ഈ വിധി ഭരണഘടന വിരുദ്ധം
text_fieldsപട്ടികജാതി-പട്ടികവർഗ ലിസ്റ്റിൽ ഉപസംവരണവും ക്രീമിലെയറും നിർണയിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരം നൽകിയ ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധവും ദലിത് ആദിവാസി സംരക്ഷണ വകുപ്പുകളെ റദ്ദാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടുന്നു മനുഷ്യാവകാശ പ്രവർത്തകൻ എം. ഗീതാനന്ദൻ
അയിത്തവും (untouchability) അതിന്റെ എല്ലാതരം രൂപങ്ങളും പൂർണമായും തുടച്ചുനീക്കാൻ ആർട്ടിക്കിൾ 17 പ്രകാരം ഭരണകൂടത്തിന് ബാധ്യതയുണ്ട്. അത്തരം ദുരാചാരങ്ങളും അനീതികളും മൂലം സാമൂഹിക വും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്തള്ളപ്പെട്ട വിഭാഗങ്ങളെയാണ് പട്ടികജാതിക്കാർ എന്ന് വേർതിരിക്കുന്നത്. സാമൂഹികവും വംശീയവുമായി വേറിട്ടുനിൽക്കുന്ന വിഭാഗങ്ങളെ പട്ടികവർഗക്കാരായും കണക്കാക്കുന്നു. പട്ടികജാതി വിഭാഗങ്ങളെ നിർണയിക്കാനുള്ള വകുപ്പാണ് ആർട്ടിക്കിൾ 341 (1). വിശദ പരിശോധനക്കുശേഷം ഇത് അന്തിമമായി അംഗീകരിക്കുന്നത് പാർലമെന്റാണ്. പ്രസിഡന്റ് ഇത് അംഗീകരിച്ച് ഉത്തരവിലൂടെ വിജ്ഞാപനം ചെയ്യുകയും ചെയ്യുന്നു. അതിൽ ഭേദഗതി വരുത്താനോ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ മാറ്റങ്ങൾ വരുത്താനോ ആർക്കും അധികാരമില്ല.
ആർട്ടിക്കിൾ 14, 15 (4), 16 (4) തുടങ്ങിയ വകുപ്പുകൾ വഴി ഉറപ്പുവരുത്തപ്പെടുന്ന അവകാശങ്ങൾ ലഭിക്കാൻ, വിവിധ ജാതികളിലും വംശങ്ങളിലും ഗോത്രങ്ങളിലുംപെട്ടവർ അയിത്തത്തിനും അതിന്റെ ദുരാചാരങ്ങൾക്കും വിധേയമായിട്ടുണ്ടെങ്കിൽ അവരെ ഒരു വിഭാഗമായി (ക്ലാസ്) ഏകതാന സ്വഭാവമുള്ളവർ (homogenous)എന്ന നിലയിൽ (Schedule caste) ലിസ്റ്റ് ചെയ്യുന്നു. ഭരണഘടനയുടെ വകുപ്പ് 342 അനുസരിച്ച് പട്ടികവർഗക്കാരെയും ലിസ്റ്റ് ചെയ്യുന്നു. ഉപജാതി വിഭാഗങ്ങളിൽ വിശ്വാസ- ആചാരങ്ങൾ, സാമൂഹിക വളർച്ച, ഭാഷ തുടങ്ങിയ നിരവധി കാര്യങ്ങളിൽ വ്യതിരിക്തത ഉണ്ടാകാം. ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ടവർ പൊതുവായി പങ്കുവെക്കപ്പെടുന്ന പിന്നാക്കാവസ്ഥയാണ് ഒരു വിഭാഗമായി (ക്ലാസ്) കണക്കാക്കുന്നതിന്റെ അടിസ്ഥാനം. പാർലമെന്റിന്റെ പരിഗണനക്കുശേഷം കൂട്ടിച്ചേർക്കലും ഒഴിവാക്കലും മാറ്റങ്ങളും സാധ്യമാണ്. എന്നാൽ, മറ്റ് വേദികളിൽ ഇത് ചെയ്യാൻ ഭരണഘടനയിൽ വകുപ്പുകളില്ല. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റ് തയാറാക്കുന്നതിന് ഈ നടപടിക്രമമില്ല. ആർട്ടിക്കിൾ 17ൽ നിന്നുത്ഭവിക്കുന്ന വകുപ്പുകൾ അവർക്ക് ബാധകമല്ല.
ദേശീയതലത്തിൽ പട്ടികജാതി എന്ന വിഭാഗത്തെ (ക്ലാസ്) കണ്ടെത്താൻ ഭരണഘടനയിൽ ഉറപ്പുവരുത്തിയ ആർട്ടിക്കിൾ 341 (1) ഉം, അതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി പാർലമെന്റിനും ഇന്ത്യൻ പ്രസിഡന്റിനും നൽകിയ അധികാരമാണ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലൂടെ റദ്ദാക്കിയത്. ഇത് രാജ്യത്ത് എസ്.സി/എസ്.ടി വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കുകയും പട്ടികജാതി-വർഗസമുദായങ്ങൾ തമ്മിൽ സംഘർഷത്തിന് കളമൊരുക്കുകയും ചെയ്യും. എസ്.സി/എസ്.ടി ലിസ്റ്റിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരം നൽകിയാൽ ദലിത് ആദിവാസി വിരുദ്ധരും സവർണ മേധാവിത്വ ശക്തികളും അധികാരസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന പാർട്ടികൾ രാഷ്ട്രീയ ആയുധമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാവും. പട്ടികജാതി-പട്ടികവർഗ ലിസ്റ്റ് പാർലമെന്റിന്റെയും ഇന്ത്യൻ പ്രസിഡന്റിന്റെയും അധികാര പരിധിയിൽ സംരക്ഷിച്ചുനിർത്തേണ്ടതിന്റെ ഉദ്ദേശ്യം ഭരണഘടനാ നിർമാണ അസംബ്ലി തന്നെ പരിഗണിച്ചതാണ്. ‘‘ഇന്ത്യൻ പ്രസിഡന്റ് പ്രസിദ്ധപ്പെടുത്തുന്ന പട്ടികയിൽ രാഷ്ട്രീയഘടകങ്ങൾ കൈകടത്തി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഏതെങ്കിലും സാഹചര്യത്തെ ഇല്ലാ താക്കുകയാണ് ഉദ്ദേശ്യം..’’ എന്നാണ് ഈ വകുപ്പിന്റെ ലക്ഷ്യമായി ഡോ. അംബേദ്കർ വ്യക്തമാക്കിയിരുന്നത്. ഈ ഭേദഗതിയെ രാഷ്ട്രീയകക്ഷികൾ ദുരുപയോഗം ചെയ്യരുതെന്ന സാരോപദേശം ഇപ്പോൾ പുറപ്പെടുവിച്ച വിധിയിൽ ചീഫ് ജസ്റ്റിസ് എടുത്തുപറയുന്നതിൽ നിന്നുതന്നെ ദുരുപയോഗം ചെയ്യപ്പെടുമെന്ന് കോടതിക്കും ഉറപ്പാണ്. ഇതെല്ലാം കോടതിയുടെ മേൽനോട്ടത്തിൽ പരിഹരിക്കാമെന്ന ഏക ഉറപ്പാണ് വിധിയിൽ നൽകുന്നത്. ചുരുക്കത്തിൽ പാർലമെന്റിൽനിന്ന് കവർന്ന അധികാരം നടപ്പാക്കുക മാത്രമല്ല, തുടർന്നുള്ള എല്ലാ നടപടിക്രമവും കോടതി കൈകാര്യം ചെയ്യുമെന്ന ജനാധിപത്യവിരുദ്ധ സമീപനവും വിധിയിൽ കാണാം.
ജാതി സെൻസസ് അനിവാര്യം
ഇപ്പോൾ പുറത്തുവന്ന വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത് കൃത്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ വേണം സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ ലിസ്റ്റിലെ പിന്നാക്കം നിൽക്കുന്ന ജാതി-ഗോത്രവർഗ വിഭാഗങ്ങളെ തരംതിരിക്കാൻ എന്നാണ്. പക്ഷേ, ഒരുവിധ ഡേറ്റയും വിശകലനം ചെയ്യാതെയാണ് പട്ടികജാതി ലിസ്റ്റിൽ മേൽത്തട്ടും കീഴ്ത്തട്ടും ഉണ്ടെന്നും ജാതികൾ തമ്മിൽ അയിത്തമുണ്ടെന്നും കോടതി കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്തിലെ ജാതികളെക്കുറിച്ചുള്ള ഒരു അക്കാദമിക് പഠനം മാത്രമാണ് വിധിയിലെ പ്രധാന പരാമർശം. ദേശീയ പട്ടികജാതി ഗോത്ര കമീഷനുകളെല്ലാം നോക്കുകുത്തി മാത്രം!
വ്യത്യസ്ത സാമുദായിക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സാഹചര്യത്തെക്കുറിച്ചും; വിവിധ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ചും വ്യക്തമായ സ്ഥിതിവി വരക്കണക്കുകൾ ശേഖരിക്കേണ്ടതുണ്ട്. എസ്.സി/എസ്.ടി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ പ്രാതിനിധ്യവും സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ ലഭിക്കേണ്ടതുമുണ്ട്. ഈ വിഭാഗങ്ങളുടെ കാര്യത്തിൽ സെൻസസ് കമീഷൻ റിപ്പോർട്ടുക ളുണ്ടെങ്കിലും, ജാതി-ഉപജാതി വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പദവികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. സമഗ്രമായ ജാതി സെൻസസ് നടത്തി വിവരങ്ങൾ ലഭ്യമാക്കുന്നതുവരെ സംവരണവുമായി ബന്ധപ്പെട്ട എല്ലാതരം നിയമനിർമാണങ്ങളും നിർത്തിവെക്കാൻ പാർലമെന്റും ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തീരുമാനമെടുക്കണം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.