നിയമസഭയിൽ കുട്ടിപ്പട്ടർ സ്വരൂപം ചൊല്ലി; താത്രി പറഞ്ഞ കഥകൾ പുറത്ത്
text_fieldsകേരള ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളിലൊന്നാണ് കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം. അതൊരു അനുഷ്ടാന നാടകത്തെയാണ് ഓർമ്മിപ്പിക്കുന്നത്. സ്മാർത്ത വിചാരത്തിലെ അവസാന അങ്കമാണ് സ്വരൂപം ചൊല്ലൽ. വർത്തമാനകാലത്ത് അതെല്ലാം മിത്തുകളായി തീർന്നുവെങ്കിലും നിയമസഭയിൽ അരങ്ങേറിയത് സ്മാർത്തവിചാരത്തിലെ അവസാന രംഗമാണ്. പുതിയ തലമുറക്ക് സ്മാർത്ത വിചാരമെന്തെന്നറിയാനിടയില്ല. നമ്പൂതിരി സ്ത്രീക്ക് വ്യഭിചാര ശങ്കയുണ്ടായാൽ സമുദായ ശുദ്ധിക്കായി സ്മാർത്ത വിചാരം നടത്തുമായിരുന്നു.
1905ൽ ആണ് ലോകം ചർച്ച ചെയ്ത സ്മാർത്ത വിചാരം നടന്നത്. അതിന്‍റെ ചരിത്രവുമായി സരിതാ കഥക്ക് അസാധാരണമായ ചില ചേർച്ചകൾ കാണാം. അതീവ സുന്ദരിയായിരുന്നത്രെ കുറിയേടത്ത് താത്രി. കഥകളി, സംഗീതം എന്നിവയിലുള്ള അറിവും പാണ്ഡിത്യവും. സംഭവം അരിഞ്ഞതോടെ സാധാനത്തെ അഞ്ചാംപുരയിൽ പാർപ്പിച്ച് കുറ്റം സമ്മതിപ്പിച്ചു. ഇവിടെ സരിതയെ ജയിലിൽ അടച്ചു. സരിത ജയിലിൽ നിന്നെഴുതിയ കത്തായിരുന്നു കുറ്റ സമ്മതമൊഴി. സ്മാർത്ത വിചാരത്തിലേതു പോലെ കാളസർപ്പങ്ങളെ കടത്തിവിട്ട് പീഢിപ്പിച്ച പുരുഷന്മാരുടെ പേര് വിളച്ചു പറഞ്ഞതല്ല. കുറ്റസമ്മതത്തിന് വലിയ പീഢനങ്ങളൊന്നും വേണ്ടിവന്നില്ല.
താത്രിയെ ചെറുപ്രായത്തിൽ തൃശൂർ ജില്ലയിലുൾപ്പെട്ട തലപ്പിള്ളി താലൂക്കിലെ ചെമ്മന്തട്ട കുറിയേടത്തില്ലത്തെ രണ്ടാമൻ 60 വയസുള്ള രാമൻ നമ്പൂതിരിക്കു വേളികഴിച്ചു നൽകി. പിൽക്കാലത്ത് അദ്ദേഹം തന്നെയാണു ചാരിത്രദോഷം ആരോപിച്ചത്. തുടർന്ന് അന്നത്തെ നാട്ടാചാരമനുസരിച്ചു കൊച്ചി രാജാവിന്‍റെ അനുമതിയോടെ അതു തെളിയിക്കാൻ സ്മാർത്ത വിചാരം നടത്തിയെന്നാണ് ചരിത്രം. സരിത സോളാർ കമീഷനു മുന്നിൽ നടത്തിയ വെളിപ്പെടുത്തൽ പോലെയായിരുന്നു അന്നത്തെ സ്മാർത്തനായ ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയുടെ മുന്നിൽ താത്രി വെളിപ്പെടുത്തൽ. കുറ്റം ഏറ്റുപറഞ്ഞ താത്രി തന്നോടൊപ്പം തെറ്റു ചെയ്തവരെക്കൂടി വിചാരണ ചെയ്തു ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു. അത് അംഗീകരിക്കപ്പെട്ടു.
അവർ പേരുകൾ പറഞ്ഞു തുടങ്ങി. തെളിവുകളും ഹാജരാക്കി. ആരോപണ വിധേയരായവർ തങ്ങളാലാവും വിധം പ്രതിരോധിച്ചു. എന്നാൽ, താത്രി പറഞ്ഞ അടയാളങ്ങൾ ഓരോന്നും കൃത്യമെന്നു തെളിഞ്ഞു കൊണ്ടിരുന്നു. സമൂഹ മനഃസാക്ഷി ഇളകി. 1. ഓത്തുള്ള നമ്പൂതിരിമാർ-28, ഓത്തില്ലാത്തവർ-2, പട്ടന്മാർ-10, പിഷാരോടി-1, വാരിയർ-4, പുതുവാൾ-2, നമ്പീശൻ-4, മാരാർ-2, നായർ-12 എന്നിങ്ങനെയാണ് ആ നാവിൽ നിന്ന് പുറത്തു വന്നവരുടെ കണക്ക്. 'ഞാൻ അവളുമായി സംസർഗം ചെയ്തിട്ടില്ല ' എന്ന പുരുഷൻ പറഞ്ഞാൽ ആരും അത് അക്കാലത്ത് സമ്മതിക്കുമായിരുന്നില്ല. ബ്രാഹ്മണനാണെങ്കിൽ ശുചീന്ദ്രത്ത് പോയി കൈമുക്ക് നടത്തി നിരപരാധിത്വം തെളിയിക്കാം. കൈമുക്കിനാകട്ടെ സ്മാർത്തന്‍റെ പ്രത്യേക അനുമതി വേണം. എന്നാൽ, താത്രിക്കുട്ടി ഒരവസരത്തിലും പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറഞ്ഞിരുന്നില്ല. സരിതയുടെ സ്ഥിതി അതല്ല. അത് കാലത്തിന്‍റെ വ്യതിയാനം കൂടിയാണ്.
അക്കാലത്തും കനത്തസുരക്ഷയിൽ ഏഴുമാസം നീണ്ട വിചാരണയാണ് നടത്തിയത്. താത്രികുട്ടി ഓരോ പേരായി വിളിച്ചു പറഞ്ഞു. സമൂഹത്തിന്‍റെ എല്ലാ തുറയിലുമുള്ളവർ അതിലുണ്ടായിരുന്നു. കലാകാരന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 64 പേർ... ഇനി അറുപത്തി അഞ്ചാമന്‍റെ ഊഴം. ഒരു മോതിരം ഉയർത്തിപ്പിടിച്ചു താത്രി ചോദിച്ചുവത്രേ; ‘ഈ പേരു കൂടി പറയേണ്ടതുണ്ടോ? 65മത്തെ പുരുഷന്‍റെ പേരു പറയുന്നതു വിലക്കിക്കൊണ്ട് സ്മാർത്ത വിചാരണ അവസാനിച്ചപ്പോഴും താത്രിയുടെ പുരുഷന്മാരുടെ പട്ടിക അവസാനിച്ചില്ലത്രെ. അവരെ ഉദ്ദേശിച്ചാണത്രെ 'ബാക്കി അമ്മായി പറയും' എന്ന് താത്രി പറഞ്ഞത്. കുറിയേടത്തു താത്രിയെന്ന യുവതി ഒരു മോതിരം ഉയർത്തിപ്പിടിച്ച് അധികാര കേന്ദ്രങ്ങളുടെ (രാജാവിന്‍റെ) നേരെ നടത്തിയ പ്രതിരോധമാണ്. സരിതാ വിചാരണയിലും കേട്ടത് ചരിത്രത്തിലെ താത്രിയുടെ ശബ്ദമാണ്.
സ്മാർത്ത വിചാരണക്കൊടുവിലെ വിധി പറച്ചിലിനെയാണ് "സ്വരൂപം" ചൊല്ലല്‍ എന്നറിയപ്പെടുന്നത്. ഈ സ്വരൂപം ചൊല്ലുമ്പോഴാണ് സാധനത്തെ പ്രാപിച്ച പുരുഷന്മാരുടെ പേരു വിവരം പുറത്ത് വരുക. സ്വരൂപം ചൊല്ലല്‍ രാത്രി മാത്രം. എന്നാൽ, നിയമസഭയിൽ അത് പകലാണ്. സ്മാര്‍ത്തന്‍ വിചാരം നടത്തി കുറ്റക്കാര്‍ ആരൊക്കെ എന്ന് നിരൂപിക്കുമെങ്കിലും സ്മാർത്താൻ തന്‍റെ നാവു കൊണ്ട് സ്വരൂപം ചൊല്ലില്ല. ജസ്റ്റിസ് ശിവരാമൻ ഒന്നും പറയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതും ഈ ചരിത്രത്തിൽ നിന്നാവാം. സ്വരൂപം ചൊല്ലാന്‍ അധികാരപ്പെടുത്തിയത് കുട്ടിപ്പട്ടരെയാണ്.
നിയമസഭയിൽ അത് മുഖ്യമന്ത്രിയായി. ഒരു പലകയില്‍ കയറി നിന്ന് കുട്ടിപ്പട്ടര്‍ സ്വരൂപം ചൊല്ലിയതിന് ശേഷം കുളത്തിലിറങ്ങി മുങ്ങിക്കുളിക്കും. ആ മുങ്ങിക്കുളിയോടെ സ്വരൂപം ചൊല്ലല്‍ വഴി അയാളിലുണ്ടായ പാപമെല്ലാം നീക്കം ചെയ്യപ്പെടുന്നു എന്നാണ് വിശ്വാസം. സ്വരൂപം ചൊല്ലലിന് ശേഷം സാധനത്തെയും പ്രാപിച്ച പുരുഷന്മാരെയും സമുദായ ഭ്രഷ്ട് നടത്തി പടിക്ക് പുറത്താക്കാലാണ് ഇനിയുള്ള പരിപാടി. കേമമായ സദ്യക്ക് ശേഷം കൈകൊട്ടി പതിച്ച് പുറത്താക്കല്‍ പരിപാടി നടത്തുന്നതോടെ നടപടികള്‍ പൂര്‍ണമാകുകയാണ്. അതോടെ ഭ്രഷ്ടരുടെ എല്ലാ സമുദായ സ്വാതന്ത്ര്യങ്ങളും എടുത്ത് മാറ്റപ്പെടുന്നു. ഈ സ്വരൂപം ചൊല്ലലല്ലേ നിയമസഭയിൽ വ്യഴാഴ്ച അരങ്ങേറിയത്.
സ്വന്തം അകത്തളത്തിൽ കാര്യങ്ങൾ ചീഞ്ഞു നാറിയതിനാൽ താത്രിയുടെ പലേ ധിക്കാര പ്രവർത്തികളും തടയാൻ ഇല്ലത്തെ നമ്പൂതിരമാർക്ക് കഴിഞ്ഞില്ല. തമ്പന്നൂർ രവിയും ബെന്നി ബഹന്നാനും അതിൽ പരാജയപ്പെട്ടു. കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായി. കേരളത്തിൽ നടന്ന സ്മാർത്തവിചാരങ്ങളിൽ ഏറ്റവും വിവാദമായ വിചാരണ കുറിയേടത്ത് താത്രിയുടേണ്. അതുപോലെയാണ് സരിതാ വിചാരണയും. രാഷ്ട്രീയരംഗത്ത് കോളിളക്കങ്ങൾ സൃഷ്‌ടിക്കുകയും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, വിധി ഏകപക്ഷീയമായിരുന്നു. ഇന്നത്തെപ്പോലെ പെണ്ണിന്‍റെ മൊഴി മാത്രം മതി. മറുത്തൊന്നും പറയാനാവാതെ നിരപരാധിത്വം തെളിയിക്കപ്പെടാന്‍ അവസരം നല്‍കാത്ത വിധി. ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തില്‍ നടന്നതാണിതൊക്കെ. താത്രി കേസില്‍ സ്വരൂപം ചൊല്ലിയപ്പോള്‍ പുറത്തായത് 64 പുരുഷന്മാർ. സരിതയെപ്പോലെ താത്രി ചൂണ്ടിക്കാണിച്ചവരെല്ലാം ഭ്രഷ്ടരായി.
രാഷ്ട്രീയ നേതാക്കളെ പോലെ നമ്പൂതിരിമാർക്ക് കുളിയും സന്ധ്യാവന്ദനവും വേളിയും സംബന്ധവും വെടിവട്ടവും നഷ്ടപ്പെട്ടു. ഭ്രഷ്ടരില്‍ ആരെല്ലാം യഥാര്‍ഥ പ്രതികളെന്ന് താത്രിയും പുറത്താക്കപെട്ടവരും മാത്രം അറിഞ്ഞു. വിധി തീരുമാനിച്ച സ്മാര്‍ത്തന്‍ പട്ടചോമയാരത്ത് ജാതദേവന്‍ നമ്പൂതിരിക്കും ജസ്റ്റിസ് ശിവരാമനും അതിനു മുമ്പും പിമ്പും ഇതേപോലെ സ്വരൂപം ചൊല്ലിക്കാന്‍ ഇടവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.