ശ്രീനാരായണ ഗുരുവും സനാതന ധർമവും
text_fieldsഗുരുദർശനങ്ങളെ സമകാലികമായി കണ്ടെടുത്തും വീണ്ടെടുത്തും, അദ്ദേഹത്തിന്റെ ജീവിതത്തെയും ദാർശനിക പ്രയോഗ സ്ഥാനങ്ങളെയും പുനഃസന്ദർശിച്ചും ഉയർത്തിപ്പിടിച്ചുമാണ് ഗുരുവിനെ സനാതനധർമത്തിന്റെ വക്താവാക്കാനുള്ള ശ്രമങ്ങൾക്ക് തടയിടേണ്ടത്.
ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച പ്രഭാഷണം വിവാദമായിരിക്കുകയാണ്. സനാതന ധർമം വർണാശ്രമധർമംതന്നെയാണെന്നും, ഗുരു സനാതനധർമത്തിന്റെ വക്താവല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ ചരിത്രപ്രസ്താവന ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തിയതിൽ ആശ്ചര്യപ്പെടാനുമില്ല. സനാതന ധർമം കോവിഡ് മഹാമാരിപോലെ തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഉദയ് നിധി സ്റ്റാലിന്റെ പരാമർശത്തിന് തുല്യമായ പ്രാധാന്യം പിണറായി വിജയന്റെ പ്രഭാഷണത്തിനുമുണ്ട്. സനാതനധർമത്തിനെതിരെ വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അസാമാന്യധൈര്യം ഉണ്ടെങ്കിലേ കഴിയൂ. രാമായണത്തെ മോക്ഷസാധനമായും വിപ്ലവഗ്രന്ഥമായും പലരും ആഘോഷിക്കുമ്പോൾ എം.കെ. പണിക്കോട്ടിയുടെ ‘അധ്യാത്മ രാമായണം: നെല്ലും പതിരും’ എന്ന ഗ്രന്ഥത്തിന് എഴുതിയ അവതാരികയിൽ ശാസ്ത്രാഭിരുചിയും മാനവിക നീതിബോധവും ഉയർത്തിപ്പിടിച്ചുകൊണ്ട് രാമായണത്തെ വിമർശനാത്മകമായി സമീപിച്ചതും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുരോഗമനാത്മകമായ നിലപാടെടുത്തതും മുമ്പും ഈ വിഷയത്തിൽ പിണറായി പുലർത്തിയ ധൈര്യംതന്നെയാണ്.
എന്താണ് സനാതന ധർമം?
സനാതന ധർമം വിശുദ്ധവും ശാശ്വതവുമാണെന്ന വാദം ഹിന്ദുത്വർ നിരന്തരം ഉയർത്തുന്നുണ്ട്. എന്നാൽ, വേദവും ഉപനിഷത്തുക്കളും ഇതിഹാസ പുരാണങ്ങളും അവതരിപ്പിക്കുന്ന ധർമ സങ്കൽപം ചാതുർവർണ്യ ധർമമാണ്. അത് മനുഷ്യരെ വേർതിരിക്കുകയും ശ്രേണീകരിക്കുകയും ചെയ്യുന്നു. മനുസ്മൃതിയിൽ ധർമം എന്നതുകൊണ്ട് അർഥമാക്കുന്നത് വർണധർമം തന്നെയാണ്. പ്രസിദ്ധ ധർമശാസ്ത്ര ഗ്രന്ഥമായ യാജ്ഞവല്ക്യസ്മൃതിയിലും വർണാശ്രമധർമം ചൊല്ലിത്തരാനാണ് യാജ്ഞവല്ക്യനോട് അഭ്യർഥിക്കുന്നത്. ബ്രാഹ്മണൻ വിരാഡ്പുരുഷന്റെ മുഖത്തുനിന്നും ശൂദ്രൻ പാദങ്ങളിൽനിന്നും ഉളവായതാണെന്ന് വിവരിക്കുന്ന പുരുഷസൂക്തം ഋഗ്വേദത്തിലാണുള്ളത്. ബ്രാഹ്മണന് മംഗളകരമായ പേരും ശൂദ്രന് ജുഗുപ്സ ഉളവാക്കുന്ന പേരും മാത്രമേ നൽകാൻ പാടുള്ളൂ എന്ന് മനു ശാസിക്കുന്നു (മംഗല്യം ബ്രാഹ്മണ്യ സ്യാദ് ക്ഷത്രിയസ്യ ബലാന്വിതം / വൈശ്യസ്യ ധനസംയുക്തം ശൂദ്രസ്യ തു ജുഗുപ്സിതം // മനു. 2.30). മനുവിന് മുമ്പുതന്നെ ധർമസൂത്രകർത്താക്കൾ, സ്ത്രീകൾ അസ്വതന്ത്രകളാണെന്ന് വിധിയെഴുതിയിരുന്നു. ഗൗതമൻ ഉൾപ്പെടെയുള്ള ധർമസൂത്ര കർത്താക്കളുടെ ദൃഷ്ടിയിൽ വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്നതും, വേദം ചൊല്ലുന്ന ശൂദ്രന്റെ നാവ് വെട്ടിപ്പിളർക്കുന്നതുമാണ് ധർമം. ചണ്ഡാളരെ കാണുന്നതുപോലും പാപമാണെന്ന ‘ധർമം’ പ്രചരിപ്പിച്ചത് ധർമസൂത്രകർത്താക്കളാണ്. അയിത്തവും തൊട്ടുകൂടായ്മയും ബ്രാഹ്മണ്യം ധർമമായി കാണുകയും സ്ഥാപനവത്കരിക്കുകയും ചെയ്തു. ഇന്ത്യൻ ഇതിഹാസപുരാണ പാഠങ്ങളിൽ ബ്രാഹ്മണന് ദാനം നൽകുന്നതായിരുന്നു ധർമം. മറ്റിതര ജനവിഭാഗങ്ങളുടെ ദാരിദ്ര്യത്തെ ദാനധർമത്തിനായി ബ്രാഹ്മണ്യം പരിഗണിച്ചില്ല. ഇന്ത്യയിലെ പുറന്തള്ളൽ വ്യവസ്ഥയുടെ സൃഷ്ടികർത്താവ് വർണാശ്രമ ചാതുർവർണ്യമെന്ന ധർമമാണ്.
ധർമം എന്നാൽ വർണാശ്രമ ചാതുർവർണ്യ ധർമമാണെന്ന് അർഥശാസ്ത്രവും വ്യക്തമാക്കുന്നുണ്ട്. ഓരോ ജാതിയിലും വർണത്തിലും ഉൾപ്പെട്ടവർ വർണാനുസൃതമായി തൊഴിലുകളിൽ ഏർപ്പെടാൻ അർഥശാസ്ത്രം വിധിക്കുന്നു. അതനുസരിച്ച് ബ്രാഹ്മണന് അധ്യയനവും അധ്യാപനവും ശൂദ്രന് ബ്രാഹ്മണപാദസേവയുമാണ് സ്വധർമം (സ്വധർമോ ബ്രാഹ്മണസ്യാധ്യയനമധ്യാപനം... ശൂദ്രസ്യ ദ്വിജാതി ശുശ്രൂഷാ വാർതാകാരു കുശീലവ കർമ ച).
ചണ്ഡാളരുടെ പാർപ്പിടങ്ങൾ ശ്മശാനത്തിന്റെ സമീപത്തായിരിക്കണം എന്ന് അർഥശാസ്ത്രം കൽപിക്കുന്നു. ധർമം എന്നത് ബ്രാഹ്മണ്യത്തെ രക്ഷിക്കലാണെന്നും ധർമം എന്നാൽ വർണാശ്രമധർമമാണെന്നും ഗീതാ ഭാഷ്യത്തിൽ ശങ്കരൻ സ്പഷ്ടമാക്കുന്നുണ്ട്. ജാതി വിഹിതങ്ങളായ കർമങ്ങൾ ആചരിക്കുന്നവർക്ക് സ്വർഗ പ്രാപ്തി ഫലം, വർണാശ്രമ ധർമം അനുസരിച്ച് സ്വകർമനിഷ്ഠരായവർ കർമഫലം അനുഭവിച്ച് പിന്നീട് വിശിഷ്ടമായ ദേശത്തിലും ഉയർന്ന ജാതിയിലും ഉയർന്ന കുലത്തിലും ഉള്ള സ്ഥലത്ത് ജനിക്കും എന്നും പുരാണങ്ങളെയും സ്മൃതികളെയും ഉദ്ധരിച്ച് ശങ്കരാചാര്യർ ഗീതാഭാഷത്തിൽ കുറിക്കുന്നു. ഇവിടെ മനുഷ്യരെ ഉയർന്നവരെന്നും താഴ്ന്നവരെന്നും ജാതിയനുസരിച്ച് വേർതിരിക്കുന്ന വർണാശ്രമധർമത്തിന്റെ വക്താവായി അദ്വൈതഭാഷ്യകാരനായ ശങ്കരൻ പ്രത്യയപ്പെടുന്നു. ശങ്കരന്റെ അദ്വൈതത്തിന്റെ ഊടും പാവും ചാതുർവർണ്യവും വർണവ്യവസ്ഥയുമാണെന്ന് സാരം. സ്ത്രീകളും വൈശ്യരും ശൂദ്രരും പാപയോനികളാണെന്നും ശങ്കരൻ ഗീതാഭാഷ്യത്തിൽ എഴുതുന്നുണ്ട് (ഗീത. 9.32ന്റെ ശാങ്കരഭാഷ്യം). വർണധർമത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരീക്ഷിത്തിന്റെ ഭരണം ഉത്തമഭരണമായാണ് മഹാഭാരതം അവതരിപ്പിക്കുന്നത്. ഈ ചാതുർവർണ്യധർമത്തെയാണ് ഹിന്ദുത്വർ സനാതനമെന്ന് വാഴ്ത്തുന്നത്. ഹിംസയുടെ വ്യവസ്ഥരൂപമായ സനാതനധർമം ഇന്ത്യയിലെ സ്ത്രീകളെയും പിന്നാക്ക ജനതയെയും ദലിതരെയും ആദിവാസികളെയും നികൃഷ്ടരായി കൽപിച്ച് പുറന്തള്ളുന്നു. അതുകൊണ്ടുതന്നെയാണ് നാരായണഗുരു ഈ സനാതനധർമത്തെ നിശിത വിമർശനം ചെയ്തത്.
എന്താണ് ഗുരുധർമം?
സനാതനധർമത്തിന്റെ അടിസ്ഥാനമായ ചാതുർവർണ്യത്തെയും കർമസിദ്ധാന്തത്തെയും നാരായണ ഗുരു സ്വാമികൾ നിരാകരിച്ചു. വർണം ജാതിയല്ലെന്നും ജാതിക്ക് വർണവുമായി ബന്ധമില്ലെന്നുമാണ് ഗാന്ധി പറയുന്നതെന്ന് ഒരു ഭക്തൻ ഗുരുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം പ്രതിവചിച്ചത് ‘‘ഗുണകർമങ്ങളിൽ സ്ഥായിയായി ഒന്നും ഇല്ലല്ലോ; അത് എപ്പോഴും മാറിക്കൊണ്ടിരിക്കും, അപ്പോൾ പിന്നെ വർണം എങ്ങനെ നിശ്ചയിക്കാം’’ എന്നാണ്. ഗാന്ധി നല്ലപോലെ ആലോചിച്ചിട്ടില്ലായിരിക്കാം എന്നും ഗുരു പറയുന്നു. ‘‘ശങ്കരന് തെറ്റുപറ്റി’’ എന്നരുളിയതിലൂടെ ഗുരു ശങ്കരന്റെ ചാതുർവർണ്യ സിദ്ധാന്തത്തെയാണ് വിമർശിച്ചത്. സനാതനമായ ധർമം എന്നതുകൊണ്ട് ഗുരു മാനവികമായ ശാശ്വത മൂല്യങ്ങൾ എന്നാണ് അർഥമാക്കിയത്. ‘‘സനാതനമായ ഏതെങ്കിലും ഒരു സത്യത്തെയോ ധർമത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഒരു മതത്തിനും നിലനിൽക്കാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദ് മതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കൽപിക്കുന്നു. എന്നാൽ, സാഹോദര്യം സ്നേഹത്തെയും സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണ് ശ്രേഷ്ഠം, അതല്ല സ്നേഹമാണ് ശ്രേഷ്ഠം എന്ന് വിവാദം ഉണ്ടാകുന്നുവെങ്കിൽ അതിനെ വൃഥാവിവാദം എന്നല്ലാതെ പറയാൻ ഉണ്ടോ? സനാതനധർമങ്ങൾ തുല്യപ്രധാനങ്ങളാണ്’’ - ഗുരു സുചിന്തിതമായി പ്രസ്താവിച്ചു.
ചാതുർവർണ്യ സനാതനധർമം എന്ന ആശയത്തെ സാഹോദര്യം, സ്നേഹം, മുതലായ സനാതന മൂല്യങ്ങളാൽ ഗുരു വിമർശവിചാരം ചെയ്തു. ലോകത്തെ ഏകസനാതന മതം ഹിന്ദുമതമാണെന്ന വാദത്തെ ഗുരു നിരാകരിച്ചു. ‘‘ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ’’ എന്ന് 1925ൽ പറഞ്ഞുവെച്ചു; സനാതനമായിരിക്കേണ്ടത് സ്നേഹവും സാഹോദര്യവുമാണെന്ന് ദർശിച്ചു. ‘‘മതമെന്നാൽ അഭിപ്രായമാണെ’’ന്ന് സിദ്ധാന്തിച്ച ഗുരു മതത്തെ ഒരു വ്യക്തിയുടെ മാത്രം ‘അധ്യാത്മിക’ ബോധമായി ദർശനം ചെയ്തു. അതുവഴി മതത്തിന്റെ പേരിൽ വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള കലഹത്തെ ഇല്ലാതാക്കി ശാന്തിയുടെ തിരിനാളങ്ങൾ ഗുരു തെളിയിച്ചെടുത്തു.
ഗുരു ഹിന്ദു സന്യാസിയോ?
ഗുരു ‘ഹിന്ദു സന്യാസി’യാണ്, അതുകൊണ്ട് സനാതനധർമത്തിന്റെ വക്താവാണ് -ഇതാണ് മറ്റൊരു വാദം. ആർഷപാരമ്പര്യ വിധിയനുസരിച്ച് സന്യാസിയായ വ്യക്തിയല്ല ഗുരു. സർവോപരി, ‘‘നമുക്ക് സന്യാസം നൽകിയത് ബ്രിട്ടീഷുകാരാണെ’’ന്ന് പറഞ്ഞ അദ്ദേഹം രാമാദികളുടെ കാലത്തായിരുന്നുവെങ്കിൽ തനിക്ക് ശംബൂകന്റെ ഗതിയാകുമായിരുന്നു എന്ന് കിടിലംകൊള്ളുന്ന അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. സ്വാമി ആനന്ദതീർഥർക്ക് ഒരു ഗ്ലാസ് കാപ്പി നൽകി സന്യാസ ദീക്ഷ നൽകിയ ഗുരു വിദേശിയായ മി. കർക്കിന് ടൈയും കോട്ടുമാണ് സന്യാസ ദീക്ഷ സന്ദർഭത്തിൽ നൽകിയത്. ‘‘നാം ജാതിമതഭേദങ്ങൾ വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു’’ എന്ന് 1916ൽ സുചിന്തിതമായി പ്രസ്താവിച്ച ഗുരുവിനെ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വക്താവാക്കാൻ ശ്രമിക്കുന്നതാണ് ഗുരു നിന്ദ. ‘‘നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികൾ, മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായും വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതി മതങ്ങൾ വിട്ടിരിക്കുന്നു എന്ന് പറയുന്നതിന് ഒരു ജാതിയോടും മതത്തിനോടും നമുക്ക് പ്രത്യേകം മമത ഇല്ലെന്ന് മാത്രമേ അർഥമുള്ളൂ’’ -കൊല്ലം പട്ടത്താനത്ത് ഗുരു വിളംബരം ചെയ്തു. ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠയെ പറ്റി പറയുന്ന ഹിന്ദുത്വർ മറച്ചുവെക്കുന്ന ഒന്നുണ്ട്. സംസ്കൃതത്തിൽ രചിക്കപ്പെട്ട എല്ലാ തന്ത്രന്ഥങ്ങളും ബ്രാഹ്മണർക്കൊഴികെ പ്രതിഷ്ഠാധികാരം നിരസിക്കുന്നു എന്നതാണത്. സനാതനധർമത്തിന്റെ ഈ ചാതുർവർണ്യ ലോകവീക്ഷണത്തെ ചോദ്യം ചെയ്തുകൊണ്ടും മറികടന്നുകൊണ്ടുമാണ് ഗുരു അരുവിപ്പുറത്ത് മർദിത ദരിദ്ര ജന കോടികൾക്കായി കാരുണ്യത്തിന്റെ മഹാ പ്രതിഷ്ഠ നിർവഹിച്ചത്. ഗുരുധർമം സനാതനധർമത്തിന് വിരുദ്ധമായ ഒന്നാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
ഗുരുദർശനങ്ങളെ സമകാലികമായി കണ്ടെടുത്തും വീണ്ടെടുത്തും, അദ്ദേഹത്തിന്റെ ജീവിതത്തെയും ദാർശനിക പ്രയോഗ സ്ഥാനങ്ങളെയും പുനഃസന്ദർശിച്ചും ഉയർത്തിപ്പിടിച്ചുമാണ് ഗുരുവിനെ സനാതനധർമത്തിന്റെ വക്താവാക്കാനുള്ള ശ്രമങ്ങൾക്ക് തടയിടേണ്ടത്. ഇത്തരമൊരു ശ്രമത്തിന് ഊർജം പകരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരി പ്രസംഗം. ഒരുവേള വാക്കുകൾ ഉച്ചരിച്ചവർ കൈവിട്ട് കളഞ്ഞാൽപോലും ചില വാക്കുകൾ ചരിത്രത്തിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. ചോദ്യമിതാണ്- മുഖ്യമന്ത്രിയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ഏറ്റെടുത്ത് സനാതന ധർമത്തിനെതിരെ പോരടിച്ച് സാമൂഹിക നീതിയുടെ പതാകവാഹകരാകാൻ ആരാണുള്ളത് എന്നാണ്. ഉത്തരങ്ങൾ കിട്ടിയാലും ഇല്ലെങ്കിലും സാമൂഹി നീതിക്കായുള്ള പോരാട്ടങ്ങളിൽ ഈ ശിവഗിരി പ്രസംഗത്തിന് ചരിത്രപരമായ പ്രാധാന്യം കൈവന്നുകഴിഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.