സിഖ് വംശഹത്യ 1984: അടങ്ങാത്ത ഓർമകൾ, ഒടുങ്ങാത്ത വിലാപങ്ങൾ
text_fieldsരാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ് 1984ൽ ഇന്ദിര ഗാന്ധി വധത്തിനുപിന്നാലെ ഡൽഹിയിൽ അരങ്ങേറിയസിഖ്വിരുദ്ധ കലാപം. ഭരണകൂടവും രാഷ്ട്രീയനേതൃത്വവും നിയമപാലകരും ചേർന്ന് നീതിവാഴ്ചയെ ഞെരിച്ചുകൊന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു, മുതിർന്ന മാധ്യമപ്രവർത്തകനും കലാപദൃക്സാക്ഷിയുമായ ലേഖകൻ
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അംഗരക്ഷകരാൽ വധിക്കപ്പെട്ട ദിനമായി മാത്രമാണ് 1984 ഒക്ടോബർ 31നെ നമ്മുടെ ഔദ്യോഗിക കലണ്ടറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ദിരയുടെ ഘാതകർ ഉൾക്കൊള്ളുന്ന സമുദാ യത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ ഒക്ടോബർ 31ന്റെ രാത്രി മുതൽ നവംബർ നാലുവരെ ഡൽഹിയിൽ മാത്രം 2733 സിഖുകാരെ അറുകൊല ചെയ്തകാര്യം ഏറെക്കാലം ഓർമിക്കപ്പെട്ടതുപോലുമില്ല. അനൗദ്യോഗിക കണക്കുകൾ പ്രകാരം അയ്യായിരത്തിലേറെ സിഖുകാർ ആ നാലു ദിനരാത്രങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പേപിടിച്ചമട്ടിൽ പാഞ്ഞുനടന്ന ആക്രമിക്കൂട്ടം സിഖുകാരുടെ കടകളും വീടുകളും കൊള്ളയടിച്ചു, അഗ്നിക്കിരയാക്കി. പുരുഷന്മാരെ കൂട്ടക്കൊലചെയ്തും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയും ഉന്മാദംപൂണ്ടു. ടയറുകൾക്ക് തീകൊളുത്തി കഴുത്തിലണിയിച്ചും ആസിഡ് ഒഴിച്ചും അത്യന്തം ഹീനമായ രീതിയിലായിരുന്നു കൊലപാതകങ്ങളിൽ പലതും. വീടുകളിൽനിന്ന് വലിച്ചിറക്കി തീവെച്ചും ഓടുന്ന ട്രെയിനുകളിൽനിന്ന് തള്ളിയിട്ടും കൊലനടത്തുന്നവരുടെ മനോഗതി എത്രമാത്രം ഭീകരമായിരിക്കും. അന്ന് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയുടെ നേതാക്കളുടെ അവകാശവാദങ്ങൾക്കും കൂട്ടക്കൊല അന്വേഷിക്കാൻ നിയുക്തരായ ന്യായാധിപന്മാരുടെ പ്രഖ്യാപനങ്ങൾക്കും കടകവിരുദ്ധമാണ് ദൃക്സാക്ഷികൾ കൺമുന്നിൽ കണ്ട കാഴ്ചകളും 38 വർഷങ്ങൾക്കിപ്പുറവും ആയിരക്കണക്കിന് കലാപബാധിത കുടുംബങ്ങൾ അനുഭവിച്ചുപോരുന്ന ദുരിതങ്ങളും. തികച്ചും ആസൂത്രിതമായ സായുധ ആക്രമണങ്ങളാണ് അന്ന് അരങ്ങേറിയത്. അക്കാലത്തെ പല പ്രമുഖ കോൺഗ്രസ് നേതാക്കളും ഈ കൂട്ടക്കൊലകൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും മുന്നിൽനിന്ന് പ്രവർത്തിച്ചു. അന്വേഷണ കമീഷനുകളും വസ്തുതാന്വേഷണ സമിതികളും ഈ നേതാക്കളിൽ പലരുടെയും പേരെടുത്തുപറഞ്ഞ് അവർ ഈ കുറ്റകൃത്യത്തിൽ വഹിച്ച പങ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ, ചുരുക്കംചിലർ മാത്രമാണ് നിയമനടപടികൾ നേരിടേണ്ടിവന്നത്. കോൺഗ്രസ് പ്രമുഖരിൽ ഒരാളെ- സജ്ജൻകുമാറിനെ മാത്രമാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ആ വിധി വന്നതാകട്ടെ കുറ്റകൃത്യം കഴിഞ്ഞ് 34 വർഷങ്ങൾക്ക് ശേഷവും.
'84ലെ കലാപകാലം പ്രമേയമാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത 'ജോഗി' എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗായകൻ ദിൽജിത് ദോസാഞ്ജ് അഭിപ്രായപ്പെട്ടത് ഒരുസമൂഹത്തെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ ആ കൂട്ടക്കൊലയെ വംശഹത്യ എന്നുതന്നെ വിളിക്കണമെന്നാണ്.
'84ലെ വംശഹത്യയുടെ ഏറ്റവും ഭീഭത്സമായ ഒരുവശം അതിൽ പൊലീസ് പുലർത്തിയ പങ്കാളിത്തമാണ്. പല കൊലപാതകങ്ങളിലും അവർ നേരിട്ട് പങ്കുചേർന്നു, ചിലയിടത്ത് കൊലപാതകികൾക്ക് ആവേശംപകർന്നു, മറ്റുചിലയിടത്ത് ആയുധങ്ങൾ നൽകി. കൊല്ലപ്പെട്ട സിഖുകാരുടെ ശരീരങ്ങൾ കത്തിച്ചുചാമ്പലാക്കാൻ മണ്ണെണ്ണയും പെട്രോളുംവരെ എത്തിച്ചുനൽകി. വംശഹത്യയെ അതിജീവിച്ചവർക്ക്, ഇരകളുടെ ബന്ധുക്കൾക്ക് 38 വർഷമായിട്ടും നീതി ലഭ്യമായില്ല. ഒരു പൊലീസുകാരൻപോലും നിയമത്തിന് മുന്നിലെത്തപ്പെട്ടില്ല. നൂറുകണക്കിന് ബലാത്സംഗങ്ങളാണ് നടമാടിയത്, ഒരു കേസ് പോലും അതിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടില്ല. 2733 കൊലപാതകങ്ങൾ നടന്നുവെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുമ്പോഴും 10 എഫ്.ഐ.ആറുകളിന്മേൽ മാത്രമാണ് കേസുകൾ പൂർത്തിയായത്. രജിസ്റ്റർ ചെയ്ത 587 എഫ്.ഐ.ആറുകളിലെ 241 കേസുകളും ഒരന്വേഷണവും നടത്താതെ തെളിവില്ല എന്ന ന്യായംപറഞ്ഞ് പൊലീസ് എഴുതിത്തള്ളി.
കൂട്ടക്കൊലകളെ സംബന്ധിച്ച് അവസാനമായി അന്വേഷണം നടത്തിയ ജസ്റ്റിസ് നാനാവതി കമീഷൻ പറഞ്ഞത് ഇങ്ങനെയാണ്: കുറ്റകൃത്യങ്ങൾ ചെയ്യുമ്പോഴും അതിനുശേഷവും ഒരു പൊലീസ് നടപടിയുമുണ്ടാവില്ല എന്ന് ഉറപ്പിച്ചമട്ടിൽ, ഭയലേശമില്ലാതെ സംഘടിതവും ആസൂത്രിതവുമായാണ് അതിക്രമങ്ങൾ നടമാടിയത്.
സിഖ് കുടുംബങ്ങളിലെ പുരുഷന്മാരെ വീടുകളിൽനിന്ന് വലിച്ചിറക്കിക്കൊണ്ടുവരുകയായിരുന്നു. അവരെ മർദിച്ച് അവശരാക്കിയശേഷം ജീവനോടെ തീവെച്ചുകൊല്ലുന്ന രീതിയാണ് അനുവർത്തിച്ചത്. ചിലയിടത്ത് കഴുത്തിൽ ടയർ അണിയിച്ച് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് കത്തിക്കുകയായിരുന്നുവെങ്കിൽ എളുപ്പം തീപിടിക്കുന്ന ഒരുതരം പൊടി വിതറിയാണ് ചിലയിടങ്ങളിൽ അറുകൊലകൾ ചെയ്തുകൂട്ടിയത്. സിഖുകാരുടെ കടകൾ തിരഞ്ഞുപിടിച്ച് കൊള്ളയടിച്ചശേഷം തീവെക്കുകയായിരുന്നു. രോഷപ്രകടനം എന്നമട്ടിൽ തുടങ്ങിയ അതിക്രമങ്ങൾ സംഘടിതകലാപമായി മാറുകയായിരുന്നു.
ഉന്നത സ്വാധീനവും ശക്തിയുമുള്ള ആളുകളുടെ പിൻബലമില്ലാതെ ഇത്രയധികം സിഖുകാരെ കൊലപ്പെടുത്താൻ സാധിക്കുമായിരുന്നില്ല എന്നും നാനാവതി കമീഷൻ ചൂണ്ടിക്കാട്ടുന്നു. ആൾക്കൂട്ടത്തെ ഒരുക്കാനും കൊല്ലിനും കൊള്ളിവെപ്പിനുമുള്ള ആയുധങ്ങൾ സജ്ജമാക്കാനും വിതരണം ചെയ്യാനുമെല്ലാം സംഘടിതമായ ഒരു ശ്രമംതന്നെ വേണ്ടിയിരുന്നു.
എന്തൊക്കെയായാലും നാളിതുവരെ കോൺഗ്രസ് പാർട്ടിയോ അവർ നേതൃത്വം നൽകിയ സർക്കാറുകളോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ഭീകരമായ ഈ വംശഹത്യ അരങ്ങേറി നാളുകൾക്കകം നടന്ന ഇന്ദിര ജയന്തി റാലിയിൽ പ്രസംഗിക്കവെ വന്മരങ്ങൾ വീഴുമ്പോൾ ഭൂകമ്പമുണ്ടാവുക സ്വാഭാവികമാണെന്നുപറഞ്ഞ് അതിക്രമത്തിന്റെ വ്യാപ്തിയെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ചെയ്തത്.
2005ൽ പാർലമെൻറിൽ നാനാവതി കമീഷൻ റിപ്പോർട്ട് സംബന്ധിച്ച ചർച്ചയിൽ ഇടപെട്ട് സംസാരിക്കവെ ഇന്ദിര ഗാന്ധിയുടെ വധത്തിനുപിന്നാലെ സിഖുകാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അകൈതവമായ ഖേദപ്രകടനം നടത്തിയിരുന്നു. പക്ഷേ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ വരുത്തിയ വീഴ്ച ഏറ്റെടുക്കാനോ ഏറ്റുപറയാനോ അദ്ദേഹം സന്നദ്ധത കാണിച്ചില്ല.
കലാപം തടയാൻ ഉദാസീനത കാണിക്കുകയോ അതിൽ പങ്കുചേരുകയോ ചെയ്ത പൊലീസുകാർക്കെതിരെ കേസുകളേതുമുണ്ടായില്ല. 1984ലെ വംശഹത്യയിൽ പൊലീസ് വഹിച്ച പങ്കിനെക്കുറിച്ച് പഠിച്ച കപുർ മിത്തൽ കമ്മിറ്റി 72 ഉദ്യോഗസ്ഥർ കുറ്റകരമായ അനാസ്ഥ പുലർത്തിയതായി കണ്ടെത്തി, അവരിൽ 30 പേരെ പിരിച്ചുവിടണമെന്നും ശിപാർശ ചെയ്തു. എന്നാൽ, വകുപ്പുതല അന്വേഷണ പ്രഹസനങ്ങൾ നടത്തിയെന്നല്ലാതെ കുറ്റവാളികളായ പൊലീസുകാർക്കെതിരെ സർക്കാർ നടപടിയേതും സ്വീകരിച്ചില്ല. അതി നൃശംസനീയമായ രീതിയിൽ അതിക്രമങ്ങൾ നടന്ന കിഴക്കൻ ഡൽഹിയിൽനിന്ന് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ എന്നനിലയിൽ ഈ കുറിപ്പുകാരൻതന്നെ പല അന്വേഷണസമിതികൾക്ക് മുന്നിലും ദൃക്സാക്ഷിമൊഴി നൽകിയതാണ്. എന്നാൽ, ആ അന്വേഷണങ്ങൾ പലതും വെറും കൺകെട്ടുപരിപാടികളാണെന്ന് കരുതേണ്ടിവരും. എന്തെന്നാൽ കുറ്റവാളികളെ മുഴുവൻ കുറ്റമുക്തരാക്കി എന്നു മാത്രമല്ല, പലരും സ്ഥാനക്കയറ്റങ്ങളാൽ പുരസ്കരിക്കപ്പെടുകയുമുണ്ടായി.
വംശഹത്യ നടന്ന് 11 വർഷങ്ങൾക്കുശേഷം വിചാരണയാരംഭിച്ച റാണ എ സരോജും ഭരണകൂടവും തമ്മിലെ കേസിൽ വാദംകേട്ട ജസ്റ്റിസ് എസ്.എൻ. ദിൻഗ്ര അഭിപ്രായപ്പെട്ടത് ഒരു നടപടിക്രമവും പാലിക്കാതെ, നിലവാരമേതുമില്ലാത്ത രീതിയിലാണ് കോടതിയിൽ സമർപ്പിക്കപ്പെട്ട ഓരോ കേസിലും പൊലീസ് അന്വേഷണം നടന്നിരിക്കുന്നത് എന്നാണ്. ഒരു പരിഷ്കൃത രാജ്യത്ത് സങ്കൽപിക്കാൻപോലും സാധിക്കാത്തവിധത്തിലാണ് കലാപക്കേസിലെ വിചാരണനടപടികൾ നീങ്ങിയത്.
ആക്രമിക്കൂട്ടത്തിന് കൈകാര്യംചെയ്ത് തീർക്കാൻ കഴിയാതെ പോയ മൃതദേഹങ്ങൾ ഒരുമിച്ചുകൂട്ടിയിട്ട് നശിപ്പിച്ചതുപോലും പൊലീസുകാരാണെന്ന് കപുർ-മിത്തൽ റിപ്പോർട്ടിലുണ്ടായിരുന്നു. കൊലപാതകങ്ങൾക്കിടയിൽ ത്രിലോക്പുരിയിൽനിന്ന് മുപ്പതിലേറെ സിഖുകാരെ പിടിച്ചുകൊണ്ടുപോയി ചില്ല വില്ലേജിൽ ബന്ദികളാക്കിയിരുന്നു. അതേക്കുറിച്ചും ഒരന്വേഷണവുമുണ്ടായില്ല.
കലാപ ഇരകളുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ഉറ്റവരും ഉടയവരും വീടും ജീവിതമാർഗവുമെല്ലാം നഷ്ടപ്പെട്ട അറുനൂറിലേറെ വിധവകളെ 500 രൂപയുടെ തുച്ഛമായ മാസ പെൻഷനും നൽകി തിലക് വിഹാറിൽ കൊണ്ടുവന്നുതള്ളി സർക്കാർ. മക്കളെ നേരാംവിധത്തിൽ വളർത്താനുള്ള ഒരു സാഹചര്യവും ആ അമ്മമാർക്കുണ്ടായിരുന്നില്ല. പല കുട്ടികളും പഠനമോ ജോലിയോ ഇല്ലാതെ ലഹരിക്കടിപ്പെട്ട് ജീവിച്ചൊടുങ്ങി.
ഡൽഹി വംശഹത്യയുടെ ആസൂത്രിതവും സംഘടിതവുമായ നടത്തിപ്പുരീതി പിൽക്കാലത്ത് രാജ്യത്ത് നടമാടിയ പല വർഗീയ കലാപങ്ങളിലും പകർത്തപ്പെട്ടതായി കാണാനാവും. പൊലീസിനും വർഷങ്ങൾക്കുശേഷവും ഒരുമാറ്റവും സംഭവിച്ചില്ല. വടക്കുകിഴക്കൻ ഡൽഹിയിൽ രണ്ടരവർഷം മുമ്പ് നടന്ന വർഗീയകലാപത്തിലും മുസ്ലിം വിരുദ്ധ അതിക്രമകാരികൾക്ക് സഹായവും സഹകരണങ്ങളുമൊരുക്കാൻ പൊലീസുകാർ ഉണ്ടായിരുന്നുവെന്ന് വസ്തുതാന്വേഷണ സംഘങ്ങൾ തെളിവുസഹിതം കണ്ടെത്തിയിരുന്നു.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.