Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അറിയുക, ആത്മപ്രതിരോധം അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightഅറിയുക, ആത്മപ്രതിരോധം...

അറിയുക, ആത്മപ്രതിരോധം അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്

text_fields
bookmark_border

മാർട്ടിൻ ലൂഥർ കിങ് ഒരിക്കൽ പറയുകയുണ്ടായി- 'കേൾക്കപ്പെടാത്തവന്‍റെ ഭാഷ കലാപമാണ്'. കാരണം മർദകന്‍റെ ശ്രദ്ധ പിടിച്ചുപറ്റാൻ മർദിതന്‍റെ മുന്നിലുള്ള ഒരേയൊരു വഴി കലാപമാണ്. സമകാലീന ഇന്ത്യയിലെ ഒരു മുസ്​ലിമായിരുന്നു മാർട്ടിൻ ലൂഥർ എങ്കിൽ, തന്‍റെ ലിബറൽ സുഹൃത്തുകളുടെ അപലപിച്ചുകൊണ്ടുള്ള വാചകങ്ങളുടെ ബാഹുല്യവും തുടർന്ന് സ്വസമുദായം പോലും തള്ളിപ്പറയുന്ന ഒരവസ്ഥയും അദ്ദേഹത്തിന് നേരിടേണ്ടി വന്നേനെ. 1960കളിലെ അമേരിക്കയിലെ മാർട്ടിൻ ലൂഥറെ പോലെ ഔന്നിത്യബോധമുള്ള, അല്ലെങ്കിൽ അദ്ദേഹം പറയുന്ന പോലെ എന്തെങ്കിലുമൊന്ന് പറയാൻ കെൽപ്പുള്ള ഒരു പൗരാവകാശ നേതാവ് ഇന്ത്യയിലെ മുസ്​ലിം സമുദായത്തിന് ഇല്ലാതെ പോയി.

ഇന്ത്യ ലോകത്തിന് തങ്ങൾ സംഭാവന ചെയ്തതെന്ന് അഭിമാനം കൊള്ളുന്ന അനേകം കാര്യങ്ങളിലൊന്നായ അഹിംസ സിദ്ധാന്തമായിരുന്നു കിങിന്‍റെ അടിസ്ഥാന തത്വം. ചെറുത്തുനിൽപ്പിന്‍റെ അഹിംസ മാർഗങ്ങൾ അനുഷ്ഠിക്കുകയും അതിന്‍റെ വക്താവ്​ ആകുകയും ചെയ്​ത ഒരാൾ മർദിതരുടെ കലാപത്തിന് വേണ്ടി വാദിക്കുന്നത് അപൂർവ സംഗതി തന്നെയാണ്.

കിങിന്‍റെ പ്രസ്തുത വാചകത്തെ അതിന്‍റെ പശ്ചാത്തലത്തെ മുൻനിർത്തി വായിക്കുകയാണെങ്കിൽ, അമേരിക്കയിൽ കലാപമെന്നാൽ പൊലീസും ജനങ്ങളും തമ്മിലുള്ള സംഘർഷത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഇന്ത്യയിൽ ആ വാക്കിനുള്ള നിർവചനമല്ല അതിനുള്ളതെന്നും മനസ്സിലാക്കാൻ സാധിക്കും. കൃത്യമായി പറഞ്ഞാൽ, കിങ് ഹിംസക്ക് വേണ്ടി ആഹ്വാനം ചെയ്യുകയോ കറുത്തവർഗക്കാരോട് കലാപത്തിന് ആഹ്വാനം ചെയ്യുകയോ ആയിരുന്നില്ല. മറിച്ച്, മർദകൻ പലപ്പോഴും നിഷേധിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന, മർദിതൻ അനുഭവിക്കുന്ന അടിച്ചമർത്തലിനോടുള്ള രോഷവും അമർഷവും പ്രകടിപ്പിക്കാനുള്ള തന്‍റെ ജനതയുടെ അവകാശത്തെ പ്രതിരോധിക്കുക മാത്രമായിരുന്നു അദ്ദേഹം.

പക്ഷേ അമേരിക്കയെ കുറിച്ചല്ല ഇന്ത്യയെ കുറിച്ചാണ് ഇവിടെ ഞാൻ എഴുതാനുദ്ദേശിക്കുന്നത്. അസ്സഹനീയമായ പലവിധ പീഡനങ്ങൾ ഇന്ത്യയിലെ മുസ്​ലിം സമുദായം അനുഭവിച്ചു വരുന്നു. എഴുത്തുകാരി അരുന്ധതി റോയി വിശേഷിപ്പിച്ച 'കൊച്ചു കൂട്ടക്കൊലകൾ' (Mini massacre) അതിലൊന്നാണ്. അപമാനം, അപമാനവീകരണം, പൈശാചികവത്​കരണം, പാർശ്വവത്​കരണം, ക്രിമിനൽവത്​കരണം തുടങ്ങിയവ അവയിൽ ചിലത് മാത്രം. തീർച്ചയായും, 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കേന്ദ്രാധികാരത്തിൽ വന്നത് മുതൽ ഇത്തരം പീഡനങ്ങൾ അനേകം മടങ്ങ് അധികരിച്ചിട്ടുണ്ട്. പ്രതീക്ഷകൾ നഷ്​ടപ്പെട്ട വിഷാദമൂകമായ ഇത്തരമൊരു സന്ദർഭത്തിലാണ് നിരന്തരമായ ആക്രമണങ്ങൾക്കും നിരീക്ഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന മുസ്​ലിം സ്വത്വത്തെ സമുദായ നേതാക്കൾ ഉയർത്തിപ്പിടിക്കാൻ തുടങ്ങുന്നത്.

ഏതൊരു ചെറുത്തുനിൽപ്പു പ്രസ്ഥാനത്തിലുമെന്ന പോലെ ഇന്ത്യയിലെ മുസ്​ലിം ചെറുത്തുനിൽപ്പ് പ്രസ്ഥാനവും ഏകീകൃതമോ ഏകജാതീയമോ അല്ല. വ്യത്യസ്ത സംഘടനകളും ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും ചെറുത്തുനിൽപ്പിനെ അവരുടേതായ രീതിയിൽ സൈദ്ധാന്തികവത്​കരിക്കാനും ആഖ്യാനിക്കാനും ശ്രമിക്കുന്നുണ്ട്. ചെറുത്തുനിൽപ്പിനകത്തെ ഇത്തരം പ്രവർത്തനങ്ങളിലൂടെ അവരുടെ രോഷത്തെയും ഭയാശങ്കകളെയുമാണ് വ്യത്യസ്ത രൂപത്തിൽ പ്രകടിപ്പിക്കുന്നത്. എന്നാൽ ഒട്ടും അനുയോജ്യമല്ലാത്ത, പലപ്പോഴും ചെറുത്തുനിൽപ്പിനെ മർദകന്‍റെ തത്വചിന്തയുമായി സമീകരിക്കുന്ന ചില പ്രകടനങ്ങളുണ്ട്. ഇത്തരത്തിൽ, മുസ്​ലിംകളിൽ നിന്നുള്ള സ്വീകാര്യമായ പ്രതിരോധത്തിന്‍റെ ഭാഷകൾ ഏതൊക്കെയെന്ന് നിർവചിക്കുന്ന വേളയിൽ മർദിത വിഭാഗത്തിന്‍റെ പ്രതിരോധ ഭാഷയെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്യുന്ന ലിബറലുകളെയും സെൻട്രിസ്റ്റുകളെയും ചോദ്യം ചെയ്യാനാണ് ഈ ലഘുകുറിപ്പിൽ ഉദ്ദേശിക്കുന്നത്.


വെറുപ്പി'നെ വെറുക്കുകയും 'സമാധാന'ത്തെ സ്വാഗതം ചെയ്യുന്നവരുമാണത്രേ ലിബറലുകൾ. അവരെ സംബന്ധിച്ചിടത്തോളം മുസ്​ലിംകളും മറ്റ് പാർശ്വവത്​കൃത വിഭാഗങ്ങളും വെറുപ്പിനെ സ്നേഹം കൊണ്ട് എതിരിടുകയാണ് വേണ്ടത്. പ്രതിരോധത്തെയും പോരാട്ടത്തെയും കുറിച്ച അവരുടെ നിർവചനങ്ങൾ ശൂന്യമായ കേവല വാചാടോപങ്ങളല്ല. മറിച്ച്, നിലനിൽക്കുന്ന അധീശഘടനയെ വെല്ലുവിളിക്കുന്ന ഏതൊരു ഭാഷയും അവർക്ക് 'വിദ്വേഷം' ആണ്. അതിനെയവർ തള്ളിപ്പറയും. അവരുടെ ലോകവീക്ഷണത്തോട് വിരുദ്ധമായ ഏതൊരു വാക്കും പ്രവൃത്തിയും അവർക്ക് തെറ്റാണെന്നർഥം. രോഹിത് സർദാനയുടെ മരണവും പ്രസ്തുത മരണവാർത്തയോടുള്ള എന്‍റെ പ്രതികരണവും ഉണ്ടാക്കിയ വിവാദങ്ങൾ തന്നെ ഉദാഹരണം. സർദാന വംശഹത്യയെ പിന്തുണച്ച ആൾ കൂടിയായിരുന്നു. അല്ലാതെ മുസ്​ലിംകളെ കേവലം അപമാനവീകരിക്കാനും കുറ്റവാളികളാക്കാനും പരിശ്രമിച്ച ആൾ മാത്രമല്ല. ഹിന്ദുത്വ ആഖ്യാനങ്ങളെ കൂട്ടുപിടിച്ച് മുസ്​ലിംകൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങളെ അദ്ദേഹം തുറന്ന് ന്യായീകരിച്ചിട്ടുണ്ട്. പക്ഷേ, ലിബറലുകളെയും സെൻട്രിസ്റ്റുകളേയും സംബന്ധിച്ചാവട്ടെ, തങ്ങളുമായി ചെറിയ അഭിപ്രായ ഭിന്നതകൾ മാത്രമുള്ള കഠിനാധ്വാനിയും ശ്രദ്ധാലുവുമായ ഒരു മാധ്യമപ്രവർത്തകൻ മാത്രമാണദ്ദേഹം.

മിക്ക ലിബറലുകളും സെൻട്രിസ്റ്റുകളും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രിവിലേജ് തന്നെയാണ് ഇത്തരം ലോകവീക്ഷണങ്ങളുടെ ഉത്ഭവസ്ഥാനം. അവരുടെ ജീവിതത്തെ സർദാനയുടെ മാധ്യമപ്രവർത്തനം ബാധിച്ചിരുന്നില്ല. പക്ഷേ മുസ്​ലിംകളെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ മാനസികമായി മാത്രമല്ല ശാരീരികമായും ബാധിച്ചിട്ടുണ്ട്. പലപ്പോഴും മുസ്​ലിംകളുടെ മരണത്തിന് വരെ കാരണമായ അക്രമങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ വാക്കുകൾ വഴിതെളിച്ചിട്ടുണ്ട്. മുസ്​ലിംകൾ ഗെറ്റോകളിൽ കഴിയാൻ നിർബന്ധിതരാവുമ്പോൾ ഹിന്ദുസമൂഹം അഗ്രഹാരങ്ങളിൽ താമസിക്കുന്നത് പോലെ, മുസ്​ലിം സമുദായത്തിന്‍റെ രോഷത്തെയും ഭയാശങ്കകളെയും തൊട്ട് അശ്രദ്ധരായ മാനസിക അഗ്രഹാരങ്ങളിലാണ് ലിബലുകളും സെൻട്രിസ്റ്റുകളും കഴിയുന്നത്. ഇതിനെ ഉൾക്കൊള്ളുകയും മറുപക്ഷത്തെ കേൾക്കാൻ തയ്യാറാവുകയും ചെയ്യുന്നതിന് പകരം തങ്ങളുടെ ലോകവീക്ഷണം സ്വീകരിക്കാൻ മുസ്​ലിംകളെ നിർബന്ധിക്കുകയാണ് അവർ ചെയ്യുന്നത്.

സർദാനയെ ഒരു മാധ്യമപ്രവർത്തകനായി അനുസ്മരിക്കരുതെന്ന് പറഞ്ഞതിന്‍റെ പേരിൽ വെറുപ്പിന്‍റെ വ്യാപാരി എന്നാണ്​ അവരെന്നെ വിളിച്ചത്. ന്യൂസ് ലോൻഡ്രിയിലെ അതുൽ ചൗരസ്യ 'ഒരു മൂന്നാം കിട മനുഷ്യൻ' എന്നാണ് വിശേഷിപ്പിച്ചത്. വിദ്വേഷത്തെയും മനുഷ്യത്വത്തെയും കുറിച്ച അവരുടെ സങ്കൽപ്പം തങ്ങളെയും തങ്ങളുടെ പ്രിവിലേജിനെയും അതെത്രത്തോളം സേവിക്കും എന്നതടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത്. അവരുടെ ആജ്ഞകളെ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്താൽ മാത്രമേ ഒരു മുസ്​ലിം അവരുടെ കണ്ണിൽ ഒന്നാംകിട മനുഷ്യനാവുന്നുള്ളൂ.

സമാനമായി, ലിബറൽ വഞ്ചനയുടെ നല്ലൊരു ക്ലാസിക്കൽ ഉദാഹരണമാണ് സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായി ഷാരൂഖ് പത്താൻ നടത്തിയ ധീരമായ പ്രവൃത്തിയെ തുടർന്ന് ഉയർന്നുവന്ന ലിബറൽ അപലപനങ്ങൾ. ലിബറലുകളെ സംബന്ധിച്ച് ഷാരൂഖിന്‍റെ ഈ പ്രവൃത്തി മൂലം സംരക്ഷിക്കപ്പെട്ട ജീവനുകൾക്ക് യാതൊരു വിലയുമില്ല. കേവലമായ അനുഷ്ഠാനപരതക്കപ്പുറം തോക്ക് കയ്യിലെടുത്ത് യഥാർഥത്തിൽ തിരിച്ചടിക്കാൻ അദ്ദേഹം തയ്യാറായി എന്നതാണ് അവർക്ക് പ്രധാനം.

ലിബറൽ സുഹൃത്തുക്കൾ പോരാട്ടം എന്ന പേരിലുള്ള കേവല അനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നതിൽ നമുക്ക് പ്രശ്നമില്ല. പക്ഷേ, ഷാരൂഖ് പത്താൻ കടന്നുപോയ പോലൊരു സന്ദർഭത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ദേഹം ചെയ്തതു തന്നെയാണ് അനുയോജ്യം. ആത്മപ്രതിരോധം എന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. അതിനെ നിഷേധിച്ചുകൊണ്ട് ഷാരൂഖിനെ അപലപിക്കുന്നവർ ആ അവകാശം അനുഭവിക്കാൻ അർഹതയില്ലാത്ത അർധമനുഷ്യരാണ് മുസ്​ലിംകളെന്നാണ് സൂചിപ്പിക്കുന്നത്. ഷാരൂഖ് പത്താനെയും ശഹീൻ ബാഗ് സമരപന്തലിന് നരെ നിറയൊഴിച്ച കപിൽ ഗുജ്ജാറിനെയും തീർത്തും യുക്തിരഹിതമായ രീതിയിൽ പലരും സമീകരിക്കുന്നത് കണ്ടു. ഇതുവഴി, പ്രവൃത്തിയുടെയും ആശയത്തിന്‍റെയും തലത്തിൽ മുസ്​ലിം സമുദായത്തിനകത്ത് നിന്നുണ്ടാവുന്ന ഏത് പ്രതിരോധശ്രമങ്ങളെയും അസാധുവാക്കാനാണ് ഇവർ ശ്രമിക്കുന്നത്.


ഇത് മറ്റൊരു സംഗതിയിലേക്കാണ് എന്നെ കൊണ്ടുപോവുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിലേറുന്നതിന് മുന്നേ എല്ലാം ശാന്തമായിരുന്നു എന്ന മൂഢമായ ആഖ്യാനത്തെ ലിബറലുകളും സെൻട്രിസ്റ്റുകളും പിന്തുണക്കുന്നു. എല്ലാതരം പാർശ്വവത്​കരണങ്ങളെയും മറന്ന് മുസ്​ലിംകൾ തങ്ങളുടെ ഗെറ്റോകളിൽ ശാന്തരായി കഴിയുകയാണെന്നവർ കരുതുന്നു. ബാബരി മസ്ജിദ് ധ്വംസനത്തിന് മുമ്പും ശേഷവും പിറന്നുവീണ എന്നെപ്പോലുള്ള കോടിക്കണക്കിന് മുസ്​ലിംകളുടെ കൺമുന്നിലുള്ള യാഥാർഥ്യം മറ്റൊന്നാണ്. ബി.ജെ.പിയുടെ അധികാരാരോഹണത്തിന് മുമ്പും ഭയാശങ്കളിൽ തന്നെയായിരുന്നു മുസ്​ലിംകളുടെ ജീവിതം. പക്ഷേ, ഏതെങ്കിലും മുസ്​ലിം അതിനെ തുറന്നുകാണിക്കാൻ ശ്രമിച്ചാൽ ആ നിമിഷം അവൻ തീവ്രവാദിയോ റാഡിക്കലോ ആയി മുദ്രകുത്തപ്പെടും. ഇതൊരു സവിശേഷമായ രാഷ്​ട്രീയ കൗശലമാണ്. കാര്യങ്ങളുടെ യാഥാർഥ്യത്തെ അഭിമുഖീകരിക്കാതെ ലിബറലുകൾക്കും സെൻട്രിസ്റ്റുകൾക്കും ലാഭകരമായ ഒരു സമൂഹ നിർമ്മിതിക്ക് വേണ്ടി പ്രവർത്തിക്കാൻ മുസ്​ലിംകൾ നിർബന്ധിതരാവുന്നു.

കൂടാതെ ലിബറലുകളുടെ അഭിപ്രായപ്രകടനങ്ങൾ യാഥാർഥ്യവുമായി ഏതെങ്കിലും തരത്തിൽ പൊരുത്തപ്പെടുന്നതോ സൂക്ഷ്മമോ അല്ല. പാർശ്വവത്​കൃതരുടെ ശബ്​ദങ്ങളെ തൊട്ട് തീർത്തും അശ്രദ്ധരാണവർ. അവരനുഭവിക്കുന്ന അടിച്ചമർത്തലുകളും അതിനെതിരെയുള്ള അവരുടെ ചെറുത്തുനിൽപ്പും ലിബറലുകൾക്കൊരു പരിഗണനാ വിഷയമേയല്ല. അതിനെ ശരിയായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് ഒരു തീർപ്പും അവർക്കില്ല.

ലിബറലുകൾക്ക് ആകെ വിഷയമായിട്ടുള്ളത് നിലനിൽക്കുന്ന വ്യവസ്ഥയും പ്രതിരോധത്തിന്‍റെ പേരിലുള്ള കേവലാനുഷ്ഠാനങ്ങളും മാത്രമാണ്. ദൃശ്യതക്കും കേൾക്കപ്പെടാനുള്ള അധികാരത്തിനും മേലുള്ള അവരുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന ഏത് മുസ്​ലിം പ്രതിരോധ സങ്കൽപ്പങ്ങളും അവരെ സംബന്ധിച്ച 'അതിര് കടന്നവ' ആണ്. അവർ പ്രഘോഷണം ചെയ്യുന്ന പ്രതിരോധ സങ്കൽപ്പങ്ങളോട് മൗലികമായി എതിരിടുന്നുവെന്ന ഒറ്റക്കാരണത്താലാണ് ശർജീൽ ഇമാമിനെ അവരാക്രമിച്ചത്. ഗാന്ധിയോടും ഭരണഘടനയോടു പോലും വിമർശനാത്മകമായ സമീപനമാണ് ഇമാം സ്വീകരിച്ചത്. പരിണാമദശയിലുള്ള ഒരു സമൂഹത്തിൽ, എതിരാശയങ്ങളോടുള്ള വിമർശനാത്മക ഇടപെടലുകൾ സ്വാഗതം ചെയ്യപ്പെടുക മാത്രമല്ല ആഘോഷിക്കപ്പെടുകയും ചെയ്യേണ്ട സംഗതിയാണ്. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ ഇത് സംഭവിക്കുന്നില്ല. കാരണം, ഇവിടുത്തെ പൊതു സംവാദവേദികൾ കയ്യടക്കിവെച്ചിരിക്കുന്ന ലിബറലുകളും സെൻട്രിസ്റ്റുകളും ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്ളവരാണ്. അവരാവട്ടെ അത്തരം ഇടങ്ങളെ പങ്കുവെക്കാനോ നമ്മുടെ ജീവിതത്തിനു മുകളിൽ കയ്യടക്കി വെച്ചിരിക്കുന്ന അധികാരങ്ങളെ കയ്യൊഴിയാനോ കൂട്ടാക്കുകയുമില്ല.

നാളിത്രയും അവരുടെ പ്രതിരോധാനുഷ്ഠാനങ്ങൾ ചോദ്യം ചെയ്യപ്പെടാതെ തുടർന്നുപോരുകയും മുസ്​ലിം സമുദായത്തിനകത്ത് നിന്നുള്ള ഏതുതരം വിമർശനാത്മക ശബ്ദങ്ങളേയും അസാധൂകരിക്കാൻ അവ ഉപയോഗപ്പെടുത്തുകയും ചെയ്തു. അവരുടെ ഇത്തരം അനുഷ്ഠാനങ്ങളും പ്രഖ്യാപനങ്ങളും സ്നേഹം കൊണ്ട് വിദ്വേഷത്തിനെതിരെ പോരടിക്കലുമൊന്നും ഇത്രയും കാലമായി ഒന്നും തന്നെ നമുക്ക് നേടി തന്നിട്ടില്ല. തന്നെയുമല്ല, വിമർശനാത്മകമായ വിഭിന്നാഭിപ്രായങ്ങളോട് ഇടപെടാനുള്ള അവരുടെ വിമുഖതയും അതുവഴി അവരുടെ ഉദ്ദേശശുദ്ധിയും തെളിഞ്ഞിരിക്കുന്നു. അത്തരം വിഭിന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അസാധൂകരിക്കുക വഴി ഒരുതരം സാമൂഹിക ഭീകരതയെ സാധ്യമാക്കുകയും അതുവഴി അത്തരം വിമർശകരെ തള്ളിപ്പറയുവാൻ സമുദായത്തെ സമ്മർദത്തിലാക്കുകയുമാണ് അവർ യഥാർഥത്തിൽ ചെയ്യുന്നത്. 'ചില ചെറു സംഘങ്ങളാൽ മുസ്​ലംകൾ ലിഞ്ച് ചെയ്യപ്പെടുന്നു' എന്ന ആഖ്യാനത്തിൽ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോവാൻ നമുക്ക് ഏഴ്​ വർഷമായിട്ടും സാധിച്ചിട്ടില്ല.

ഒരുപക്ഷേ, ഇത്തരം സംഭവങ്ങളോട് നാം നടത്തിയ വിശകലനങ്ങളെ നാം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാൻ വേണ്ടി മാത്രം പ്രത്യക്ഷപ്പെടുന്ന ഒളിവിൽ കഴിയുന്ന ഏതെങ്കിലും ഗ്യാങുകളോ അജ്ഞാതരോ അല്ല ഈ കൊലയാളികൾ. മറിച്ച്, ഹിന്ദു സമൂഹത്തിന്‍റെ ഒരു ഭാഗം തന്നെയാണവർ. തങ്ങളുടെ സമുദായം ചെയ്യുന്ന ഇത്തരം ഹിംസകളിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് 'ചെറു സംഘങ്ങൾ' എന്ന പേരിൽ കുറ്റവാളികളെ അവർ തിരിച്ചറിയുന്നത്. തങ്ങളുടെ മതചിഹ്നങ്ങളെയും മുദ്രാവാക്യങ്ങളെയും വംശഹത്യക്ക് വേണ്ടി ഉപയോഗിക്കുന്നതിനെയും തങ്ങളുടെ സമൂഹത്തിൽ നിലനിൽക്കുന്ന തീവ്രതയെയും അവർ തിരിച്ചറിയേണ്ടതുണ്ട്. സമാധാനത്തെയും മനുഷ്യത്വത്തെയും സംബന്ധിച്ച് അവർ മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങളെ സ്വീകരിക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നതിന് പകരം ഐക്യപ്പെടലിനെ സംബന്ധിച്ച് അല്ലെങ്കിൽ ഉത്തരവാദിത്ത ബോധമുള്ള മനുഷ്യനാവുന്നതിനെ സംബന്ധിച്ച്, ഞങ്ങൾക്കനുയോജ്യമെന്ന് തോന്നുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ അവർ തയ്യാറാവുകയാണ് വേണ്ടത്.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഘട്ടത്തിൽ തങ്ങളോട് ഐക്യപ്പെട്ട സഹസമരക്കാരെ ചൊടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതിന്‍റെ അർഥം സമരത്തെ 'ഇന്ത്യയെ സംരക്ഷിക്കുക' എന്നതിലേക്ക് ചുരുക്കലായിരുന്നു. വാസ്തവത്തിൽ, ഇന്ത്യയെ സംരക്ഷിക്കുക എന്നതിന്‍റെ ഉദ്ദേശം മോദി അധികാരത്തിലേറുന്നതിന് മുമ്പുള്ള സഹസമരക്കാർ അനുഭവിച്ച പദവികളെ നിലനിർത്തുന്നതും മുസ്​ലിംകൾ അരികുവത്​രിക്കപ്പെടുന്നതുമായ ഒരിന്ത്യയിലേക്കുള്ള തിരിച്ചുപോക്കാണ്. മതേതരത്വത്തിന്‍റെ കാൽപനികവത്​കരണത്തെയും ഒരു പ്രത്യേക ജാതിയിലും മതത്തിലും പെട്ടവർക്ക് മാത്രം ഗുണകരമാവുന്ന ഇന്ത്യ എന്ന സങ്കൽപത്തെയുമാണ് അത് അർഥമാക്കുന്നത്. സമുദായത്തിനകത്ത് നിന്നുള്ള വിമത ശബ്​ദങ്ങൾ ഒരുപക്ഷേ തെറ്റും, ലിബറലുകളും സെൻട്രിസ്റ്റുകളും പറയുന്നത് ശരിയുമായേക്കാം. പക്ഷേ, അത് തീരുമാനിക്കാനുള്ള അധികാരം മുസ്​ലിം സമുദായത്തിനു മാത്രമാണ്. മർദിത വിഭാഗത്തിന്‍റെ അത്തരം അഭിപ്രായപ്രകടനങ്ങളെ അപലപിക്കാനുള്ള യാതൊരവകാശവും ലിബറലുകൾക്കില്ല. തങ്ങളുടെ ഹിന്ദു സ്വത്വമുപയോഗിച്ച് മുസ്​ലിംകളോട് ചെയ്യുന്ന അനന്തമായ പീഡനങ്ങളെ ഹൈന്ദവ സമുദായം തള്ളിപ്പറയേണ്ടതുണ്ട്. ജയ് ശ്രീ റാം എന്ന മുദ്രാവാക്യം മനുഷ്യരെ കൊല്ലാനും ഭീകവത്​കരിക്കാനും ഉപയോഗിക്കുന്നതിന് നമ്മിൽ പലരും സാക്ഷ്യം വഹിക്കുന്നതാണ്. അതിനെ ഞാൻ തള്ളിപ്പറയുന്നത് വിദ്വേഷമല്ല, മറിച്ച് അതാണ് നീതി. അതിന്‍റെ പേരിൽ അവരെന്നെ തള്ളിപ്പറയുന്നത് വിദ്വേഷമാണെന്ന് മാത്രമല്ല കാപട്യവുമാണ്. ഹിന്ദു സ്വത്വത്തിൽ നിലകൊള്ളുന്നതിന്‍റെ ഉത്തരവാദിത്വം ഒരാൾ കയ്യൊഴിഞ്ഞ് കൊണ്ട് അതിന്‍റെ പ്രിവിലേജുകളെ അനുഭവിക്കുന്നത് അനുവദിച്ചുകൊടുക്കാവതല്ല.

(മൻഷാദ് മനാസ് വിവർത്തനം ചെയ്​തത്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjeel Usmani
News Summary - Self-defence is a basic human right: Sharjeel Usmani
Next Story