Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശബരിമല - കിം കരണീയം

ശബരിമല - കിം കരണീയം

text_fields
bookmark_border
ശബരിമല - കിം കരണീയം
cancel

പ്രളയം വന്ന് പ്രദേശത്തേക്ക് പോലും ആർക്കും അടുക്കാൻ കഴിയാത്ത മട്ടിലാണ് ഇപ്പോഴും പമ്പാതടം. അണമുറിഞ്ഞ് അലതല്ലി വന്ന മലവെള്ളം പമ്പയെ മാത്രമല്ല കേരളത്തിലെ മിക്ക നദികളുടെയും ഗതിമാറ്റിയൊഴുക്കിയ പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്ന് പുറപ്പെട്ട വിധി വിഹിതത്തെ കാണുന്നത് വ്യഥാവിലാവില്ല.

പ്രളയം മൂന്നാം നിലയിൽ മുട്ടി വിളിച്ച ദിനങ്ങളിൽ അസൂയാവഹമായ ഐക്യമാണ് മലയാളി പ്രദർശിപ്പിച്ചത്. ജാതിയോ മതമോ വിത്തപിത്ത വ്യത്യാസമോ പുറമെ കാണിക്കാതെ ദുരിതാശ്വാസ ക്യാമ്പുകളിലെ വട്ടപാത്രത്തിൽ നിന്ന് ഭുജിച്ചും ആ തണലിൽ വിശ്രമിച്ചും ലോകമെങ്ങും നിന്ന് പ്രവഹിച്ച സഹായമെത്തയിൽ കിടന്നുറങ്ങിയും ദിവസം കഴിച്ചു. കാല്പനികകാല കവിതകളെ പോലും നാണിപ്പിക്കും വിധം അതിർത്തികൾ ഭേദിക്കുന്ന മാനവസ്നേഹത്തി​​​െൻറ മഹദ്മൊഴികൾ അങ്ങിങ്ങ് ഉല്ലാസ നൃത്തം ചവിട്ടുകയുമുണ്ടായി.

Pamba

അത്രത്തോളം നല്ലത്. ദുരിതാശ്വാസവും പുനരധിവാസവും സാലറി ചലഞ്ചും ഉൾപ്പടെ കൂടുതൽ വിശദാംശങ്ങളിലേക്കും മറ്റും പോകുമ്പോൾ വിഷയം കൈവിട്ടു പോകുമെന്നതിനാലും പ്രളയം മനുഷ്യനിർമ്മിതമോ അല്ലേ എന്ന മട്ടിലുള്ള പര്യാലോചനകൾ തിരതള്ളി വരുമെന്നതിനാലും അതിലേക്കൊന്നും കടക്കുന്നില്ല.

വിഷയം വിധിയാണ്.10 നും 50 നും ഇടയിലുള്ളവരും സാമാന്യമായി ആർത്തവ സാധ്യതയുള്ളവരുമായ സ്ത്രീ ജനങ്ങൾക്ക് ജൻമ സമത്വത്തി​​​െൻറ പേരിലും അയിത്തോച്ചാടന സ്മൃതിയിലും ശബരിമല കയറാം എന്ന വിധിയാണ് വീണ്ടും പമ്പയിലെ ജലനിരപ്പ് ഉയർത്തിയത് എന്ന വിധി വിശ്വാസത്തിലാണ് കേരളത്തിലെ വലിയൊരു വിഭാഗം ഓരോ ദിനവും തള്ളി നീക്കുന്നത്. അവരുടെ വിശ്വാസത്തെ യുക്തി കൊണ്ട് (എത് വിശ്വാസത്തെയും യുക്തിയുടെ അളവുകോൽ വച്ച് അളക്കാനാവില്ല എന്ന പണ്ഡിതമതം സ്വീകരിക്കുന്നു) അളക്കാൻ ഒരുങ്ങുക ഇത്തരുണത്തിൽ അതിതീവ്രമഴ പെയ്തപ്പോൾ അണകൾ മുഴുവൻ തുറന്നു വിട്ട സ്ഥിതിയുണ്ടാക്കും എന്നും പറയാതെ വയ്യ.

Sabarimala-Strike

സുപ്രീം കോടതി ഉരുൾപൊട്ടൽ പോലെ മലനാട്ടിലേക്ക് തള്ളിയ ചേറും ചളിയും വൻതോതിലുള്ള മലവെള്ളപ്രവാഹവും കേരളത്തെയാകെ ബാധിച്ചിട്ട്​ ഏതാനും ദിനങ്ങളായിരിക്കുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ കക്ഷികളും മത സാമുദായിക സമാജങ്ങളും ആ മലവെള്ളപാച്ചിലിൽ സെൽഫിയെടുക്കണോ, ചൂണ്ടയിടണോ, സ്വയം മുങ്ങി താഴണോ എന്നൊക്കെ ചിന്തിച്ച് വെപ്രാളം കൂട്ടുകയാണെന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ തെറ്റുപറയാൻ കഴിയില്ല.

ലോകമാകെ ഹിന്ദുത്വം കൊണ്ടുവരണം എന്ന തീർച്ചയോടെ ഏകമതം, ഏകശത്രു, ഏകഭാഷ, എന്നും മറ്റുമുള്ള ദേശ രാഷ്ട്ര സങ്കല്പനങ്ങളോടെ നീങ്ങിയ സംഘപരിവാരത്തിന് ശബരിമല എന്നും ഒരു തടസ്സമായിരുന്നു. മല ചവിട്ടാൻ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ദക്ഷിണ സംസ്ഥാനങ്ങളിൽ (തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണ്ണാടകം, കേരളം) അവർ അമ്മി കുമ്മായം മറിഞ്ഞിട്ടും കാലമർത്തി നിവർന്നു നിൽക്കാൻ 90 കൊല്ലം പണിയെടുത്തിട്ടും സംഘശക്തിക്ക് കഴിഞ്ഞിട്ടില്ല. ജാതി മത ദേശഭാഷാ വ്യത്യാസമില്ലാതെ നീയും സ്വാമി ഞാനും സ്വാമി എന്ന മട്ടിൽ തീർത്ഥാടകർ പ്രവഹിക്കുന്ന ശബരിമലയെ തങ്ങളുടെ മുൻപിലെ പ്രധാന വൈതരണിയായി അവർ കാണുന്നതിൽ കുറ്റം പറയാനുമാവില്ല. തമിഴ്നാട്ടിലെ ജല്ലിക്കെട്ടി​​​െൻറ കാര്യത്തിലും സമീപനം ഇതുതന്നെയായിരുന്നു എന്നും കൂടി കൂട്ടി വായിച്ചാൽ ഉദ്ദേശ്യം വ്യക്തം. ജ.ചെലമേശ്വർ ഉൾപ്പടെ നാല് ജഡ്ജിമാർ സുപ്രീം കോടതി മുറ്റത്തു വന്ന് അവിടെ കാര്യങ്ങൾ നേരെയല്ല പോകുന്നത് എന്ന് പറഞ്ഞത് വളരെ വേഗം മറന്നവർക്ക്, സംഘപരിവാരം ഉന്നം വച്ച കാര്യം ദീപക് മിശ്ര എന്ന ചീഫ് ജസ്റ്റിസിലൂടെ പുറത്തു കൊണ്ടുവരാനായത് കാണാൻ ഇരട്ട ചങ്ക്പോരാതെ വരും.

PS Sreedharan Pillai - kerala news

ശബരിമലയോട് ഇത്ര ക്രൂരത കാണിക്കും സംഘ പ്രമുഖർ എന്ന് അഹമഹമികയാ വിശ്വസിക്കാൻ മടിച്ച സാദാ കാക്കി ധാരികളും ഈ വിധി കേട്ട് തെരുവിലിറങ്ങി ശരണം വിളി തുടങ്ങി. സംഘ പ്രബോധനത്തി​​​െൻറ ചൊൽ വിളിക്ക് കാതോർക്കാതെ അയ്യനയ്യപ്പസ്വാമിയെ വിളിച്ച് കളം നിറഞ്ഞു. സുപ്രീം കോടതി വിധി എന്താണെന്ന് അറിയാത്തയാളല്ല പിള്ളച്ചേട്ടൻ. ഹൈകോടതിയിലെ സീനിയർ ക്രിമിനൽ ലോയറാണ് പി.എസ്.ശ്രീധരൻപിള്ള. മന്ദബുദ്ധിയെപ്പോലെ പെരുമാറിയത് നിയമ പാണ്ഡിത്യം മങ്ങിയതുകൊണ്ടാണെന്ന് തെറ്റി ധരിക്കരുത്. ഭാരത് മാതാ കീ ജയ് വിളിച്ച് 'ആഗേ മൂട് പീച്ചേ മൂട് ' മുഴക്കി പദ സഞ്ചലനം നടത്തുന്നതിനിടയിൽ സ്വാമിയേ ശരണമയ്യപ്പ വിളിച്ച സംഘബന്ധുക്കൾ നേരെ എതിർദിശയിൽ ചരിക്കും എന്ന തിരിച്ചറിവുണ്ടായപ്പോൾ അവർക്ക് പിറകെ കൂടാൻ കാട്ടിയ വെപ്രാളം മാത്രമാണത്. പ്രളയ ശേഷം അടിഞ്ഞചളിയിൽ താമര വിരിയിക്കാനാവുമോ എന്ന ബനിയ മനസ്സ് മാത്രമാണ് അതിനു പിന്നിൽ.

ശ്രീരാമകൃഷ്ണ പരമഹംസരെ മുൻനിർത്തി സ്വാമി വിവേകാനന്ദനാവാൻ, ജ. ദീപക് മിശ്രയെന്ന 'സാമൂഹ്യ പരിഷ്കർത്താവിനെ' താരമാക്കി പിണറായി വിജയൻ നടത്തിയ അവിവേക ശ്രമമാണ് തീണ്ടാരി പ്രളയത്തി​​​െൻറ രൂക്ഷത വർധിപ്പിച്ചത്. അയ്യങ്കാളിയും നാരായണ ഗുരുവും മന്നവും പണ്ഡിറ്റ് കറുപ്പനും മറ്റും ലബ്ധ പ്രതിഷ്ഠ നേടിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ ശ്രേണീ വഴിയിൽ ഒരു കുണ്ടറ വിളംബരം നടത്തി കയറിപ്പറ്റാമെന്നാണ് കേരള ദളവ കണക്കു കൂട്ടിയത്. നിരീശ്വരവാദത്തി​​​െൻറ പരിണാമ സിദ്ധാന്തത്തിൽ നിലയുറപ്പിച്ച് പുരുഷ സമത്വവും മറ്റും അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോൾ വോട്ട് പെട്ടിയിലാക്കാൻ സമുദായ സഭകളുടെ തിണ്ണ നിരങ്ങിയത് സൗകര്യപൂർവ്വം അദ്ദേഹം മറന്നു. ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുക്കാനുള്ള ഒരു സമരകാഹളമായിരുന്നു കുണ്ടറ വിളംബരമെങ്കിലും മതവൈരം ഉണ്ടാക്കുന്നതും പ്രകോപനപരവുമായിരുന്നു എന്ന ആക്ഷേപം അന്നുണ്ടായതുപോലെ അഭിനവ ദളവയുടെ പ്രഖ്യാപനത്തിലുമുണ്ടായി. അതി​​​െൻറ ഫലമായി ആർക്കനുകൂലമാണോ വിധി, അവർ തന്നെ ആയിരക്കണക്കായി അതിനെതിരെ സംഘടിച്ച് തെരുവിൽ നിരന്നു. തങ്ങൾക്ക് ആ സ്വാതന്ത്ര്യം വേണ്ടെന്ന് വിളിച്ചു പറഞ്ഞു.

Pinarayi-Vijayan

ക്ഷേത്ര കാര്യവും ആചാരങ്ങളും സംരക്ഷിക്കാൻ നിയുക്തരായ ദേവസ്വം ബോഡും അതി​​​െൻറ പ്രസിഡണ്ടും പ്രളയം രണ്ടാം നില കവരുമ്പോഴും ഹെലികോപ്റ്ററിൽ വന്ന് വിളിച്ചിട്ടും മോന്തായം വിട്ട് പോരാൻ കഴിയാത്ത മട്ടിൽ കഷ്ടത്തിലായി. ആദ്യം ഇറങ്ങാമെന്ന് കരുതി പുറപ്പെട്ടെങ്കിലും അനങ്ങിപ്പോകരുതെന്ന മുഖ്യമന്ത്രിയുടെ വഴിവിട്ട തിട്ടൂരം കേട്ട് തട്ടിൽ പുറത്ത് കയറി വാലും ചുരുട്ടിയിരുന്ന് ആകാശത്തേക്ക് നോക്കി ഓരിയിടേണ്ട ഗതികേടിലാണ് ഒടുവിൽ താമരകുമാരൻ എത്തിപ്പെട്ടത്.

ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഒറ്റ അണ പോലും തുറന്നു വിടാൻ പറ്റില്ലെന്ന് വാശി പിടിച്ച മണിയാശാനും കൂട്ടരും ചൂടുവെള്ളത്തിൽ വീണ പൂച്ച കണക്ക് ആകാശത്ത് കാറ് വയ്ക്കുമ്പോൾ തന്നെ ഷട്ടർ വലിക്കുന്ന നിലയിലായ അനുഭവം നമ്മുടെ മുമ്പിലുണ്ട്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യണം എന്ന വലിയ ഗുണപാഠം അതിലുണ്ട്. കോടതി മലമുകളിൽ നിന്നും താഴോട്ട് ഉരുട്ടി വിട്ട ഉരുൾ പൊട്ടി കേരളമാകെ വലിയ പുകിലുണ്ടാക്കാൻ തുടങ്ങിയപ്പോൾ പൊലീസിനെ വച്ച് പിറ്റേന്ന് തന്നെ നടപ്പാക്കും എന്ന മട്ടിലാണ് കൊട്ടാര സന്ദേശം പുറപ്പെട്ടത്. സ്വന്തം സേനയിലെ വനിതകൾ വരെ മുഖ്യൻ മുന്നോട്ടുവച്ച ചലഞ്ച് ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ പണി പാളി.

പ്രളയകാലത്തി​​​െൻറ ആദ്യ പാദത്തിൽ ഉപമുഖ്യമന്ത്രി എന്ന് സ്വന്തം പാർട്ടിക്കാർ ആക്ഷേപിച്ചിട്ടും തോളോടുതോൾ ചേർന്ന് നിന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തല രണ്ടാം പാദത്തിൽ വൃത്തം തെറ്റിച്ച് അക്ഷരശ്ലോകത്തിൽ പങ്കെടുത്ത അനുഭവം വന്നു. സുപ്രീം കോടതി വിധി സർവ്വാത്മനാ സ്വാഗതം ചെയ്ത അദ്ദേഹം തലക്ക് ചെന്നി കയറിയ പോലെ വൈകാതെ പെരുമാറാൻ തുടങ്ങി. സകല നായൻമാരെയും കൂട്ടി തെരുവിലിറങ്ങിയ വിദ്വാൻ കളിമുറുകിയപ്പോൾ തുഴ താഴെയിട്ട് ആർപ്പോ വിളിച്ച് താളം പിടിക്കുന്ന തനി കുട്ടനാട്ടുകാരനായി. ഇത്ര കുനിഷ്ട് ആ തലയ്ക്കകത്ത് കാണുമെന്ന് അത്രത്തോളം കരുതിയിട്ടില്ലാത്ത പന്തളം രാജനും തന്ത്രി പ്രവരരും പുന:പരിശോധന ഫലം കാത്ത് സുപ്രീം കോടതിയുടെ ഐ.സി.യുവിന് മുന്നിൽ കാത്ത് കെട്ടി കിടക്കുകയാണ്.

കാര്യമങ്ങനെയൊക്കെയാണെങ്കിലും സ്ഥിതി ഗുരുതരമാണ് കേരളത്തിൽ വെള്ളം കയറിയിറങ്ങിപ്പോയ പ്രളയത്തെക്കാൾ ഭീകരമായ ആന്ധ്യമാണ് കേരളത്തെ മൂടിയിരിക്കുന്നത്. എന്തൊക്കെ പുരോഗമനം പുറമെ വിളമ്പിയാലും തികച്ചും അടഞ്ഞ മനസ്സും ഇരട്ട മുഖവുമാണ് സാമാന്യ മലയാളി വച്ചു പുലർത്തുന്നതെന്ന് സുപ്രീം കോടതി വിധിയെ തുടർന്ന് നടമാടുന്ന സംഭവങ്ങൾ ഒരിക്കൽ കൂടി വ്യക്തമാക്കി. മനസ്സി​​​െൻറ ഇരുട്ടറയിൽ ഗോപ്യമാക്കി വച്ച മാലിന്യങ്ങൾ മറ മാറ്റി തെരുവിൽ നിറയുന്നതാണ് കേരളം കണ്ടത്.

പ്രശ്നം പറഞ്ഞു പോയതുകൊണ്ടായില്ല. പരിഹാരം വേണം. അതിനു വേണ്ടിയാണ് ഇനിയെങ്കിലും ഏവരും ശ്രമിക്കേണ്ടത്. അത് പക്ഷെ, തെരുവിലിറങ്ങി സുപ്രീം കോടതി വിധിക്കെതിരെ ചന്ദ്രഹാസമിളക്കി സാധ്യമല്ല തന്നെ. ഭരണഘടന പരമായ നിയമത്തി​​​െൻറ വഴി തന്നെ തേടണം. കോടതി ഇങ്ങോട്ട് വന്ന് സ്വയം എടുത്ത കേസല്ല. ചിലർ ബോധപൂർവം കൊടുത്ത കേസാണ്. വിശ്വാസ കാര്യത്തിൽ ഭരണഘടനാപരമായ ധാർമ്മികത മാത്രം നോക്കിയാൽ പോര എന്ന തോന്നലുള്ള പക്ഷം അതും കോടതിയിൽ തന്നെ ചോദ്യം ചെയ്യണം. പരാജയപ്പെട്ടാൽ,പാർലമ​​െൻററി വഴികൾ ആരായണം.

Sabarimala

ഇനിയും സമയം വൈകിയിട്ടില്ല. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുക്കാൻ മറ്റാരെക്കാളും ബാധ്യതയുള്ളത് സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനുമാണ്. അവർക്കു മുമ്പിൽ ഇപ്പോഴും ആ വഴികൾ ബാക്കിയുണ്ട്.

1) പ്രളയം വന്ന് തകർന്ന പമ്പയും പരിസരവും പെണ്ണിനെന്നല്ല ആണിന് പോലും കടന്നു പോകത്തക്ക മട്ടിൽ ഗതാഗത യോഗ്യമാക്കാനായിട്ടില്ല, ഒരു തയ്യാറെടുപ്പും സാധ്യമാവാത്ത മട്ടിൽ അടിക്കടി പമ്പയിൽ മലവെള്ളം തിങ്ങുന്നു എന്നു കൂടി ബോധ്യപ്പെടുത്തി ഈ മണ്ഡല-മകര കാലത്ത് വിധി നടപ്പാക്കാനുള്ള സാഹചര്യമൊരുക്കാൻ കഴിയില്ലെന്ന് കാട്ടി സുപ്രീം കോടതിയിൽ നിന്നും സാവകാശം തേടുക.

2) ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത ദേവസ്വം ബോർഡിനാണെന്നിരിക്കെ പ്രശ്ന പരിഹാരം തേടാൻ അവരെ അനുവദിക്കുക.

3) ബന്ധപ്പെട്ട മുഴുവൻ കക്ഷികളെയും വിളിച്ചു കൂട്ടി സുപ്രീം കോടതി വിധി സംബന്ധിച്ച പ്രായോഗിക പരിഹാരങ്ങൾ പര്യാലോചന നടത്തുക.

അനുബന്ധം: ഓഖി കടൽപരപ്പിനെ അമ്മാനമാടിയപ്പോൾ കടൽ മീൻ കഴിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞവരെ പ്രളയപരപ്പിൽ നിന്ന് രക്ഷിക്കാൻ, സ്വന്തം വള്ളങ്ങൾ തുഴഞ്ഞ് മീനവമക്കൾ വരേണ്ടി വന്നു എന്ന ഗുണപാഠം കൂടി ഇവിടെ ചേർത്തു വയ്ക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesabarimala women entrysabarimala strikemalayalam newsNamajapa Yatrasupreme court
News Summary - Sabarimala Women Entry -Article
Next Story