Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതൊട്ടാൽ വാടുന്ന...

തൊട്ടാൽ വാടുന്ന കൗമാരം

text_fields
bookmark_border
Adolescence
cancel

കഴിഞ്ഞദിവസം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം കൊല്ലത്ത്​ നടന്നു. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളി​​​െൻറ മൂന്നാംനിലയില്‍നിന്ന്  സ്​കൂളിലെ പത്താം തരം വിദ്യാർഥിയും  രാമൻകളങ്ങര സ്വദേശിയുമായ ഗൗരി നേഹ ചാടുകയും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി പിന്നീട്​ ആശുപത്രിയിൽ മരിക്കുകയും ചെയ്​തു. അന്വേഷണത്തെ തുടർന്ന്​ പൊലീസ്​ രണ്ട്​ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തികേസെടുത്തു.
രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പിതാവി​​െൻറ മൊഴിയനുസരിച്ചാണ്​ കേസ്​​. 

കഴിഞ്ഞ ഏപ്രിൽ ആദ്യവാരത്തിൽ തിരുവനന്തപുരം ജില്ലയിലെ അയിരൂർ എം.ജി.എം സ്​കൂൾ പ്ലസ്​ വൺ വിദ്യാർഥി അർജുൻ എന്ന 16 കാരൻ ജീവനൊടുക്കി. സ്​മർട്ട്​ ഫോൺ ഉപയോഗിച്ച്​ അർജുൻ കോപ്പിയടിച്ചതായി സ്​കൂൾ അധികൃതർ പറയുന്നു. ഇതി​​െൻറ പേരിൽ സ്​കൂളിലെത്തിയ തങ്ങളുടെ മുന്നിൽവെച്ച്​ വൈസ്​ പ്രിൻസിപ്പൽ വഴക്കുപറയുകയും  പരീക്ഷ എഴുതുന്നതിൽ നിന്ന്​ വിലക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തുവെന്നും തുടർന്നാണ്​ അർജുൻ ആത്​മഹത്യ ചെയ്​തതെന്നുമാണ്​ മാതാപിതാക്കൾ ആരോപിക്കുന്നത്​.

ഇൗ വർഷംതന്നെ ജനുവരി ഏഴിന്​ ഹൈദരാബാദിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിർസ സൽമാൻ ബെയ്​ഗ്​ ജീവനൊടുക്കിയതും വാർത്തയായിരുന്നു. ഹൈദരാബാദിലെ ഇഫ്ഹാം ടാലൻറ്​ സ്​കൂളിലാണ് സംഭവം. ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് പ്രിൻസിപ്പൽ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ച് പാൻറ്​സ്​ അഴിപ്പിച്ചശേഷം ക്ലാസിൽ ഇരുത്തിയെന്ന് സൽമാ​​െൻറ സഹോദരൻ ബഷീർ പറയുന്നു. സംഭവത്തിൽ പ്രിൻസിപ്പൽ കാജാ സൈനുലാബ്​ദീനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 

ഇത്തരത്തിൽ ഒാരോ ദിവസവും നിരവധി വാർത്തകളാണ്​ വന്നുകൊണ്ടിരിക്കുന്നത്​. ഇതിനെല്ലാം പുറമെയാണ്​ ബ്ലൂവെയിൽ എന്ന ഗെയിം കളിച്ചതിനെ തുടർന്നുള്ള കൗമാരകാരുടെ ആത്​മഹത്യകൾ. ഇത്തരം വാർത്തകൾ കേൾക്കു​േമ്പാൾ എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്​. നമ്മുടെ കുട്ടികൾക്ക്​ എന്തുപറ്റി..? ഇത്ര ക്രൂരന്മാരാണോ അധ്യാപകർ..? 

kollam-girl-jumps-off-school.

കഴിഞ്ഞ വർഷം റിലീസ്​ ചെയ്​ത ‘ആക്​ഷൻ ഹീറോ ബിജു’ എന്ന സിനിമയിൽ ഒരു രംഗമുണ്ട്​. പൊലീസ്​ സബ്​ ഇൻസ്​പെക്​ടറായ നായകൻ അടുത്തുള്ള സ്​കൂളിൽ ഒരു പരിപാടി ഉദ്​ഘാടനം ചെയ്യുന്നു. ഉദ്​ഘാടന പ്രസംഗത്തിൽ നായകൻ പറയുന്നത്​ ത​​െൻറ കുട്ടിക്കാലത്ത്​ ക്ലാസിലെ അധ്യാപികയിൽ നിന്ന്​ അടികിട്ടിയ കാര്യമാണ്​. നായകൻ അത്​ വീട്ടിൽ പറയുന്നില്ല. കാരണം വീട്ടിലറിഞ്ഞാൽ സ്​കൂളിൽ എ​​ന്തോ കുരുത്തക്കേട്​ കാണിച്ചു എന്നുകരുതി വീട്ടിൽനിന്ന്​ വീണ്ടും  അടികിട്ടുമെന്ന്​​ പേടിച്ചിട്ടാണ്​. തുടർന്ന്​ അദ്ദേഹം പറയുന്നത്​ ഇന്ന്​ അധ്യാപകർ ശിക്ഷിച്ചു എന്ന പരാതിയുമായി നിരവധി​ പേർ തന്നെ കാണാൻ വരുന്നുണ്ടെന്നാണ്​. അധ്യാപകരുടെ ശിക്ഷണത്തിന്​ സ്​നേഹത്തി​​െൻറ സംരക്ഷണമുണ്ടെന്ന്​ പറഞ്ഞുകൊണ്ടാണ്​ നായകനായ നിവിൻ പോളി ത​​െൻറ പ്രസംഗം അവസാനിപ്പിക്കുന്നത്​.

പൊതുവെ മാനസിക പ്ര​തിരോധ ശേഷി കുറഞ്ഞവരാണ്​ സമ്മർദ്ദങ്ങൾ താങ്ങാനാവാതെ ആത്​മഹത്യയെക്കുറിച്ച്​ ചിന്തിക്കുന്നതെന്ന്​ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ മനോരോഗ വിഭാഗം ​പ്രൊഫസർ ഡോ. പി.എൻ. സുരേഷ്​ കുമാർ പറഞ്ഞു. ജീവിതാനുഭവങ്ങൾ കുറയുന്നത്​ മൂലമാണിത്​. മനസ്സി​​െൻറ പ്രതിരോധശേഷി പ്രതികൂല അനുഭവങ്ങളിലൂടെയാണ്​ നേടാനാവുക. വളരെ ചെറുപ്പത്തിൽ തന്നെ കുഞ്ഞുങ്ങളെ ചെറിയ ചെറിയ ഉത്തവാദിതത്വങ്ങൾ ഏറ്റെടുക്കാൻ പരി​ശീലിപ്പിക്കേണ്ടതുണ്ട്​. ഇന്നത്തെ അണുകുടുംബങ്ങളിൽ ഇത്തരം പരിശീലനങ്ങൾ തീരെ ഇല്ലാത്ത അവസ്​ഥയാണ്​. സ്​കൂളിൽ നിന്ന്​ കുട്ടികളെ പരിശീലിപ്പിക്കാൻ നൽകുന്ന ഹോം വർക്കുകൾ പോലും ചെയ്യാൻ മാതാപിതാക്കൾ സഹായിക്കുകയോ ചെയ്​തുകൊടുക്കുകയോ ആണ്​ പതിവ്​. ഒരു തരത്തിലുള്ള പ്രയാസങ്ങളും അറിയാതെ വളരുന്ന ഇക്കൂട്ടർ മുതിർന്ന ക്ലാസുകളിലെത്തു​​േമ്പാൾ ജീവിത യാഥാർഥ്യങ്ങളുടെ മുന്നിൽ തളരുന്നു. 

ജീവിതം സന്തോഷവും ദുഖവും ഇടകലർന്നതാണ്​. വിജയവും പരാജയവും സാധാരണവുമാണ്​. പുകഴ്​ത്തപ്പെടുന്നതുപോലെത്തന്നെയാണ്​ കുറ്റപ്പെടുത്തലും കളിയാക്കപ്പെടലും. ഇവയെല്ലാം അറിഞ്ഞു​ം കേട്ടും വളരണമെന്നും അതിന്​ മാതാപിതാക്കളും സമൂഹവും അവരെ പ്രാപ്​തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കുട്ടികൾക്ക്​ എന്തെങ്കിലും തരത്തിലുള്ള  മാനസിക പ്രശ്​നങ്ങൾ ഉണ്ടെന്ന്​ സംശയം തോന്നിയാൽ ഉടൻ വിദഗ്​ധരുടെ സേവനം ലഭ്യമാക്കണമെന്നും ​പാഠ്യപദ്ധതികളിൽ ജീവിത നൈപുണ്യ പരിശീലനം കൂടി ഉൾപ്പെടുത്തണമെന്നും ഡോക്​ടർ പറഞ്ഞു.

Teenage

ഒരു കുട്ടിയുടെ സ്വയം മതിപ്പിന് പ്രഹരമേൽപ്പിക്കുന്ന ഏതു ശിക്ഷണ നടപടിയും കർശനമായി ഒഴിവാക്കേണ്ടതാണെന്ന്​ പ്രശസ്​ത മനോരോഗ വിദഗ്​ധനും കോളമിസ്​റ്റുമായ ഡോ. സി.ജെ. ജോൺ പറഞ്ഞു. അനുസരണക്കേടോ കുരുത്തക്കേടോ തിരുത്താനായി മാതാ പിതാക്കളും അധ്യാപകരും ഉൾപ്പെടെയുള്ള മുതിർന്നവർ സ്വീകരിക്കുന്ന നടപടികളിൽ  എന്തെങ്കിലും പാർശ്വ ഫലമുണ്ടോയെന്നു പല വട്ടം ആലോചിക്കണം. ഒരു കുട്ടി പെട്ടെന്ന് ഓടി മൂന്നാം നിലയിൽ നിന്ന് ചാടി മരണത്തിലേക്ക് യാത്രയാകുമ്പോൾ ഈ തത്വം അറിയാതെ ശകാരിച്ച അധ്യാപികയെ പഴി പറയാം. എന്നാൽ ഇത് പോലൊരു സാഹചര്യത്തിൽ സ്വയം ഉയിരെടുക്കുന്നതാണ് ശരിയായ വഴിയെന്ന ചിന്ത ഉദിക്കും വിധം ആ മനസ്സിനെ രൂപപ്പെടുത്തിയവരും അതിൽ പഴി കേൾക്കേണ്ടവരാണ്​... കുട്ടികളെ  ഉൾക്കരുത്തോടെ വളർത്തണമെന്നതാണ് ഇത്തരം സംഭവങ്ങളുടെ ഗുണപാഠം. കുട്ടികളുടെ മനശാസ്ത്രം അധ്യാപക പരിശീലനത്തിൽ പഠിക്കുന്നുണ്ടെങ്കിലും കുട്ടിയെ മനസ്സിലാക്കി അത് പ്രയോഗത്തിൽ വരുത്താൻ പോന്ന മാനസിക നിലയില്ലാത്ത പലരും ഇന്ന്​ അധ്യാപകരാകുന്നുണ്ട്. പലരുടെയും തൊഴിൽ അന്വേഷണത്തിലെ അവസാന അഭയമാണ് അധ്യാപക ജോലി. അത് കാശു കൊടുത്താൽ വാങ്ങാനും കിട്ടും. ഇൗ അവസ്​ഥ മാറേണ്ടതുണ്ടെന്നും കുട്ടികളെ കുറേക്കൂടി മാനസികമായി അറിയാൻ അധ്യാപകർ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയിലെ സാമൂഹിക ബന്ധങ്ങൾ സാമൂഹിക മാധ്യമങ്ങൾ മാത്രമായി ചുരുങ്ങിയിരിക്കുന്നത്​ ഇത്തരം പ്രശ്​നങ്ങൾക്ക്​ ആക്കം കൂട്ടുമെന്ന്​ ഫെയ്​സ്​ബുക്ക്‌ എഴുത്തുകാരായ ഡോക്‌ടർമാരുടെ കൂട്ടായ്‌മ 'ഇൻഫോക്ലിനിക്ക്‌' പേജി​​െൻറ അഡ്‌മിൻ ഡോ. ഷിംന അസീസ്​ പറഞ്ഞു. ഇത്തരം ഇലക്‌ട്രോണിക്‌ മാധ്യമങ്ങൾ മാത്രമായി ലോകം ചുരുങ്ങുന്നത്‌ കുട്ടികളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്‌.. സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളുമാണ്​ പ്രയാസങ്ങളിൽ എല്ലാവർക്കും താങ്ങായി നിൽക്കേണ്ടത്​. എന്നാൽ ന്യുജെൻ കുട്ടികൾക്കിടയിൽ ഹൃദയവേദനകളും പ്രശ്​നങ്ങളും പങ്കുവെക്കാൻ ഇടമുള്ള സൗഹൃദങ്ങൾ കുറവാണ്​. സുഹൃത്തുക്കളോട്‌ സംസാരിക്കുന്നത്‌ പോലും ആഴത്തിലുള്ള കാര്യങ്ങളല്ല. വ്യക്‌തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ അവർ മടി കാണിക്കുന്നുണ്ട്‌. വേദനകളും ഇല്ലായ്‌മകളും പങ്കുവെക്കുന്നത്‌ നാണക്കേടായാണ്​ അവർ കരുതുന്നുന്നത്​​. 

ഒരു ബൈക്ക്​ വേണമെന്ന്​ വാശി പിടിക്കുന്ന കുട്ടിയെ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞു മനസിലാക്കിപിന്തിരിപ്പിക്കുന്നതിന്​ പകരം ലോണെടുത്ത്​ അത്​ വാങ്ങിക്കൊടുക്കുകയാണ്​. ഇങ്ങിനെ വളരുന്ന കുട്ടികൾക്ക്​ നെഗറ്റീവായ ഒരു കാര്യവും നേരിടാൻ കഴിയാതെ വരുന്നു. എൽ.കെ.ജി പഠിക്കുന്ന കുട്ടിക്കും കോളജിൽ പഠിക്കുന്ന കുട്ടിക്കും ടെൻഷനുണ്ട്​. ഏറ്റക്കുറിച്ചിലുണ്ടെന്ന്​ മാത്രം. ഇതിനെ നേരിടാൻ  മനശാസ്​ത്രപരമായ സമീപനം ആവശ്യമാണ്. ഇതിനായി അധ്യാപക വിദ്യാർഥി അനുപാതം പുനപരിശോധിക്കേണ്ടതുണ്ട്‌. അധ്യാപകരോട്‌ ആത്മബന്ധം പുലർത്തുന്ന വിദ്യാർഥികളും ഇപ്പോൾ കുറവാണ്​. മുൻതലമുറ പോലെ കുട്ടികളുടെ ഏതു പ്രശ്‌നത്തിലും തണലായി നിൽക്കാനുള്ള അവസരങ്ങൾ അധ്യാപകർക്ക്‌ ലഭിക്കുന്നുണ്ടോ എന്നകാര്യത്തിലും സംശയമുണ്ടെന്ന്​ ഡോ. ഷിംന പറഞ്ഞു.

Smart-Phone

കൗമാരക്കാരായ കുട്ടികളുടെ മാനസികാവസ്​ഥ വ്യത്യസ്​ഥമാണ്​ എന്ന്​ അധ്യാപകർ മനസ്സിലാക്കേണ്ടതുണ്ടെന്ന്​ എഴുത്തുകാരിയും ആക്​റ്റിവിസ്​റ്റും തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് അസി. പ്രൊഫസറുമായ ദീപാനിശാന്ത്​ പറഞ്ഞു. പണ്ടൊക്കെ അധ്യാപകർ മാത്രമായിരുന്നു വിദ്യാർഥികളുടെ അറിവി​​െൻറ ഉറവിടം. ഇന്ന്​ പലതരം ഉറവിടങ്ങളിൽ ഒന്നു മാത്രമാണ്​ അധ്യാപകർ. അതുകൊണ്ടുതന്നെ അറിവു പകർന്നു നൽകുന്നതിലുപരി ഒരു ‘മോട്ടിവേറ്റർ’എന്ന റോളിലായിരിക്കണം അധ്യാപകർ ശ്രദ്ധിക്കേണ്ടത്​. കൊല്ലത്തെ ആത്​മഹത്യയുടെ കാരണം ഒറ്റപ്പെട്ടതല്ല. നമ്മുടെ നാട്ടിലെ മിക്ക വിദ്യാലയങ്ങളിലും അവസ്​ഥ ഇതുതന്നെയാണ്​. അധ്യാപകർ വിദ്യാർഥികളോട്​ ഒരുതരം അധികാര മനോഭാവത്തോടെയാണ്​ പെരുമാറുന്നത്​. അത്​ മാറ്റിയെടുക്കണം. മറ്റുള്ളവരുടെ മുന്നിൽവെച്ച്​ കുട്ടികളെ ഗുണദോഷിക്കുന്നത്​ അവർക്ക്​ അപമാനമുണ്ടാക്കുന്നുണ്ടെന്ന്​ മനസ്സിലാക്കണം. കുട്ടികളെ തിരുത്തു​​േമ്പാൾ അവരുടെ അഭിമാനം ക്ഷതപ്പെടാതെ ശ്രദ്ധിക്കണം. ചില അധ്യാപകർക്ക്​ ചെറിതോതിൽ സാഡിസ്​റ്റ്​ മനോഭാവമുണ്ടെന്നും അവർ പറഞ്ഞു. 

മുൻകാലങ്ങളിൽ കൗമാരക്കാരുടെയും യുവാക്കളുടെയും ആത്​മഹത്യകൾക്ക്​ പിറകിലുള്ള പ്രധാന വില്ലൻ പ്രണയ നൈരാശ്യവും തൊഴിലില്ലായ്​മയുമായിരുന്നെങ്കിൽ ഇന്ന്​ ആ പട്ടികയിലേക്ക്​ നിരവധി കാരണങ്ങൾ കടന്നുവന്നിരിക്കുന്നു. ജീവിതം അറിഞ്ഞുതുടങ്ങും മുമ്പുതന്നെ മരണത്തെ കൂട്ടിനു വിളിക്കുന്ന മനസ്സുകളെ നോവിക്കുന്നത്​ എന്തായിരിക്കാം എന്ന്​ ഗൗരവമായി അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidearticleschoolmalayalam newsAdolescence. Teenage
News Summary - Sensitive Teenage - Article
Next Story