ശാസ്ത്രവാദി
text_fieldsശാസ്ത്രീയമനോഭാവത്തോടെ വേണം കാര്യങ്ങളെ സമീപിക്കാനെന്ന് നമ്മെ പഠിപ്പിച്ചത് സാക്ഷാൽ നെഹ്റുവാണ്. ശാസ്ത്രാവബോധം വളർത്തണമെന്ന് ഭരണഘടന അതിന്റെ 11 പൗരബാധ്യതകളിലൊന്നായി ഓരോ ഇന്ത്യക്കാരനെയും ഓർമപ്പെടുത്തുകയും ചെയ്യുന്നു. ഇതാണ് അടിസ്ഥാനപരമായി ശാസ്ത്രത്തോടുള്ള നമ്മുടെ നാടിന്റെ സമീപനം. നെഹ്റുവിനെയും ഭരണഘടനയെയുമൊക്കെ നമ്മുടെ ഭരണകൂടം തന്നെ മറന്നുപോയ ഈ നാളുകളിൽ അക്കാര്യം ആരെങ്കിലും ഓർമപ്പെടുത്തിയാൽ അദ്ദേഹത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?
പക്ഷേ, ശാസ്ത്രീയ മനോവൃത്തിയെക്കുറിച്ച് വിദ്യാർഥികളോട് സംവദിച്ച സഖാവ് എ.എൻ. ഷംസീറിന് പൂച്ചെണ്ടല്ല, കല്ലേറാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മിത്തിനുപകരം നിങ്ങൾ ശാസ്ത്രത്തെ പ്രതിഷ്ഠിക്കൂവെന്ന് ഉപദേശിച്ച അദ്ദേഹത്തിനുനേരെ കാവിപ്പട തലങ്ങും വിലങ്ങും പാഞ്ഞടുത്തുകൊണ്ടിരിക്കുകയാണ്; ചിലർ തൊടുപുഴയിലെ ജോസഫ് മാഷിന്റെ കാര്യമൊക്കെ പരസ്യമായിത്തന്നെ ‘ഓർമിപ്പിക്കു’ന്നുണ്ട്; തെരുവിലവർ കൊലവിളി മുദ്രാവാക്യങ്ങളുമായി നടക്കുമ്പോഴും പാർട്ടിക്കും പൊലീസിനുമൊന്നും കാര്യമായ കുലുക്കമില്ലാത്തതെന്തുകൊണ്ടാകും?
കേവലമൊരു സഖാവ് മാത്രമല്ല, സഭയുടെ നാഥൻ കൂടിയാണ് ഷംസീർ. ആ നിലയിൽ സർക്കാറിന്റെ നയങ്ങളുടെയും നിലപാടുകളുടെയും പ്രചാരകൻകൂടിയാകണം സ്പീക്കർ. ഓർമയില്ലേ, രണ്ടാം പിണറായിസർക്കാറിന്റെ സത്യപ്രതിജ്ഞാനന്തരം രണ്ട് കാര്യങ്ങളാണ് മുഖ്യൻ വാഗ്ദാനംചെയ്തത്. സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കുമെന്നായിരുന്നു അതിലാദ്യത്തേത്. അതിദരിദ്രരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു; അവർക്കായുള്ള ചില പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളീയരിൽ ശാസ്ത്രാവബോധം വളർത്തുമെന്നായിരുന്നു രണ്ടാമത്തെ വാഗ്ദാനം. അതുപക്ഷേ, പ്രഖ്യാപിച്ച പിണറായിപോലും മറന്നുപോയി. അന്താരാഷ്ട്ര യോഗദിനത്തിൽ വിവിധ ആസനങ്ങളിൽ ഫോട്ടോക്ക് പോസ് ചേയ്ത് സോഷ്യൽ മീഡിയയിൽ മത്സരിക്കുന്ന കാബിനറ്റ് അംഗങ്ങളെയൊക്കെ ജനങ്ങൾക്ക് കാണേണ്ടിവരുന്നത് അതുകൊണ്ടാണ്. പലപ്പോഴും മിത്തുകൾക്കും പാരമ്പര്യങ്ങൾക്കും ശാസ്ത്രം കീഴ്പ്പെടുന്ന കാഴ്ച. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പാലം പണിവരെ തുടങ്ങുന്നത് പൂജാവിധികളോടെയാണ്. ഇങ്ങനെ സ്വന്തം സഖാക്കൾപോലും നിലവിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ഷംസീറിന്റെ ശാസ്ത്രപ്രഭാഷണം.
കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പതിവുപോലെ, നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങാണ്; പക്ഷേ, സഖാവിന്റെ പ്രസംഗം അടിമുടി ശാസ്ത്രം മാത്രമായിരുന്നു. ‘‘പാഠപുസ്തകങ്ങളിൽ ശാസ്ത്രത്തിനുപകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണിപ്പോൾ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. വിമാനം കണ്ടുപിടിച്ചതിന്റെ ഉത്തരം എന്റെ കാലത്ത് റൈറ്റ് ബ്രദേഴ്സ് ആണ്.
പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നും ഇപ്പോൾ പറയുന്നു. ശാസ്ത്ര സാങ്കേതികരംഗം വികസിക്കുമ്പോൾ സയൻസിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാർ എന്നെഴുതിയാൽ തെറ്റാകുന്നതും പുഷ്പകവിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകാത്തവർ ഐ.വി.എഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. ട്രീറ്റ്മെന്റിൽ ചിലർക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും. ഐ.വി.എഫ് ട്രീറ്റ്മെന്റ് പണ്ടേയുണ്ടെന്നും അങ്ങനെയാണ് കൗരവർ ഉണ്ടായതെന്നും പറയുന്നു. പ്ലാസ്റ്റിക് സർജറി മെഡിക്കൽ സയൻസിലെ പുതിയ കണ്ടുപിടിത്തമാണ്.
പ്ലാസ്റ്റിക് സർജറിയും പുരാണകാലത്തേയുള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാൻ ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു.’’ ഈ ഭാഗമാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്. ‘സ്പീക്കർ ഞങ്ങളുടെ മതത്തെയും ദൈവങ്ങളെയും പരിഹസിച്ചുവെ’ന്നാണ് കൊലവിളിയുടെ ആകെത്തുക.
നമ്മുടെ നാട്ടിൽ ഇതിനുമുമ്പും പലരും പലവട്ടം ഉന്നയിച്ചിട്ടുള്ള വിമർശനംകൂടിയാണിത്. കേന്ദ്രത്തിൽ മോദി വന്നതോടെ പുരാണങ്ങളെയും ഇതിവൃത്തങ്ങളെയും അടിസ്ഥാനമാക്കിയുള്ള പുതിയ ‘ശാസ്ത്രപദ്ധതി’കൾക്ക് വേഗം കൂടിയതോടെ ഈ വിമർശനവും അൽപം കട്ടിയായിട്ടുണ്ട്. 2015 മുതൽ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ ഈ ‘ശാസ്ത്ര’ത്തിന് പ്രത്യേകം സെഷൻതന്നെ അനുവദിക്കാറുമുണ്ട്. 2015ലെ ശാസ്ത്ര കോൺഗ്രസിൽ ക്യാപ്റ്റൻ ആനന്ദ് ജെ. ബോധാസ് എന്ന ഹിന്ദുത്വവാദിയാണ് പുരാണ വിമാന സാങ്കേതികവിദ്യയെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചത്.
അതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് സാക്ഷാൽ മോദിതന്നെ ‘പൗരാണിക പ്ലാസ്റ്റിക് സർജറി’യെക്കുറിച്ചും വാചാലനായി. വൈക്കോലിൽനിന്നും സ്വർണം, മുടിനാരിനെപ്പോലും പിളർത്താൻ കഴിയുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ, പതിനായിരം വർഷങ്ങൾക്കുമുമ്പ് ഗ്രഹാന്തരയാത്ര നടത്തിയതിന്റെ ചരിത്രം, റഡാർ സാങ്കേതികവിദ്യയുടെ രഹസ്യം തുടങ്ങി നമ്മുടെ ‘ശാസ്ത്ര നേട്ട’ങ്ങളുടെ നീണ്ട പട്ടിക തന്നെ ഇക്കൂട്ടർ ഔദ്യോഗിക ശാസ്ത്രവേദികളിൽ തട്ടിവിട്ടിട്ടുണ്ട്. അമർത്യ സെന്നിനെപ്പോലുള്ളവർ അന്നുതന്നെ അതിനെതിരെ രംഗത്തുവരുകയും ചെയ്തിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പ്രത്യേക പ്രതിഷേധം ഷംസീറിന്റെ കാര്യത്തിൽ മാത്രമായി എന്തുകൊണ്ടായിരിക്കും?
ഈ ചോദ്യത്തിന് മറുപടി പറഞ്ഞത് സഖാവ് ഇ.പിയാണ്. പാർട്ടിയുമായും സർക്കാറുമായും ടിയാൻ ഇടഞ്ഞുനിൽക്കുകയാണെങ്കിലം സന്ദിഗ്ധഘട്ടത്തിൽ സംസാരിക്കാൻ സഖാവ് ധൈര്യം കാണിച്ചു. ഷംസീർ മുസ്ലിമായതുകൊണ്ടാണ് ഈ പുകിലെന്ന ഇ.പിയുടെ നിരീക്ഷണത്തിൽ ശരിയുണ്ട്. അതല്ലെങ്കിൽ, ഷംസീറിന്റെ ‘സുന്നത്ത്’ വരെ ഇക്കാര്യത്തിൽ യുവമോർച്ചക്കാർ എടുത്തിടുമായിരുന്നോ? പ്രസംഗങ്ങൾ വിവാദമാകുന്നത് ഷംസീറിന് പുതിയകാര്യമല്ല.
നിയമസഭക്കകത്തും പുറത്തും പലവട്ടം അത് സംഭവിച്ചിട്ടുണ്ട്. സ്പീക്കറായിരിക്കെ, ഷാഫി പറമ്പിൽ അധികപ്രസംഗം നടത്തിയപ്പോൾ ‘അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കു’മെന്ന് ശപിച്ചത് സ്വന്തം റൂളിങ്ങിലൂടെ തിരുത്തിയ കക്ഷിയാണ് ഷംസീർ. ചാനൽ ചർച്ചകളിലും മറ്റും നടത്തിയ സംസാരങ്ങൾ പലകുറി ട്രോളന്മാർക്ക് ചാകരയായി. പക്ഷേ, ഇക്കുറി നടത്തിയത് അതിൽനിന്നെല്ലാം വേറിട്ട ഒന്നായിരുന്നു. അതുകൊണ്ടുതന്നെ, ശാസ്ത്രപ്രഭാഷണത്തിന്റെ കാര്യത്തിൽ ഒരു തിരുത്തുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. സാഹചര്യങ്ങളാണല്ലോ, പലപ്പോഴും പാർട്ടിനയങ്ങളുടെ അടിസ്ഥാനം. പുതിയ സാഹചര്യത്തിൽ, വിശേഷിച്ചും പാർട്ടിയിൽനിന്നും സർക്കാറിൽനിന്നും പരസ്യമായ പിന്തുണ ഇനിയും കിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് മറിച്ചൊരു നയസമീപനമുണ്ടാകുമോ എന്നും കണ്ടറിയണം.
1977 മേയ് 24ന്, തലശ്ശേരിയിൽ ജനനം. കോടിയേരി പാറാൽ ‘ആമിനാസി’ൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മൂന്നു മക്കളിൽ രണ്ടാമൻ. കണ്ണൂർ സർവകലാശാല വിദ്യാർഥി യൂനിയന്റെ പ്രഥമ ചെയർമാനായതോടെയാണ് സംസ്ഥാനരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. നിയമത്തിൽ ബിരുദാനന്തര ബിരുദമുണ്ട്.
2014ൽ, വടകരയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചാണ് പാർലമെന്ററി രാഷ്ട്രീയത്തിന് തുടക്കംകുറിച്ചത്. അക്കുറി മുല്ലപ്പള്ളിയോട് മൂവായിരം വോട്ടിന് തോറ്റു. രണ്ട് വർഷം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ കോടിയേരിയുടെ പിൻഗാമിയായി തലശ്ശേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സഭയിൽ ഭരണപക്ഷത്തിന്റെ പ്രതിരോധനിരയിലെ മിന്നുംതാരമായി ഉയർന്നത് അതിനുശേഷമാണ്. 2021ൽ രണ്ടാമൂഴം ലഭിച്ചപ്പോൾ എല്ലാവരും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചു. പക്ഷേ, സഭയിൽ പ്രതിരോധം തീർക്കാനായിരുന്നു നിയോഗം. പിന്നീട്, ഗോവിന്ദൻ മാസ്റ്റർ മന്ത്രിപദവിയൊഴിഞ്ഞ് സെക്രട്ടറിയായപ്പോഴാണ് സഭാനാഥനായി സ്ഥാനക്കയറ്റം കിട്ടിയത്. ഡോ. പി.എം. സഹലയാണ് ഭാര്യ. ഏകമകൻ: ഇസാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.