ലക്ഷദ്വീപിനൊപ്പം ഉറച്ചുനിൽക്കണം
text_fieldsപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരം ലക്ഷദ്വീപിെൻറ എക്കാലത്തെയും പ്രിയനേതാവ് പി.എം. സെയ്ദിനൊപ്പം ഞാൻ ആദ്യമായി ലക്ഷദ്വീപിലെത്തുന്നത് 1984 ലാണ്. ലക്ഷദ്വീപ് സമൂഹങ്ങളുടെ സാമൂഹികാവസ്ഥ പഠിച്ച് റിപ്പോർട്ട് തയാറാക്കി എ.ഐ.സി.സിക്ക് നൽകണമെന്ന ദൗത്യവുമായി കവരത്തിയിൽ കപ്പലിറങ്ങിയപ്പോൾ കണ്ടത് സ്വച്ഛവും, ശാന്തസുന്ദരവുമായ പ്രദേശത്തോടൊപ്പം നിർമല സ്നേഹത്തിനുടമകളായ ജനങ്ങളെക്കൂടിയായിരുന്നു.
ഭക്ഷണവും, സ്നേഹവും ഒരുപോലെ വിളമ്പുന്ന ഒരുപറ്റം നന്മ മനുഷ്യർ. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ തൂലിക പടവാളാക്കിയ ശൈഖ് സൈനുദ്ദീൻ മഖ്ദൂം പൊന്നാനിയിൽ സ്ഥാപിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളി പുനരാവിഷ്ക്കരിച്ചത് പോലുള്ള പള്ളി ലക്ഷദ്വീപിലും കണ്ടു. ഹാപ്പിനെസ് ഇൻഡെക്സ് അഥവാ സന്തോഷ സൂചിക പട്ടികയിൽ സ്കാൻഡിനേവിയൻ, യൂറോപ്യൻ രാജ്യങ്ങൾക്കും മുന്നിൽ നിൽക്കേണ്ട പ്രദേശമാണ് ലക്ഷദ്വീപ്. കടകളും, വീടുകളും രാത്രിയിലും തുറന്ന് കിടക്കുന്നത് അക്കാലത്ത് അത്ഭുതത്തോടെ കണ്ട നിമിഷങ്ങൾ പി.എം. സെയ്ദിനോട് പങ്കുവെച്ചപ്പോൾ മോഷണവും, പിടിച്ചുപറിയും കേട്ടുകേൾവിയില്ലാത്ത ജനങ്ങളാണ് ലക്ഷദ്വീപിലേതെന്നായിരുന്നു ഉത്തരം. സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ലക്ഷദ്വീപിെൻറ ഉന്നമനത്തിനു വേണ്ടി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഉന്നതവിദ്യാഭ്യാസത്തിന് ദ്വീപിൽ തന്നെ കേന്ദ്ര സർക്കാർ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു.
െഡയറിഫാമുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ചതോടെ മുഖ്യധാരയിലേക്ക് ലക്ഷദ്വീപും ചുവടുവെച്ചു. ഇന്ദിരാഗാന്ധിയാണ് ലക്ഷദ്വീപിൽ സമൂഹപുരോഗതിക്കായി പുത്തൻ നയങ്ങൾക്കും, പരിപാടികൾക്കും തുടക്കമിടുന്നത്. ഒരു വിശ്വാസ സംഹിതയെ പിൻപറ്റുന്ന ആളുകൾ ഒരു നാട്ടിൽ കൂടുതലാണ് എന്നത് പാതകമൊന്നുമല്ല. മുസ്ലിം സമൂഹമാണ് ലക്ഷദ്വീപ് ജനസംഖ്യയുടെ തൊണ്ണൂറ്റഞ്ചിലേറെ ശതമാനവും. അവർ വിശ്വാസപരവും സാമൂഹികവുമായ കാരണങ്ങളാൽ മദ്യത്തിൽ നിന്ന് അകന്ന് ജീവിക്കുന്നു. മദ്യവിഷം ഒഴുക്കാനുള്ള നീക്കം ലക്ഷദ്വീപിനെ വലിയ ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക.
ശുഭകരമല്ലാത്ത രീതിയിലേക്ക് ദ്വീപ് സമൂഹങ്ങളെ മാറ്റുന്നതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകൾ വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തെൻറ വിശ്വസ്തനെ അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തിയത് മുതൽ സ്വാസ്ഥ്യം നഷ്ടമായ സമൂഹമായി ഇവർ മാറി. നിങ്ങൾക്ക് വേണ്ടിയാണോ ഈ ഭരണ പരിഷ്ക്കാരങ്ങളെന്ന് ഏതൊരു ദ്വീപുകാരനോട് ചോദിച്ചാലും അല്ലെന്നാകും ഉത്തരം. കുറ്റകൃത്യങ്ങളില്ലാത്ത നാട്ടിൽ ഗുണ്ടാനിയമം നടപ്പാക്കുന്നത് പരിഷ്കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. മീൻപിടിത്തം മുഖ്യ തൊഴിലായ അവിടുത്തുകാരുടെ മത്സ്യഷെഡുകൾ അടിച്ചു തകർത്തു. അംഗൻവാടികൾ പൂട്ടി.
കുട്ടികളുടെ ഉച്ചഭക്ഷണ മെനുവിലും ജനങ്ങളുടെ ഭക്ഷണശീലത്തിലും കൈകടത്തുന്നു. സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തിൽ വർഗീയതയുടെയും, ഭിന്നിപ്പിെൻറയും വിഷം കലർത്തുന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ കുടില തന്ത്രമാണ്. ഉത്തരേന്ത്യൻ കച്ചവട താൽപര്യങ്ങൾക്ക് വേണ്ടി െഡയറിഫാമുകൾ പൂട്ടിയതിനെതിരെ ദ്വീപ് നിവാസികൾ തന്നെയാകും മുന്നിലുണ്ടാവുക. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനം നൽകിയ നിസ്സഹകരണ സമരത്തിലൂടെ ഗാന്ധിജി ഉയർത്തിയ ആശയത്തെ മുൻനിർത്തി അമുലിനെതിരെ ദ്വീപുകാർ പോരാട്ടം നടത്തും.ഇന്ത്യയുടെ തെരുവുകൾ സമര പോരാട്ടങ്ങൾക്ക് വഴി തുറക്കാനിടയാക്കിയ നിയമങ്ങൾക്ക് ചുവടുപിടിച്ച് നിഷ്കളങ്കരായ ഒരു സമൂഹത്തിനുമേൽ ഇത്തരം മർദകനിയമങ്ങൾ അടിച്ചേൽപിക്കുന്നതിന് കാലം തിരിച്ചടി നൽകും. അശാന്തിയുടെ നിഴൽ വീഴ്ത്തുന്ന പ്രവണതകൾക്കെതിരെ ശബ്ദമുയർത്താൻ കേരളത്തിനു ബാധ്യതയുണ്ട്. ലക്ഷദ്വീപുകാർക്ക് കേരളം പ്രത്യാശയുടെ തീരമാണ്. ഈ ചെറു സമൂഹത്തോടൊപ്പം ചേർന്നു നിൽക്കേണ്ട ഘട്ടത്തിൽ ഇവർക്ക് സമാശ്വാസം പകരലാണ് വലിയ രാഷ്ട്രീയ ദൗത്യവും, രാഷ്ട്രീയ പ്രവർത്തനവും.
(മുതിർന്ന കോൺഗ്രസ് നേതാവും മുൻപാർലമെൻറംഗവുമാണ് ലേഖകൻ)
തയാറാക്കിയത് -നൗഷാദ് പുത്തൻപുരയിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.