മാനവിക ജനായത്തത്തെ ജീവിതമാക്കിയ സഹോദരൻ
text_fieldsസഹോദരൻ അയ്യപ്പൻ
മനുഷ്യരാവുക, മനുഷ്യർ നന്നാവുക, മതമേതുമാകട്ടെ, മതമില്ലാതെ സത്യനീതി ചിന്തയാർന്ന ധാർമിക ജീവിതത്തിലൂടെയും മനുഷ്യ സമുദായ ഉദയം സാധ്യമാണ്- ഇതായിരുന്നു ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും കാട്ടിയ നൈതിക ജനായത്തപാത. കേരള നവോത്ഥാന ആധുനികതയുടെ ആകെത്തുകയുമിതാണ്. അപമാനവീകരണ ആഖ്യാനങ്ങളിലൂടെ ജാതിസമൂഹത്തിൽ മൃഗസമാനരാക്കപ്പെട്ട ബഹുജനങ്ങൾ മനുഷ്യരാകാനുള്ള മാർഗം ഗുരു കാട്ടുകയും സഹോദരനത് പ്രയോഗവത്കരിക്കുകയും ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ശൂദ്രനും അവർണർക്കും പെണ്ണുങ്ങൾക്കും മ്ലേച്ഛർക്കും നീതികിട്ടാത്ത വാഴ്ചയെ ഗുരു വിമർശിച്ച് തിരസ്കരിച്ചു. ദലിത ബാലകരുടെ വിദ്യാഭ്യാസത്തിലും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ഉദ്യോഗപ്രാതിനിധ്യത്തിലും ശ്രദ്ധിച്ചു. പ്രാതിനിധ്യമായിരുന്നു ഗുരു നയിച്ച ജനായത്തപരമായ നവോത്ഥാനം.
പ്രാതിനിധ്യ രാഷ്ട്രീയത്തെയും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രതിനിധാനങ്ങളെ അച്ചടി, പ്രസാധനം, പത്രപ്രവർത്തനം, സാംസ്കാരിക സമരങ്ങൾ, സാമൂഹിക പ്രക്ഷോഭങ്ങൾ എന്നിങ്ങനെ വികസിപ്പിച്ചത് സഹോദരനും മിതവാദിയും കറുപ്പനും സി.വി. കുഞ്ഞുരാമനും മൂലൂരുമെല്ലാമടങ്ങുന്ന ഗുരുശിഷ്യരാണ്. ഗുരുവിനെയും ശിഷ്യരെയും അവരുടെ വലിയ പോരാട്ടങ്ങളെയും സാഹോദര്യ ചിന്തയെയും മതേതര മാനവിക നൈതിക സമരങ്ങളെയും ബോധപൂർവമായ മറവിയിലേക്ക് തള്ളിവിടുന്ന കാലത്ത് സഹോദര പദ്യഗദ്യ രചനകളുടെ പാഠപുസ്തകവത്കരണവും നിരന്തര മാധ്യമസംവാദങ്ങളും അത്യാവശ്യമായി മാറുന്നു.
സഹോദരന്റെ ഗാന്ധിവിമർശനം ഏറെ പ്രസക്തമാണ്. സൂര്യനസ്തമിക്കാത്ത ആംഗലസാമ്രാജ്യസിംഹത്തിനെ കുഞ്ചിരോമത്തിൽ പിടിച്ചുകുടഞ്ഞു മുട്ടുകുത്തിച്ച ഗാന്ധിജി പോലും ബ്രാഹ്മണ പൗരോഹിത്യത്തിന്റെ തീണ്ടലിനും തൊടീലിനും മുന്നിൽ മുട്ടുമടക്കിയതിനെ അദ്ദേഹം ഗാന്ധിസന്ദേശത്തിൽ നിശിതമായി വിമർശിച്ചു.
കേരള മാധ്യമഭാഷയുടെ വിമർശന ബോധത്തെ കരുപ്പിടിപ്പിച്ചത് സഹോദരനാണ്. യുക്തിവാദം മുതൽ നവബുദ്ധവാദം വരെ കേരളത്തിൽ ജീവൻ കൊടുത്തു നയിച്ചതും അദ്ദേഹംതന്നെ. ലോകത്തുതന്നെ ആധുനിക കാലത്തെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം യു. എന്നിന്റെ 1948 ലെ പ്രഖ്യാപനത്തിനും മൂന്നാണ്ടുമുമ്പ് കൊച്ചിയിൽ നടത്തിയതും സഹോദരനാണെന്ന കാര്യം പോലും നമ്മുടെ പാഠപുസ്തകങ്ങളിലില്ല.
അയ്യപ്പനിസവും അംബേദ്കറിസവും ദ്രാവിഡ പ്രസ്ഥാനവും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹ്യ നീതിയെയും ജനായത്ത പ്രാതിനിധ്യത്തെയും ആധാരമാക്കുന്നതാണ് സഹോദരന്റെയും രാഷ്ട്രശിൽപി അംബേദ്കറുടെയും രാഷ്ട്രീയ ചിന്തകൾ. അംബേദ്കറിസവുമായുള്ള കാലിക സംവാദങ്ങൾ 1930 കളിൽതന്നെ തുടങ്ങി സഹോദരൻ. മിശ്രവിവാഹ സംഘവും തൊഴിലാളി പ്രസ്ഥാനത്തിനായി വേലക്കാരൻ മാസികയും നടത്തിയത് അദ്ദേഹം തന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.