Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവേണം മൂന്നാം തൊഴിൽ...

വേണം മൂന്നാം തൊഴിൽ കമീഷൻ; മാറണം തൊഴിൽ കോഡുകൾ

text_fields
bookmark_border
വേണം മൂന്നാം തൊഴിൽ കമീഷൻ; മാറണം തൊഴിൽ കോഡുകൾ
cancel
അന്ന സെബാസ്​റ്റ്യൻ പേരയിൽഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങളെയും അന്താരാഷ്​ട്ര തൊഴിൽ നിയമങ്ങളെയും ലംഘിക്കുന്നവയാണ്​ കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന തൊഴിൽ കോഡുകളെന്ന്​ ചൂണ്ടിക്കാട്ടുന്നു പ്രമുഖ അഭിഭാഷകനും ട്രേഡ്​ യൂനിയനിസ്​റ്റുമായ മുൻ എം.പി തമ്പാൻ തോമസ്

അന്ന സെബാസ്​റ്റ്യൻ പേരയിൽ എന്ന മലയാളി യുവതി ഒരു വൻകിട കമ്പനി അടിച്ചേൽപിച്ച തൊഴിൽ സമ്മർദത്തി​ന്റെ ഫലമായി പുണെയിൽ മരണപ്പെട്ട ദാരുണ സംഭവം ലോകമൊട്ടുക്കുമുള്ള തൊഴിലാളി കൂട്ടായ്​മകൾക്കിടയിൽ വ്യാപക ചർച്ചയായിരിക്കുകയാണ്​. അന്നയുടെ വിയോഗം ഒരു സജീവ ചർച്ചയായി മാറിയെങ്കിൽ സമാനമോ അതിലേറെ ദയനീയമോ ആയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന നൂറുകണക്കിന്​ തൊഴിലാളികളുടെ ദുരിതം പുറംലോകം അറിയുന്നതേയില്ല. അത്രമാത്രം ഭീഷണമായ സാഹചര്യമാണ്​ ഇന്ന്​ ഇന്ത്യൻ തൊഴിൽമേഖലയിൽ. രാജ്യത്തെ 60 കോടിയോളം തൊഴിലാളികളിൽ 97ശതമാനവും അസംഘടിതരാണ്.

അന്ന സെബാസ്​റ്റ്യൻ പേരയിൽ

ഉദാരവത്കരണ പ്രക്രിയകൾക്ക് മുമ്പ് 20 ശതമാനത്തോളം തൊഴിലാളികൾ സംഘടിത മേഖലയിലുണ്ടായിരുന്നുവെങ്കിൽ ഇന്ന് കേവലം മൂന്ന്​ ശതമാനം തൊഴിലാളികളെ മാത്രമേ ട്രേഡ്‌ യൂനിയനുകൾ പ്രതിനിധീകരിക്കുന്നുള്ളൂ. കരാർ തൊഴിലാളികൾ, ജിഗ് വർക്കേസ്, പ്ലാറ്റ്ഫോം വർക്കേഴ്‌സ് തുടങ്ങിയ അദൃശ്യമായ തൊഴിൽ ഉടമ സമ്പ്രദായത്തിലാണ്​ ഉൽപാദന പ്രക്രിയകൾ ഭൂരിഭാഗവും. തൊഴിലുടമകൾ തൊഴിൽ അന്വേഷകരുമായോ തൊഴിലാളികളെ വിതരണം ചെയ്യുന്ന എജൻസികളുമായോ ഉണ്ടാക്കുന്ന കരാറുകളുടെ അടിസ്ഥാനത്തിലാണ്​ ഇന്ന്​ തൊഴിൽ മേഖല നിയന്ത്രിക്കപ്പെടുന്നത്​.

20 വർഷങ്ങൾക്ക് മേലായി ചർച്ചകൾ ചെയ്‌തുവരുന്നതും മൂന്നു വർഷം മുമ്പ്​ പാർലമെൻറ് പാസാക്കിയതുമായ നാല്​ ലേബർ കോഡുകൾ തികച്ചും തൊഴിലാളി വിരുദ്ധവും ഭരണഘടന മൂല്യങ്ങളുടെ ലംഘനവുമാണ്​.തൊഴിലാളി ക്ഷേമത്തിനായി നിലവിലുണ്ടായിരുന്ന 44 കേന്ദ്ര തൊഴിൽ നിയമങ്ങളിൽ 15 എണ്ണം റദ്ദ് ചെയ്‌ത്‌ 29 നിയമങ്ങളെ ക്രോഡീകരിച്ചതാണ് ഈ കോഡുകൾ. വ്യാപാരം സുഗമമാക്കലും ഇൻസ്പെക്‌ടർ രാജ് അവസാനിപ്പിക്കലും ഉൽപാദന പ്രക്രിയക്ക്​ സർക്കാർ രക്ഷാകർതൃത്വം ഉറപ്പാക്കലുമാണ്​​ അവ ലക്ഷ്യമിടുന്നത്​.

തൊഴിലാളിയും മുതലാളിയും ഉൽപാദന പ്രക്രിയയിലെ തുല്യ പങ്കാളികളാണെങ്കിലും തൊഴിലാളികൾ ദുർബലരാകയാൽ അവർക്ക് സംരക്ഷണം നൽകാനുദ്ദേശിച്ചാണ്​ ലോകത്തെമ്പാടും തൊഴിൽ നിയമങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. ഇവയിൽ തൊഴിൽ തർക്ക നിയമം അവകാശ സംരക്ഷണത്തിനുള്ള മാതൃനിയമമായി നിലകൊള്ളുന്നു. സ്​റ്റാൻഡിങ്​ ഓർഡർ ആക്​ട്​ ഹാക്‌ടറികളിലെ സേവനങ്ങളെയും ട്രേഡ്​ യൂനിയൻ ആക്​ട്​ സംഘടിത അവകാശങ്ങളെയും തൊഴിൽ തർക്ക നിയമം അവകാശ സംരക്ഷണത്തെയും ലക്ഷ്യമിട്ടുള്ളവയാണ്​. ഇവ മൂന്നും ഏകീകരിച്ച് രൂപം കൊടുത്ത ഇൻഡസ്​ട്രിയൽ റിലേഷൻസ്​ കോഡ്​ ഭരണഘടനയുടെ മൗലിക തത്ത്വങ്ങളിൽ അംഗീകരിച്ചിട്ടുള്ള സംഘടനാ സ്വാതന്ത്ര്യം തന്നെ നിഷേധിക്കുന്നു.

1948​ലെ ഫാക്​ടറീസ്​ ആക്​ട്​, 195ലെ പ്ലാ​ന്റേഷൻ ആക്​ട്​, 1955ലെ വർക്കിങ്​ ജേണലിസ്​റ്റ്​ ആക്​ട്​, 1979ലെ ഇൻറർസ്​റ്റേറ്റ്​ മൈഗ്രൻറ്​ ആക്​ട്​ തുടങ്ങി 13 നിയമങ്ങൾ ഏകീകരിച്ചാണ്​ ഒക്യുപേഷനൽ സേഫ്​റ്റി, ​ഹെൽത്ത്​ ആൻഡ്​ വർക്കിങ്​ കണ്ടീഷൻ (OSH) കോഡ്​ 2020 ഉണ്ടാക്കിയത്​. ഇത്​ അടിസ്ഥാനപരമായി വികലവും അശാസ്ത്രീയവുമാണ്. മാധ്യമ പ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകളെ വേജ് ബോർഡ് മുഖേന നിജപ്പെടുത്താനുള്ള നിയമത്തെ ആരോഗ്യ മേഖലയിൽ ഉൾപ്പെടുത്തി ഇല്ലായ്മ ചെയ്യുന്നത് നീതി നിഷേധമെന്നേ പറയാനാവൂ.

എട്ട്​ മണിക്കൂർ ജോലി, എട്ട്​ മണിക്കൂർ വിശ്രമം, എട്ട്​ മണിക്കൂർ ഉറക്കം എന്ന അന്തർദേശീയ തത്ത്വം പോലും ഈ നിയമം നിരാകരിക്കുന്നു. അന്ന സെബാസ്റ്റ്യന്റെ മരണത്തിന്​ വഴിയൊരുക്കിയതു പോലുള്ള തൊഴിലിട സമ്മർദങ്ങൾ ഇല്ലാതാക്കാനുള്ള നിയമം കൊണ്ടുവരുന്നതിന് പകരം നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പോലും ഇല്ലാതാക്കുകയാണ്​ സർക്കാർ. ഫാക്​ടറീസ്​ ആക്​ടിൽ നൽകിയ ഇളവുകൾ തൊഴിലാളികളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമായ ഉൽപാദന ഉപാധികൾ അവലംബിക്കാൻ തൊഴിലുടമക്ക്​ അവകാശങ്ങൾ നൽകുന്നു. പരിശോധനകൾ ഇല്ലാതാകുമ്പോൾ വ്യവസായിക അപകടങ്ങൾ പെരുകുന്നു. ഇന്നി​പ്പോൾ നാം നിരന്തരം കേൾക്കുന്ന ഫാക്‌ടറികളുടെ തീ പിടിത്തവും പൊട്ടിത്തെറിയുമെല്ലാം അതി​ന്റെ തുടർച്ചയാണ്​.

തൊഴിലാളികളുടെ വേതനം നിർണയിക്കുന്ന മിനിമം വേജസ്​ ആക്​ട്​, പേമെൻറ്​ ഓഫ്​ വേജസ്​ ആക്​ട്​, ​ബോണസ്​ ആക്​ട്​, ഇക്വൽ റെമ്യൂണറേഷൻ ആക്​ട്​ എന്നിവയാണ്​ വേജ് ലേബർ കോഡിൽ ഉൾക്കൊള്ളുന്നത്. ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളിൽ ഉൾപ്പെടുന്ന മിനിമം വേതനം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചംഗ കുടുംബത്തിന് ജീവിക്കാനാവശ്യമായ വേതനം പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയും ഉറപ്പുവരുത്തി ഒരു ത്രികക്ഷി സമിതി ശിപാർശ ചെയ്യുന്നതാണ്. അതിന് പകരം ഗവൺമെന്റ് ഏകപക്ഷീയമായി ഏറ്റെടുത്ത് നിശ്ചയിക്കുന്ന ചുരുങ്ങിയ വേതനം വ്യാപാര വളർച്ച മാത്രം ഉദ്ദേശിച്ചുള്ളതും തൊഴിലാളി താൽപര്യത്തിന് വിരുദ്ധവുമാണ്.

കേന്ദ്രസർക്കാർ രൂപപ്പെടുത്തിയ സാമൂഹിക സുരക്ഷ കോഡ് ഇന്ത്യൻ ഭരണഘടനയുടെ 14, 15, 19, 21 എന്നീ അനുച്ഛേദങ്ങൾ പ്രതിപാദിക്കുന്ന തുല്യതാബോധവും സംവരണ ആനുകൂല്യങ്ങളും സംഘടനാ സ്വാതന്ത്ര്യവും ജിവിക്കാനുള്ള അവകാശവും ഹനിക്കുന്നു. ഭരണഘടന നിർദേശക തത്ത്വങ്ങളിൽ സമ്പത്ത് തുല്യമായി വിതരണം ചെയ്യണമെന്നും തൊഴിൽ അവകാശം ഏവർക്കും ഉറപ്പുവരുത്തണമെന്നും, സമ്പത്ത് കുന്നു കൂടരുതെന്നും, വിദ്യാഭ്യാസവും, ഭക്ഷണവും, വസ്ത്രവും, പാർപ്പിടവും ഉറപ്പു വരുത്തണമെന്നും വ്യവസ്ഥ ചെയ്യു​മ്പോൾ ഈ കോഡ്​ അവയെ നിഷേധിക്കുന്നു.

രണ്ടാം വ്യവസായ വിപ്ലവത്തിൽ നിലനിന്നിരുന്ന സാമൂഹിക സാഹ ചര്യങ്ങൾക്കനുസൃതമായി തൊഴിൽ മേഖല സംരക്ഷിക്കാൻ 1967ൽ നിയുക്തമായ ജസ്റ്റിസ് ഗജേന്ദ്രഗഡ്‌കർ ചെയർമാനായ ഒന്നാം തൊഴിൽ കമീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക തൊഴിൽ നിയമങ്ങളുമുണ്ടായത്​. പിന്നീട്, രണ്ടായിരാമാണ്ടിൽ രവീന്ദ്രവർമ ചെയർമാനായ രണ്ടാം തൊഴിൽ കമീഷൻ രൂപവത്​കരിച്ചു. ഈ കമീഷൻ സംഘടിത മേഖലയിൽ ഉണ്ടാക്കേണ്ട മാറ്റങ്ങളെ കുറിച്ചും അസംഘടിത മേഖലയിലെ തൊഴിൽ സുരക്ഷയെക്കുറിച്ചും ശിപാർശകൾ സമർപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. 2002ൽ ചേർന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് എന്ന ത്രികക്ഷി സമ്മേളനം സംഘടിത മേഖലയിലെ തൊഴി ലാളികളെ ബാധിക്കുന്ന ശിപാർശകൾ നിരാകരിച്ചു. ഈ നിരാകരിക്കപ്പെട്ട രണ്ടാം തൊഴിൽ കമീഷന്റെ ശിപാർശകളെ ആസ്‌പദമാക്കിയാണ് നാല്​ പുതിയ ലേബർ കോഡുകൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.

ഉൽപാദന ഉപാധികളിലും ഉൽപാദന ബന്ധങ്ങളിലും ഇന്ന് വന്നിട്ടുള്ള വമ്പിച്ച മാറ്റങ്ങൾക്കനുസൃതമായി ഐ.എൽ.ഒ അംഗീകരിച്ച ഉടമ്പടികളും നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും നിർദേശക തത്ത്വങ്ങളും ഉയർത്തിപ്പിടിക്കുന്ന തൊഴിൽ നിയമ കോഡുകളാണ് നമുക്ക് ആവശ്യം. നിർമിതബുദ്ധിയും യന്ത്രമനുഷ്യനും തൊഴിലാളിക്ക് പകരം വെക്കപ്പെടുകയും കമ്പ്യൂട്ടറൈസേഷനും ഓഹരി മൂലധനവും ഉൽപാദന ഉപാധികളായി മാറുകയും ചെയ്യുമ്പോൾ മനുഷ്യന് മുൻഗണന നൽകുന്ന തൊഴിൽ കോഡുകളാണ് രൂപം കൊള്ളേണ്ടത്.

വ്യവസായിക മേഖലയിലെ തൊഴിലാളി ചൂഷണത്തിനെതിരായാണ്​1888ൽ മേയ് ദിന വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് അംഗീകരിച്ച തൊഴിൽ കോഡുകൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരു​മ്പെട്ടാൽ ഒരു രണ്ടാം മേയ് ദിന വിപ്ലവം ഇന്ത്യയിൽ അനിവാര്യമായി തീരും. അത്തരം ഒരു സാഹചര്യത്തിലേക്ക് നീങ്ങാതെ മൂന്നാം തൊഴിൽ കമീഷനെ നിയമിച്ച് ഒരു പുത്തൻ തൊഴിൽ കോഡ് കൊണ്ടുവരാൻ ഭരണകൂടം തയാറായേ തീരൂ. h

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social security codeLabor ExploitationAnna Sebastian Death
News Summary - Social Security Code
Next Story