ഈ രക്തസാക്ഷിത്വം വെറുതെയാവില്ല
text_fieldsസ്റ്റാൻ സ്വാമിയുടെ മരണം നടുക്കുന്നതെങ്കിലും പ്രവചിക്കപ്പെട്ടതുതന്നെയായിരുന്നു. പാവങ്ങൾക്കും പതിതർക്കും വേണ്ടി സംസാരിക്കാൻ ൈധര്യപ്പെടുന്നവർക്കെല്ലാമെതിരെ പകപോക്കാൻ നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണല്ലോ ഭരണകൂടം. റാഞ്ചിയിലെ ഒറ്റമുറിയിൽനിന്ന് ഇറക്കിക്കൊണ്ടുപോകുന്ന നേരം അന്വേഷണ ഏജൻസിയോടും പൊലീസ് ഉദ്യോഗസ്ഥരോടുമെല്ലാം അദ്ദേഹം ആവുന്നത്ര പറഞ്ഞിരുന്നു -തനിക്കെതിരെ ആരോപിക്കപ്പെട്ട തെറ്റുകളിൽ ഒന്നുപോലും ചെയ്യാത്തവയാണെന്ന്. പാർക്കിൻസൺസ് രോഗം കൊണ്ട് ഏറെ ദുരിതപ്പെട്ട ഘട്ടത്തിൽ വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് പിടിച്ച് വെള്ളം കുടിക്കാനാവാതെ വന്നപ്പോൾ അഭ്യർഥിച്ചിട്ട് ഒരു സിപ്പർ ഗ്ലാസ് പോലും നൽകാനുള്ള ദയവുകാണിച്ചില്ല അധികാരികൾ.
എഴുന്നുനിൽക്കാനും നടക്കാനുംപോലും പ്രയാസപ്പെടുന്ന അവസ്ഥയിലും ജാമ്യാപേക്ഷകൾ പല കാരണങ്ങൾ പറഞ്ഞ് ഒന്നൊന്നായി തള്ളിക്കളഞ്ഞു. പുറത്തിറക്കിവിടാൻ കഴിയാത്തത്ര അപകടകാരിയാണിയാളെന്ന് അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും ശാഠ്യംപിടിച്ചു. അവസാനം ഒരുവട്ടംകൂടി ജാമ്യാപേക്ഷ കോടതിയിൽ പരിഗണനയിലിരിക്കെ ഒരാളുടെയും അനുമതിയും ഔദാര്യവും വേണ്ടാത്ത സ്വാതന്ത്ര്യവുമായി മരണം അദ്ദേഹത്തെ തേടിയെത്തി. ഈ മരണത്തിെൻറ കാരണങ്ങൾ വിശദമായി അന്വേഷിക്കാനും അത്യന്തം അനീതി നിറഞ്ഞ യു.എ.പി.എ പോലുള്ള നിയമങ്ങൾക്ക് അവസാനം കുറിക്കാനും സർക്കാർ തയാറാവണം.
ജയിലിലടക്കപ്പെട്ടിട്ടും അദ്ദേഹത്തിെൻറ ആവേശത്തിനും വീര്യത്തിനും തരിമ്പ് കുറവുണ്ടായിരുന്നില്ല. സഹതടവുകാർക്കും സുഹൃത്തുക്കൾക്കുെമല്ലാം ശുഭസന്ദേശങ്ങൾ നൽകി, പ്രചോദനം പകർന്നു. ജയിലിനുള്ളിലും പക്ഷികൾ പാടിക്കൊണ്ടിരിക്കുമെന്ന് മറ്റുള്ളവരെ ആശ്വസിപ്പിച്ചു. ഇതെല്ലാം അദ്ദേഹത്തെ ഇല്ലാതാക്കാൻ ആഗ്രഹിച്ചവർക്ക് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇനിയും അനീതിക്കെതിരെ ശബ്ദിക്കാൻ നാവുകളുയരാതിരിക്കാൻ സ്റ്റാൻ സ്വാമിയേയും ഒപ്പം അറസ്റ്റിലായവരെയും കടുത്ത പകയോടെ കൈകാര്യം ചെയ്തു.
സ്റ്റാൻ സ്വാമിക്ക് പലതരം രോഗങ്ങളുണ്ടായിരുന്നു. പക്ഷേ, അസുഖങ്ങളല്ല, മരണത്തിലേക്ക് നയിച്ചത് ഭരണകൂടത്തിെൻറ ധാർഷ്ട്യം, അതൊന്നുമാത്രമാണ്. ജയിലിലിട്ടാൽ സ്റ്റാൻസ്വാമി ഇല്ലാതാകും എന്ന് കരുതിയവരോട് പറയട്ടെ, നിങ്ങൾക്ക് തെറ്റിപ്പോയിരിക്കുന്നു. മനുഷ്യാവകാശങ്ങൾക്ക്, ചൂഷണങ്ങൾക്കെതിരായ ആദിവാസികളുടെയും മറ്റു പാർശ്വവത്കൃതരുടെയും ചെറുത്തുനിൽപിനുവേണ്ടി നിലകൊള്ളുന്ന രാജ്യത്തെ ഒാരോ മനുഷ്യരെയും ജീവിതംകൊണ്ടും രക്തസാക്ഷിത്വം കൊണ്ടും പ്രചോദിപ്പിക്കുകയാണദ്ദേഹം, പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.