എന്തുകൊണ്ട് തരൂരിനുവേണ്ടി കൈയുയർത്തണം?
text_fieldsപറഞ്ഞു പറഞ്ഞ് ഒടുവിൽ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വിജ്ഞാപനമിറങ്ങിയിരിക്കുന്നു. ഇന്നു മുതൽ ഈ മാസം 30 വരെ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഒന്നിനാണ് സൂക്ഷ്മപരിശോധന. അന്നുതന്നെ സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിടും. ഒക്ടോബർ എട്ടുവരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്; ഉപജാപങ്ങൾക്കും. 17നാണ് തെരഞ്ഞെടുപ്പ്. 19ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. കാര്യങ്ങൾ ഇന്നത്തെ രീതിയിൽ പോയാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്
ഗെഹ് ലോട്ടും മലയാളിയായ ഡോ. ശശി തരൂർ എം.പിയും തമ്മിലായിരിക്കും മത്സരം. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഗാന്ധികുടുംബത്തിന്റെ പിന്തുണയുള്ള ഗെഹ് ലോട്ട് പ്രസിഡന്റാവും. അദ്ദേഹത്തിന്റെ അരസമ്മതം കണ്ട് ദിഗ്വിജയ് സിങ് അടക്കമുള്ള ചിലരും രംഗത്തുവന്നിട്ടുണ്ട്. ചേറ്റൂർ ശങ്കരൻ നായർക്കുശേഷം ഒരു മലയാളി എ.ഐ.സി.സി അധ്യക്ഷനാകാൻ സാധ്യത തുലോം കുറവാണ്. ആരൊക്കെ സമ്മതിച്ചാലും കേരളത്തിലെ കോൺഗ്രസുകാർ സമ്മതിക്കാൻ സാധ്യത തീരെയില്ല.
പ്രസിഡന്റിനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് കുറേകാലമായി കോൺഗ്രസിൽ പതിവില്ല. ആർക്കും പത്രിക നൽകാം, എപ്പോഴും നൽകാം എന്നെല്ലാം പ്രഖ്യാപനമുണ്ടാവും. ഒടുവിൽ നെഹ്റു കുടുംബത്തിൽനിന്നോ അവർ പറയുന്നവരോ പ്രസിഡന്റാവും. അതാണ് പതിവ്.
പാർട്ടിയെ രക്ഷിക്കാനായി ഒരു വൈകുന്നേരം സോണിയയെ വിളിച്ചുകൊണ്ടുവന്നതും അന്നത്തെ പ്രസിഡന്റ് സീതാറാം കേസരിയെ പുറത്താക്കിയതുമെല്ലാം ചരിത്രമാണ്. അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 2000 നവംബറിൽ സോണിയ ഗാന്ധിയും യു.പിയിലെ മുതിർന്ന നേതാവ് ജിതേന്ദ്രപ്രസാദയും തമ്മിലായിരുന്നു. അന്ന് 94നെതിരെ 7542 വോട്ടുനേടി ജയിച്ച സോണിയ 2017 വരെ തുടർന്നു. അവർ അനാരോഗ്യം പറഞ്ഞ് ഒഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധിയെ നാമനിർദേശം ചെയ്തു. പൊതുതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് 2019ൽ രാഹുൽ ഗാന്ധി ഇട്ടെറിഞ്ഞുപോയതോടെ വീണ്ടും താൽക്കാലിക പ്രസിഡന്റായി സോണിയ.
ഇതിനിടയിൽ പലകുറി രാഹുലാകും, രാഹുലാകണം എന്ന മുറവിളി ഉയർന്നു. അതു മുറുകിനിൽക്കെ അദ്ദേഹം വിദേശ പര്യടനത്തിനു പോവും. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതോ, രാജ്യത്ത് ജനകീയ സമരങ്ങൾ കത്തിനിൽക്കുന്നതോ ഒന്നും വിഷയമല്ല. പി.സി.സികളും പി.സി.സി നേതാക്കളും എ.ഐ.സി.സി നേതാക്കളും രാഹുൽ ഗാന്ധി പ്രസിഡന്റാവണമെന്ന് മുറവിളിയുമായി വീണ്ടും ഇറങ്ങിയിട്ടുണ്ട്. കേരളത്തിൽ ഭാരത് ജോഡോയുമായി നല്ല നടപ്പ് തുടരുന്ന രാഹുൽ ഗാന്ധിയെ സമ്മതിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ആർ.എസ്.എസിനെയും അദാനി-അംബാനിമാരെയും പേരെടുത്ത് വിമർശിക്കുന്ന രാഹുൽ ഗാന്ധിയിൽ സാധാരണ ജനങ്ങളും പുതിയ തലമുറയും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പരാജയ പരമ്പരകൾക്കുശേഷവും അദ്ദേഹത്തെ കാണാനും കേൾക്കാനും എത്തുന്നവർതന്നെ ഇതിനു തെളിവാണ്. പ്രതീക്ഷകൾക്കൊത്തുയരാൻ അദ്ദേഹത്തിനു കഴിയുന്നില്ലെന്നു മാത്രം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രാഹുൽ ആവർത്തിക്കുന്നുണ്ട്.
ആറു പതിറ്റാണ്ട് രാജ്യം അടക്കിവാണ കോൺഗ്രസ് ശോഷിച്ച് അതിന്റെ ഏറ്റവും മോശമായ കാലത്തിലൂടെയാണ് കടന്നുപോവുന്നത്. ഭരണം രാജസ്ഥാനിലും ഛത്തിസ്ഗഢിലും മാത്രമൊതുങ്ങിയിരിക്കുന്നു. ഝാർഖണ്ഡിൽ ജെ.എം.എമ്മുമായൊത്തുള്ള ഭരണം തുലാസിലാണ്. ബിഹാറിലാവട്ടെ നിതീഷിന്റെയും തേജസ്വിയുടെയും ബലത്തിൽ നാമമാത്ര പ്രാതിധിന്യവുമുണ്ട്. ഉത്തർപ്രദേശ്, വെസ്റ്റ്ബംഗാൾ, ആന്ധ്ര, ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. സാന്നിധ്യമുള്ളിടത്താകട്ടെ ബി.ജെ.പി മണിപവറും ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളും വിനിയോഗിച്ച് ഞെരിച്ചുമുറുക്കുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പിനുമുമ്പ് അമ്പലത്തിൽ പോയി സത്യപ്രതിജ്ഞ ചെയ്യിച്ചിട്ടും ഗോവയിൽ പാർട്ടി നിയമസഭാകക്ഷി തന്നെ ബി.ജെ.പിയായി. ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുയർത്തുന്ന കർണാടകയിൽ പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ ഇ.ഡിയടക്കമുള്ള ഓഫിസുകൾ കയറിയിറങ്ങുകയാണ്. പാർട്ടി സജീവ സാന്നിധ്യമായിരുന്ന ഗുജറാത്തിൽ ഭരണമില്ലാതായിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു- കഴിഞ്ഞ തവണ കടുത്ത മത്സരം കാഴ്ചവെക്കാനായെങ്കിൽ ഡൽഹിക്കും പഞ്ചാബിനും ശേഷം സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാൻ ഒരുമ്പിട്ടിറങ്ങിയ ആം ആദ്മിയേക്കാൾ പിന്നിലായേക്കുമെന്നാണ് ഇത്തവണത്തെ അവസ്ഥ. പല്ലുഞെരിച്ച് നിൽക്കുന്ന ഫാഷിസത്തെ എതിരിടുന്നതിൽ കോൺഗ്രസിന്റെ സാന്നിധ്യം വേണമെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർബന്ധംകൊണ്ടുമാത്രം തമിഴ്നാട്ടിൽ പേരിനെങ്കിലും നിലനിൽക്കുന്നു. പാർട്ടിയുടെ നിലവിലെ സ്ഥിതി മനസ്സിലാകാത്ത ഏക വിഭാഗം കോൺഗ്രസ് നേതാക്കളാണ്. ഭരണമില്ലാത്തിടത്തും ഉള്ളിടത്തും തമ്മിലടിക്ക് ഒരു കുറവുമില്ല. അമരീന്ദറും സിദ്ദുവും തമ്മിലെ പോരാണ് തുടർഭരണ സാധ്യതയുണ്ടായിരുന്ന പഞ്ചാബ് ഉപ്പുവെച്ച കലമാക്കിയത്. അടികൂടി ഭരണം കളഞ്ഞതോടെ രണ്ടുപേരും രണ്ടു വഴിക്കു പോയി. രാജസ്ഥാനും ഛത്തിസ്ഗഢും നഷ്ടപ്പെടുത്താൻ പാർട്ടിയിലെ കടൽക്കിഴവന്മാർ പരമാവധി ശ്രമിക്കുന്നുണ്ട്. വസുന്ധരയും ബി.ജെ.പിയിലെ മറ്റു നേതാക്കളും തമ്മിലെ ഉൾപ്പോരാണ് രാജസ്ഥാനിൽ ഭരണം നിലനിർത്തുന്നതിലെ പ്രധാന കാരണമെന്ന അഭിപ്രായത്തിലും വസ്തുത ഇല്ലാതില്ല. ആറു വർഷമായി ഭരണമില്ലെങ്കിലും കേരളത്തിലും ഗ്രൂപ്പുവഴക്കിനു കുറവൊന്നുമില്ല. ഏറ്റവുമൊടുവിൽ ഘാട്ടാ ഗുസ്തി നടന്നത് കെ.പി.സി.സി അംഗങ്ങളുടെ ലിസ്റ്റിലാണ്. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാൽ പതിവ് പൊട്ടിത്തെറിയിലെത്തിയില്ലെന്നു മാത്രം.
ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗെഹ് ലോട്ടായാലും ദിഗ്വിജയ് സിങ്ങായാലും ഇനി ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് ശരാശരി കോൺഗ്രസുകാർപോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അവിടെയാണ് ശശി തരൂരിന്റെ പ്രസക്തി. വിശ്വപൗരനും മുൻ യു.എൻ ഉദ്യോഗസ്ഥനും ഭാഷാപടുവും ഗ്രന്ഥകാരനും എല്ലാം എല്ലാം ആണെങ്കിലും ആരുടെയും പിന്തുണ തരൂരിനില്ല. നേരത്തേ അദ്ദേഹത്തോടൊപ്പം നിന്ന ജി23യിലെ ചിലരെങ്കിലും എതിർപ്പിലുമാണ്. സംസ്ഥാന കോൺഗ്രസിലെ ദിവ്യന്മാരായ മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും മറ്റും തരൂരിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. 2009ലെ തെരഞ്ഞെടുപ്പിലായിരുന്നു തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ അരങ്ങേറ്റം. അതായത്, യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ടശേഷം. ആദ്യ തവണ മന്ത്രിയായി. 2014, 2019 തെരഞ്ഞെടുപ്പുകളിലും തിരുവനന്തപുരത്തുനിന്ന് ജയിച്ചുകയറി. ലോക്സഭയിലേക്ക് അദ്ദേഹത്തെ വിജയിപ്പിച്ചെടുക്കാൻ കോൺഗ്രസുകാർ പറയുന്ന കാര്യങ്ങളുടെ പത്തിലൊന്നു പരിഗണിച്ചാൽപോലും അദ്ദേഹം അധ്യക്ഷസ്ഥാനത്തിനർഹനാണ്.
ഇന്നത്തെ സ്ഥിതിയിൽ മോദിയോട്, അതല്ലെങ്കിൽ അമിത് ഷായോട് അല്ലെങ്കിൽ യോഗിയോടാണെങ്കിൽപോലും പാർലമെന്റിനകത്തും പുറത്തും നേരിടാൻ കഴിവുള്ളയാളാണ് തരൂർ- സുനന്ദ പുഷ്കർ കേസ് അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾപോലും കോംപ്രമൈസിനു തയാറാകാത്തയാൾ. അഭിപ്രായങ്ങളോട് നാം യോജിക്കണമെന്നില്ല, പക്ഷേ കുറിക്ക് കൊള്ളുന്ന ശൈലിയിൽ അത് വെട്ടിത്തുറന്നുപറയാനുള്ള ആർജവത്തെ അംഗീകരിച്ചേ മതിയാവൂ. ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് നരേന്ദ്ര മോദി എന്ന പരാമർശത്തിന്റെ പേരിൽ കുടുക്കാനുള്ള ശ്രമവും അദ്ദേഹം അതിജീവിച്ചു. ദേശീയ, അന്തർദേശീയ പ്രശ്നങ്ങളിൽ കൃത്യമായ നിലപാടുണ്ട് തരൂരിന് (ശബരിമല, തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുടങ്ങി പലതിലും സംസ്ഥാന കോൺഗ്രസ് നിലപാടിനെതിരുമാണ്). മതന്യൂനപക്ഷങ്ങൾക്കും സ്വീകാര്യൻ. എ.ഐ.സി.സി പ്രസിഡന്റ് എന്ന നിലയിലും പ്രധാനമന്ത്രി സ്ഥാനാർഥിയായും തരൂരിനെ ഉയർത്തിക്കാട്ടുന്നത് കോൺഗ്രസിന് ഗുണമേ വരുത്തൂ. അതുകൊണ്ട് ബോധവും ബോധ്യവുമുള്ള കോൺഗ്രസുകാരേ, നിങ്ങൾ തരൂരിൽ മുതൽമുടക്കുക. പാർട്ടിക്കും നാടിനുമത് നേട്ടമായി ഭവിച്ചേക്കും.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.