. ആ കൂട്ടായ്മയിൽ തകഴിയും കാക്കനാടനും മുതൽ പുതുതലമുറക്കാർ വരെയുണ്ടായിരുന്നു. ആ ചർച്ചകളിൽ ചിലതൊക്കെ പിന്നീട് ചില ലേഖനങ്ങളാക്കി മാറ്റിത്തീർക്കുന്ന കൗശലം സാറിനുണ്ടായിരുന്നു. ചിലതെല്ലാം കേട്ടിരുന്ന് എഴുതിയെടുക്കാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്.
ജയചന്ദ്രൻ നായർ വിടപറയുമ്പോൾ നമ്മുടെ ഭാഷയിലെ മാസിക സംസ്കാരത്തിന്റെ (Magazine Culture) തുടക്കക്കാരിൽ പ്രധാനിയെയും അതിന്റെ നേതൃത്വത്തിൽ തലയെടുപ്പോടെ നിന്ന പത്രാധിപരെയുമാണ് നമുക്ക് നഷ്ടമാകുന്നത്. ഒരവകാശവാദവും കൂടാതെ ആരവങ്ങളിൽനിന്ന് ഒഴിഞ്ഞ് അനാഡംബരമായ ഒരു ജീവിതം ജീവിച്ച് അദ്ദേഹം കടന്നുപോകുന്നു. വലിയ അലങ്കാരങ്ങളൊന്നും നൽകാതെ നാം നിശ്ശബ്ദ സാക്ഷികളാകുന്നു. പുതിയ ലക്കം വാരിക ഇറങ്ങുമ്പോൾ അതിന്റെ ഒരു കോപ്പി മുന്നിലേക്ക് ഇട്ടുതന്നിട്ട് സർ ഒരു ചോദ്യം ചോദിക്കും, “മുട്ടായിപോലെ ഇരിക്കുന്നില്ലേ മിസ്റ്റർ’’... ആ ചോദ്യം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.