ഐ.പി.സി 124A യും പുനർവായനകളും
text_fieldsപത്മശ്രീ അവാർഡ് ജേതാവായ പ്രശസ്ത മാധ്യമ പ്രവർത്തകൻ വിനോദ് ദുവയെ ദേശദ്രോഹ കുറ്റത്തിൽ നിന്ന് ഒഴിവാക്കി സുപ്രീം കോടതി വിധി പറയുമ്പോൾ ഐ.പി.സി 124 എ തുടർച്ചയായി ചർച്ചകളിൽ നിറയുകയാണ്. ഭീകരാക്രമണങ്ങളും മരണങ്ങളും മോഡി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ദുവെയുടെ യൂ ട്യൂബ് ചാനൽ പരാമർശമാണ് ഹിമാചൽ പോലീസിന്‍റെ കേസിനാധാരമായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സമാന വിഷയത്തിൽ പരമോന്നത നീതിപീഠത്തിൽ നിന്ന് വരുന്ന രണ്ടാമത്തെ ശ്രദ്ധേയമായ ഇടപെടലാണിത്. വൈ.എസ്.ആർ കോൺഗ്രസ് റിബൽ എം.പിയായ കെ.രഘു രാമകൃഷ്ണ രാജുവിന്‍റെ പ്രസംഗങ്ങൾ പ്രാധാന്യത്തോടെ നൽകിയെന്നാരോപിച്ച് ടി.വി 5, എ.ബി.എൻ ആന്ധ്ര ജ്യോതി ചാനലുകൾക്കെതിരെ ആന്ധ്ര പോലീസ് ഐ.പി.സി124 എ, ഐ.പി.സി 153 തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ചാനലുകളെ കുറ്റവിമുക്തമാക്കി നൽകിയ വിധിന്യായത്തിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, രാജ്യദ്രോഹ കുറ്റം (ഐ.പി.സി 124 A) പുനർനിർവചിക്കാൻ സമയമായി എന്ന ശ്രദ്ധേയമായ പരാമർശം നടത്തിയിരുന്നു. കോവിഡ് 19 നിയന്ത്രണങ്ങളെക്കുറിച്ച് വാദം കേൾക്കുന്നതിനിടെ യു.പിയിലെ ബൽറാംപൂരിൽ പുഴയിലേക്ക് മൃതദേഹങ്ങൾ തള്ളിയിടുന്നത് താൻ ടി.വിയിൽ കണ്ടതായി ജസ്റ്റിസ് നാഗേശ്വരറാവു പറഞ്ഞിരുന്നു. പ്രസ്തുത ടി.വി ചാനൽ രാജ്യദ്രോഹ കുറ്റത്തിന് ഇരയാകുമോ എന്ന ചന്ദ്രചൂഡിന്‍റെ പരിഹാസവും തലക്കെട്ടുകൾ പിടിച്ചുപറ്റി.
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി സെക്ഷൻ 124 എ ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ വിവാദങ്ങളുയർത്തി നിലനിൽക്കുകയാണ്. 1870ൽ തോമസ് ബബിംഗ്ടൺ മെക്കാളെയാണ് ദേശദ്രോഹത്തിന് പുതിയ നിർവചനങ്ങൾ നൽകി നിയമം രൂപകൽപന ചെയ്തത്. ബാലഗംഗാധര തിലകൻ വിവിധ തവണകളിലായി ആറു വർഷമാണ് ഈ നിയമം വഴി ജയിലിൽ കിടന്നത്. 1922ൽ യംഗ് ഇന്ത്യയിലെ ലേഖനത്തിന്‍റെ പേരിൽ ദേശദ്രോഹമാരോപിച്ച് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു. പൗരസ്വാതന്ത്ര്യം അടിച്ചമർത്താൻ രാജ്യത്ത് രൂപം കൊണ്ട കരിനിയമങ്ങളിലെ രാജകുമാരൻ എന്നായിരുന്നു വിചാരണ വേളയിൽ ഗാന്ധിജി 124 എയെ ഉപമിച്ചത്. ഇന്ത്യ സ്വതന്ത്രമായതോടെ കിരാത നിയമത്തിന് താഴു വീഴുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഏറിയും കുറഞ്ഞും 124 എ യുടെ വാൾമുനയേറ്റ ദേശീയ നേതാക്കൾ ഉൾപ്പെട്ട ഭരണഘടന നിർമ്മാണ സമിതിക്ക് ചെയ്യാനായ ഏക കാര്യം നിയമത്തിന്‍റെ നിർവചനത്തിൽ നിന്ന് ദേശദ്രോഹം എന്ന വാക്ക് എടുത്തു മാറ്റാനായി എന്നത് മാത്രമാണ്.
വാക്കാലോ, പ്രവൃത്തിയാലോ, ലിഖിത രൂപേണയോ, പ്രത്യക്ഷവും പരോക്ഷവുമായി നിയമം മൂലം സ്ഥാപിതമായ വ്യവസ്ഥിതിക്കെതിരെ ഹീനകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് നിയമത്തിന്‍റെ പരിധിയിൽ വരുന്നത്. ഇവരെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യാവുന്നതാണ്. ഒത്തുതീർപ്പിന് പഴുതുകളില്ല. പ്രതിക്ക് ജാമ്യം നിഷേധിക്കുകയും പാസ്പോർട്ട് പിടിച്ചു വെക്കുകയും ചെയ്യും. സർക്കാർ ജോലികൾക്ക് അയോഗ്യതയുണ്ട്. 124 A യെ അത്യന്തം ഹീനം എന്ന് വിശേഷിപ്പിച്ചാണ് ഭരണഘടന ഭേദഗതി വഴി അഭിപ്രായ പ്രകടനത്തിനും ആശയ പ്രകാശനത്തിനുമുള്ള സമ്പൂർണ സ്വാതന്ത്ര്യം 19(1)(a) യിലൂടെ ജവഹർലാൽ നെഹ്റു പാസ്സാക്കിയെടുത്തത്.
1962 ജനുവരി 20ന് ജസ്റ്റിസ് ബി.പി. സിൻഹയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് കേദാർനാഥ് സിങ്ങ് കേസിൽ നടത്തിയ സുപ്രധാനമായ വിധി പ്രഖ്യാപനം 124 A കേസുകളിലെ ആധികാരിക അവലംബമായി ഇന്നും തുടരുന്നു. സർക്കാരിനും വ്യവസ്ഥിതിക്കും എതിരായ വിമർശനങ്ങൾ കുറ്റകരമല്ല. അക്രമങ്ങളിൽ പങ്കാളിത്തമോ അക്രമസംഭവങ്ങൾക്ക് നേരിട്ട് പ്രേരകമോ ആകുന്ന സാഹചര്യങ്ങളിലൊഴിച്ച് കുറ്റം സാധുവാകില്ല എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. രാജ്യത്തെ ചെറുതും വലുതുമായ കോടതികളിലെ അസംഖ്യം കേസുകളിലെ ഇരകൾക്ക് നീതിയുടെ വെളിച്ചമേകാൻ പര്യാപ്തമായി ഇന്നും ഈ വിധി തലയുയർത്തി നിൽക്കുന്നു.
വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന കാര്യത്തിൽ ഇന്ത്യയിലെ പല സംസ്ഥാന ഭരണകൂടങ്ങളും മുൻപന്തിയിലാണ്. സാമ്പിൾ പരിശോധിക്കുകയാണെങ്കിൽ രാജ്യം ആദ്യ ലോക്ക്ഡൗണിലേക്ക് നീങ്ങിയ 2020 മാർച്ച് 25 മുതൽ മെയ് 31 വരെയുള്ള കാലയളവിൽ മാത്രം 55 മാധ്യമ പ്രവർത്തകർക്ക് നേരെ IPC 124 Aയും153 ഉം ചുമത്തപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷക്കാലയളവിനിടയിൽ 40% വർധനയാണ് സമാന കേസുകളിലുണ്ടായത്. ജനാധിപത്യത്തിൻ്റെ ശ്രേഷ്ഠ ഭാവങ്ങൾ ഇന്ത്യക്ക് കൈമോശം വരുന്നുവെന്ന ചർച്ചകൾ മുഴങ്ങുന്നുണ്ട്. ഏകാധിപത്യ ശൈലിയും, സ്വേഛാപരമായ രീതികളും പല മുഖ്യമന്ത്രിമാരും പരസ്യമായി ഘോഷിക്കുന്നത് വർത്തമാനകാല ഇന്ത്യൻ ജനാധിപത്യത്തിലെ തമോഗർത്തങ്ങളാണ്.
പൗരത്വ നിയമവിരുദ്ധ സമരത്തിനെതിരെ ആയിരക്കണക്കിന് കേസുകൾ ഇന്ത്യയിൽ ചുമത്തപ്പെട്ടു. ഝാർഖണ്ഡിൽ ഭൂമി സമരത്തിൽ പങ്കാളികളായ പതിനായിരത്തിലധികം ആദിവാസി കർഷകർക്കെതിരെ 124 A ചുമത്തിയിട്ടുണ്ട്. IPC 144 ന്‍റെ ലംഘനത്തിനു 188 ചുമത്തുന്നതിന് പകരം പി.എസ്.എ ചുമത്തുന്ന പ്രവണതകൾ വ്യാപകമായി കണ്ടുവരുന്നു. കർണാടക ബിദറിലെ ഷഹീൻ ഉറുദു മീഡിയം സ്കൂളിലെ വാർഷികത്തിൽ സി.എ.എ വിരുദ്ധ കലാപരിപാടി നടത്തിയതിന് പ്രൈമറി വിദ്യാർത്ഥിയെ പല തവണകളിലായി മണിക്കൂറുകൾ പോലീസ് ചോദ്യം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസിനെയും, കുട്ടിയുടെ മാതാവിനെയും 124 A പ്രകാരം ബിദർ ജില്ലാ കോടതി റിമാൻറ് ചെയ്ത് ജയിലിലടച്ചു. ഗുജറാത്തിലെ ഫേസ് ദ നാഷൻ ഓൺലൈൻ പത്രത്തിന്‍റെ എഡിറ്റർ ദവാൽ പട്ടേൽ ചെയ്ത കുറ്റം ഗുജറാത്ത് മുഖ്യമന്ത്രിയെ ബി.ജെ.പി മാറ്റാനിടയുണ്ട് എന്ന വാർത്ത നൽകിയതാണ്. കോവിഡിലെ ദയനീയ പ്രവർത്തനങ്ങൾ മുൻ നിർത്തി വിജയ് രൂപാണിക്ക് പകരം മനുഷ്ക് മാണ്ഡവ്യയെ നേതാവാക്കും എന്ന റിപ്പോർട്ടിനെ തുടർന്ന് ദവാലിന് ജാമ്യം ലഭിച്ചത് പതിനഞ്ച് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ്.
124 A ചുമത്തുന്ന കേസുകളിൽ 96% വും ശിക്ഷിക്കപ്പെടുന്നില്ല. കോടതികളുടെ ജാഗ്രത്തായയ സമീപനം എടുത്ത് പറയേണ്ടതുണ്ട്. 2021 വർഷത്തിൽ വിനോദ് ദുവ, തെലുഗ് ചാനൽ കേസുകൾ കൂടാതെ ഫെബ്രുവരി 23 ന് ദിശ രവിയെ ദൽഹി ഹൈക്കോടതി കുറ്റമുക്തയാക്കിയിരുന്നു. ഫാറൂഖ് അബ്ദുല്ലക്കെതിരെ ദേശദ്രോഹത്തിന് കേസെടുക്കാനാവശ്യപ്പെട്ടുള്ള ഹർജി മാർച്ച് 3 ന് സുപ്രീം കോടതി തള്ളിയത് പരാതിക്കാരന് അരലക്ഷം പിഴ ചുമത്തിക്കൊണ്ടാണ്. 124 A വകുപ്പിന്‍റെ നിർവചനം അതിനെ പല രീതിയിൽ വ്യാഖ്യാനിക്കാൻ പഴുതു നൽകുന്നുണ്ട്. പോലീസ് ദുരുപയോഗത്തിന്‍റെ പ്രധാന കാരണമതാണ്. പോലീസ് സേനയുടെ രാഷ്ട്രീയ ദാസ്യവും, മർദകോപരണ ശൈലിയും കാര്യങ്ങൾ വഷളാക്കുന്നു. കോടതികൾ മാതൃകാപരമായി ഇടപെടുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തിൽ ഇര കടന്നു പോകേണ്ടി വരുന്ന കേസ് പീഡകളും റിമാൻഡ് ജയിൽവാസവും തീർക്കുന്ന വൈകാരിക ക്ഷതങ്ങൾ ഒരു പരിഷ്കൃത നിയമവാഴ്ചക്ക് ഒട്ടും ഭൂഷണമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.