കേരളം അഭിസംബോധന ചെയ്യേണ്ട സാമൂഹിക പ്രതിസന്ധികൾ
text_fields‘‘ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം’’-നാരായണ ഗുരു
കേരളം പുതിയ ‘ദേശപ്പിറവി’ ആഘോഷിക്കുമ്പോൾ നേട്ടങ്ങളുടെ പട്ടിക സ്തുത്യർഹമാംവിധം പരിഗണിക്കപ്പെടുന്നുണ്ട്. അതേസമയം, കേരളീയ സമൂഹം അഭിസംബോധന ചെയ്യേണ്ട എണ്ണമറ്റ പ്രശ്നങ്ങൾ ഇനിയുമുണ്ട് എന്നതാണ് യാഥാർഥ്യം.
ഇത്തരം സാമൂഹിക പ്രശ്നങ്ങളെ സൂക്ഷ്മമായി പര്യാലോചിച്ച് മറികടക്കാനുള്ള മാർഗങ്ങൾ തേടുമ്പോഴാണ് മലയാളി സമൂഹം കൂടുതൽ ജനായത്തവത്കരിക്കപ്പെടുക. ആത്യന്തികമായി കേരളം അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങളെ അവതരിപ്പിക്കുന്നതിലൂടെ കേരള സമൂഹത്തിന്റെ സമത്വപൂർണമായ സാഹോദര്യ സഹജീവനത്തെയാണ് അത് ലക്ഷ്യമിടുന്നത്.
വർധിച്ചുവരുന്ന വലതുപക്ഷവത്കരണം
ഇന്ത്യയെ സംബന്ധിച്ച് വലതുപക്ഷമെന്നത് ജാതിബ്രാഹ്മണ്യ ഹിന്ദുത്വവും അതിന്റെ സാംസ്കാരിക മൂല്യങ്ങളും മേൽക്കോയ്മാ അസമത്വ വ്യവസ്ഥയുമാണ്. ഇടതുപക്ഷമെന്നതുകൊണ്ട് അർഥമാക്കുന്നത് ഭരണഘടന ജനായത്തത്തെയും ദലിതർ, ആദിവാസികൾ, ഭിന്നശേഷി വിഭാഗങ്ങൾ, ട്രാൻസ് മനുഷ്യർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, മത്സ്യത്തൊഴിലാളികൾ, പാർശ്വവത്കൃത ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ബഹുജനങ്ങളുടെ തുല്യാവകാശങ്ങളെയും അവസരസമത്വത്തെയും ആത്മാഭിമാനമുള്ള ജീവിതത്തെയും സാധ്യമാക്കുന്ന, സായൻസിക ചിന്താരീതി പിന്തുടരുന്ന തീർത്തും പുരോഗമനാത്മകമായ നിലപാടുള്ള, അതിനുവേണ്ടി പ്രവർത്തിക്കുന്ന പക്ഷമാണ്. അതുകൊണ്ടുതന്നെ കേവലമായ ഒരു രാഷ്ട്രീയ പാർട്ടിയെയല്ല ഇവിടെ ഇടതുപക്ഷമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
കേരളത്തിലെ സമകാലിക സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ വെളിവാകുന്നത് ഇവിടെ സൂചിപ്പിച്ച ഇടതുപക്ഷ ആശയങ്ങൾക്ക് വിരുദ്ധമായ സാംസ്കാരിക പരിതഃസ്ഥിതികൾ ബലപ്പെട്ടുവരുന്നു എന്നതാണ്. കേരളത്തിൽ നടപ്പാക്കപ്പെട്ട സവർണ സംവരണംതന്നെ ഇതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ്.
സവർണ ജാതിവിഭാഗങ്ങൾക്ക് നൽകപ്പെട്ട സാമ്പത്തിക സംവരണം കൃത്യമായ കണക്കുകളുടെ പിൻബലത്തിൽ നടപ്പാക്കപ്പെട്ട ഒന്നല്ല. കാലങ്ങളായി കേരളത്തിൽ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സവർണ ദാരിദ്ര്യകഥകളും കുചേല വൃത്തം വഞ്ചിപ്പാട്ടുകളുമാണ് സവർണ സംവരണം സാധ്യമാക്കിയത്. ഇത് നിലവിലുള്ള സവർണ യാഥാസ്ഥിതികത്വത്തെ കൂടുതൽ ബലപ്പെടുത്തുകയാണുണ്ടായത്.
പുതിയ നൂറ്റാണ്ടിലും ക്ഷത്രിയ പദവിയുടെ മഹത്ത്വം ആഘോഷിക്കുന്ന കൊട്ടാരം വിദുഷികൾ ഇതിന്റെ നേർദൃഷ്ടാന്തമാണ്. അക്കാദമിക സെമിനാറുകളിൽപോലും ഇത്തരം വിദുഷികൾ അരങ്ങുവാഴാൻ കാരണം കേരളീയ പൊതുസമൂഹം നാടുവാഴി ഭൂപ്രഭുത്വത്തെ ഇപ്പോഴും മനസ്സുകൊണ്ട് താലോലിക്കുന്നു എന്നതിനാലാണ്.
ആർത്തവമുള്ള സ്ത്രീകൾ തൊട്ടാൽ ചെടികൾ വാടുമെന്ന തികച്ചും അശാസ്ത്രീയമായ വാദമുഖങ്ങൾ അവതരിപ്പിക്കാൻ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത് നാടുവാഴി ബ്രാഹ്മണ്യ പ്രഭുത്വത്തിന്റെ മേൽക്കോയ്മയും അധികാര പ്രമത്തതയും അത് അവതരിപ്പിക്കുന്നവരെയും സമൂഹത്തെയും ഭരിക്കുന്നതിനാലാണ്.
വർധിച്ചുവരുന്ന യജ്ഞാനുഷ്ഠാനങ്ങളും ബ്രാഹ്മണ്യാനുഷ്ഠാനങ്ങളോടുള്ള ആഭിമുഖ്യവും വലതുപക്ഷവത്കരണത്തിന്റെ നേരുദാഹരണമാണ്. ബ്രാഹ്മണ്യത്തിന്റെ വിദ്യാരംഭ ചടങ്ങുകൾ സാർവജനീനമായിക്കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ വിദ്യാഭ്യാസത്തിനായി പോരാടിയ ഒരു ജനതയുടെ ചരിത്രത്തെയാണ് സവർണ ബ്രാഹ്മണ്യ ശക്തികൾ മായ്ക്കാൻ ശ്രമിക്കുന്നത്.
കേരളത്തിലെ അവർണ ജനത ഏതെങ്കിലും ബ്രാഹ്മണ്യ പുരോഹിതന്റെ മടിത്തട്ടിലിരുന്നല്ല അക്ഷരജ്ഞാനത്തിലേക്ക് പ്രവേശിച്ചത്. നാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനും മഹാത്മാ അയ്യൻകാളിയും അടക്കമുള്ള മഹാത്മാക്കളുടെ നിരന്തരമായ പ്രയത്നത്തിന്റെ അനന്തരഫലമായാണ് കേരളത്തിലെ അവർണ ബഹുജനങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിലേക്ക് പ്രവേശിച്ചത്.
ഇതിൽ ബൗദ്ധ സംസ്കാരത്തിന്റെയും ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെയും സ്വാധീനമുണ്ടായിരുന്നു. ഇത്തരമൊരു പോരാട്ടചരിത്രത്തെയാണ് അഭിനവ പൗരോഹിത്യം ബ്രാഹ്മണികമായ വിദ്യാരംഭ ചടങ്ങുകളിലൂടെ തിരസ്കരിക്കുന്നത്.
ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ടലും മറ്റും ഇന്നും തുടരുന്നു. ചില ക്ഷേത്രങ്ങളിൽ ബ്രാഹ്മണർ മാത്രമേ പൂജാരിയാവാൻ പാടുള്ളൂ എന്ന് ശഠിക്കുന്നു. പാചകക്കാരനാവാനുള്ള യോഗ്യതതന്നെ ബ്രാഹ്മണനായി ജനിക്കുകയാണെന്ന് ഭരണകൂടം വിധിയെഴുതുന്നു. ഇതിനർഥം ബ്രാഹ്മണ്യ യാഥാസ്ഥിതികത്വത്തെ പിൻപറ്റുന്ന മൂല്യബോധം കേരളത്തിൽ ഇന്നും ശക്തമാണെന്നുതന്നെയാണ്.
സായൻസിക മനോഭാവ വിരുദ്ധത
കേരളീയ സമൂഹത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ മറ്റൊരു നിദർശനമാണ് സായൻസിക മനോഭാവ വിരുദ്ധത. ഗണപതിയെ ചൊല്ലിയുള്ള മിത്തുവിവാദം ഇതിനെയാണ് സൂചിപ്പിക്കുന്നത്. തീർത്തും അസഹിഷ്ണുതയോടെയുള്ള ശൂദ്രനാമ ഘോഷയാത്ര സായൻസിക മനോഭാവത്തിന് വിരുദ്ധമായ കാതലായ എതിർഭാവമാണ്.
വർധിച്ചുവരുന്ന മന്ത്രവാദ ചടങ്ങുകളും മന്ത്രവാദ ബലികളും മലയാളി സമൂഹത്തെ ബാധിച്ചിരിക്കുന്ന സായൻസിക ചിന്താപദ്ധതിയുടെ അഭാവത്തെയാണ് തെളിച്ചുകാട്ടുന്നത്. ആർത്തവം അശുദ്ധമാണെന്ന് പ്രഖ്യാപിച്ചുള്ള നാമഘോഷയാത്രകൾ ബ്രാഹ്മണ്യാനുഷ്ഠാനങ്ങളെ സാധൂകരിക്കുകയും സായൻസിക ചിന്താധാരകളെ പുറന്തള്ളുകയും ചെയ്യുന്നു.
പ്രാതിനിധ്യ അട്ടിമറികൾ -ജനായത്ത ധ്വംസനം
കാര്യക്ഷമമായി വ്യത്യസ്ത സമുദായങ്ങളുടെ പ്രാതിനിധ്യം ഭരണകൂട അധികാര രംഗങ്ങളിൽ ഉറപ്പിക്കപ്പെട്ടാൽ മാത്രമേ ഭരണഘടന ജനായത്തം ശക്തിപ്പെടുകയുള്ളൂ. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന്റെ ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസ് തയാറാക്കിയ 2021ലെ അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത് കേരളത്തിലെ പട്ടിക വിഭാഗ പ്രാതിനിധ്യം ശുഷ്കാൽ ശുഷ്കതരമാണെന്നാണ്.
പട്ടികവർഗ വിഭാഗത്തിൽപെട്ട ഒരു ജീവനക്കാരൻ പോലുമില്ലാത്ത അഞ്ച് പൊതുമേഖല സ്ഥാപനങ്ങൾ കേരളത്തിലുണ്ടെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 51 പൊതുമേഖല സ്ഥാപനങ്ങളിൽ പട്ടികവിഭാഗ പ്രാതിനിധ്യം ഇനിയും നികത്തേണ്ടിയിരിക്കുന്നു.
കേരളത്തിലെ സവർണ വിഭാഗങ്ങളുടെ കുത്തകയായ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ദലിത് പ്രാതിനിധ്യം തീർത്തും നേർത്തതും ശുഷ്കവും ശൂന്യവുമാണ്. പൊതുപണം ഏറ്റവും കൂടുതൽ പ്രവഹിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സമ്പത്തിന്റെ സമ്പൂർണ അവകാശികൾ സവർണരാണ് എന്നതാണ് വസ്തുത. എന്നിട്ടും സവർണ ദാരിദ്ര്യത്തിന്റെ അമ്മൂമ്മക്കഥകളിലൂടെ അമിത പ്രാതിനിധ്യം സവർണർ കുത്തകയാക്കിവെച്ചിരിക്കുകയാണ്.
സർവകലാശാലകളിലെ സംവരണ അട്ടിമറിയും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ സംവരണം അട്ടിമറിച്ചിരിക്കുന്നു എന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും കണ്ടെത്തി. റോസ്റ്റർ ശരിയാക്കി അർഹതപ്പെട്ടവർക്ക് നിയമനം നൽകാൻ ഹൈകോടതി വിധിച്ചിട്ടും അധികാരികൾ മൗനം ഭജിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ ദലിത് ഗവേഷക വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ്സും ഫെലോഷിപ്പുകളും കൃത്യമായി ലഭിക്കാതെ നിരവധി പ്രതിസന്ധികൾ അവർ അഭിമുഖീകരിക്കുകയാണ്. പ്രാതിനിധ്യത്തിന്റെ വിഷയത്തിൽ നേരിടുന്ന പുറന്തള്ളൽ ഹിംസയാണ് ദലിത് വിദ്യാർഥികൾ ഇക്കാര്യത്തിലും അനുഭവിക്കേണ്ടി വരുന്നത്.
കേരളത്തിലെ ഇരുപതിനായിരത്തിലധികം വരുന്ന പട്ടികവിഭാഗ കോളനികൾ തെളിയിക്കുന്നത് ഭൂമിയുടെ അവകാശവും ചിലർ കുത്തകയാക്കി വെച്ചിരിക്കുന്നു എന്നാണ്. ആദിവാസികളുടെ ഭൂസമരങ്ങൾ ഇതിന്റെ നേർസാക്ഷ്യമാണ്. എന്നാൽ, ഭൂ അവകാശത്തെ കേവലം പാർപ്പിട പ്രശ്നമാക്കി ചുരുക്കുന്നതിലൂടെ ഭൂമിയുടെ കുത്തകാവകാശികൾക്ക് അത് തുടരാനും, ഭൂമിയില്ലാത്തവർക്ക് അതിന്മേലുള്ള അവകാശങ്ങൾ സമ്പൂർണമായി നിരസിക്കാനും മാത്രമേ ഉതകൂ.
കാരണം ഭൂമി കേവലം ഭൂമിയല്ല. പാർശ്വവത്കൃതരുടെ ഭാവിയെ കരുത്തുറ്റതാക്കാനുള്ള ഉപാധികൂടിയാണ് ഭൂ അവകാശം. കൃത്യമായ ജാതി സർവേ നടത്തുമ്പോൾ ഭൂ അധികാരത്തെ സംബന്ധിച്ച കണക്കുകൾ ശേഖരിച്ചാൽ കേരളത്തിൽ ഭൂമിയുടെ ഭൂരിഭാഗവും ആരുടെ കൈകളിലാണെന്ന് വ്യക്തമാവും.
ഫോബ്സ് മാഗസിൻ പുറത്തുവിട്ട വിവരമനുസരിച്ച് ഇന്ത്യയിലെ 75 ശതമാനം ഭൂമിയുടെ അധികാരവും 13 ശതമാനം വരുന്ന സവർണ ജനവിഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഭൂമിയിലും അധികാര തസ്തികകളിലും ദലിത് ജനവിഭാഗങ്ങൾ നേരിടുന്ന പുറന്തള്ളൽ ജനായത്ത വ്യവസ്ഥിതിയെയാണ് ദുർബലപ്പെടുത്തുന്നത്.
ഇസ്ലാം/മുസ്ലിം ഫോബിയ
കളമശ്ശേരിയിൽ ഒരു സ്ഫോടനമുണ്ടായപ്പോൾ അതിലെ പ്രതി ഒരു മുസ്ലിം നാമധാരിയാകരുതെന്ന് പലരും ആത്മാർഥമായിതന്നെ ആഗ്രഹിച്ചു, പ്രാർഥിച്ചു. കേരളത്തിൽ ഇസ്ലാമോഫോബിയ നിലനിൽക്കുന്നു എന്നാണിത് തെളിയിക്കുന്നത്. മുസ്ലിം നാമധാരി പ്രതിയായാൽ ഒരു സമൂഹത്തെ മുഴുവൻ പ്രതിയാക്കാൻപോന്ന ഇസ്ലാമോഫോബിയ കേരളത്തിൽ നിലനിൽക്കുന്നു എന്നാണിതിനർഥം. ഇത് കേരളത്തിലെ മറ്റൊരു ജനവിഭാഗത്തിനും അനുഭവിക്കേണ്ടി വരാത്ത സാമൂഹിക പ്രശ്നമാണ്. ഏതെങ്കിലും സവർണർ കുറ്റാരോപിതരായാൽ പരമാവധി ആ വ്യക്തിയുടെ മാത്രം പരിമിതിയായി അതിനെ ചുരുക്കാനും സവർണ സമൂഹത്തെ പ്രതിയാക്കാതിരിക്കാനുമുള്ള ‘സാമൂഹിക ജാഗ്രത’ മലയാളി സമൂഹം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്.
സാധിക്കുമെങ്കിൽ ഇത്തരം കുറ്റാരോപിതരെ മഹത്വപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. ഇതാണ് നിലനിൽക്കുന്ന ‘പൊതുബോധം’. ഈ പ്രതിബോധം ആത്യന്തികമായി ജാതിഹിന്ദുത്വത്തിന് വെറുപ്പിന്റെ വിളവിറക്കാനുള്ള കളം സൃഷ്ടിക്കുന്നതിനാണ് സഹായകമാവുക എന്നതാണ് യാഥാർഥ്യം.
കേരളം അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങളെ മാത്രമാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരം പ്രതിസന്ധികളെ സത്യസന്ധമായി മനസ്സിലാക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മാത്രമേ കേരളത്തിന് ഒരു ‘ഇടതുപക്ഷ കേരളമായി’ രൂപാന്തരപ്പെടാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.