പ്രതിച്ഛായ മോശം, കാര്യങ്ങൾ അത്ര മോശമല്ല
text_fieldsപിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ഇൗ ദിവസങ്ങളിൽ രണ്ടു വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സർക്കാറിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാവരും ഒാർമിക്കുന്ന കാലം. 1965 വരെ മാധ്യമങ്ങൾ സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ട് വിഭാഗങ്ങളിൽ ഒതുക്കിയിരുന്നു. ഒന്ന്, സർക്കാറിന് ജനങ്ങളോട് പറയാനുള്ളത്. മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും യാത്രാപരിപാടി ഉൾപ്പെടെയുള്ള അറിയിപ്പുകളും പത്രക്കുറിപ്പുകളും. മറ്റേത് ജനത്തിന് സർക്കാറിനെ അറിയിക്കാനുള്ള സംഗതികൾ. അഭിപ്രായങ്ങളും ആവലാതികളും.
വിമോചനസമരവും കൂടെക്കൂടെയുള്ള തെരഞ്ഞെടുപ്പുകളും എല്ലാം ഉണ്ടായി എന്നത് നേര്. എന്നാൽ, സർക്കാറിനെ വിമർശിക്കുന്നത് അവരുടെ രാഷ്ട്രീയ നയത്തിെൻറ അടിസ്ഥാനത്തിൽ മാത്രം ആയിരുന്നു. സെൽഭരണം, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള അധികാരം, ഭൂനിയമത്തിൽ വേണ്ടതും വേണ്ടാത്തതും എന്തൊക്കെ എന്നിത്യാദി. സർക്കാറിെൻറ വികസന ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടോ, സർക്കാർ ഒാഫിസുകളിലൊക്കെ എന്താണ് നടക്കുന്നത് ഇങ്ങനെയൊന്നും ആരും അന്വേഷിക്കുകയോ വിലയിരുത്തുകയോ ചെയ്തില്ല. സത്യത്തിൽ പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചിയിൽ നടപ്പാക്കിയ പി.എസ്.എസ് സ്കീം-പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ ബില്ലെഴുതി ശമ്പളം കൊടുക്കുന്ന സമ്പ്രദായം, അധ്യാപക നിയമനത്തിന് പരസ്യം വേണമെന്നും അധ്യാപകരെ തോന്നിയപടി പിരിച്ചുവിടരുതെന്നും മറ്റുമുള്ള പ്രമാണങ്ങളൊക്കെ പനമ്പിള്ളി കൊണ്ടുവന്നതാണ്, അതിെൻറ മേനി മുണ്ടശ്ശേരിക്കാണ് ചരിത്രം അറിയാത്ത പലരും ചാർത്തിക്കൊടുക്കുന്നതെങ്കിലും- വന്നതോടെ ആരംഭിച്ചതാണ് അധ്യാപക നിയമനത്തിന് കോഴ വാങ്ങുന്ന രീതി. 1955-56 അധ്യയനവർഷത്തിലാണ് അത് തിരു-കൊച്ചിയിൽ തുടങ്ങിയത്. അക്കാലത്ത് മാധ്യമങ്ങൾ ഇന്നത്തെ മട്ടിലുള്ള ജാഗ്രതയോടെ ഇതൊക്കെ പരിശോധനാവിഷയം ആക്കിയിരുന്നെങ്കിൽ കോഴ സമ്പ്രദായത്തിന് ഇന്ന് കിട്ടിയിട്ടുള്ള പ്രയോഗസാധുത ഉണ്ടാകുമായിരുന്നില്ല.
1965ൽ രണ്ടരക്കൊല്ലം നീണ്ട പ്രസിഡൻറ് ഭരണകാലത്ത് മലയാള മനോരമ ആണ് സർക്കാറിെൻറ പ്രവർത്തനരീതികളെ വിമർശിച്ചുകൊണ്ട് ഇന്ന് സർവസാധാരണമായിരിക്കുന്ന ഇൻവെസ്റ്റിഗേറ്റിവ് സമ്പ്രദായത്തിൽ ഒരു പരമ്പര പ്രസിദ്ധീകരിച്ചത്. അക്കാലത്തെ ഒരു കലക്ടേഴ്സ് കോൺഫറൻസിൽ ഗവർണർ ഭഗവാൻ സഹായ് ആ പരമ്പര ചർച്ച ചെയ്യാൻ ഒരു അപരാഹ്നം തന്നെ മാറ്റിവെച്ചു. അര നൂറ്റാണ്ടിനുശേഷം ഇന്ന് കാണുന്നതോ? മാധ്യമങ്ങളുടെ സംഖ്യ വർധിച്ചു. റേഡിയോയും ദൂരദർശനും കടന്ന് സ്വകാര്യ ചാനലുകളുടെ പ്രളയം വന്നു. ആർക്കും എന്തും പറയാവുന്ന എഡിറ്റർമാരില്ലാത്ത നവ മാധ്യമങ്ങൾ ശക്തമാവുകയും ചെയ്തു. അതുകൊണ്ട് സർക്കാറുകൾ നിരന്തരം നിശിത വിമർശനത്തിന് വിധേയമാവുന്നു.
ഒരു സമ്പ്രദായവും കുറ്റമുക്തമല്ല. ഇൗ ലേഖനം അച്ചടിക്കുന്ന സ്ഥാപനം തന്നെ എടുക്കുക. ഇൗ പത്രം സർക്കാറിനെ വിമർശിക്കുന്ന രീതിയിൽ മറ്റൊരാൾ ഇൗ പത്രത്തെ വിമർശിച്ചാൽ പത്രാധിപർ മറുപടി പറഞ്ഞ് മടുക്കും. അതിലൊരു പ്രസ്താവന ഫേസ്ബുക്കിൽ വരും. പിന്നെ പത്രാധിപർക്ക് കണ്ണന്താനത്തിെൻറ ഗതിയാവും. ഇത്രയും പറഞ്ഞത് ഒരു സർക്കാറിനും തൃപ്തികരമായ റേറ്റിങ് ഇക്കാലത്ത് കിട്ടുകയില്ല എന്ന് സൂചിപ്പിക്കാനാണ്. അതേ സമയം വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിശോധിച്ച് നല്ലത് വല്ലതും ഉണ്ടെങ്കിൽ പറയാതിരിക്കുന്നത് സർക്കാരുദ്യോഗസ്ഥന്മാരെയും സർക്കാറിനെ നയിക്കുന്ന രാഷ്്ട്രീയ നേതൃത്വത്തെയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് പിണറായി സർക്കാറിെൻറ നന്മകൾ മാത്രം ആണ് ഞാൻ ഇവിടെ അന്വേഷിക്കുന്നത്. തിന്മകൾ ചൂണ്ടിക്കാട്ടാൻ പത്രങ്ങൾ തന്നെ ധാരാളം!
കാർഷിക മേഖല
കാർഷിക മേഖലയിലാണ് ഇന്ന് ഞാൻ ആദ്യം ദൃഷ്ടിവെച്ചത്. നമ്മുടെ കാർഷിക മേഖല രണ്ടുമൂന്ന് ആച്ഛാദിത സത്യങ്ങളാൽ അടയാളപ്പെടുത്തപ്പെടണം. ഒന്ന്, വെളുക്കാൻ തേച്ച ഭൂപരിഷ്കരണം മരുന്നിെൻറ ചേരുവ പാളിയതുകൊണ്ട് പാണ്ടായി. നമ്മുടെ സാമൂഹിക വ്യവസ്ഥയിൽ ദലിതർ മനുഷ്യരായിരുന്നില്ല. മിഷണറിമാർ വന്നു, അടിമവ്യവസ്ഥയും ഉൗഴിയവേലയും അവസാനിച്ചു, ദലിതർക്ക് അക്ഷരം പഠിക്കാൻ അവസരം ഉണ്ടായി എന്നതൊക്കെ ശരിതന്നെ. ഉൗഴിയവേല നിർത്തലാക്കിയതിെൻറയും പള്ളിക്കൂടങ്ങൾ എല്ലാവർക്കുമായി തുറന്നതിെൻറയും ഗുണം പിന്നാക്കജാതിക്കാർക്ക് കിട്ടി. ഇൗഴവരിൽ ഡോ. പൽപുവും നാടാന്മാരിൽ വിശ്വപ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. ജോൺസും ഒക്കെ ഉണ്ടായി. ദലിതന് കാര്യമായ ഗുണം കിട്ടിയില്ല. സായിപ്പ് ദലിതരെ മതം മാറ്റിയെങ്കിലും സവർണ ക്രൈസ്തവർ പുലപ്പള്ളിവെച്ചു. കോൺഗ്രസോ കമ്യൂണിസ്റ്റോ എന്ന തിരിവില്ലാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കർഷകത്തൊഴിലാളികളായ ദലിതരെ മറന്നു. നമ്മുടെ ഭൂപരിഷ്കരണം സവർണജന്മികളെ പുറത്താക്കി. പകരം അഹിന്ദു-അവർണ ജന്മികളെ സൃഷ്ടിച്ചു. ഭൂമിക്കും ഉടയവനും നടുവിൽ മണ്ണിൽ പണിയെടുക്കുന്നവൻ അന്യനായി തുടർന്നു. ഭൂപരിഷ്കരണം ഒരു വലിയ സോഷ്യൽ എൻജിനീയറിങ് ആയിരുന്നു, തീർച്ച. ഇപ്പോൾ നാട്ടിൻപുറത്തുപോലും ആരും ആരെയും തമ്പ്രാൻ എന്ന് വിളിക്കാറില്ല. എന്നാൽ, കാർഷികോൽപാദനത്തെയോ ഉൽപാദനക്ഷമതയെയോ അത് തരിമ്പും സഹായിച്ചില്ല.
രണ്ടാമത്തെ കാര്യം നാണ്യവിളകൾ ഉണ്ടായതാണ്. കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും ക്രിസ്തുവർഷം രണ്ടാം സഹസ്രാബ്ദത്തിെൻറ തുടക്കം മുതൽ എങ്കിലും കയറ്റുമതി ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഭക്ഷ്യവിളകളെ അവഗണിച്ചുള്ള നാണ്യവിളക്കൃഷി ഇരുപതാംനൂറ്റാണ്ടിെൻറ സംഭാവനയാണ്. ജേക്കബ്സൺ തേട്ടക്കാട്ടും മർഫി മുണ്ടക്കയത്തും റബർ വളർത്തി കാണിച്ചപ്പോഴാണ് വ്യക്തികൾ നാണ്യവിളകളിലേക്ക് തിരിഞ്ഞത്, കണ്ണൻദേവനും ട്രാവൻകൂർ ടീ എസ്റ്റേറ്റും ഒക്കെ അതിനും മുേമ്പ രംഗത്തുണ്ടായിരുെന്നങ്കിലും. നെല്ലിനെക്കാൾ പ്രധാനം റബറും കുരുമുളകും ആയപ്പോൾ ഫലസ്തീൻ നാട്ടിൽ ഗോതമ്പിനെക്കാൾ പ്രധാനം അത്തിയും ഒലിവും ആയപ്പോൾ യഹൂദന്മാർക്ക് ഭവിച്ചതുതന്നെ സംഭവിച്ചു. അവിടെ സാമൂഹികവിപ്ലവങ്ങൾ പരാജയപ്പെടുകയും ശ്രീയേശു അതിനെ ഒരു ധാർമികവിപ്ലവമായി രൂപാന്തരപ്പെടുത്തുകയും ചെയ്തു. ഇവിടെയാകെട്ട, ഒരു വിപ്ലവവും ഒരുങ്ങിയില്ല. ചെറുകിട കർഷകർ വിധിയെ പഴിച്ചു. കർഷകർ മക്കളെ സർക്കാറിൽ ശിപായിമാരാക്കാൻ മത്സരിച്ചു. പിണറായിയും സുനിൽകുമാറും വന്നപ്പോൾ കണ്ട കാർഷികമേഖല ഇതിെൻറ തുടർച്ച ആയിരുന്നു. അവിടെ ചില നാമ്പുകൾ ഉണ്ടായിരുന്നു. എങ്കിലും അവയെ പൂർവവൽ ശ്രദ്ധേയമാക്കിയത് സുനിൽകുമാർ ആണ്.
കഴിഞ്ഞ രണ്ടുവർഷം കണ്ടത് ഒരു ലക്ഷം ഏക്കറിൽ പുതിയതായി നെൽകൃഷി നടക്കുന്നതാണ്. പുതിയ അളവിൽ പറഞ്ഞാൽ 34,000 ഹെക്ടറിൽ. സമൂഹത്തിൽ സന്ദേശം എത്തിക്കാൻ അതിലേറെ പ്രയോജനപ്പെട്ടത് റാണിക്കായലും മെത്രാൻകായലും ആറന്മുള നീർത്തടവും ഉമ്മൻ ചാണ്ടിയുടെ നാട്ടിലെ നാലുമണിക്കാറ്റും കോഴിക്കോെട്ട ആവളപ്പാണ്ടിയും സന്തോഷ് മാധവെൻറ തരിശുനിലവും ഒക്കെ നെൽപാടങ്ങളാക്കിയതാണ്. ഒപ്പം പത്തഞ്ഞൂറ് അരിമില്ലുകൾ തുടങ്ങി. ചെറുകിട മില്ലുകളും സംസ്കരണ യൂനിറ്റ് കൂടി ഉൾപ്പെട്ട ഒരു ഡസനിലേറെ മില്ലുകളും സ്ഥാപിച്ചപ്പോൾ കർഷകർക്ക് തന്നെ നെല്ല് സംസ്കരിച്ച് മൂല്യവർധന വരുത്തി പാടശേഖരസമിതികൾ വഴി തനത് ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനായി. കഴിഞ്ഞ വർഷം കേരളത്തിൽ ഒരു കർഷകൻ പോലും ആത്മഹത്യ ചെയ്തില്ല. തമിഴ്നാട്ടിൽ 604, കർണാടകയിൽ 1198, മഹാരാഷ്ട്രയിൽ 3030 ഇങ്ങനെയൊക്കെയാണ് കഴിഞ്ഞ കൊല്ലം കയർ മുറുകിയ കഴുത്തുകൾ എന്നിരിക്കെ, സുനിൽകുമാറിനും പിണറായിക്കും ഇൗ വസ്തുത ആശ്വാസം പകരും.
സർക്കാറിെൻറ പതിവ് പരിപാടികളുടെ പ്രോഗ്രസ് റിപ്പോർട്ട് എന്നെ തെല്ലും വശീകരിക്കുന്നില്ല, അവയിൽ കാണുന്ന മിക്ക കണക്കുകളും സുനിൽകുമാറിന് അഭിമാനം പകരുമെങ്കിലും. വിസ്മൃതിയിൽ പുതഞ്ഞുപോകുമായിരുന്ന നെൽകൃഷിയെ സർക്കാറിെൻറ ചുവപ്പുനാടകളിലൂടെ വരിഞ്ഞെടുക്കാൻ ശ്രമിക്കാതെ ജനകീയ കൗതുകങ്ങളെ ഉണർത്തിയും ഉത്സാഹിപ്പിച്ചും പുനരുജ്ജീവിപ്പിക്കാനായതാണ് സുനിലിെൻറയും സഹപ്രവർത്തകരുടെയും ശ്രദ്ധേയവിജയം.
ജനങ്ങളെ ഒപ്പം നിർത്തി ഭരണം ഉൗർജസ്വലമാക്കുന്നതാണ് എെൻറ യുവസുഹൃത്ത് കെ.ടി. ജലീലിനെയും ശ്രദ്ധേയനാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷത്തിെൻറ അവസാനകാലത്ത് കൊല്ലത്തെ ഒരുദ്യോഗസ്ഥൻ യാദൃച്ഛികമായി പറഞ്ഞ ഒരു സംഗതിയാണ് ജലീലിെൻറ വകുപ്പിന് നേരെ കാത് കൂർപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. കൊല്ലം കോർപറേഷനിലെ പദ്ധതിനിർവഹണം 100 ശതമാനം ആയേക്കും എന്നാണ് ആ ചെറുപ്പക്കാരൻ പറഞ്ഞത്. അത് നേരാണോ എന്ന് ഞാൻ തിരക്കി. ഇപ്പോൾ അറിയുന്നത് കൊല്ലത്ത് മാത്രം അല്ല ഇൗ വിജയം എന്നാണ്. ആറ് നഗരസഭകളും 160 ഗ്രാമപഞ്ചായത്തുകളും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളും ഇതേ നേട്ടം കൈവരിച്ചിരിക്കുന്നു. നാല് പതിറ്റാണ്ടോളം സർക്കാറിൽ പരിചയമുള്ള എനിക്ക് ഇത്തരം ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. അരനൂറ്റാണ്ടിനപ്പുറം നഹ സാഹിബിനൊപ്പം ഗ്രാമവികസന വകുപ്പിലും പിന്നെ അച്യുതമേനോനൊപ്പം ആസൂത്രണവകുപ്പിലും ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്ന കാലവും സബ്കലക്ടറായി ബ്ലോക്ക് വികസനസമിതി ചെയർമാനും കലക്ടറായി ജില്ലാ വികസന സമിതി അധ്യക്ഷനുമായി ചെലവഴിച്ച ഏഴ് സംവത്സരങ്ങളും ധനവകുപ്പിൽ സെക്രട്ടറി ആയിരുന്ന മൂന്ന് സംവത്സരങ്ങളും ഞാൻ ഇൗ ശതമാനക്കണക്കിനെക്കുറിച്ച് വേവലാതിപ്പെട്ടിട്ടുള്ളതാണ്. ജലീലും ടി.കെ. ജോസും കൈവരിച്ചത് അസൂയാവഹമായ നേട്ടം തന്നെ; സംസ്ഥാനത്തൊട്ടാകെ 90 ശതമാനത്തിലേറെ പദ്ധതി നിർവഹണച്ചെലവ്. അവിശ്വസനീയം, അവിശ്വസനീയം, തീർത്തും അവിശ്വസനീയം.
സാമ്പത്തികവർഷത്തിെൻറ തുടക്കം മുതൽ മന്ത്രിയും ഗവൺമെൻറ് സെക്രട്ടറിയും ശ്രദ്ധിക്കാൻ തുടങ്ങിയതും അതിലേറെ പിണറായി തന്നെ നേരിട്ട് നിർവഹണപുരോഗതി വിലയിരുത്താൻ ഇറങ്ങിയതുമാണ് ഇൗ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ആരോപണങ്ങൾക്ക് വഴി കൊടുക്കാതെ സുതാര്യമായി നടന്നു സംഗതികൾ എന്നാണ് തോന്നുന്നത്. കറുത്ത വസ്തുവിനെ കാക്കയും കാക്കയെ മൂന്ന് കാക്കയും ആക്കുന്ന നാടാണ് നമ്മുടേത്. ജലീലിനെതിരെ ഒന്നും കേട്ടില്ല.
മനസ്സ് കൊണ്ട് ഞാൻ ഇപ്പോഴും ഇടുക്കി കലക്ടർ ആണ്. ഞാൻ ജനിച്ചുവളർന്ന കുന്നത്തുനാടൻ ഗ്രാമത്തിലെ മനോ ൈനർമല്യം എെൻറ ഗൃഹാതുരത്വമാണ്. അതുകൊണ്ട് മന്ത്രി മണിയെ എനിക്ക് വലിയ ഇഷ്ടമാണ്. നായനാരുടെ അത്ര ‘കെയർഫുൾ’ അല്ല എങ്കിലും (നായനാർ അവകാശപ്പെട്ടിരുന്നത് ‘െഎ വെരി കെയർഫുൾ, െഎ നോ ജോക്ക്’ എന്നായിരുന്നുവല്ലോ) അതേ ജനുസ്സാണ്. നേരെ വാ നേരെ പോ. നായനാരെ പോലെ തന്നെ മണിയും ഭരിക്കാനറിയാം എന്ന് തെളിയിക്കുന്നു എന്നത് ഇൗ പഴയ ഇടുക്കി കലക്ടറെ അത്യന്തം സന്തുഷ്ടനാക്കുന്നു. വൺ, ടൂ, ത്രീ എന്നൊക്കെ പറഞ്ഞുകളയും. അത്, പക്ഷേ, വയലിൽ ജോലിക്ക് വരമ്പത്ത് കൂലി’ എന്ന് ഇതിനെക്കാൾ പഠിപ്പുള്ളവർ പറഞ്ഞിട്ടിേല്ല? മണി ‘നാരീകേലസമാകാര’നാണ്. ‘പുറം കഠോരം പരിശുഷ്കമൊട്ടുക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം’ എന്ന് കുറ്റിപ്പുറം. ‘എന്നാ ഒവ്വേ ഒരുമാതിരി ഒലത്തരുതേ, െൻറ മട്ട് മാറുവേ’ എന്ന മട്ടിൽ ഇലബോഡിനെ കൊണ്ടുനടക്കുന്നത് ശ്രദ്ധിക്കാതെ വയ്യ. ഏഴ് ലക്ഷം പുതിയ കണക്ഷൻ. വരൾച്ച വന്നിട്ടും ലോഡ്ഷെഡിങ്ങും പവർകട്ടും ഇല്ല. പ്രസരണവിതരണത്തിലെ നഷ്ടം കുറച്ചും പുതിയ എച്ച്.ടി/എൽ.ടി ലൈനുകൾ വലിച്ചും പത്തുനാലായിരം ട്രാൻസ്ഫോർമർ സ്ഥാപിച്ചും ഒക്കെയാണ് മണി ഇത് സാധിക്കുന്നത്. പണ്ട് പിണറായി ചെയ്തതും ഇതുതന്നെ. എന്നാൽ, ഇൗ വകുപ്പിലും ഞാൻ ശ്രദ്ധിക്കുന്നത് സൗരോർജ പരിപാടികളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമമാണ്. കൂടങ്കുളം-കൊച്ചി വൈദ്യുതിലൈനിെൻറ പണി പുരോഗമിക്കുന്നത് നാട്ടുകാരുടെ സഹകരണം ഉറപ്പുവരുത്താൻ ഇൗ നാട്ടിൻപുറത്തുകാരന് കഴിയുന്നതുകൊണ്ടാണ്. നാട്ടിൻപുറത്തിെൻറ ജനിതകമുദ്ര പേറുന്ന ഇൗ മന്ത്രി റിവോൾവിങ് റസ്റ്റാറൻറ് പോലെ മൈക്കിന് ചുറ്റും 360 ഡിഗ്രി കറങ്ങി നാട്ടുഭാഷയിൽ പരിഷ്കാരമേശാതെ പ്രസംഗിക്കുന്നതും മറ്റും കോമഡി അന്വേഷിക്കുന്നവർക്ക് ഖനി ആയിരിക്കാം. എങ്കിലും ഇമ്പിച്ചിബാവയെപ്പോലെ, കാന്തലോട്ട് കുഞ്ഞമ്പുവിനെ പോലെ മന്ത്രിപ്പണി അറിയുന്ന നാട്ടിൻപുറത്തുകാരനാണ് താൻ എന്ന് മണി തെളിയിക്കുന്നു. പ്രതിച്ഛായ കളയാൻ വകുപ്പുകൾ വേറെ ഉണ്ട് എന്നറിയാം. എങ്കിലും വിചാരിക്കുന്നത്ര മോശമല്ല കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.