നമുക്ക് നാമേ പണിവതു നാകം....
text_fieldsപിന്നിട്ട ജീവിതയാത്രയെക്കുറിച്ചുള്ള ആലോചനകളിൽ കുട്ടിക്കാല ഓർമകളാണല്ലോ ആദ്യം വരുക. ആദ്യം പഠിച്ച സ്കൂൾ, സ്കൂളിലേക്കുള്ള നടവഴികൾ, കുഞ്ഞുന്നാളിലെ കൂട്ടുകാർ. അവയെല്ലാം അവ്യക്തമായ ഓർമ പോൽ നമ്മുടെ മനസ്സിൽ മിന്നിമറയും. അക്കാലത്തെ സൗഹൃദങ്ങളിൽ വ്യത്യസ്തരായ ചിലരെ വ്യക്തതയോടെ എക്കാലവും നാം ഓർക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു സുഹൃത്തിന്റെ കഥയാണിത്.
കുഞ്ഞുന്നാളിലേ ഒരു പരാതിപ്പെട്ടി ആയിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽ അത് സ്വാഭാവികവുമാണ്. എന്നാൽ, പ്രായമേറെ കഴിഞ്ഞിട്ടും ആ പ്രകൃതത്തിന് മാറ്റമുണ്ടായില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞു. ഞങ്ങൾ സഹപാഠികൾ പലരും പല വഴിക്കായി. വിവിധ ഉദ്യോഗങ്ങളിൽ എത്തിയവർ ഉണ്ട്, ബിസിനസ് ചെയ്യുന്നവരുണ്ട്, പ്രവാസികളുണ്ട്... അങ്ങനെ പല നാടുകളിൽ പല മേഖലകളിൽ ഞങ്ങൾ പ്രവർത്തിച്ചുവരുന്നു.
കുറെനാൾ മുമ്പ് സഹപാഠികളിൽ ചിലർ ഈ സുഹൃത്തിനെ സന്ദർശിച്ചിരുന്നു. പോസിറ്റിവ് ആയ ഒന്നും അദ്ദേഹത്തിന്റെ സംഭാഷണത്തിൽ ഉണ്ടായിരുന്നില്ലത്രെ. ‘‘നമ്മൾ എല്ലാവരും ഒരുമിച്ചു പഠിച്ചു. നിങ്ങളെല്ലാവരും ഉന്നത നിലയിൽ എത്തി. ഞാനും നന്നായി പഠിക്കുമായിരുന്നു. നിങ്ങൾക്കൊക്കെ നല്ല ഭാഗ്യമുണ്ടായി. എനിക്ക് അതുണ്ടായില്ല’’ -സ്വയം പരിതപിച്ചുള്ള വർത്തമാനങ്ങളാണ് കൂടുതലും പറഞ്ഞത്. ഞങ്ങളുടെ കൂട്ടത്തിലെ ഒരാളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു: ‘‘കണക്കിൽ അവനേക്കാൾ അഞ്ച് മാർക്ക് കൂടുതലായിരുന്നു എനിക്ക്. അവനിപ്പോൾ കണക്ക് പ്രഫസറായി. എന്റെ വിധി ഇതുമായി.’’ മത്സരപ്പരീക്ഷയിൽ ഉന്നത വിജയം നേടിയ മറ്റൊരാളെക്കുറിച്ചുള്ള കമന്റും ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു. ‘‘സ്കൂൾ കാലത്ത് എന്റെ മുന്നിൽ അവൻ ഒന്നുമല്ലായിരുന്നു. എന്താണെന്നറിയില്ല, അവന് ഭാഗ്യമുണ്ടായി.’’
ഇതൊന്നും വിധിയല്ല, നമുക്ക് തിരുത്താവുന്ന കാര്യങ്ങളാണ് എന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. അദ്ദേഹത്തിന്റെ ഈ മനോഭാവം പിന്നീട് ഞങ്ങൾക്കിടയിൽ സജീവ ചർച്ചാവിഷയമായി. നിങ്ങൾ ആരെക്കാളും താഴെയല്ല, നമ്മുടെ ചിന്താഗതിയും കാഴ്ചപ്പാടും ഒരൽപം മാറ്റി കഠിനാധ്വാനത്തിന് തയാറെങ്കിൽ എല്ലാവരെക്കാളും വേഗത്തിൽ മുന്നോട്ട് നീങ്ങാൻ സാധിക്കും എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ മാറ്റിയെടുക്കാൻ ശ്രമിച്ചാലോ എന്ന് ഞാൻ സൂചിപ്പിച്ചു.
എന്നാൽ, ഭൂരിഭാഗം പേരും അതിനോട് വിയോജിച്ചു. പലതവണ അത്തരം ശ്രമങ്ങൾ നടത്തി പരാജയപ്പെട്ട അനുഭവമാണ് അവർ പങ്കുവെച്ചത്. സ്വന്തമായി നിർമിച്ച കൂടിനകത്തുനിന്ന് പുറത്തുവരാൻ കൂട്ടാക്കാത്ത വ്യക്തിയാണെന്നും മറ്റുള്ളവരുടെ ഉയർച്ചയിൽ പരിതപിക്കുന്നതിനപ്പുറം സ്വന്തം നിലക്ക് ഒരു ചുവട് വെക്കാൻ അയാൾക്ക് താൽപര്യമില്ലെന്നും ചില കൂട്ടുകാർ തീർത്തുപറഞ്ഞു. എന്നാലും അവസാന ശ്രമം എന്ന നിലക്ക് ഞാൻ അദ്ദേഹത്തെ കണ്ടു. ഒരു ബിസിനസ് തുടങ്ങുന്നത് സംബന്ധിച്ച നിർദേശവും മുന്നിൽ വെച്ചു. നിഷേധാത്മകമായിരുന്നു മറുപടി. ‘‘കച്ചവടത്തിൽ നഷ്ടത്തിനൊക്കെ സാധ്യതയില്ലേ. ഇങ്ങനെയൊന്നും ചെയ്യാതെത്തന്നെ നിങ്ങളേക്കാൾ ഉയരത്തിൽ എത്തേണ്ടവനല്ലേ ഞാൻ, എനിക്ക് അതിന് വിധിയുണ്ടായില്ല. നിങ്ങളെ ആരെയും ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. എന്റെ വിധി ഇതെന്ന് കരുതി ഉള്ളതുപോലെ കഴിഞ്ഞുകൊള്ളാം...’’
കുറച്ച് നാളുകൾക്കു ശേഷം പത്രത്തിലെ ചരമക്കോളത്തിൽ അദ്ദേഹത്തിന്റെ ചിത്രവും വാർത്തയും വന്നു. മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന സ്വാഭാവിക സംഗതിയാണ്. പക്ഷേ, അദ്ദേഹത്തിന്റെത് അസ്വാഭാവിക മരണമായിരുന്നു; ആത്മഹത്യ. ഞെട്ടലുളവാക്കുന്ന ആ വാർത്ത ഞങ്ങൾക്കിടയിൽ ഒരു ദുരന്ത പ്രതീതിയാണ് സൃഷ്ടിച്ചത്. അദ്ദേഹത്തെ സമാധാനപരമായ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തതിലെ കുറ്റബോധമായിരുന്നു ഏവർക്കും. സുഹൃത്തുക്കളിലൊരാൾ “You can lead a horse to water, but you can't make them drink” (നിങ്ങൾക്ക് കുതിരയെ വെള്ളത്തിനടുത്തേക്ക് കൊണ്ടുപോകാൻ സാധിക്കും. പക്ഷേ, വെള്ളം കുടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കുതിരയാണ്) എന്ന പഴമൊഴി ഓർമിപ്പിച്ചതോടെയാണ് ഞങ്ങൾ അന്ന് ആ സംസാരം നിർത്തിയത്.
സുഹൃത്തിന്റെ ഈ ദുരന്തപര്യവസാനം എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. എന്തുകൊണ്ട് ഇത്തരം വ്യക്തികൾ രൂപപ്പെടുന്നു, അവരെ എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും എന്നിത്യാദി കാര്യങ്ങൾ ആഴത്തിൽ ആലോചിച്ചു. ആരും എത്തിപ്പെട്ടേക്കാവുന്ന ഒരവസ്ഥയാണിത്. ആവശ്യമില്ലാത്ത താരതമ്യങ്ങളിൽ മുഴുകാതിരിക്കുക എന്നതാണ് അതിനെ മറികടക്കാൻ ഒന്നാമതായി നാം ചെയ്യേണ്ടത്. ഒരാൾക്ക് വിദേശത്ത് പഠിക്കാൻ അവസരം ലഭിക്കുന്നതോ മറ്റൊരാൾക്ക് ഉന്നത പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിക്കുന്നതോ നമ്മുടെ വഴിത്താരയെ ഒരുതരത്തിലും ബാധിക്കുന്നില്ല എന്ന് തിരിച്ചറിയണം.
ആരോഗ്യകരമായ മനസ്സോടെ ആ സുഹൃത്തിന്റെ നേട്ടങ്ങളെ ആദരിക്കാനും ബഹുമാനിക്കാനും, താൻകൂടി അതിന്റെ ഭാഗമാണല്ലോ എന്ന് കണ്ട് ആഹ്ലാദം കൊള്ളാനും സാധിക്കണം. വിധിയെയും തലവരയെയും പഴിക്കാതിരിക്കുക എന്നതാണ് മറ്റൊന്ന്. നമ്മുടെ തലവര സൃഷ്ടിക്കുന്നതും മാറ്റിയെടുക്കേണ്ടതും നമ്മൾതന്നെയാണ്. അതിന് കഠിനാധ്വാനവും പരിശ്രമവും ആത്മവിശ്വാസവും തെളിമയാർന്ന മനസ്സും കൂടിയേ തീരൂ.
വ്യക്തിപരമായ സ്നേഹബന്ധങ്ങൾ വെച്ചുപുലർത്തുന്ന മനുഷ്യർ ഇത്തരം കാര്യങ്ങൾ സംവദിച്ചും ആശയവിനിമയം നടത്തിയും പരസ്പരം സാന്ത്വനമേകണം. ഒരാൾക്ക് നൽകുന്ന സാമ്പത്തിക പിന്തുണയേക്കാൾ മഹത്തരമാണ് അപകട സന്ധികളിൽ മാനസിക പിന്തുണ നൽകുക എന്നുള്ളത്. ഒരു സാധു മനുഷ്യന് ഒരു കിലോ മത്സ്യം കൊടുക്കുന്നതിനേക്കാൾ നല്ലത് മത്സ്യം പിടിക്കാനുള്ള വിദ്യ അയാൾക്ക് പഠിപ്പിച്ചു കൊടുക്കുന്നതാണ് എന്ന് പറയുന്ന പോലെയാണത്. ആ അറിവ് ഉപയോഗപ്പെടുത്തി ജീവിതാവസാനം വരെ വിഷമങ്ങളില്ലാതെ ജീവിക്കാൻ അയാൾക്ക് സാധിക്കും.
സ്കൂളുകളിൽ മുൻപറഞ്ഞ മനോഭാവമുള്ള കുട്ടികളെ കണ്ടെത്താനും അവരെ മാറ്റിയെടുക്കാനും അധ്യാപകരും സഹപാഠികളും രക്ഷിതാക്കളും ശ്രമിക്കണം. ഉദ്യോഗ രംഗത്തും പൊതുരംഗത്തുമെല്ലാം ഇത് ബാധകമാണ്. ഇങ്ങനെ നാം തെളിക്കുന്ന സ്നേഹത്തിന്റെ ചെറുതിരികൾ പ്രകാശ നാളങ്ങളായി ഒരാളിൽനിന്ന് മറ്റൊരാളിലേക്കും തലമുറകളിൽനിന്ന് തലമുറകളിലേക്കും സഞ്ചരിക്കും. മനോഹരമായ സമൂഹ സൃഷ്ടിയിൽ നമ്മളുമൊരു കണ്ണിയാണെന്ന നിർവൃതി ലഭിക്കുകയും ചെയ്യും.
ഫ്രഞ്ച് ചിന്തകൾ വോൾട്ടയർ ഇങ്ങനെ പറയുന്നു:
‘‘നമ്മൾ ദുരിതത്തിലായിരിക്കുമ്പോഴും എല്ലാം ശരിയാകുമെന്ന് ശഠിക്കുന്ന ഉന്മാദാവസ്ഥയാണ് ശുഭാപ്തിവിശ്വാസം.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.