മഹത്തരം; അല്ലാതെന്ത് പറയും...
text_fieldsവിട വാങ്ങിയ ഡോ. പി.കെ. വാര്യരെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ് അനുസ്മരിക്കുന്നു
പന്ത്രണ്ട്-പതിമൂന്ന് വർഷം മുമ്പാണ്. പോണ്ടിച്ചേരിയിൽവെച്ച് എനിക്ക് കഠിനമായ തലകറക്കം. ഇരിക്കാനും നിൽക്കാനും കിടക്കാനും വയ്യാത്തത്ര അസഹ്യം. അവിടെ ചില ഡോക്ടർമാരെ കണ്ടു, ഒട്ടും കുറവില്ല. നാട്ടിലെത്തിയ അന്നുതന്നെ എം.ടി. വാസുദേവൻ നായരെ വിളിച്ച് അവസ്ഥ വിശദീകരിച്ചു. 'ഒട്ടും സമയം കളയണ്ട, കോട്ടക്കലിൽചെന്ന് ഡോ. പി.കെ. വാര്യരെ കാണണം. ഞാൻ വിളിച്ചു പറയാം' -എം.ടി പറഞ്ഞു. കോട്ടക്കലിൽ എത്തി അദ്ദേഹത്തെ കണ്ടു. എല്ലാം വിശദമായി ചോദിച്ചറിഞ്ഞ ശേഷം പതിഞ്ഞ്, ദൃഢമായി പറഞ്ഞു; ഒന്നും പേടിക്കാനില്ല. ആവശ്യമില്ലാത്തതെല്ലാം ഇവിടെ വെച്ചിട്ട് പൊക്കോളൂ, ആരോഗ്യത്തോടെ'. അന്ന് ഉള്ളിലേക്കാവാഹിച്ച ആ തേജസ് പിന്നീട് ഒരു തരി പോലും മാഞ്ഞിട്ടില്ല. ഇപ്പോഴും ദിവസത്തിൽ പലതവണ അത് മനസ്സിലുയരും, ആദ്യ കാഴ്ചയിലെ അനന്യ ശോഭയോടെ. മനസ്സിെൻറ തെളിമ, സത്യസന്ധത, ഇതെല്ലാമാണ് ആ തേജസ്വി.
ചെന്ന അന്നുതന്നെ നഴ്സിങ് ഹോമിൽ അഡ്മിറ്റ് ആയി. 21 ദിവസമാണ് അന്ന് ചികിത്സ വിധിച്ചത്. എട്ട് ദിവസമാകുേമ്പാഴേക്കും എനിക്ക് അസ്വസ്ഥതകളെല്ലാം മാറി. റൗണ്ട്സിന് എത്തുന്ന എല്ലാ ദിവസവും ഡോ. വാര്യർ എെൻറ മുറിയിൽ വരും. എനിക്കവിടെ എല്ലാ സൗകര്യവും ഒരുക്കിയിരുന്നു, ആവശ്യപ്പെട്ട എഴുത്തുമേശയും കസേരയും കടലാസും പെന്നുമുൾപ്പെടെ. മേശപ്പുറത്ത് എെൻറ കുറേ പുസ്തകങ്ങളും കാണും. ആകെയൊന്ന് നോക്കി ചെറുചിരിയോടെ കുറ്റപ്പെടുത്തൽ കണക്കെ പറയും; ഇവിടെ വന്നാലും വിശ്രമമില്ല അല്ലേ?
അദ്ദേഹം മുറിയിൽ കയറിവന്ന ആദ്യ നാളിൽ ഞാനറിയാതെ എഴുന്നേറ്റു. ഭൂമിയിലേക്കെന്ന പോലെ കുനിഞ്ഞ് അദ്ദേഹത്തിെൻറ പാദങ്ങളിൽ തൊട്ട് കൈകൂപ്പി. പിന്നീട് അങ്ങനെ ചെയ്യാത്ത ഒരു ദിവസവും ഉണ്ടായിട്ടില്ല. നമുക്ക് ആരുടെയെങ്കിലും കാൽ തൊട്ട് വന്ദിക്കാമെങ്കിൽ ഡോ. വാര്യരെപ്പോലെ അപൂർവം ചിലരേയുള്ളൂ, അതിന് അർഹതയുള്ളവരായിട്ട്. അദ്ദേഹത്തിെൻറ കടന്നുവരവുതന്നെ രോഗശമന ഔഷധമാണ്. കഴിഞ്ഞ 10 വർഷമായി ഓരോ വർഷവും ചികിത്സക്ക് പോകുേമ്പാൾ അതേ വികാരമാണെനിക്ക്. അവിടെ ചികിത്സയിൽ കഴിയുന്ന 14 ദിവസം വേറിട്ട അനുഭവമാണ് എപ്പോഴും.
കോട്ടക്കൽ ആര്യവൈദ്യശാലയെപ്പറ്റി മുമ്പ് പലരും പറഞ്ഞുകേട്ടത് ചികിത്സക്ക് വലിയ ചെലവാണ്, തറവാട് പണയംവെക്കേണ്ടി വരും എന്നൊക്കെയാണ്. പണം ഈടാക്കാതെ മുന്നോട്ടു കൊണ്ടുപോകാനാവില്ലല്ലോ. ആ പണം, വരുമാനം എന്തിന് വിനിയോഗിക്കുന്നുവെന്ന് മനസ്സിലാക്കുേമ്പാഴാണ് അദ്ദേഹവും ഒപ്പമുള്ളവരും സൂക്ഷിക്കുന്ന ഹൃദയ വിശാലത തിരിച്ചറിയുന്നത്. വരുമാനത്തിൽ വലിയൊരളവ് പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിക്കാൻ മാറ്റിവെക്കുകയാണ്. ചികിത്സയും ഔഷധവും സൗജന്യമാണെന്ന് കരുതി പണം നൽകുന്നവർക്ക് കിട്ടുന്ന പരിഗണനയിൽ ഒരിഞ്ച് കുറവില്ല. പണം, ആർത്തി, ലാഭം...അതിനപ്പുറത്തേക്ക് പോകാൻ കഴിയുന്ന വലിയൊരു വീക്ഷണം അദ്ദേഹത്തെ നയിച്ചിട്ടുണ്ട്.
വരുമാനത്തിൽ ഒരു ഭാഗം കലകൾക്ക് വേണ്ടി നീക്കിവെച്ചിരുന്നു. പി.എസ്.വി നാട്യസംഘം എന്ന കഥകളി സംഘം ഉൾപ്പെടെ പലതിനെയും നന്നായി നിലനിർത്തിപ്പോരുന്നു. ജാതി-മതാതീതമായി ആർക്കും ചെല്ലാവുന്ന വിശ്വംഭര ക്ഷേത്രമാണ് മറ്റൊന്ന്. എല്ലാ ദിവസവും ചികിത്സ കഴിഞ്ഞാൽ ഞാൻ അവിടെ പോകാറുണ്ട്. കലയും സംഗീതവും എല്ലാം ചേർന്ന, മനശ്ശാന്തി പകരുന്ന അന്തരീക്ഷം രോഗശമനം തേടി വരുന്നവർക്ക് എത്ര പ്രധാനമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. തൊഴിലാളികളെ ഇത്രയും മാതൃകാപരമായി പരിഗണിക്കുന്ന സ്ഥാപനങ്ങൾ അപൂർവമായിരിക്കും. കുറഞ്ഞ ചെലവിൽ, വൃത്തിയുള്ള അന്തരീക്ഷത്തിൽ, നല്ല ഭക്ഷണം കിട്ടുന്ന അവിടത്തെ കാൻറീൻ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.
ആയുർവേദത്തെ ആധുനികവത്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് ഡോ. വാര്യർ. ആവശ്യമുള്ള സന്ദർഭങ്ങളിൽ മറ്റ് ചികിത്സ ശാഖകളിലെ സങ്കേതങ്ങൾ രോഗനിർണയത്തിനും ചികിത്സക്കും ഉപയോഗിക്കുന്നതിൽ ഒട്ടും മടിയുണ്ടായിരുന്നില്ല. പ്രകൃതി ചികിത്സയിലും പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ മൂത്ര ചികിത്സയിലുമുൾപ്പെടെ എല്ലാറ്റിലും ആവശ്യമുള്ള ഓരോന്നുണ്ട് എന്ന വിശാലമായ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. എല്ലാറ്റിനെയും തുല്യനിലയിൽ കാണാൻ, വേണ്ടയിടത്ത് സമന്വയിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു, ആയുർവേദമാണ് മഹത്തരമെന്ന ഭാവമോ മറ്റെല്ലാറ്റിനോടും പുച്ഛമോ മറ്റുചില ചികിത്സാ ശാഖകളിലുള്ളവർ പുലർത്തുന്നതുപോലുള്ള സമീപനം അദ്ദേഹത്തിന് അന്യമായിരുന്നു.
ആയുർവേദത്തിൽ ലോകോത്തര ഗവേഷണം നടക്കുന്ന സ്ഥാപനമാക്കി വൈദ്യശാലയെ വളർത്തുന്നതിൽ പ്രധാന പങ്ക് ഡോ. വാര്യർക്കുണ്ട്. അർബുദ ബാധിതരുടെ തുടർ ചികിത്സയുടെ കാര്യത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അവർക്ക് സൗജന്യമായി മരുന്നും കൊടുക്കുന്നുണ്ട്. കഷായത്തിെൻറ കയ്പിൽനിന്ന് ഗുളികയിലേക്കുകൂടിയുള്ള മാറ്റം ചികിത്സയെ ആധുനികമാക്കൽ മാത്രമല്ല, രോഗീസൗഹൃദമാക്കൽ കൂടിയാണ്. എല്ലാ കാലത്തും പച്ചമരുന്ന് ലഭ്യത ഉറപ്പാക്കാൻ നാടിെൻറ പല ഭാഗത്തായി ഔഷധോദ്യാനങ്ങൾ പരിപാലിക്കുന്നത് ദീർഘവീക്ഷണത്തിെൻറ ഫലമാണ്. സോഷ്യലിസ്റ്റിക് കാഴ്ചപ്പാടോടെയാണ് അദ്ദേഹം ആ സ്ഥാപനത്തെ കെട്ടിപ്പടുത്തതും പരിപാലിച്ചതും. തെൻറ ചിന്തക്കും പരിഗണനക്കും പുറത്ത് ആരുമില്ലാതെ, എല്ലാവരെയും ഉൾക്കൊണ്ട ആ മഹാൻ തെൻറ കൂടെയുള്ള ഓരോരുത്തരെയും അത് ശീലിപ്പിച്ചു. കോട്ടക്കലിൽ പോകുേമ്പാഴെല്ലാം ഓരോരുത്തരിൽനിന്നും ഞാനത് അനുഭവിച്ചുവരുന്നു. നമ്മളെ സേവിക്കാൻ സന്നദ്ധരല്ലാത്ത ഒരാളെപ്പോലും വൈദ്യശാലയിൽ കാണില്ല. മക്കളോ മരുമക്കളോ ഉൾപ്പെടുന്ന പരമ്പരകൾക്ക് സ്വത്തിലും വരുമാനത്തിലും അവകാശവും അധികാരവുമില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലാം ട്രസ്റ്റിന് കീഴിലാണ്. യോഗ്യത നേടിയ കുടുംബാംഗങ്ങൾക്ക് തൊഴിൽ കൊടുക്കുമെന്നു മാത്രം. സമൂഹത്തിെൻറ സ്ഥാപനമായാണ് അദ്ദേഹം ആര്യവൈദ്യ ശാലയെ വിഭാവനം ചെയ്തത്.
ജീവെൻറയും മരണത്തിെൻറയും മർമമറിയുന്ന ആ മഹാഗുരുവിന് മരണത്തെക്കുറിച്ച് വേവലാതി ഉണ്ടായിട്ടുണ്ടാവില്ല. താൻ ഉൾപ്പെടുന്ന മേഖലക്കായി സ്വയം സമർപ്പിച്ചു. പരിമിതികളെ അതിജീവിച്ച് മറ്റുള്ളവർക്കായി പ്രയത്നിച്ചു. സമ്പൂർണ ജീവിതം ജീവിച്ച് കൃതാർഥനായാണ് അദ്ദേഹം പോകുന്നത്. മാഞ്ഞുപോകുന്നത് ഭൗതിക ശരീരം മാത്രമാണ്. ആ തേജസ്വിയുടെ സദ്പ്രവൃത്തികൾ നമുക്കെല്ലാവർക്കുമായി ഉടവുതട്ടാതെ അവിടെത്തന്നെ കാണും. അടുത്ത വർഷം ചികിത്സക്ക് പോകാനൊത്താൽ ഞാൻ അവിടെയെല്ലാം അദ്ദേഹത്തിെൻറ സാന്നിധ്യം അനുഭവിക്കുകതന്നെ ചെയ്യും. മഹത്തുക്കൾ അങ്ങനെയാണ്. മഹത്തരമായ ജന്മം, അല്ലാതെന്തു പറയാൻ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.