രണ്ടാം കര്‍ഷക സമരം; ആഗോള-ആഭ്യന്തര പശ്ചാത്തലങ്ങള്‍
text_fields2020-2021ലെ ശ്രദ്ധേയമായ പ്രതിഷേധങ്ങള്‍ക്കുശേഷം 2024 ഫെബ്രുവരി 13 മുതല്‍ വീണ്ടുമൊരു കർഷക സമരത്തിന് സാക്ഷ്യംവഹിക്കുകയാണ് രാജ്യം. ആയിരക്കണക്കിന് ട്രാക്ടറുകളിലും കാല്‍നടയായും ലക്ഷക്കണക്കിന് കർഷകരാണ് നീണ്ട സമരത്തിന് തയാറെടുത്ത് ഡൽഹിയിലേക്ക് എത്തുന്നത്. 150ലധികം കർഷക സംഘടനകളുടെ മുന്നണിയായ സംയുക്ത കിസാൻ മോർച്ചയും (എസ്.കെ.എം) 100 കർഷക യൂനിയനുകളുടെ പിന്തുണയുള്ള കിസാൻ മസ്ദൂർ മോർച്ചയുമാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നത് സമരത്തിന്റെ വൈപുല്യം വ്യക്തമാക്കുന്നു. 2020ലെ സമരത്തിന്റെ മുൻനിര നേതാക്കളായിരുന്ന രാകേഷ് ടികായത്തും ഗുർനാംസിങ് ചാരുണിയും ഇപ്പോള്‍ രംഗത്തുവന്നിട്ടില്ലെങ്കിലും സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജിത് സിങ് ദല്ലേവാളും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻസിങ് പന്ദേറും സമരത്തിന് ആവേശമായുണ്ട്. എല്ലാ വിളകൾക്കുമുള്ള മിനിമം താങ്ങുവിലക്ക് നിയമപരമായ ഗാരന്റി ഉറപ്പാക്കുക, കാർഷിക പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കുക, കർഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കർഷകർക്കും തൊഴിലാളികൾക്കും പെൻഷൻ ഏര്‍പ്പെടുത്തുക, 2020-21ലെ പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. കര്‍ഷകരുടെ ജീവല്‍ പ്രധാനമായ ഈ ആവശ്യങ്ങളുടെ സാമ്പത്തികമായ അടിസ്ഥാനം മനസ്സിലാക്കിയാല്‍ മാത്രമേ ഈ സമരം എത്രമേല്‍ ന്യായയുക്തമാണ് എന്ന വസ്തുത ബോധ്യപ്പെടുകയുള്ളു.
താങ്ങുവിലയുടെ പ്രാധാന്യം
നെല്ലിനും ഗോതമ്പിനും മാത്രമല്ല, എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയുടെ (എം.എസ്.പി) നിയമപരമായ ഗാരന്റി ഉറപ്പുവരുത്തുക, ഇത് പരമാവധി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാനായി നിലവില്‍ നിർദേശിക്കപ്പെട്ടിട്ടുള്ള ഫോർമുല അനുസരിച്ചുതന്നെ 23 വിളകൾക്ക് എം.എസ്.പി ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുക എന്നതാണ് സമരത്തിന്റെ ഒരു പ്രധാന ആവശ്യം. ആഭ്യന്തര-അന്താരാഷ്ട വിപണികളിലെ അസന്തുലിതാവസ്ഥകളും അസ്ഥിരതകളും സൃഷ്ടിക്കുന്ന ആഘാതങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല എന്നതാണു യാഥാർഥ്യം. വികസിത രാജ്യങ്ങളിലെ കര്‍ഷകരുടെ താൽപര്യ സംരക്ഷണത്തിനുവേണ്ടി ഇന്ത്യന്‍ കര്‍ഷകര്‍ ബലിയാടുകളാവുന്നു എന്ന ആഗോള വസ്തുതയാണ് ഈ ആവശ്യത്തിലൂടെ കര്‍ഷകര്‍ തുറന്നുകാട്ടുന്നത്. അതുപോലെ 60 വയസ്സിന് മുകളിലുള്ള കർഷകർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക സുരക്ഷാ നടപടികൾ സ്വീകരിക്കുക, മഹാത്മാഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് പ്രകാരം കാർഷിക ജോലികൾക്കുള്ള നിശ്ചിത ദിവസവേതനം, 200 ദിവസത്തെ ജോലിയുടെ ഗാരന്റിയോടെ പ്രതിദിനം 700 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ആവശ്യം കാര്‍ഷിക മേഖലയിലെ മുതലാളിത്ത ഉൽപാദനത്തിന്റെ നിലനിൽപിനു അനിവാര്യമായ കാര്‍ഷിക-കാര്‍ഷിക വ്യവസായ മേഖലകളുടെ കൂടുതല്‍ ശക്തമായ സംയോജനമാണ്. നേരിട്ടുള്ള വിപണി പ്രവേശനം ഉറപ്പാക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
വ്യാജ കീടനാശിനികളും വളങ്ങളും ഉൽപാദിപ്പിക്കുന്ന കമ്പനികൾക്കെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവരുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം നടപ്പാക്കുക, നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക, 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക തുടങ്ങിയ മറ്റു ആവശ്യങ്ങള്‍ക്കൊപ്പം സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക, ലോകവ്യാപാര സംഘടനയിൽനിന്ന് പിൻവാങ്ങുക എന്നീ സാമ്രാജ്യത്വ വിരുദ്ധമായ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിട്ടുണ്ട്. ഒരുപക്ഷേ, അവസാനത്തെ ഈ രണ്ട് ആവശ്യങ്ങള്‍ ഇന്നത്തെ ആഗോള സാമ്പത്തിക ക്രമത്തില്‍ അപ്രായോഗികമായിരിക്കാം. എന്നാല്‍, രാജ്യത്തെ കര്‍ഷകരുടെ തീരാത്ത ദുരിതങ്ങള്‍ക്കുള്ള മൂലകാരണം ലോകവ്യാപാര സംഘടനയുടെ തിട്ടൂരങ്ങളും അതിനനുസരിച്ച് തുള്ളുന്ന ഭരണകൂടവുമാണ് എന്നത് അങ്ങേയറ്റം പ്രാധാന്യമുള്ള രാഷ്ട്രീയ-സാമ്പത്തിക വിഷയം തന്നെയാണ്. ഈ മൂലകാരണത്തെ അവഗണിക്കുന്ന സമരമല്ല കര്‍ഷകര്‍ നയിക്കുന്നത് എന്നർഥം. രാജ്യസുരക്ഷയും രാഷ്ട്രത്തിന്റെ ഒന്നാകെയുള്ള സാമ്പത്തിക പുരോഗതിയും ലക്ഷ്യംവെക്കുന്ന അടിസ്ഥാന ആവശ്യങ്ങളായാണ്, അല്ലാതെ കേവലം കര്‍ഷകരുടെ മാത്രം ആവശ്യങ്ങളായല്ല ഇവ മനസ്സിലാക്കപ്പെടേണ്ടത്. കഴിഞ്ഞ സമരത്തോട് ഭരണകൂടം സ്വീകരിച്ച നിഷേധാത്മക നിലപാടിന്റെ ഭാഗമായുണ്ടായ അനിഷ്ട സംഭവങ്ങളുടെ ഓർമകള്‍ ഈ സമരം ഉയര്‍ത്തുന്നുണ്ട്. അതുമായി ബന്ധപ്പെട്ടതാണ് ലഖിംപൂർ-ഖേരിയിലെ കൊല്ലപ്പെട്ട കർഷകർക്ക് നീതി ഉറപ്പാക്കുക, അതിലെ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുക, ആദ്യത്തെ കർഷക സമരത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങള്‍. പൊതുവില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന അസഹനീയമായ സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് ഈ ആവശ്യങ്ങളില്‍ തെളിഞ്ഞുകാണുന്നത്.
ബാരിക്കേഡുകള്‍ മുതല്‍ സൈബര്‍ മര്‍ദനം വരെ
എം.എസ്.പിക്ക് നിയമപരമായ പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ചും ഇന്ത്യയുടെ കാർഷിക നയത്തിലെ സാമ്രാജ്യത്വ താൽപര്യങ്ങളെക്കുറിച്ചും അവയുടെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകള്‍ക്ക് പ്രക്ഷോഭം വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമരത്തെ അടിച്ചമര്‍ത്താനുള്ള ഭരണകൂടനീക്കം മൂന്നാംലോക കര്‍ഷകര്‍ക്കെതിരെയുള്ള ലോകവ്യാപാര സംഘടന വഴിയുള്ള ആഗോള മൂലധനത്തിന്റെ കുത്സിത ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ രൂപംകൊള്ളുന്നതാണ് എന്നു മനസ്സിലാക്കാന്‍ കഴിയും.
2020ൽ കർഷകർക്ക് രാജ്യ തലസ്ഥാനത്തേക്ക് കൂട്ടമായി എത്താൻ കഴിഞ്ഞു. എന്നാൽ, ഇത്തവണ ഭരണകൂടം കര്‍ഷകരുടെ സഞ്ചാര സ്വാതന്ത്യ്രംതന്നെ തടയുന്ന കർശനമായ മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നത്. കമ്പിവേലി, സിമന്റ് ബാരിക്കേഡ് തുടങ്ങിയവകൊണ്ട് ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. ഡൽഹിയിൽ 144 ഏർപ്പെടുത്തിയിരിക്കുന്നു. കര്‍ഷകരുടെ വരവ് തടയാനായി ഹരിയാന- പഞ്ചാബ് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. അംബാല അതിര്‍ത്തിയില്‍ ആയിരക്കണക്കിന് പൊലീസുകാരെ അണിനിരത്തിയിട്ടുണ്ട്. ട്രാക്ടറുകള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ്. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ത്, ഹിസാര്‍, ഫതേഹാബാദ്, സിര്‍സ ജില്ലകളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ആശയവിനിമയം അസാധ്യമാക്കുന്ന സൈബര്‍ മര്‍ദനമാണ് പ്രതിഷേധിക്കുന്ന കർഷകരുടെ ഏകോപനവും അണിനിരക്കാനുള്ള കഴിവും പരിമിതപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങളില്‍ തെളിഞ്ഞുകാണുന്നത്. കർഷക പ്രക്ഷോഭത്തോടുള്ള ഗവൺമെന്റിന്റെ സമീപനം അങ്ങേയറ്റം മൃത്യുരാഷ്ട്രീയപരമാണ്. ആരെയാണ് ജീവിക്കാന്‍ അനുവദിക്കുക, ആരുടെയൊക്കെയാണ് ജീവിക്കാനുള്ള അവകാശം റദ്ദുചെയ്യപ്പെടുക എന്ന അനിശ്ചിതത്വത്തിലാണ് കര്‍ഷകര്‍ സമരരംഗത്തു നിലകൊള്ളുന്നത്. ജനസംഖ്യയുടെ ഒരു പ്രധാന വിഭാഗത്തിന് ഉപജീവന മാർഗത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുപകരം അവരുടെ സാമ്പത്തിക നിലനിൽപിന്മേൽ സർക്കാർ നിരന്തരം അമിതാധികാരം പ്രയോഗിക്കുകയാണ്.
തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്ന സാഹചര്യത്തില്‍പ്പോലും കര്‍ഷകരുടെ സമരത്തോടും അവരുടെ ന്യായമായ അവശ്യങ്ങളോടും ഭരണകൂടം കാട്ടുന്ന നിര്‍മമത, മതഭൂരിപക്ഷ രാഷ്ട്രീയം നല്കുന്ന ലജ്ജാകരമായ ആത്മവിശ്വാസത്തില്‍നിന്ന് രൂപംകൊള്ളുന്നതാണ്. ‘ഇൻഡ്യ’ സഖ്യത്തിന്റെ രൂപവത്കരണത്തോടെ ഉയര്‍ന്ന രാഷ്ട്രീയമായ വെല്ലുവിളിയോട് ബി.ജെ.പി പ്രതികരിച്ചത് എഴുപതുകളില്‍ പയറ്റിയതും, പ്രതിപക്ഷ സംസ്ഥാന ഭരണങ്ങളെ അട്ടിമറിക്കാന്‍ നിരന്തരം ഉപയോഗിച്ചുപോരുന്നതുമായ ആയാറാം ഗയാറാം സമീപനത്തെ ഒന്നുകൂടി തേച്ചുമിനുക്കിക്കൊണ്ടായിരുന്നു. ഇത്തരം കാലുമാറലുകളെ ആഘോഷിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ മാധ്യമങ്ങളെയും കോൺഗ്രസ് വിരുദ്ധരെയും ബി.ജെ.പി സമർഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉള്ളതും ഇല്ലാത്തതുമായ കാലുമാറ്റങ്ങള്‍ ഉച്ചത്തില്‍ ആഘോഷിച്ച് സ്വന്തം ഹിന്ദുത്വ രാഷ്ട്രീയം മുഖംമൂടിയോടെ വിളംബരംചെയ്യാന്‍ അത് പലര്‍ക്കും അവസരം നല്‍കുന്നുണ്ട്. പ്രതിപക്ഷ ഐക്യത്തിന്റെ പ്രഹരശേഷി തകര്‍ക്കാന്‍ കഴിയുന്നതിലുള്ള ആത്മഗര്വം കൂടിയാണ് കര്‍ഷകസമരത്തെ അവഗണിക്കാനും അടിച്ചമര്‍ത്താനും ബി.ജെ.പിയെ പ്രാപ്തമാക്കുന്നത് എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.