ആ പ്രസംഗം മൗനത്തേക്കാൾ ഭയാനകം
text_fieldsഎൺപതു ദിവസത്തോളമായി മണിപ്പൂരിൽ ആഭ്യന്തരകലാപം തുടരുകയാണ്. 150ലധികം ആളുകൾ കൊല്ലപ്പെട്ടു, ആയിരക്കണക്കിനാളുകൾ ഇപ്പോഴും പലായനം തുടരുന്നു. എന്നിട്ടും ആ സംസ്ഥാനം സന്ദർശിക്കുന്നതു പോയിട്ട്, വ്യാഴാഴ്ച രാവിലെ വരെ അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കാനും ഉജ്ജ്വല വാഗ്മിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചു.
പാർലമെന്റ് മുറ്റത്ത് ടി.വി കാമറകളെ സംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: ‘മണിപ്പൂർ സംഭവം ഏത് പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണ്’ എന്ന്. അദ്ദേഹം പറയുന്ന ഈ സംഭവം നടന്നത് മേയ് മാസം നാലിനാണ്, അതായത് മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിറ്റേ ദിവസം.
രക്ഷതേടി വനത്തിലേക്ക് പലായനം ചെയ്ത കുക്കി സമുദായാംഗങ്ങളെ ഒരു ജനക്കൂട്ടം തടഞ്ഞുവെച്ചു. രണ്ടു പുരുഷന്മാരെ കൊലപ്പെടുത്തുകയും സംഘത്തിലെ സ്ത്രീകളെ വസ്ത്രമുരിയിച്ച് നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു അക്രമിക്കൂട്ടം. മേയ് 18ന്, അതായത് രണ്ടു മാസം മുമ്പ് സമർപ്പിക്കപ്പെട്ട ഒരു പൊലീസ് എഫ്.ഐ.ആറിൽ വിശദമാക്കുന്നുണ്ട് ഈ വിവരങ്ങൾ.
പൊലീസ് രേഖകളിൽ വിശദമായി പ്രതിപാദിക്കുന്ന, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ലൈംഗിക അതിക്രമ സംഭവങ്ങൾ സംബന്ധിച്ച അസ്വസ്ഥജനകമായ ഈ വിവരങ്ങളൊന്നും മണിപ്പൂർ സർക്കാറിന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
പാർട്ടിയിലെ സഹപ്രവർത്തകനായ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഒരു ഭരണഘടന പദവി വഹിക്കുന്ന നേതാവെന്നതിലുപരി മെയ്തേയികളുടെ ശക്തിസ്രോതസ്സായി പ്രവർത്തിക്കുന്നു എന്ന ആരോപണം പരിശോധിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ, അക്രമത്തിന്റെ വ്യാപ്തിയും ഭീകരതയും പ്രധാനമന്ത്രിക്കും മനസ്സിലായിട്ടുണ്ടാവാം.
എന്നാൽ, ഒരു വിഡിയോ വൈറലാകുകയും സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്തിയ വിവരം ലോകത്തിനു മുന്നിൽ വെളിപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും സംസാരിക്കാൻ തയാറായത്.
പച്ചക്ക് കള്ളം പറഞ്ഞു ബിരേൻ സിങ്. രണ്ടു മാസത്തെ നിഷ്ക്രിയത്വം മറച്ചുവെക്കാനുള്ള ശ്രമമാണ് സംഭവത്തിൽ മണിപ്പൂർ പൊലീസ് ‘സ്വമേധയാ നടപടി’കൾ സ്വീകരിച്ചെന്ന അദ്ദേഹത്തിന്റെ അവകാശവാദം. അയാളെ പിടിച്ചു പുറത്താക്കുന്നതിനുപകരം പ്രതിരോധം തീർക്കുകയായിരുന്നു മോദി. എല്ലാ മുഖ്യമന്ത്രിമാരോടും അവരുടെ സംസ്ഥാനങ്ങളിൽ ക്രമസമാധാനം ശക്തിപ്പെടുത്താൻ അഭ്യർഥിച്ച അദ്ദേഹം പ്രത്യേകിച്ച് നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണത്തിന്, രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ എവിടെ സംഭവം നടന്നാലും ഏറ്റവും കടുത്ത നടപടികൾ തന്നെ കൈക്കൊള്ളേണ്ടതുണ്ട് എന്നും കൂട്ടിച്ചേർത്തു. രാജസ്ഥാനും ഛത്തിസ്ഗഢും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇന്ത്യയിലെ മറ്റേതിടങ്ങളിലുമെന്നപോലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ഭയാനകമായ ലൈംഗിക അതിക്രമ സംഭവങ്ങളെ അവരും കണ്ടില്ലെന്ന് നടിക്കുന്നുണ്ടാവും, രാജ്യത്ത് ആഴത്തിൽ വേരൂന്നിയിട്ടുള്ള പുരുഷാധിപത്യത്തിന്റെയും വിട്ടുമാറാത്ത സ്ത്രീവിരുദ്ധതയുടെയും ലക്ഷണമാണത്. എന്നിരുന്നാലും, അവിടങ്ങളിലിപ്പോൾ മണിപ്പൂരിലേതുപോലെ തീയാളിക്കത്തുന്നില്ല.
മണിപ്പൂരിൽ നടമാടുന്ന ഭീകരതയെ മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുന്നത് ശ്രദ്ധതെറ്റിക്കാനുള്ള വക്രീകൃത ശ്രമം മാത്രമാണ്. ഇത്രനാൾ നിശ്ശബ്ദത പാലിച്ച മോദി ഒടുവിൽ വായ തുറന്നപ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രിയായല്ല വെറുമൊരു ബി.ജെ.പി നേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്.
(scroll.in എക്സിക്യൂട്ടിവ് എഡിറ്ററാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.