Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാധ്യമങ്ങളുടെ...

മാധ്യമങ്ങളുടെ അറുപതാണ്ട്

text_fields
bookmark_border
മാധ്യമങ്ങളുടെ അറുപതാണ്ട്
cancel

നമ്മുടെ നാട് മൂന്നു ഭരണസംവിധാനങ്ങളിലായി കിടന്ന കാലത്താണ് ചില പ്രസാധകര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ പേരില്‍ കേരളം എന്നോ മലയാളം എന്നോ ചേര്‍ത്തത്.  ഇത് നമ്മുടെ മാതൃദേശ സങ്കല്‍പത്തിന്‍െറ പഴക്കത്തെ സൂചിപ്പിക്കുന്നു. കേരളസംസ്ഥാനം പിറക്കുമ്പോള്‍ മലയാളത്തില്‍ 21 പത്രങ്ങളുണ്ടായിരുന്നു. എല്ലാംകൂടി ദിനംപ്രതി വിറ്റത് രണ്ടുലക്ഷത്തോളം കോപ്പികള്‍. ഒരു എഡിഷന്‍ മാത്രമുള്ളതിനാല്‍ ഒരു പത്രത്തിനും സംസ്ഥാനവ്യാപകമായി പ്രചരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തെക്കന്‍ ജില്ലകളിലെ ഉയര്‍ന്ന സാക്ഷരതാനിരക്കും മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങളും പ്രയോജനപ്പെടുത്തി കോട്ടയത്തെ മലയാള മനോരമ ചുരുങ്ങിയ കാലത്തില്‍ പ്രചാരത്തില്‍ മറ്റു പത്രങ്ങളെ പിന്നിലാക്കി. കോഴിക്കോട്ടെ മാതൃഭൂമി 1962ല്‍ കൊച്ചിയില്‍ രണ്ടാം എഡിഷന്‍ തുടങ്ങി. അവിടെ കൊച്ചു പത്രങ്ങള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. അവരെ തോല്‍പിച്ച് അതിന്  പെട്ടെന്ന് വളരാനും ഏറ്റവുംവലിയ മലയാള പത്രമാകാനും കഴിഞ്ഞു. മനോരമ 1966ല്‍ രണ്ടാം എഡിഷന്‍ തുടങ്ങാന്‍ കോഴിക്കോട് തെരഞ്ഞെടുത്തു. രണ്ട് കൊല്ലത്തിനുള്ളില്‍ അതിന് മാതൃഭൂമിയില്‍നിന്ന് ഒന്നാം സ്ഥാനം വീണ്ടെടുക്കാനായി. അര നൂറ്റാണ്ടിനുശേഷവും അത് ഒന്നാംസ്ഥാനത്ത് തുടരുന്നു.

പുതിയ സാങ്കേതികവിദ്യ എഡിഷനുകള്‍ തുടങ്ങുന്നത് എളുപ്പമാക്കിയപ്പോള്‍ പത്രങ്ങള്‍ മത്സരിച്ച് എഡിഷനുകള്‍ തുടങ്ങി. വലിയ പത്രങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി എഡിഷനുകളുണ്ട്. മനോരമയുടെ 19 എഡിഷനുകളില്‍ 11 എണ്ണം സംസ്ഥാനത്താണ്; അഞ്ചെണ്ണം വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍, മൂന്നെണ്ണം ഗള്‍ഫ് രാജ്യങ്ങളില്‍. മാതൃഭൂമിയുടെ 16 എഡിഷനുകളില്‍ 10 എണ്ണം സംസ്ഥാനത്ത്, നാലെണ്ണം ഇന്ത്യന്‍ നഗരങ്ങളില്‍, രണ്ടെണ്ണം ഗള്‍ഫ്രാജ്യങ്ങളില്‍. ഏറ്റവുമധികം വിദേശ എഡിഷനുകളുള്ള പത്രമെന്ന ഖ്യാതി ഗള്‍ഫ്രാജ്യങ്ങളില്‍ ഒമ്പത് എഡിഷനുകളുള്ള ‘മാധ്യമ’ത്തിന് അവകാശപ്പെട്ടതാണ്.

ഇന്ത്യയിലെ ഭാഷാപത്രങ്ങളുടെ ചരിത്രം പഠിച്ച റോബിന്‍ ജെഫ്രി കേരളമാണ് ‘ഏറ്റവും പത്രവിശപ്പ്’ ഉള്ള സംസ്ഥാനമെന്ന് വിലയിരുത്തിയിട്ടുണ്ട്. മനോരമ ഏറെക്കാലം ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പത്രമായിരുന്നു. ഉയര്‍ന്ന സാക്ഷരതയും വായനാശീലവുമാണ് ജനസംഖ്യയുടെ നാലു ശതമാനത്തിനു താഴെ മാത്രമുള്ള കേരളത്തിലെ ഒരു പത്രത്തിന് ആ സ്ഥാനം നേടിക്കൊടുത്തത്. കേരളപ്പിറവിക്കുമുമ്പ് 1951ല്‍ ഇന്ത്യയിലെ സാക്ഷരത 18.3 ശതമാനമായിരുന്നപ്പോള്‍, തിരുവിതാംകൂറില്‍ അത് 46.7 ശതമാനവും കൊച്ചിയില്‍ 43.3 ശതമാനവും മലബാറില്‍ 31.3 ശതമാനവും ആയിരുന്നു. സാക്ഷരത 100 ശതമാനത്തിന് അടുത്തത്തെിച്ചതും ജനങ്ങളുടെ ക്രയശേഷി വര്‍ധിച്ചതും പത്രങ്ങളുടെ വളര്‍ച്ചക്ക് സഹായകമായി. മറ്റ് സംസ്ഥാനങ്ങളിലും സാക്ഷരത ഉയരുകയും ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള ദിനപത്രങ്ങള്‍ വളരുകയും ചെയ്തപ്പോഴാണ് മനോരമക്ക് രാജ്യത്തെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്.

പ്രചാരം വര്‍ധിച്ചപ്പോള്‍ പത്രങ്ങളുടെ വിശ്വാസ്യത കുറഞ്ഞു. അത് യാദൃച്ഛികമായി സംഭവിച്ചതല്ല. പത്രം വ്യവസായമാണെന്നും അതിന്‍െറ ലക്ഷ്യം ലാഭമാണെന്നും ഉടമകള്‍ തീരുമാനിച്ചതോടെ വരിക്കാരുടെയും വായനക്കാരുടെയും എണ്ണം വിജയത്തിന്‍െറ ഏക അളവുകോലായി. ജനങ്ങള്‍ പത്രം വാങ്ങുകയും വായിക്കുകയും ചെയ്യണമെന്നല്ലാതെ അവര്‍ വായിക്കുന്നത് വിശ്വസിക്കണമെന്ന് പത്ര ഉടമകള്‍ക്ക്  നിര്‍ബന്ധമില്ലാതായി. ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സംഘടനയും അത് മുന്‍കൈയെടുത്ത് സ്ഥാപിച്ച  പ്രസ് ഫൗണ്ടേഷന്‍ ഓഫ് ഏഷ്യയും പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പുതിയ പത്രപ്രവര്‍ത്തന രീതികള്‍ പഠിപ്പിക്കാന്‍ നടത്തിയ പരിപാടികളില്‍ പങ്കെടുക്കാന്‍ മനോരമ മുതിര്‍ന്ന സ്റ്റാഫുകളെ അയച്ചു. പരിശീലനം നേടിയവര്‍ക്ക് പഠിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള അവസരവും നല്‍കി. പരിശീലനം നല്‍കാനത്തെിയ വിദഗ്ധന്മാര്‍ അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും ജനപ്രിയ പത്രങ്ങളില്‍നിന്നുള്ളവരായിരുന്നു. ഗുണമേന്മയുള്ള പത്രങ്ങളില്‍ നിന്നുള്ളവരാരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ടാബ്ളോയ്ഡുകള്‍ വികസിപ്പിച്ച മാധ്യമശൈലിയാണ് വായനക്കാരെ ആകര്‍ഷിക്കാന്‍ അവര്‍ ഓതിക്കൊടുത്തത്. ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ താല്‍പര്യമെടുത്തപ്പോള്‍തന്നെ അതിന്‍െറ പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആണെന്ന് നാഷനല്‍ ഹെറാള്‍ഡ് പത്രാധിപര്‍ എം. ചലപതി റാവു ആരോപിച്ചിരുന്നു. പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ധനസഹായം നല്‍കിയിരുന്ന  രണ്ട് ഫൗണ്ടേഷനുകള്‍ സി.ഐ.എയുടെ പണം കൈകാര്യം ചെയ്യുന്നവയാണെന്ന വിവരം പിന്നീട് പുറത്തുവന്നു. പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍തന്നെ അവയുമായുള്ള ബന്ധം അവസാനിപ്പിച്ചു. അതോടെ അതിന്‍െറ പ്രവര്‍ത്തനം മന്ദീഭവിച്ചു. പക്ഷേ, അതിനിടയില്‍ മലയാളമുള്‍പ്പെടെ ഏതാനും ഭാഷകളിലെ പത്രങ്ങള്‍ വിദേശ വിദഗ്ധന്മാരില്‍നിന്ന് പഠിച്ച രീതികള്‍ ഉപയോഗിച്ച് വളര്‍ന്നുതുടങ്ങിയിരുന്നു.

മത്സരത്തിന്‍െറ ആദ്യ ഘട്ടത്തില്‍ കോഴിക്കോട്ട് വളരാന്‍ മനോരമ പ്രയോഗിച്ച തന്ത്രങ്ങളെപ്പറ്റി അതിന്‍െറ സാരഥികള്‍ നല്‍കിയ വിവരം ജെഫ്രിയുടെ ‘ഇന്ത്യയിലെ പത്രവിപ്ളവം’ എന്ന പുസ്തകത്തിലുണ്ട്. നായന്മാര്‍ക്കിടയില്‍ മാതൃഭൂമിക്കുള്ള വേരോട്ടം മനസ്സിലാക്കി തീയരെയും മുസ്ലിംകളെയും ആകര്‍ഷിക്കാന്‍ ശ്രമിച്ചതായി അവര്‍ പറഞ്ഞു. നക്സലൈറ്റുകള്‍ പുല്‍പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍ തുടര്‍ച്ചയായി സംഭ്രമജനകമായ റിപ്പോര്‍ട്ടുകള്‍ നല്‍കി പത്രം വായനക്കാരെ ത്രസിപ്പിച്ചു. പുതിയ രീതികളിലൂടെ മനോരമ നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റ് പത്രങ്ങള്‍ അനുകരിക്കാന്‍ തയാറായി. ഗള്‍ഫ് പണമൊഴുക്ക് ഉപഭോഗസംസ്കാരം വളര്‍ത്തിയപ്പോള്‍ പത്രങ്ങള്‍ അതിന്‍െറ ഗുണഭോക്താക്കളും പ്രചാരകരുമായി. വാര്‍ത്തയെ സംബന്ധിച്ച സങ്കല്‍പങ്ങള്‍ മാറിമറിഞ്ഞു. ഉത്സവങ്ങളും തുണിക്കട ഉദ്ഘാടനങ്ങളും വാര്‍ത്തയായി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന പത്രങ്ങള്‍ അന്ധവിശ്വാസങ്ങള്‍ വളര്‍ത്താനും അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാനും ശ്രമിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നു.

പത്രങ്ങളുടെകൂടി സ്വാധീനത്തില്‍ കേരളസമൂഹം ഈവിധം   മാറിക്കൊണ്ടിരുന്നപ്പോഴാണ് ടെലിവിഷന്‍ വന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്‍ശന്‍ അല്ലാതെ മറ്റൊരു ദൃശ്യമാധ്യമം ഇല്ലാതിരുന്നതുകൊണ്ട് ആദ്യ ചാനലായ ഏഷ്യാനെറ്റിന് മത്സരത്തിന്‍െറ സമ്മര്‍ദമില്ലാതെ കുറച്ചുകാലം പ്രവര്‍ത്തിക്കാനായി. നല്ല സാഹിത്യത്തില്‍നിന്നും നല്ല സിനിമയില്‍നിന്നും നല്ല പത്രപ്രവര്‍ത്തനത്തില്‍നിന്നും മലയാളി ഉള്‍ക്കൊണ്ടിരുന്ന സങ്കല്‍പങ്ങളെ മാനിച്ചുകൊണ്ടാണ് അത് രംഗപ്രവേശം ചെയ്തത്. തമിഴ്നാട്ടിലെ സണ്‍ നെറ്റ്വര്‍ക്കിന്‍െറ സൂര്യ വന്നതോടെ ദൃശ്യമാധ്യമരംഗത്തും  മത്സരം തുടങ്ങി. ഏഷ്യാനെറ്റിന്‍െറ പരിപാടികള്‍ക്ക് സമാനമായവയുമായാണ് സൂര്യ തുടങ്ങിയത്. പിന്നീട് വിപണിതാല്‍പര്യങ്ങള്‍ മുന്‍കൈ നേടി. ഒന്നിനുപിറകെ ഒന്നായി നിരവധി ചാനലുകള്‍ വരുകയും സാങ്കേതികവിദ്യ പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്തത് മത്സരം കൊഴുപ്പിച്ചു.

അനന്തമായി നീളുന്ന  സീരിയലുകള്‍ വിനോദമേഖലയും അര്‍ഥശൂന്യമായ അന്തിച്ചര്‍ച്ചകള്‍ വാര്‍ത്താമേഖലയും കൈയടക്കി. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളെയും മാധ്യമങ്ങള്‍ രാഷ്ട്രീയക്കാരെയും മാനിപ്പുലേറ്റ് ചെയ്യുന്ന അവസ്ഥയുമുണ്ടായി. ചാനലുകളും വിശ്വാസ്യതാപ്രശ്നം നേരിട്ടു. അതിനുശേഷം നവമാധ്യമങ്ങള്‍ വന്നു. ദ്വാരപാലകര്‍ തടയാത്തതുകൊണ്ട് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുചെന്നു എന്തും വിളിച്ചുപറയാവുന്ന ആ വേദിയിലേക്ക് തള്ളിക്കയറ്റമുണ്ടായി. പത്രങ്ങളും ചാനലുകളും അവിടെയുമത്തെി. മാധ്യമങ്ങളുമായി മുന്‍ബന്ധമില്ലാത്ത വെബ്സൈറ്റുകളും പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയകക്ഷികളുടെയും രാഷ്ട്രീയേതര  സംഘടനകളുടെയും ഒളിപ്പോരാളികളും അവിടെ സജീവമാണ്.

ബഹുതല മത്സരം നടക്കുന്ന ഒരിടമാണ് കേരളത്തിലെ  മാധ്യമരംഗം ഇന്ന്. അവിടെ പത്രങ്ങള്‍ തമ്മില്‍ മത്സരിക്കുന്നു, ചാനലുകള്‍ തമ്മില്‍ മത്സരിക്കുന്നു, നവമാധ്യമങ്ങള്‍ തമ്മില്‍ മത്സരിക്കുന്നു. പത്രങ്ങളും ചാനലുകളും നവമാധ്യമങ്ങളും തമ്മിലും മത്സരിക്കുന്നു. അവരുയര്‍ത്തുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ചിലര്‍ സമചിത്തതയോടെ വസ്തുതകള്‍ അവതരിപ്പിക്കാനും ആരോഗ്യകരമായ സംവാദങ്ങള്‍ സംഘടിപ്പിക്കാനും ശ്രമിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിക്കും സ്വന്തം ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരം അവിടെയുണ്ട്. വിവേകത്തോടും വിവേചനബുദ്ധിയോടും മാധ്യമങ്ങളെ സമീപിക്കാന്‍ വായനക്കാരും പ്രേക്ഷകരും തയാറാകണമെന്ന് മാത്രം.

60 കൊല്ലം മുമ്പ് കേരളസമൂഹം വ്യക്തമായും മുന്നോട്ടുപോവുകയായിരുന്നു. മുന്‍നിര സംസ്ഥാനമായി തുടരുന്നുണ്ടെങ്കിലും ഇപ്പോഴും പലയിടത്തും ജീര്‍ണതയുടെ ലക്ഷണങ്ങള്‍ കാണാനുണ്ട്. ഇന്നത്തെ സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിഫലിക്കുന്ന പൊതുവികാരത്തിന്‍െറ വെളിച്ചത്തില്‍ അവര്‍ സമീപകാല പ്രവര്‍ത്തനം വസ്തുനിഷ്ഠമായി പരിശോധിക്കുന്നത് നന്നായിരിക്കും.                      
                                             l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pressmediasixty yearskerala@60
News Summary - sixty years of press
Next Story