ഒളി ഹാന്‍ഡിലുകള്‍ എന്ന ഉഭയസംവിധാനം
text_fieldsവ്യാജ ഹാൻഡിലുകൾക്കും ‘സ്വതന്ത്ര’ ഹാന്‍ഡിലുകള്‍ക്കും വോട്ടർമാരുടെ വിവിധ വിഭാഗങ്ങളെ സവിശേഷമായി ടാർഗറ്റ് ചെയ്യാനാകും. ഔദ്യോഗിക ഹാൻഡിലുകൾ പാർട്ടിയുടെ മാന്യത നിലനിർത്തുന്നു, അതേസമയം അനൗദ്യോഗിക ഹാൻഡിലുകൾ അനൗപചാരികവും വൃത്തികെട്ടതുമായ ഉള്ളടക്കം ഇഷ്ടപ്പെടുന്ന കൂടുതൽ ‘റാഡിക്കൽ’ സ്വഭാവമുള്ള വോട്ടർമാരുമായി സമരസപ്പെടുന്നു
ലോക്സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് കേരളത്തിലെ സി.പി.എം ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ നേരിടുന്നു എന്നതിനെക്കുറിച്ച് എനിക്കൊരു രൂപംകിട്ടുന്നത് പോരാളി ഷാജി എന്ന സോഷ്യൽ മീഡിയ പ്രഫൈലിനെതിരെ എം.വി. ജയരാജന് രൂക്ഷ വിമര്‍ശനം നടത്തിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ്. പോരാളി ഷാജി, കടന്നലുകള്‍, അമ്പാടി മുക്ക് എന്നൊക്കെ അവിടെയുമിവിടെയും കണ്ടിട്ടുള്ളതല്ലാതെ ഇവയെക്കുറിച്ചോ പൊതുവെ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ സോഷ്യൽ മീഡിയ ഹാന്ഡിലുകളെക്കുറിച്ചോ എനിക്ക് കാര്യമായ അറിവൊന്നുമില്ല.
ഇതുപോലെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ആ പാർട്ടിയെ പിന്തുണക്കുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഹാന്‍ഡിലിനെതിരെ വിമര്‍ശനം ഉന്നയിച്ചതായി കണ്ടിരുന്നു. 12 വര്‍ഷം മുമ്പ് ഈ പ്രതിഭാസത്തെ പാര്‍ട്ടികളുടെ ‘മള്‍ട്ടിപ്പ്ള്‍ ട്രാന്സ്ക്രിപ്ട്സ്’എന്ന് വിശേഷിപ്പിച്ചുകൊണ്ട് മീഡിയ, കള്‍ചര്‍ ആന്‍ഡ് സൊസൈറ്റി എന്ന അക്കാദമിക് പ്രസിദ്ധീകരണത്തില്‍ ഡോ. ചെറില്‍ റൂത്ത് സോറിയാനോയുമായി ചേര്‍ന്ന് എഴുതിയ ഒരു പഠനത്തിനായി ഞാന്‍ ഈ പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നതുകൊണ്ട്, ഇതൊരു സ്വാഭാവിക സംഭവമായാണ് എനിക്ക് അനുഭവപ്പെട്ടത്. അന്ന് ഇന്ത്യയിലിത് വ്യാപകമായിരുന്നില്ല.
രാഷ്ട്രീയതന്ത്രമെന്ന നിലയില്‍ നിരവധി സോഷ്യൽ മീഡിയ ഹാന്‍ഡിലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും എന്നാല്‍ അവയുമായി കൃത്യമായ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ഫിലിപ്പീന്‍സിലെ മോറോ ലിബറേഷൻ പ്രസ്ഥാനം അതിന്റെ ദേശീയ-അന്തർദേശീയ നിലപാടുകളെ സ്വന്തം അണികളുടെയും ഒപ്പംതന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെയും മുന്നില്‍ വൈരുധ്യാത്മകമായി അവതരിപ്പിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുകയായിരുന്നു ഞങ്ങളുടെ പഠനത്തിന്റെ ലക്ഷ്യം. സമൂഹ മാധ്യമങ്ങളില്‍ ലിബറേഷന്‍ ഫ്രണ്ടിനെ അനുകൂലിക്കുന്ന വ്യത്യസ്ത പ്രഫൈലുകള്‍ ഫിലിപ്പീനോ ഭരണകൂടത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും നിശിതമായി വിമര്‍ശിക്കുകയും ആക്രമിക്കുകയും സായുധപ്പോരാട്ടത്തിന് ആഹ്വാനംചെയ്യുകയും ചെയ്യുമ്പോള്‍ ഒഫീഷ്യല്‍ ഹാന്‍ഡില്‍ ചെയ്തിരുന്നത് തങ്ങള്‍ സമാധാനത്തിനും സമവായത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് നിരന്തരം പ്രഖ്യാപിക്കുകയായിരുന്നു. ഒരിക്കലും പക്ഷേ ഈ ‘ഒളി-ഹാന്‍ഡി’ലുകളെ അവര്‍ തള്ളിപ്പറഞ്ഞിരുന്നില്ല. മാത്രമല്ല, അക്രമത്തിന് ആഹ്വാനംചെയ്യുന്ന പല പ്രഫൈലുകളും യഥാർഥത്തില്‍ നിയന്ത്രിച്ചിരുന്നത് സംഘടനയുടെ നേതാക്കള്‍ തന്നെയാകാം എന്ന സാധ്യതയാണ് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞുവന്നത്.
പാര്‍ട്ടികളുടെ ഉഭയ സംവിധാനം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരം അനൗദ്യോഗിക ഹാൻഡിലുകൾ നല്കുന്ന സൗകര്യങ്ങള്‍ നിരവധിയാണ്. കുറച്ചുകാലം മുമ്പുവരെ ഇടക്കിടെ ഉണ്ടാകാറുള്ള സി.പി. ഐ-സി.പി.എം സംവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലേക്ക് സംക്രമിച്ചപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ ഇതിനുദാഹരണമാണ്. സി.പി.ഐയില്‍നിന്ന് എന്‍.ഇ. ബാലറാം, സി. ഉണ്ണിരാജ, തോപ്പില്‍ ഭാസി എന്നിവരും സി.പി.എമ്മില്‍നിന്ന് പ്രധാനമായും ഇ.എം.എസും പങ്കെടുത്ത് നടന്നിരുന്ന അഭിപ്രായഭിന്നത ചര്‍ച്ചകള്‍ ഇടതുമുന്നണി രൂപവത്കരിച്ച ശേഷവും രൂക്ഷമായി തുടര്‍ന്നിരുന്നു. എന്നാല്‍, സോഷ്യല്‍മീഡിയയില്‍ നടന്ന ചര്‍ച്ചകള്‍ നയങ്ങളുടെയും വിപ്ലവപരിപാടിയിലെ വ്യത്യസ്തതകളെയുംകുറിച്ച് മാത്രമായിരുന്നില്ല. സി.പി.ഐ നേതാവും പുന്നപ്ര-വയലാര്‍ സമരനായകരില്‍ ഒരാളുമായിരുന്ന സി.കെ. കുമാരപ്പണിക്കരെ അവഹേളനപരമായി പരാമര്‍ശിച്ച് വ്യാജ ഐ.ഡികളിലൂടെ പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍ ചില സി.പി.എം നേതാക്കള്‍ എഴുതിയതാണെന്ന് സി.പി.ഐ വൃത്തങ്ങള്‍ അക്കാലത്ത് ആരോപിച്ചിരുന്നു.
അതുപോലെ വലതുപക്ഷ ആശയങ്ങള്‍ സ്വന്തം വികസന നയങ്ങള്‍ നീതിമത്കരിക്കാന് ആവശ്യമായി വരുമ്പോഴും അത്തരം വ്യാജ ഇടതു പ്രഫൈലുകള്‍ ഉപയോഗപ്പെട്ടിരുന്നു. വ്യാജമല്ലാത്ത ഹാന്‍ഡിലുകളും നിഷ്പക്ഷമായി നില്ക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതും പാര്‍ട്ടിയുടെ എതിരാളികളെ പരിഹസിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നതും പാര്‍ട്ടികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചുകണ്ടിട്ടുള്ളത്. അത്തരത്തില്‍ ഒരു ഹാന്‍ഡിലിന് എതിരെയാണ് കെ. സുരേന്ദ്രന്റെയും വിമര്‍ശനം ഉണ്ടായത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മതസംഘടനകളും വ്യാപകമായി ഈ രീതി പയറ്റാറുണ്ട്.
പലപ്പോഴും പാർട്ടി അനുഭാവികളോ അയഞ്ഞബന്ധമുള്ള വ്യക്തികളോ ചിലപ്പോള്‍ പാര്‍ട്ടി നേതാക്കൾ തന്നെയോ നടത്തുന്ന ഈ ഹാൻഡിലുകൾ പാര്‍ട്ടികള്‍ക്ക് നേരിട്ട് പറയാന്‍വയ്യാത്ത ആരോപണങ്ങളോ അധിക്ഷേപങ്ങളോ വിശദീകരണങ്ങളോ വ്യാജ ഡേറ്റകളോ പ്രചരിപ്പിക്കാനും തീവ്ര വീക്ഷണങ്ങൾക്ക് പ്രചാരംനല്കാനും ഉപയോഗിക്കപ്പെടുന്നു. അവർക്ക് എതിരാളികളെ കൂടുതൽ ക്രൂരമായി ആക്രമിക്കാനും ഔദ്യോഗിക ചാനലുകൾക്ക് കഴിയാത്ത നിന്ദ്യമായ ഉള്ളടക്കം പ്രചരിപ്പിക്കാനും കഴിയും. പൊളിറ്റിക്കൽ കമ്യൂണിക്കേഷനിലെ ഇത്തരം ‘മൾട്ടിപ്പ്ൾ ട്രാൻസ്ക്രിപ്റ്റുകളുടെ’നിലനില്‍പ്പും സാധൂകരണവും ഉണ്ടാകുന്നത് ആരോടും ഉത്തരവാദിത്തമില്ലാതെ ആക്രമണാത്മകവും വ്യക്തിപരവും വിവാദപരവുമായ മീംയുദ്ധങ്ങളിലും ആക്ഷേപഹാസ്യത്തിലും ഏർപ്പെടാനും ആവശ്യമെങ്കിൽ നിരാകരിക്കാവുന്ന കിംവദന്തികളോ അപവാദങ്ങളോ പ്രചരിപ്പിക്കാനും ഇവക്ക് കഴിയുമെന്നതിനാലാണ്. നേരിട്ടുള്ള ഉത്തരവാദിത്തമില്ലാതെ വിവാദ സന്ദേശങ്ങൾ പ്രചരിപ്പിക്കാന്‍ അനൗദ്യോഗിക ഹാൻഡിലുകൾ തങ്ങളുടേതായ ഒരു അനുയായിവൃന്ദത്തെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു.
ചിലപ്പോള്‍ പാർട്ടികള്‍ക്ക് ആവശ്യമില്ലാത്ത വിവാദങ്ങളും ഇവര്‍ സൃഷ്ടിക്കാറുണ്ട്. വ്യാജ പ്രഫൈലിനു പിന്നിലാണെങ്കിലും അവരും മനുഷ്യരാണ്. അവരുടെ വ്യാജ പ്രഫൈലിനുണ്ടാകുന്ന മാനക്ഷയങ്ങളും നേരിട്ടുള്ള പ്രഫൈല്‍ ആണെങ്കില്‍ സ്വന്തം വ്യക്തിത്വത്തിന് ഏല്ക്കുന്ന പരിക്കുകളും അവരെയും വേദനിപ്പിക്കുകയും അപ്പോഴൊക്കെ അപൂര്‍വമായെങ്കിലും അവര്‍ പാർട്ടികള്‍ക്ക് ഹാനികരമാകാവുന്ന നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്തുകാണാറുണ്ട്. അപ്പോള്‍ പാര്‍ട്ടികള്‍ക്ക് നിഷ്പ്രയാസം അവരെ തള്ളിപ്പറയാനും സാധിക്കും. ഇതൊരു ഉഭയസംവിധാനമാണ്. ഇത്തരം ചില മലക്കംമറിച്ചിലുകള്‍, അവരുടെ രാഷ്ട്രീയമായ പിന്തുണവൃന്ദം ഭൂരിപക്ഷവും പാര്‍ട്ടി അനുഭാവികള്‍ ആയിരിക്കുമ്പോഴും പലരും നടത്തുന്നത് സ്വന്തം വ്യക്തിത്വം സ്വയം ബോധ്യപ്പെടുത്താനോ തങ്ങള്‍ രാഷ്ട്രീയമായി സ്വതന്ത്രരാണ് എന്നത് എല്ലാവരും വിശ്വസിക്കണമെന്ന് ഹതാശമായി സൂചിപ്പിക്കാനോ ആണ്. അല്ലാതെ ഏകപക്ഷീയമായി ചിലര്‍ നടത്തുന്ന ഏകാന്ത യുദ്ധങ്ങളല്ല ഇവയൊന്നും.
സംവിധാനത്തിന്റെ സൗകര്യം
ഇത്തരത്തില്‍ ഒന്നിലധികം ചാനലുകൾ ഉപയോഗിക്കുന്നതിലൂടെ, പാർട്ടികൾക്ക് അവരുടെ വ്യാപ്തിയും സ്വാധീനവും വർധിപ്പിക്കാൻ കഴിയാറുണ്ട്. അതിന്റെ അംഗീകാരമായിരുന്നു യഥാർഥത്തില്‍ എം.വി. ജയരാജന്റെ വിമര്‍ശനത്തില്‍ ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങള്‍ മാത്രം കാണുന്ന ഒരു തലമുറ ഉണ്ടായിരിക്കുന്നുവെന്നും അവരെ ഇത്തരം ഹാന്‍ഡിലുകള്‍ വശീകരിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സന്ദേശങ്ങൾക്കായി കൂടുതൽ കരുത്തുറ്റ ആശയവിനിമയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ അനൗദ്യോഗിക ഹാൻഡിലുകൾ സംഘടനകളെ ശക്തിപ്പെടുത്തുമ്പോള്‍ അവയെ സന്തോഷപൂര്‍വം സ്വീകരികുകയാണ് നേതൃത്വങ്ങള്‍ ചെയ്യാറുള്ളത്. കാരണം വ്യാജ ഹാൻഡിലുകൾക്കും ‘സ്വതന്ത്ര’ഹാന്‍ഡിലുകള്‍ക്കും വോട്ടർമാരുടെ വിവിധ വിഭാഗങ്ങളെ സവിശേഷമായി ടാർഗറ്റ് ചെയ്യാനാകും. ഔദ്യോഗിക ഹാൻഡിലുകൾ പാർട്ടിയുടെ മാന്യത നിലനിർത്തുന്നു, അതേസമയം അനൗദ്യോഗിക ഹാൻഡിലുകൾ അനൗപചാരികവും വൃത്തികെട്ടതുമായ ഉള്ളടക്കം ഇഷ്ടപ്പെടുന്ന കൂടുതൽ ‘റാഡിക്കൽ’സ്വഭാവമുള്ള വോട്ടർമാരുമായി സമരസപ്പെടുന്നു.
കേരളത്തിലെ സി.പി.എം ഇപ്പോള്‍ നടത്തുന്ന സമൂഹമാധ്യമ വിമര്‍ശനവും കെ. സുരേന്ദ്രന് നടത്തുന്ന വിമര്‍ശനവും ഈ ഉഭയസംവിധാനത്തിന് പുറത്തല്ല. മറിച്ച് അതു നല്കുന്ന സവിശേഷമായ സൗകര്യത്തിനുള്ളിലാണ് നിലകൊള്ളുന്നത്. അവരുടെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന്, മുമ്പ് അവരെ പിന്തുണക്കുന്ന ചില സോഷ്യൽമീഡിയ ഹാൻഡിലുകളിൽനിന്ന് പാർട്ടി വിമർശനം ഉണ്ടാകുമ്പോള്‍ അനൗദ്യോഗിക ഹാന്‍ഡിലുകളെ നിഷ്പ്രയാസം തള്ളിപ്പറയാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനപരമായ സൗകര്യം. പലരും കരുതുന്നതുപോലെ പാര്‍ട്ടികള്‍ക്കോ ഇത്തരം ഹാന്‍ഡിലുകള്‍ക്കോ ഇതില്‍നിന്ന് പുതുതായി ഒന്നും പഠിക്കാനില്ല. അതറിയണമെങ്കില്‍ എന്തുകൊണ്ട് ഈ വിമര്‍ശനം ഇപ്പോള്‍ ഉയര്‍ന്നുവന്നു എന്നതുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
ഈ വിമർശനം, ‘കാഫിർ’പോസ്റ്റ്പോലുള്ള സെൻസിറ്റിവ് പ്രശ്നങ്ങൾ, അനൗദ്യോഗിക ഹാൻഡിലുകളുടെ സൗകര്യമുപയോഗിച്ച് പ്രചരിപ്പിച്ചതിന്റെപേരില് പ്രതിക്കൂട്ടിലായ സന്ദര്‍ഭത്തിലാണ് ഉണ്ടായിട്ടുള്ളത്. അപ്പോള്‍ ഇത്തരം ഹാന്‍ഡിലുകള്‍ തുടര്‍ന്നും സംഘടനക്ക് പ്രയോജനകരമായി തുടരണമെങ്കില്‍ പാര്‍ട്ടിയും ഇവരും തമ്മില്‍ ഒരു വൈരുധ്യമുണ്ട് എന്ന നരേറ്റിവ് സൃഷ്ടിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ശ്രമമാണ് ഇരുകൂട്ടരും സ്വാഭാവികമായും നടത്തുക. അത്തരം വ്യക്തികളും വ്യാജ പ്രഫൈലുകളും ഈ ഘട്ടത്തില്‍ ഇത്തരം ‘പാർട്ടിവിരുദ്ധ’പോസ്റ്റുകള്‍ ഇടുന്നതും ഇതിന്റെ ഭാഗമാണ്. ഇത് സി.പി.എം മാത്രം ചെയ്യുന്ന കാര്യവുമല്ല. 12 വര്‍ഷംമുമ്പ് ഞാന്‍ പഠിക്കാന്‍ ശ്രമിച്ച ബോറോ വിമോചന സംഘടനയുടെ അടവും ഇതുതന്നെയായിരുന്നു. തങ്ങള്‍ കുഴപ്പത്തിലാകുമ്പോള്‍ ഇത്തരം ഒരു നരേറ്റിവ് സൃഷ്ടിക്കാന്‍ സംഘടനകള്‍ക്ക് കഴിയുമെന്നതു തന്നെയാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനപരമായ സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.