നവസാമൂഹിക മാധ്യമങ്ങളും ‘ആരോഗ്യ’വർത്തമാനങ്ങളും
text_fieldsആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ ഒരു വനഗ്രാമമാണ് മിലിയാൻഡോ എ ന്ന ഗ്രാമം. 31 വീടുകൾ മാത്രമാണ് ആ ഗ്രാമത്തിലുള്ളത്. അവിടെ കൃഷി ചെയ്തും വനവിഭവങ്ങളെ ആശ്രയിച്ചുമാണ് ആ നാട്ടുകാരുടെ ഉപജീവനം. ആ ഗ്രാമത്തിൽനിന്നാണ് ഇബോള എന്ന വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2013 ഡിസംബറിലായിരുന്നു അത്. എറ്റീനി ഒമുനോ എന്ന യുവാവിെൻറ രണ്ടു വയസ്സുകാരൻ മകൻ എമിലിയായിരുന്നു ആദ്യ ഇര. എമിലിക്ക് പനിയായിരുന്നു. പിന്നെയത് പനി മൂർച്ഛിച്ചു മരണത്തിന് കീഴടങ്ങി. അതൊരു സാധാരണ ശിശുമരണമാണെന്നാണ് ആദ്യം ധരിച്ചത്. എന്നാൽ, ഏതാനും ദിവസം കഴിഞ്ഞ് എമിലിയുടെ മൂന്ന് വയസ്സുള്ള സഹോദരിയും ഇതേ രോഗലക്ഷണങ്ങളോടെ മരണപ്പെട്ടു; ഗർഭിണിയായ അമ്മയും ഇതുപോലെ അതേ ആഴ്ചയിൽ മരിച്ചു. മറ്റു ചില വീടുകളിലും ഇൗ സമയത്തുതന്നെ ഇതേ അസുഖം പിടിപെടുകയും ചിലർ മരണപ്പെടുകയും ചെയ്തപ്പോഴാണ്, തങ്ങളുടെ ഗ്രാമത്തെ അജ്ഞാതമായ ഏതോ അസുഖം പിടികൂടിയിരിക്കുന്നുവെന്ന് മിലിയാൻഡോ വാസികൾ മനസ്സിലാക്കിയത്.
2014 മാർച്ച് വരെ മരണകാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ ആർക്കും സാധിച്ചില്ല. അപ്പോഴേക്കും 60ഒാളം പേർ ആ രാജ്യത്ത് മരണപ്പെട്ടിരുന്നു. ലൈബീരിയ, സിയേറ ലിയോൺ, നൈജീരിയ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും വൈറസ് പടർന്നുപിടിച്ചു. 2016 മേയിലെ കണക്കനുസരിച്ച്, 28,616 പേർക്ക് ഇബോള വൈറസ് ബാധയേൽക്കുകയും 11,310 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 900 പേരെങ്കിലും ആരോഗ്യപ്രവർത്തകരായിരുന്നു. അസുഖ ബാധയേറ്റ 17,000 പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നു. വന്യജീവികളിൽനിന്നാകാം വൈറസ് പടർന്നതെന്നായിരുന്നു ആ ഗ്രാമം സന്ദർശിച്ച ആരോഗ്യ പ്രവർത്തകരുടെ പ്രാഥമിക നിഗമനം. വവ്വാലുകളിൽനിന്ന് നേരിട്ടും രോഗം പടരാനുള്ള സാധ്യതയും അവർ മുന്നോട്ടുവെച്ചിരുന്നു. ഗ്രാമത്തിൽ കുട്ടികൾ കളിച്ചിരുന്ന മരപ്പൊത്ത് ആ സമയത്താണ് അവരുടെ ശ്രദ്ധയിൽ പെട്ടത്. അതിനുള്ളിൽ, നിറയെ വവ്വാലുകളുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനകളിലാണ് വവ്വാലുകളിൽനിന്നാണ് വൈറസ് എമിലിയിലേക്ക് പടർന്നതെന്ന് വ്യക്തമായത്. 2016 ജൂൺ മാസത്തോടെ വൈറസിനെ ഏറക്കുറെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ചില രാജ്യങ്ങളിൽ ഇബോളക്കെതിരായ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ചുതുടങ്ങിയിട്ടുമുണ്ട്.
ഏതാണ്ട് രണ്ട് വർഷത്തോളം പടിഞ്ഞാറൻ ആഫ്രിക്കയെയും ലോകാേരാഗ്യ സംഘടനയെയുെമല്ലാം മുൾമുനയിൽ നിർത്തിയ ഇബോള വൈറസ് ബാധയെയും തുടർസംഭവങ്ങളെയും എങ്ങിനെയാണ് മാധ്യമങ്ങൾ കൈകാര്യം ചെയ്തത്? വേൾഡ് ഫെഡറേഷൻ ഒാഫ് സയൻസ് ജേണലിസ്റ്റും കാനഡയിലെ കോൺകോർഡിയ സർവകലാശാലയിെല ഗവേഷകരും ചേർന്നു നടത്തിയ പഠനം (An exploration of the lived experience of African journalists during the ebola crisis ) എന്തുപറയുന്നുവെന്ന് നോക്കാം. ഇബോള കേവലം ആരോഗ്യ പ്രതിസന്ധിമാത്രമായിരുന്നില്ലെന്നും മറിച്ച് വിവര വിനിമയത്തിെൻറ സങ്കീർണതകൂടി വെളിവാക്കിയ സംഭവമായിരുന്നുവെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യവും ശാസ്ത്രീയവുമായ വിവരങ്ങൾ മാത്രം കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ചുരുങ്ങിയത് ആയിരം മരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നുവത്രെ. ഇബോളബാധിത രാജ്യങ്ങളിലെ മാധ്യമങ്ങളിൽ ഭൂരിഭാഗവും പലപ്പോഴും തെറ്റായ വിവരങ്ങളാണ് ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ലോകാരോഗ്യ സംഘടനയുടെയും മറ്റും നേതൃത്വത്തിൽ ലോകത്തിെൻറ വിവിധ മേഖലകളിൽനിന്നും വിദഗ്ധരായ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ ഇബോള ബാധിത പ്രദേശങ്ങളിലുണ്ടായിരുന്നിട്ടും, 30 ശതമാനത്തിലധികം മാധ്യമ പ്രവർത്തകരും വിവരശേഖരണത്തിന് ആദ്യം സമീപിച്ചത് അവിടത്തെ പാരമ്പര്യ നാട്ടു ചികിത്സകരെയും മത പുരോഹിതരെയുമായിരുന്നുവത്രെ. ഇവർ നൽകിയ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ജനങ്ങളിലേക്കെത്തിയത്. കേട്ടുകേൾവിയില്ലാത്ത ഇൗ രോഗത്തെക്കുറിച്ച് ഉൗഹങ്ങൾ പ്രചരിക്കാൻ ഇത് കാരണമായി. ലോകാരോഗ്യ സംഘടനയുടെയും വിവിധ എൻ.ജി.ഒകളുടെയും ഇൻഫർമേഷൻ സെൻററുകൾ അവിടെ പ്രവർത്തിക്കവെയാണ് വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകർ ഇവ്വിധം പ്രവർത്തിച്ചത്.
ഇനി, ഒസോഗ്േബാ സർവകലാശാലയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനം ശ്രദ്ധിക്കുക. തുടർച്ചയായി ഇബോള ‘ബോധവത്കരണം’ നടത്തിക്കൊണ്ടിരുന്ന 400 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഇൗ പഠനം നടത്തിയിരിക്കുന്നത്. ഇതിൽ കേവലം 20 ശതമാനം പോസ്റ്റുകൾ മാത്രമായിരുന്നു യാഥാർഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നത്. ഇബോള ‘പ്രതിരോധ’ത്തിനുള്ള നാട്ടു ചികിത്സകളാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ചത്. ചൂടുള്ള ഉപ്പുവെള്ളത്തിൽ നന്നായി കുളിച്ചാൽ ഇബോളയിൽനിന്ന് മുക്തി നേടാമെന്ന നാട്ടുചികിത്സാ വിധിയാണ് അതിലൊന്ന്. ഇത് 214 പേർ പോസ്റ്റ് ചെയ്യുകയും പതിനായിരങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഇൗ വാർത്തകളും ‘ചികിത്സാ രീതി’കളുമെല്ലാം അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്കും വ്യാപിക്കുകയും അവിടെയും ചില്ലറ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇൗ സമയത്ത് അമേരിക്കയിലും ഒരാൾ ഇബോള ബാധിച്ച് മരിച്ചിരുന്നു. ഒടുവിൽ ഏതാനും സ്റ്റേറ്റുകൾ ഇത്തരം സോഷ്യൽ മീഡിയ വാർത്തകൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.
കേശവൻ മാമൻ (സ്റ്റേറ്റ് സ്പോൺസേർഡ്)
ഇബോള പോലെയുള്ള ആരോഗ്യ അടിയന്തരാവസ്ഥ വേളയിൽ ഇതുപോലെ മാധ്യമങ്ങൾ/ സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങൾ ഇപ്പോൾ സർവസാധാരണമായിരിക്കുന്നു. 2018ലെ നിപ കാലം ഓർമയില്ലെ? ‘നിപ’ എന്നൊരു രോഗമേ ഇല്ലെന്നും എല്ലാം മരുന്നുമാഫിയയുടെ ഗൂഢാലോചനയാണെന്നുമുള്ള തരത്തിൽ വലിയതോതിൽ പ്രാചരണങ്ങൾ അക്കാലത്ത് നടക്കുകയുണ്ടായി. ഈ വ്യാജപ്രചാരണങ്ങൾ നിറഞ്ഞുനിന്നത് കാര്യമായും സോഷ്യൽ മീഡിയയിലായിരുന്നു. പൊതുവിൽ വ്യാജ വാർത്തകൾകൊണ്ട് (ഫേക് ന്യൂസ്)നിറഞ്ഞിരിക്കുകയാണ് നവസാമൂഹിക മാധ്യമങ്ങളെന്ന് പറഞ്ഞാൽ തെറ്റാവില്ല. വർഗീയ കലാപത്തിന് തിരികൊളുത്താനും പൊതുതെരഞ്ഞെടുപ്പിനെപ്പോലും തങ്ങളുടെ അജണ്ടക്കുള്ളിലാക്കാനുമൊക്കെ ഇത്തരം വ്യാജവാർത്തകൾകൊണ്ട് സാധിക്കുമെന്നതിന് ഏറ്റവും മികച്ച ഉദാഹരണം നമ്മുടെ രാജ്യം തന്നെയാണ്. അതുകൊണ്ടുതന്നെ ‘രാഷ്ട്രീയപരമായ’ വ്യാജവാർത്തകൾക്കെതിരായ ഒരു ജാഗ്രത പൊതുവിൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ രൂപപ്പെട്ടിട്ടുണ്ട്; അത്തരം ശ്രമങ്ങൾക്ക് ഇവിടുത്തെ വ്യാജവാർത്ത ഫാക്ടറികളെ എത്രമാത്രം പ്രതിരോധിക്കാൻ സാധിച്ചുവെന്നത് വേറെകാര്യം.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടും ഇതുപോലെ വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ശാസ്ത്രീയ തെളിവുകെളാന്നുമില്ലാത്ത കാര്യങ്ങൾ ശാസ്ത്രത്തിെൻറയും സാങ്കേതിക വിദ്യയുടെയും പദപ്രയോഗങ്ങളിലൂടെ സോഷ്യൽമീഡിയയിൽ അവതരിപ്പിക്കുന്നവർക്ക് നമ്മുടെ ട്രോൾ സമൂഹം നൽകിയ പേര് ‘കേശവൻ മാമൻ’ എന്നാണ്. ‘ആരോഗ്യ ജാഗ്രത’യാണ് ആത്യന്തികമായി കേശവൻ മാമൻമാരുടെ ലക്ഷ്യം; പിന്നെ, കുത്തക മരുന്നുമാഫിയകൾക്കും മറ്റുെമതിരായ സൈബർ പോരാട്ടവും. ‘ചൂടുള്ള ഉപ്പുവെള്ളത്തിൽ നന്നായി കുളിച്ചാൽ ഇബോളയിൽനിന്ന് മുക്തി നേടാമെ’ന്നതുപോലെയുള്ള സർവരോഗ സംഹാരികളായ പൊടിക്കൈകൾ ഇക്കൂട്ടർ എത്രവേണമെങ്കിലും തരും. ഫേസ്ബുക്കിലും വാട്സ്ആപുകളിലുമൊക്കെ കാണുന്ന ഇതുപോലുള്ള സന്ദേശങ്ങൾ ദുർബല മനസ്കരായ പലരും ഒന്നു പരീക്ഷിച്ചുനോക്കുകയും ചെയ്യും. വയനാട്ടു ജില്ലക്കാരനായ ഒരു പ്രവാസിയുടെ കഥ കേൾക്കുക. പ്രമേഹ രോഗിയായിരുന്നു ഇയാൾ നാട്ടുവൈദ്യനെ സമീപിച്ചപ്പോൾ ഇരുമ്പൻ പുളി ജ്യൂസ് ദിവസവും ഒാരോ ഗ്ലാസ്വീതം കുടിക്കാനായിരുന്നു ഉപദേശം. വൈദ്യെൻറ ഉപദേശം നേരാണോ എന്നറിയാൻ ഗൂഗ്ളിൽ സേർച്ച് ചെയ്തുനോക്കിയപ്പോൾ നിരവധി കേശവൻ മാമൻമാരുടെ സാക്ഷ്യവുമുണ്ട്. പിന്നെ ‘മരുന്നുസേവ’ തുടങ്ങി. നാലാം നാൾ ഇയാൾക്ക് ശാരീരികാസ്വാസ്ഥ്യം തുടങ്ങി. കാര്യം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ ഇയാൾ ആശുപത്രിയിലെത്തി. ഇരുമ്പൻ പുളിയിൽ ഒാക്സാലിക് ആസിഡിെൻറ അളവ് വളരെ കൂടുതലാണ്. നാലുദിവസം അതിെൻറ ജ്യൂസ് കഴിച്ച ആളുടെ അവസ്ഥ പിന്നെ പറയാനുണ്ടോ? സ്വാഭാവികമായും അത് അയാളുടെ കിഡ്നിയെ സാരമായി ബാധിച്ചിരുന്നു. ഭാഗ്യത്തിന് തുടക്കത്തിൽതന്നെ കണ്ടെത്താൻ കഴിഞ്ഞതിനാൽ 10 ദിവസത്തെ ഹിമോഡയാലിസിസിനു ശേഷം അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുകിട്ടി. സംഗതി ഇങ്ങനെയൊക്കെ ആയിട്ടും കേശവൻമാമൻമാർ ഇപ്പോഴും ‘ഇരുമ്പൻ പുളി’ വിശേഷങ്ങളുമായി സൈബർലോകത്ത് അരങ്ങുതകർക്കുകയാണ്.
ഇപ്പറഞ്ഞത് ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ചാണ്. സർക്കാർ സ്പോൺസേർഡ് കേശവൻമാമന്മാരും ഇവിടെയുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഫേസ്ബുക്കിൽ (സ്വാഭാവികമായും പിന്നീടും ഇപ്പോഴും വാട്സാപ്പിലും )ഒരു പരസ്യം വരികയുണ്ടായി. ‘ആയുഷ്-64’ എന്ന മരുന്നിനെക്കുറിച്ചായിരുന്നു പരസ്യം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സി.സി.ആർ.എ.എസ്(സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ ആയുർവേദിക് സയൻസസ്) വികസിപ്പിച്ചെടുത്ത മലേറിയ മരുന്നാണിത്. നാല് ആയുർവേദിക് ഉൽപന്നങ്ങളുടെ കോമ്പിനേഷൻ. ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് മുമ്പ് കണ്ടെത്തിയ മരുന്നിെൻറ ക്ഷമത സംബന്ധിച്ച് ശാസ്ത്രലോകത്ത് സംശയം നിലനിൽക്കുകയാണ്. അതിനിടയിലാണ്, ഡാബർ കമ്പനിയുമായി നാഷനൽ റിസേർച്ച് ഡെവലപ്പ്മെൻറ് കോർപറേഷൻ (എൻ.ആർ.ഡി.സി) ഇതിെൻറ വിൽപന സംബന്ധിച്ച് കരാർ ഉറപ്പിച്ചത്. അതിെൻറ പരസ്യമാണ് സർക്കാറിേൻറതെന്ന വ്യാജേന വന്നുകൊണ്ടിരിക്കുന്നത്.
സി.സി.ആർ.എ.എസിെൻറ അവകാശവാദം, തങ്ങൾ എല്ലാതരം മരുന്നുപരീക്ഷണങ്ങളും നടത്തിയതിനുശേഷമാണ് സാധനം വിപണിയിലിറക്കിയതെന്നാണ്. ഈ പരീക്ഷണത്തിെൻറ പിന്നാമ്പുറം ചികയുേമ്പാൾ വാസ്തവം പുറത്തുവരും. 1981ൽ നടത്തിയ മരുന്നു പരീക്ഷണത്തിൽ 80 ശതമാനമാണ് ക്ഷമത രേഖപ്പെടുത്തിയത്. പക്ഷെ, ഒരു മരുന്നുപരീക്ഷണത്തിെൻറ മുൻകരുതലുകൾ സ്വീകരിക്കുകയോ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് അതിെൻറ വിശദാംശങ്ങൾ തന്നെ വ്യക്തമാക്കുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസേർച്ചിെൻറ ഡയറക്ടർ ഡോ.നീന, കറൻറ് സയൻസിൽ എഴുതിയ പ്രബന്ധത്തിൽ സി.സി.ആർ.എ.എസിെൻറ കണ്ടെത്തലുകളെ ഖണ്ഡിക്കുന്നുണ്ട്. ആയുഷ് 64െൻറ ഫലപ്രാപ്തി 50 ശതമാനത്തിൽ താഴെയാണെന്ന് അവർ സമർഥിക്കുന്നു. വാസ്തവം ഇതായിരിക്കെയാണ് സോഷ്യൽ മീഡിയയിൽ ആയുഷ് 64നെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്. മലേറിയക്ക് ഫലപ്രദമായ മരുന്നുള്ളപ്പോഴാണിതെന്ന് ഓർക്കുക. രസകരമായ മറ്റൊരു കാര്യം, ഈ ഫേസ്ബുക്ക് പരസ്യങ്ങൾ മുഖ്യധാര മാധ്യമങ്ങളും ഏറ്റെടുത്തു എന്നതാണ്. ദി ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ടിൽ ആയുഷ് 64നെ വിശേഷിപ്പിച്ചിരിക്കുന്നത് ‘അത്ഭുത മരുന്ന്’ എന്നാണ്.
ഇത്തരത്തിൽ സ്റ്റേറ്റ് സ്പോൺസേർഡ് കേശവൻമാമൻമാർ നിറഞ്ഞാടുന്നുണ്ട് സോഷ്യൽ മീഡിയയിൽ. 2014ൽ, ആയുഷ് മന്ത്രാലയം സി.എസ്.െഎ.ആർ, സി.സി.ആർ.എ.എസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് തയാറാക്കിയ രണ്ട് പ്രമേഹ മരുന്നുകൾ (ബി.ജി.ആർ34, ആയുഷ് 82) ഒരുതരത്തിലുമുള്ള ക്ലിനിക്കൽ ട്രയലുകളും നടത്താതെയായിരുന്നു വിപണിയിലെത്തിയത്. ഇൗ മരുന്നുകളുടെ പരീക്ഷണഫലങ്ങൾ വിവരാവകാശപ്രകാരം ചോദിച്ചിട്ടും അധികാരികൾ നൽകാൻ തയാറാകുന്നില്ല. ഇവയുടെ ദോഷഫലങ്ങൾ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അവ വിപണിയിൽ തുടരുന്നു. പതഞ്ജലിയുടെ പല ഉൽപന്നങ്ങളും ‘പ്രമേഹ മരുന്നു’കളായി അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഈ മരുന്നുകളെല്ലാം വിപണിയിലെത്തുന്നതെന്നാണ് ഏറെ വൈരുധ്യം. അപ്പോൾ ആർക്കാണ് വ്യാജപ്രാചരണങ്ങളെ തടയാനുള്ള ഉത്തരവാദിത്തം?
മാച്യൂപോ വൈറസും ഭാരതീയ സംസ്കാരവും
ഈയടുത്താണ് സോഷ്യൽ മീഡിയയിൽ മാച്യൂപോ വൈറസിനെക്കുറിച്ച വാർത്ത പ്രചരിച്ചത്. അതായത്, പാരസെറ്റാമോൾ എന്ന പനിഗുളികയിൽ മാച്യൂപോ എന്ന വൈറസ് അടങ്ങിയിട്ടുണ്ടെന്നും അത് ജീവൻ അപകടത്തിലാക്കുമെന്നാണ് വാർത്തയുടെ ചുരുക്കം. ഈ സന്ദേശത്തിനൊപ്പം, മാച്യൂപോ ‘ബാധിച്ച’ രണ്ടുപേരുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. മച്യൂപോ പൂർണമായും വ്യാജനാണെന്ന് പറയാനാകില്ല. കാരണം, അങ്ങനെയൊരു ൈവറസ് ഉണ്ട്. ബൊളീവിയൻ ഹെമറേജ് ഫീവറിന് കാരണമാകുന്ന വൈറസ്. അൽപം അപകടകാരിയുമാണ്. പക്ഷെ, തെക്കെ അമേരിക്കൻ രാജ്യമായ ബൊളീവിയക്കപ്പുറത്ത് ഈ വൈറസിെൻറ സാന്നിധ്യം ഇതുവരെയും സ്ഥിതീകരിച്ചിട്ടില്ല. അപ്പോഴാണ് മച്യൂപോ നമ്മുടെ നാട്ടിൽ പാരസെറ്റാമോൾ വഴി എത്തിയിരിക്കുന്നുവെന്ന വാർത്ത വരുന്നത്. സേർച്ച് എൻജിനുകളിൽ തിരയുേമ്പാൾ ആദ്യം ഒരുപക്ഷെ ആരും അമ്പരന്നുപോകും. കാരണം, വ്യാജസന്ദേശത്തിലെ ചില സാങ്കേതിക പദങ്ങളെല്ലാം അവിടെ കാണാം. ആ പദങ്ങൾ കൂട്ടിയോജിപ്പിച്ച് പുതിയൊരു ‘സിദ്ധാന്തം’ രൂപപ്പെടുത്തുന്നതിലെ അപകടം അത്ര പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുകയുമില്ല.
കേരളത്തിൽ മാച്യൂപോ വൈറസ് പെട്ടെന്ന് ക്ലച്ച് പിടിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സംസ്ഥാനത്ത് പനി മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. ആ സമയത്ത്, മറ്റൊരു ‘വാർത്ത’ പുറത്തുവന്നു. ആ സന്ദേശം ഇങ്ങനെയായിരുന്നു: ‘‘അഞ്ച് പാരസെറ്റാമോൾ കഴിച്ചാൽ എലി ചാവും. എലിയെ കൊല്ലുന്ന ഈ മരുന്ന് കഴിക്കുന്നതാണ് പനിരോഗികൾ മരിക്കാൻ കാരണം. പാരസെറ്റാമോൾ കഴിച്ചാൽ കരളിന് കേടുവരാം എന്ന് മോഡേൺ മെഡിസിൻ ഗ്രന്ഥങ്ങളിൽവരെയുണ്ട്’’. ഇതിെൻറ വാസ്തവം എന്താണ്? ഏത് വസ്തുവും ശരീരത്തിന് ദോഷകരമാകുന്നത് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഉപയോഗിക്കുന്ന വസ്തുവിെൻറ അളവ് അതിൽ പ്രധാനമാണ്. ശുദ്ധജലം പോലും ആറ് ലിറ്ററിൽ കൂടുതൽ കുടിക്കുന്നത് അപകടകരമാണ്. അഞ്ച് പാരസെറ്റമോൾ കഴിച്ചാൽ ഒരുപക്ഷെ, എലി ചാവാൻ സാധ്യതയുണ്ട്. അതിെൻറ ശരീരത്തിന് അത്രയും അളവിൽ പ്രസ്തുത കെമിക്കൽ താങ്ങാനുള്ള ശേഷിയുണ്ടാവില്ല. എന്നാൽ, ഈ അപകടം മനുഷ്യനിൽ സംഭവിക്കണമെങ്കിൽ ഒരാൾ ഒറ്റനേരം ചുരുങ്ങിയത് 50 ടാബ്ലെറ്റ് എങ്കിലും കഴിക്കണം. ഇക്കാര്യം ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലുണ്ട്. അതിെന ദുർവ്യാഖ്യാനം ചെയ്താണ് ഇത്തരം കഥകൾ സൃഷ്ടിക്കുന്നത്.
പക്ഷെ, ഇത്തരം സോഷ്യൽ മീഡിയ ‘വാർത്ത’കൾക്കൊന്നും ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര ജേർണലുകളുടെ പിൻബലം ഇല്ല. ഇപ്പോൾ വ്യാജവാർത്തകളുടെ ട്രെൻഡ് മാറിയിരിക്കുന്നു. വ്യാജസന്ദേശങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഇപ്പോൾ ചില ‘അന്താരാഷ്ട്ര ജേർണ’ലുകളിലാണ്. ഒരു ഉദാഹരണം പറയാം. ഈയടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കാര്യമായ പ്രചാരം നേടിയ ഒരു സന്ദേശം ഇങ്ങനെ: ‘‘പ്രമേഹത്തിന് ആത്മീയ ചികിത്സ; ഭഗവത് ഗീതയിലെ ചില വചനങ്ങൾ ഉരുവിടുന്നതിലൂടെ പ്രമേഹം എന്നെന്നേക്കുമായി മാറ്റിയെടുക്കാം. ഉസ്മാനിയ ജനറൽ ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരാണ് ഇക്കാര്യം കണ്ടെത്തിയത്. അവർ ഇപ്പോൾ ആധുനിക ചികിത്സക്ക് പകരം ഈ ആത്മീയ ചികിത്സയാണ് നൽകുന്നത്’’. ഇൗ സന്ദേശം ൈവറലായതോടെ ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കി. ഒരർഥത്തിൽ സംഭവം ശരിയാണ്. ഈ സോഷ്യൽ മീഡിയ സന്ദേശത്തിെൻറയും തുടർന്നുള്ള വാർത്തയുടെയും ഉറവിടം ‘ഇന്ത്യൻ ജേർണൽ ഓഫ് എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം’ എന്ന ജേർണലാണ്. ഉസ്മാനിയ ജനറൽ ആശുപത്രിയിലെ 16 ഡോക്ടർമാർ ചേർന്നെഴുതിയ ‘കോപിങ് വിത്ത് ഇൽനെസ്: ഇൻസൈറ്റ് ഫ്രം ഭഗവത് ഗീത’ എന്ന പ്രബന്ധമാണ് ഈ സന്ദേശങ്ങൾക്കാധാരം. ‘കേസ് ബേസ്സ്ഡ് മെത്തഡോളജി’ അവലംബിച്ചിട്ടുള്ള ഈ ‘പഠനം’ സയിൻറിഫിക് മെത്തഡോളജിയുടെ ഒറ്റമാനദണ്ഡം പോലും സ്വീകരിക്കാതെയാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. അതിനെയാണ് ശാസ്ത്രീയ കണ്ടുപിടുത്തമായി അവതരിപ്പിച്ചിരിക്കുന്നത്.
തമാശയെന്തെന്നാൽ, ഇത്തരം കോപ്രായങ്ങൾക്ക് നമ്മുടെ ഭരണകൂടം മികച്ച പിന്തുണ നൽകുന്നുവെന്നതാണ്. ‘ഭാരതീയ സംസ്കാര’ത്തിെൻറ പേരിൽ ഇത്തരം ഒരുപാട് വ്യാജശാസ്ത്രങ്ങൾ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഭാരതീയ സംസ്കാരത്തിെൻറ പേരിൽ ഗോമൂത്ര മരുന്നുകളുടെ ഗവേഷണവും മോദിസർക്കാറിന് കീഴിൽ െപാടിെപാടിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ഇതിനായി ചെലവഴിക്കുന്നു. ഗോ മൂത്രത്തിെൻറയും ചാണകത്തിെൻറയും ഒൗഷധഗുണങ്ങളറിയാൻ പ്രത്യേകസംഘത്തെതന്നെ കഴിഞ്ഞവർഷം കേന്ദ്രസർക്കാർ ചുമതലപ്പെടുത്തി. ഇൗ ഗവേഷണത്തിൽ പങ്കുപറ്റുന്ന ഗുജറാത്തിലെ ഏതാനും ‘ശാസ്ത്രജ്ഞ’രുടെ കണ്ടെത്തൽ ഗോമൂത്രം അർബുദരോഗ സംഹാരിയാണെന്നത്രെ! രാമായണത്തിൽ പ്രതിപാദിക്കുന്ന ‘മൃതസഞ്ജീവനി’ കണ്ടെത്താൻ ഉത്തരാഖണ്ഡ് സർക്കാർ ചെലവഴിക്കുന്നത് 25 കോടി രൂപയാണ്. ചുരുക്കത്തിൽ, സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ വ്യാജസന്ദേശ പ്രചാരകർ ഇപ്പോൾ ഭരണകൂടം തന്നെയാണ്. ഇക്കൂട്ടരെ ആര് തളക്കുമെന്നതാണ് വലിയ പ്രശ്നം.
കുറിപ്പുകൾ:
1. മിലിയാൻഡോയിലെ വവ്വാലുകൾ പേരാമ്പ്രയിലെത്തുേമ്പാൾ; മാധ്യമം ആഴ്ചപതിപ്പ് (ജൂലൈ 2018)
2. മരുന്നിനും വേണം ചികിത്സ; മാധ്യമം ദിനപത്രം (ഫെബ്രുവരി 28, 2019)
3. ‘ഇന്ത്യൻ ജേർണൽ ഓഫ് എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം’ (ജൂലൈ-ആഗസ്റ്റ്)
4. https://www.altnews.in/the-inefficacy-of-ayush-64-the-anti-malarial-ayurvedic-drug-developed-by-ministry-of-ayush/
5. https://www.poynter.org/fact-checking/2019/on-facebook-health-misinformation-is-king-and-its-a-global-problem/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.