ഉച്ചഭക്ഷണത്തിലും കുടിവെള്ളത്തിലും ജാതിവിഷം കലർത്തുന്ന സ്കൂളുകൾ
text_fieldsസ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷം ഉച്ഛസ്ഥായിയിലായ വേളയിൽതന്നെയാണ് കുടിവെള്ള പാത്രത്തിൽനിന്ന് വെള്ളമെടുത്തുകുടിച്ചു എന്നതിന്റെ പേരിൽ രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ വിദ്യാലയത്തിൽ ഇന്ദ്രാ മേഗ് വാൾ എന്ന ദലിത് ബാലൻ ജാതിക്കൊലപാതകത്തിനിരയായ വാർത്ത ലോകമറിയുന്നത്. കുട്ടികൾക്ക് അറിവും അനുകമ്പയും പറഞ്ഞുകൊടുക്കേണ്ട അധ്യാപകന്റെ ക്രൂരമർദനം വരുത്തിയ പരിക്കുകളോടെ ഏതാനും ദിവസം മൃതപ്രായനായി വിവിധ ആശുപത്രിയിൽ അവന്‍ കിടന്നു. ഒടുവിൽ, സ്വാതന്ത്ര്യപ്പുലരിയുടെ തലേന്ന് അവൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണം സംഭവിച്ചതുകൊണ്ടുമാത്രമാണ് ഈ വാർത്ത പുറംലോകമറിഞ്ഞത്. സമാന അതിക്രമങ്ങൾ പലരൂപങ്ങളിലായി രാജ്യത്തെ പല വിദ്യാലയങ്ങളിലും സംഭവിക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ, നമ്മുടെ രാജ്യത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപരിപാടിയെ (Mid-Day Meal- MDM-Programme) 'ജാതിവിഷം' എങ്ങനെ നശിപ്പിക്കുന്നു എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
രാജ്യത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും എൻറോൾമെൻറ് വർധിപ്പിക്കുന്നതിനും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഹാജർനില വർധിപ്പിക്കുന്നതിനുമായി എല്ലാ അധ്യയനദിനങ്ങളിലും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണപദ്ധതി നടത്തുന്നുണ്ട്. 1.27 ദശലക്ഷത്തിലധികം സ്‌കൂളുകളിലും മറ്റുചില വിദ്യാഭ്യാസ ഗാരന്റി സ്കീം സെന്ററുകളിലുമായി 120 ദശലക്ഷം കുട്ടികൾക്ക് സേവനം നൽകുന്ന പദ്ധതി ലോകത്തുതന്നെ ഇത്തരത്തിൽ നടക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്.
ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരിയിൽ 1930 മുതൽ ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, 1960കളുടെ തുടക്കത്തിൽ കെ. കാമരാജ് മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാട്ടിലാണ് ഉച്ചഭക്ഷണപദ്ധതി ആദ്യമായി ആരംഭിച്ചത്.പൗരാവകാശ സംഘടനയായ പീപിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) രാജസ്ഥാൻ ഘടകം 'ഭക്ഷണം അവകാശം' എന്ന വിഷയത്തിൽ നൽകിയ ഹരജി തീർപ്പാക്കിക്കൊണ്ട് 2001 നവംബർ 28ന്, സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരമാണ് രാജ്യത്തെ എല്ലാ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലും ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കപ്പെടുന്നത്.2021 സെപ്റ്റംബറിൽ പദ്ധതിയുടെ പേര് PM-POSHAN (പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ) സ്കീം എന്നാക്കി മാറ്റിയിട്ടുണ്ട്. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയിലും സ്‌കൂൾ ഉച്ചഭക്ഷണപദ്ധതി വരുന്നുണ്ട്.
സ്കൂൾ ഉച്ചഭക്ഷണത്തിലെ ദലിത് വിവേചനം
2015-16ലെ ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ പറയുന്നത്, രാജ്യത്തെ 39 ശതമാനം കുട്ടികളെങ്കിലും വിട്ടുമാറാത്ത പോഷകാഹാരക്കുറവുള്ളവരാണ് എന്നാണ്. ഉച്ചഭക്ഷണപദ്ധതി ആരംഭിക്കുകയും കുട്ടികളുടെ പോഷകാഹാരലഭ്യത ഉറപ്പാക്കൽ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിന് കീഴിൽ നടപ്പാക്കുകയും ചെയ്തപ്പോൾ, നമ്മുടെ നയരൂപകർത്താക്കളുടെ മനസ്സിലുണ്ടായിരുന്നത് വലിയ സ്വപ്നങ്ങളാണ്. ജാതിഭേദമില്ലാതെ എല്ലാ കുട്ടികളും ഒരുമിച്ചിരുന്ന് ഒരേ പാചകശാലയിൽ തയാറാക്കിയ ഒരേതരം ഭക്ഷണം കഴിക്കുമ്പോൾ സാഹോദര്യത്തിന്റെ വികാരങ്ങൾ ജനിപ്പിക്കുമെന്നും ജാതിയുടെ വേലിക്കെട്ടുകൾ തകർക്കുമെന്നും നാം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല.
2017ല്‍ ഹിമാചൽപ്രദേശിലെ കുളു ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ റേഡിയോ പ്രക്ഷേപണസമയത്ത്, അധികൃതർ ദലിത് വിദ്യാർഥികളെ മാറ്റിനിർത്തിയ വിവാദത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍, പല സ്‌കൂളിലേയും ജാതിവിവേചനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നു. പ്രത്യേകിച്ച്, ഉച്ചഭക്ഷണസമയത്ത് ഇത്തരം മാറ്റിനിർത്തലുകൾ പതിവാണെന്ന ആരോപണങ്ങളും പല കോണിൽനിന്ന് ഉയർന്നുവന്നു. ചില വിദ്യാർഥികൾ ജില്ല മജിസ്ട്രേട്ടിന് ഇതേക്കുറിച്ച് കത്തെഴുതി. പ്രിൻസിപ്പലും പാചകക്കാരനും ഉയർന്ന ജാതിയിൽപെട്ടവരുമാണ് ഇത് തുടരുന്നതിനുള്ള ഉത്തരവാദികൾ എന്നവർ വിമർശനം ഉന്നയിച്ചു.
ഭക്ഷണത്തിനുള്ള അവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും സാർവത്രികമാക്കാൻ ലക്ഷ്യമിടുന്ന മഹത്തായ ഒരു പദ്ധതിയിലേക്കുപോലും രാജ്യത്തെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ജാതിവ്യവസ്ഥയുടെ മാരകവിഷം കലർത്തപ്പെടുന്നു എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്.ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ഒഡിഷ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസ് (IIDS) 2014ൽ നടത്തിയ പഠനത്തിൽ ഉയർന്ന ജാതിയിലുള്ള കുട്ടികളുമായി താരതമ്യംചെയ്യുമ്പോൾ 'നിലവാരമില്ലാത്ത' ആഹാരമാണ് ദലിത് കുട്ടികള്‍ക്ക് നൽകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പഠനത്തിന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിൽ പങ്കെടുത്ത 30 ശതമാനം ദലിത് കുട്ടികളും രക്ഷിതാക്കളും തങ്ങൾക്ക് കുറഞ്ഞ അളവിലാണ് സ്‌കൂളുകളിൽനിന്ന് ഭക്ഷണം നൽകുന്നതെന്ന് തുറന്നുപറഞ്ഞിരുന്നു. 14 ശതമാനം പേർ ഉയർന്നജാതിയിലുള്ള കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ, ദലിത് കുട്ടികളെ അനുവദിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചു. 20 ശതമാനം കുട്ടികളും ക്രമരഹിതമായി സ്‌കൂളിൽ പോകുകയും ഇത്തരം വിവേചനം കാരണം സ്‌കൂളിൽ പോകുന്നതിൽ താൽപര്യമില്ലാതിരിക്കുകയും ചെയ്യുന്നതായും ഈ റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജാതിവിവേചന കഥകൾ ഇവിടെ അവസാനിക്കുന്നില്ല. 2015ൽ ജോധ്പുരിലെ സർക്കാർ സെക്കൻഡറി ഹൈസ്‌കൂളിലെ ഒരു ദലിത് വിദ്യാർഥിക്ക്, ഉയർന്നജാതിയിലുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്ന പ്ലേറ്റിൽ തൊട്ടതിന് ക്രൂര മർദനമേൽക്കേണ്ടിവന്ന റിപ്പോർട്ട് പുറത്തുവന്നു. പല സ്കൂളും ദലിത് കുട്ടികളോട് വീട്ടിൽനിന്ന് സ്വന്തം പ്ലേറ്റുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. പലയിടത്തും ദലിത് കുട്ടികള്‍ക്ക് അവസാനം മാത്രം വിളമ്പുന്നു എന്നതെല്ലാം ഇനിയും ഗൗരവത്തോടെ പരിശോധിക്കാന്‍ നമുക്കാവുന്നില്ല.
ഉയർന്നജാതിക്കാരായ കുട്ടികൾ ഉപയോഗിക്കുന്ന ടാപ്പിൽനിന്ന് വെള്ളമെടുത്ത് കുടിക്കാൻ ദലിത് കുട്ടികള്‍ക്ക് പലയിടത്തും അനുവാദമില്ല. ദലിത് കുട്ടികളെ സ്പർശിക്കാതിരിക്കാൻ സവർണ അധ്യാപകരും പാചകക്കാരും ദൂരെനിന്ന് അവരുടെ പ്ലേറ്റുകളിലേക്ക് ഭക്ഷണം വലിച്ചെറിയുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2007ല്‍ ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച്, റീജ്യനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ എന്നിവര്‍ ചേർന്ന് നടത്തിയ പഠനത്തിൽ കർണാടകയിൽ സ്‌കൂൾ ഉച്ചഭക്ഷണപരിപാടിയിൽ പൊതുവില്‍ ജാതിവിവേചനം നിലനില്‍ക്കുന്നതായി കണ്ടെത്തുകയുണ്ടായി.
2008ലെ ദലിത് അവകാശങ്ങൾക്കായുള്ള ദേശീയ കാമ്പയിൻ, സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക അവകാശങ്ങൾക്കായുള്ള യു.എൻ കമ്മിറ്റിയുടെ റിപ്പോർട്ടും രാജ്യത്തെ സ്കൂള്‍ ഉച്ചഭക്ഷണപരിപാടിയിലെ ജാതിവിവേചനത്തിലേക്ക് വെളിച്ചംവീശുന്ന നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ജാതിസംഘർഷങ്ങളുടെ കാലത്ത് പലയിടത്തും ദലിത് കുട്ടികൾക്ക് ഭക്ഷണം നിഷേധിക്കപ്പെടുന്നുവെന്നും ഇവിടെയെല്ലാം വിദ്യാഭ്യാസത്തിലും വിദ്യാലയ നടത്തിപ്പിലും സവർണസമുദായങ്ങളുടെ വലിയ ആധിപത്യമാണ് നിലനില്‍ക്കുന്നതെന്നും യു.എൻ കമ്മിറ്റിയുടെ റിപ്പോർട്ട് പറയുന്നു.
2013ൽ, പട്ടികജാതി-വർഗ ക്ഷേമത്തിനായുള്ള പാർലമെന്ററി കമ്മിറ്റി തൊട്ടുകൂടായ്മയെ അപലപിച്ചുകൊണ്ട് ഒരു റിപ്പോർട്ട് പുറത്തിറക്കി. ഇതേത്തുടർന്ന് വിഷയം അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ് നടത്തിയ കണ്ടെത്തലുകൾ പലതും ഭയപ്പെടുത്തുന്നതായിരുന്നു. ഉച്ചഭക്ഷണപദ്ധതിയുടെ സ്‌കീമിന് കീഴിൽ, തൊട്ടുകൂടായ്മയും ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും സംബന്ധിച്ച് മോശം പ്രകടനം നടത്തുന്ന രാജ്യത്തെ 144 ജില്ലകളുടെ പട്ടികയും മാനവ വിഭവശേഷി വികസനമന്ത്രാലയം തയാറാക്കി.
അയിത്തവും വിവേചനവും പുലർത്തുന്നവർക്ക്, പ്രവർത്തിക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും മുൻകൂട്ടി അറിയിക്കാതെ സ്‌കൂളുകൾ സന്ദർശിച്ച് ഇത്തരം വിവേചനങ്ങൾ നടക്കുന്നുണ്ടോ എന്ന് പതിവായി പരിശോധിക്കണമെന്നും പാര്‍ലമെന്‍ററി കമ്മിറ്റി ശിപാർശ ചെയ്തു. എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഈ നിർദേശങ്ങളിൽ സർക്കാർ എന്തെങ്കിലും നടപടി കൈക്കൊണ്ടതായി അറിവില്ല. വിദ്യാലയങ്ങളിലെ തൊട്ടുകൂടായ്മയെ നേരിടാൻ നിയമപരവും സാമൂഹികവുമായ പരിഹാരങ്ങൾ ആവശ്യമാണെന്നും നിയമമണ്ഡലത്തിൽ, പട്ടികജാതി-വർഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989 ഭേദഗതി ചെയ്യണമെന്നും ജാതിവിവേചനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരന്തരമായി എഴുതുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിലെ ഗവേഷക നിധി സബർവാൾ തന്റെ ഒരു പഠനത്തിൽ നിർദേശിക്കുന്നു.
ഉദാഹരണത്തിന്, 'ദലിത് കുട്ടികളെ ഭക്ഷണം വിളമ്പാൻ അനുവദിക്കാതിരിക്കുക, ദലിത് പാചകക്കാരെ ജോലിക്കെടുക്കാതിരിക്കുക, വിളമ്പുന്ന ഭക്ഷണത്തിന്റെ അളവിലും വിളമ്പുന്ന ക്രമത്തിലും വിവേചനം കാണിക്കുക... ഇവയെല്ലാം ശിക്ഷാർഹമായ കുറ്റങ്ങളായി പുതിയ നിയമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അപ്പോൾ നിയമം ഈ സമ്പ്രദായങ്ങളെ തടയും'.മാനവികതയുടെ പാരമ്പര്യശ്രേണിയിൽ ജാതിവ്യവസ്ഥ എന്നത് മനുഷ്യാവകാശ നിയമങ്ങളുടെയും ഇന്ത്യൻ ഭരണഘടനയുടെയും അടിസ്ഥാനമായ ആശയത്തിന് കടകവിരുദ്ധമാണ്. എല്ലാവരും തുല്യരായി ജനിക്കുകയും മനുഷ്യനെന്ന ഗുണത്താൽ തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
ഉച്ചഭക്ഷണപദ്ധതിയിൽ ജാതീയതയുടെ കുറ്റവാളികളെ നിരോധിക്കുന്നതിലും ശിക്ഷിക്കുന്നതിലും ഇന്ത്യൻ ഗവൺമെന്റിന്റെ പരാജയം, അങ്ങനെ അതിന്റെ ജനങ്ങളോടുള്ള ധാർമിക കടമകളുടെയും ദേശീയ-അന്തർദേശീയ നിയമങ്ങൾക്ക് കീഴിലുള്ള ബാധ്യതകളുടെയും പരാജയമായിരിക്കും.
സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവം കൊണ്ടാടുന്ന വേളയിലെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ക്ക് അറുതിവരുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയണം. അതിന് വൈകുന്ന ഓരോ നിമിഷവും ഇന്ദ്രാ മേഗ്വാളിനെപ്പോലുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കുറ്റത്തിൽനിന്ന് എനിക്കോ നിങ്ങൾക്കോ ഒഴിഞ്ഞുനിൽക്കാനാവില്ല.
(ആക്ടിവിസ്റ്റും റിട്ട. അധ്യാപകനുമായ ലേഖകന്‍ സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുടെ ദേശീയ റിവ്യൂ മിഷനില്‍ സുപ്രീംകോടതിയുടെ പ്രതിനിധിയായിരുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.