ശബരിമല: സ്ത്രീകള്‍ ആഘോഷത്തോടെ സ്വീകരിക്കേണ്ട വിധി
text_fieldsശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധി സ്ത്രീകളുടെ ആത്മാഭിമാനത്തേയും ലിംഗനീതിയേയും വ്യക്തിസ്വാതന്ത്ര്യത്തേയും പൗരാവകാശത്തേയും സ്ഥാപിച്ചെടുക്കലാണ്. ഭരണഘടന പറയുന്ന സ്ത്രീ പുരുഷ തുല്യത അനുഭവിക്കാനും ആസ്വദിക്കാനും നിയമസാധുത നല്കുന്ന സുപ്രീംകോടതിയുടെ ഈ വിധി സ്ത്രീകള്‍ ആഘോഷത്തോടെ സ്വീകരിക്കണം. ഈ വിധി ലിംഗസമത്വത്തിലേക്കുള്ള പ്രസന്നമായ സാമൂഹ്യ സാംസ്ക്കാരിക അന്തരീക്ഷത്തെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ആത്മീയതയുടെ പ്രകാശനങ്ങളില്‍, ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ ശാരീരിക വ്യത്യാസങ്ങളല്ല അടിസ്ഥാനമായിരിക്കേണ്ടത് എന്ന് അംഗീകരിക്കാന്‍ ഈ സുപ്രീം കോടതിവിധി സഹായിക്കട്ടെ.
ആര്‍ത്തവപ്രായത്തിലുളള സ്ത്രീകള്‍ ശബരിമലയില്‍ പോയാല്‍ സ്ത്രീകള്‍ക്കോ, അവരുടെ കുടുംബങ്ങള്‍ക്കോ സമൂഹത്തിനോ അപായകരമായതൊന്നും സംഭവിക്കുകയില്ലെന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയെ ഈ വിധി, സ്ത്രീവിരുദ്ധമായ ഹിന്ദുമതാന്ധവിശ്വാസത്തിനെതിരെ ഉയര്‍ത്തിപ്പിടിക്കുന്നു. ശബരിമല ക്ഷേത്രം ഒരു ലിംഗവിഭാഗത്തിെൻറയോ മതവിഭാഗത്തിെൻറയോ മാത്രം അധീശവിശ്വാസപ്രമാണങ്ങളുടെ കുത്തകയായി തുടരുന്നതിലെ വിഭാഗീയതകള്‍ ഈ വിധിയിലൂടെ റദ്ദായിരിക്കുന്നു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍, മതേതര സ്ത്രീമുന്നേറ്റത്തിനുളള പ്രേരണാ ശക്തിയായി കൂടി ഈ വിധിയെ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്നത് ഏറെ ആഹ്ലാദകരമാണ്.
എല്ലാ സ്ത്രീകളും ഈ വിധിയെ പ്രത്യക്ഷത്തില്‍ പെട്ടെന്ന് അംഗീകരിക്കാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. കാരണം, മത പുരുഷാധിപത്യത്തെ തൃപ്തിപ്പെടുത്തുന്ന ആചാരാനുഷ്ഠാനുഷ്ഠാനങ്ങളില് പെട്ടു കിടക്കുന്നവരാണ് മുതിര്‍ന്ന തലമുറയിലെ ഏറെ സ്ത്രീകളും. സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും എന്തെന്നറിയാനും പുരുഷനു തുല്യം, വ്യക്തി എന്ന നിലയിലേക്കുള്ള അവബോധത്തിലേക്കെത്താന്‍ ഇവര്‍ക്ക് കഴിയണം. അതറിയാനും ആസ്വദിക്കാനും ഉയര്‍ന്ന മനുഷ്യാസ്തിത്വത്തിലേക്കെത്താനും സ്ത്രീകള്‍ക്ക് ശരിയായ വിദ്യാഭ്യാസമോ ബോധവൽകരണമോ ലഭിക്കണം. വലിയ സാമൂഹ്യ ചലനാത്മകതയും ആശയ വിനിമയ സാധ്യതകളും ലഭിക്കണം. എന്തായാലും ഭരണഘടനാനുസൃതമായ ലിംഗനീതി ഉറപ്പാക്കാന്‍ വേണ്ടിയുള്ള സുപ്രീം കോടതിയുടെ ഈ വിധിയെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ആരവത്തോടെ സ്വീകരിക്കുമെന്ന് ഞാന്‍ കരുതുന്നു.
എന്നുവെച്ച് പെണ്‍കുട്ടികളെല്ലാവരും ശബരിമലയിലേക്ക് ഇരച്ചു കയറുമെന്നല്ല, മറിച്ച് പെണ്‍കുട്ടി/സ്ത്രീയായിരിക്കുന്നതു കൊണ്ടു മാത്രം ശബരിമല വിലക്കപ്പെട്ടിരുന്നു എന്നതിനോടുള്ള എതിര്‍പ്പാണ് ഇപ്പോള്‍ ആഹ്ലാദത്തിെൻറ ആരവമായി മാറുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ക്ക്/സ്ത്രീകള്‍ക്ക് ഈ സമൂഹത്തില്‍ കൂടുതല്‍ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം ഇത്തരത്തിലുള്ള കോടതിവിധികള്‍ ഉറപ്പു നല്കുന്നു. ഈ വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചിന് കേരളത്തിലെ സ്ത്രീകളുടെ സ്നേഹാദരങ്ങള്‍!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.