Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരണ്ട്...

രണ്ട് രക്തസാക്ഷ്യങ്ങളുടെ കഥ

text_fields
bookmark_border
രണ്ട് രക്തസാക്ഷ്യങ്ങളുടെ കഥ
cancel
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഈറ്റില്ലവും ഉരുക്കുകോട്ടയുമായ ഒഞ്ചിയം സന്ദർശിച്ച 'ദ ടെലിഗ്രാഫ്' പത്രാധിപർ ആർ. രാജഗോപാൽ അവിടത്തെ രക്തസാക്ഷികളുടെ സ്മരണകൾ വർത്തമാനകാല ഇന്ത്യയോട് പറയുന്നതെന്ത് എന്ന് വിശദമാക്കുന്നു

ഒഞ്ചിയം, 1948

ഒറ്റയിരിപ്പിന് നാല് പ്ലേറ്റ് ബിരിയാണി അകത്താക്കുന്ന ബിരിയാണി കോൺസ്റ്റബ്ൾ എന്ന ക്രുദ്ധനും കുപ്രസിദ്ധനുമായ പൊലീസുകാരൻ ക്രൂരമർദനങ്ങളുടെ അകമ്പടിയോടെ ലോക്കപ്പിൽ നടത്തിയ ചോദ്യംചെയ്യലിനൊടുവിൽ തോക്കിന്റെ പാത്തികൊണ്ട് സഖാവ് മണ്ടോടി കണ്ണന്റെ തലയിൽ ആഞ്ഞടിച്ചു. തലയോടു പൊട്ടി രക്തം ചീറ്റിത്തെറിച്ചു. വീണുപോയ കണ്ണൻ നിലത്ത് ഒലിച്ചിറങ്ങിയ സ്വന്തം ചുടുചോരയിൽ വിരൽ മുക്കി തടവറയുടെ ചുവരിൽ അരിവാളും ചുറ്റികയും വരച്ചിട്ടു. മാരക പരിക്കുകളെ അതിജീവിക്കാനാവാതെ ഏതാനും ദിവസങ്ങൾക്കകം മണ്ടോടി കണ്ണൻ അന്ത്യശ്വാസം വലിച്ചു.

വടകര, 2012

ആ മോട്ടോർ ബൈക്ക് വള്ളിക്കാട് എത്തിയതും ഒരു ഇന്നോവ കാർ പെട്ടെന്ന് വെട്ടിവളച്ച് പാഞ്ഞുവന്ന് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. കാറിൽനിന്നിറങ്ങി വന്ന സംഘത്തിലൊരാളുടെ വാൾ വീണുകിടക്കുന്ന സഖാവ് ടി.പി. ചന്ദ്രശേഖരന്റെ മുഖവും തലയോട്ടിയും തുളച്ചു. വാളുകളുടെ ഒന്നോ രണ്ടോ ഉയർച്ച താഴ്ചകളിൽതന്നെ മരണം ഉറപ്പാക്കപ്പെട്ടിരുന്നു. എന്നിരിക്കിലും സംഘം അടക്കാനാവാത്ത കലിയോടെ പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയോടെ ആക്രമണം തുടർന്നു. മരിച്ചെന്നുറപ്പിച്ചിട്ടോ മടുത്തിട്ടോ അവർ കൃത്യം മതിയാക്കി മടങ്ങുമ്പോൾ ആ മനുഷ്യശരീരം 51 വെട്ടുകളാൽ കീറിമുറിഞ്ഞിരുന്നു.


സായുധ സമരത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുന്ന തീസിസ് (കൽക്കത്ത തീസിസ് എന്നും രണദിവെ തീസിസ് എന്നും അറിയപ്പെടുന്ന ഈ ആശയം ഉപേക്ഷിക്കാൻ പിന്നീട് പാർട്ടി തീരുമാനിച്ചു) അവതരിപ്പിക്കപ്പെട്ട അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്ത സമ്മേളനത്തിൽ പങ്കെടുത്ത സഖാക്കൾ ജനങ്ങളെ സംഘടിപ്പിക്കാൻ എത്തിയിരിക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മലബാർ സ്പെഷൽ പൊലീസ് ചെറുപയർ പട്ടാളം എന്നറിയപ്പെട്ടിരുന്ന പ്രാദേശിക കോൺഗ്രസ് സായുധസംഘത്തിന്റെ പിന്തുണയോടെ 1948 ഏപ്രിൽ 30ന് ഒഞ്ചിയത്ത് വെടിവെപ്പും അക്രമങ്ങളും ലോക്കപ്പ് മർദനവും അഴിച്ചുവിട്ടത്.

നേതാക്കളെ കണ്ടെത്താൻ കഴിയാഞ്ഞ പൊലീസും കോൺഗ്രസ് സംഘവും തൊഴിലാളികളുടെ കുടിലുകളിലേക്ക് ഇരച്ചു കയറി കണ്ണിൽ കണ്ടവരെയും കൈയിൽ കിട്ടിയവരെയും മർദിച്ചു. ചോയിയെയും കണ്ണനെയും പൊലീസ് പിടിച്ചു കൊണ്ടുപോയതറിഞ്ഞ് ഗ്രാമം മുഴുവൻ പ്രതിഷേധവുമായി പൊലീസിനെ പിന്തുടർന്നു. അവർക്കു നേരെ നടന്ന വെടിവെപ്പിൽ എട്ടു പേർ രക്തസാക്ഷികളായി. ക്രൂരത എന്നിട്ടും തുടരുന്നതു കണ്ട് പൊലീസിനു മുന്നിൽ ഹാജരായ സഖാക്കൾ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും ലോക്കപ്പിലെ കൊടിയ പീഡനത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. മേയ് ഒന്നും ഷികാഗോയും സാർവദേശീയ തൊഴിലാളി പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം സുപ്രധാനമാണോ അതിനു സമാനമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് ചരിത്രത്തിൽ ഏപ്രിൽ 30നും ഒഞ്ചിയത്തിനുമുള്ള സ്ഥാനം.

ചെറുപ്പത്തിൽ ഈ രക്തസാക്ഷികളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവരെക്കുറിച്ചൊന്നും കൂടുതൽ തിരക്കാനോ പഠിക്കാനോ ഞാൻ മുതിർന്നിരുന്നില്ല. സ്കൂൾ പൂർത്തിയാക്കി, അരാഷ്ട്രീയ കോളജിൽ സമര ബഹങ്ങളിലൊന്നും കുടുങ്ങാതെ പഠിച്ച് ഡിഗ്രിയെടുത്ത് നല്ലൊരു ജോലി തേടി നല്ല പ്രായത്തിൽ കേരളം വിട്ടു.

രണ്ടാഴ്ച മുമ്പ് കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളൊന്നുമില്ലാതെ ഞാൻ ഒഞ്ചിയത്തേക്കു പോയി. സ്ഥലത്തുണ്ടെങ്കിൽ സഖാവ് ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയെ ഒന്നു കാണണമെന്നുണ്ടായിരുന്നു. ഒഞ്ചിയത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ അന്ന് രമ നാട്ടിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് എന്റെ അറിവില്ലായ്മയുടെ ആഴം ബോധ്യമായത്. അന്ന്, ഏപ്രിൽ 30 ആയിരുന്നു. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 74ാം വാർഷിക ദിനം. ഒഞ്ചിയത്തെ ഒരു കമ്യൂണിസ്റ്റുകാർക്കും അന്ന് നാട്ടിൽനിന്ന് മാറിനിൽക്കാൻ കഴിയുമായിരുന്നില്ല.


ചെങ്കൊടികളുടെ ആധിക്യത്താൽ ഒഞ്ചിയത്തിന് അന്ന് ചുവപ്പു നിറമായിരുന്നു. ശ്വാസത്തിന് വിപ്ലവഗാനങ്ങളുടെ ഈണമായിരുന്നു. സി.പി.എമ്മിന്റെ വകയും ടി.പി. ചന്ദ്രശേഖരൻ രൂപം നൽകിയ റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും സമാന ഇടതു പാർട്ടികളും സംയുക്തമായും സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾ അന്നവിടെ നടക്കാനുണ്ടായിരുന്നു.

ഒഞ്ചിയത്തെ രക്തസാക്ഷികളെക്കുറിച്ച് അറിയില്ലായിരുന്നു എന്നതുപോലെത്തന്നെ ടി.പി. ചന്ദ്രശേഖരനെക്കുറിച്ചും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കാര്യമായ ധാരണ എനിക്കില്ലായിരുന്നു. എന്നാലിന്ന് ടി.പി എന്നത് കേരളത്തിലെ ഏതൊരാൾക്കും ചിരപരിചിത നാമമാണ്. തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് സി.പി.എം നേതൃത്വം ആവർത്തിച്ചു പറയുന്ന ക്രൂരകൃത്യത്തിന്റെ അവർ പ്രതീക്ഷിക്കാതെ പോയ അനന്തരഫലം.

സി.പി.എം വിട്ടുപോയതിനല്ല ടി.പി കൊല്ലപ്പെട്ടത്, അത് ഒരു പുതിയ കാര്യമല്ലല്ലോ. പക്ഷേ, ഒഞ്ചിയത്തെയും സമീപ പ്രദേശങ്ങളിലെയും കേഡറുകൾ അദ്ദേഹത്തോടൊപ്പം ചേരുകയും അവരുടെ കൂട്ടായ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ തോൽപിച്ച് വിജയം നേടുകയും ചെയ്യുന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം തീർത്തും അചിന്ത്യവും അവിശ്വസനീയവുമായിരുന്നു.

ഞാനും സുഹൃത്തും രമയുടെ വസതിയിൽ 20 മിനിറ്റോളം ചെലവിട്ടു. അവരുടെ പിതാവ് സഖാവ് കെ.കെ. മാധവനുമായി തികച്ചും ഹൃദ്യമായ സംഭാഷണത്തിന് അവസരമുണ്ടായി. ബംഗാളിലെ പഴയകാല കർഷക പ്രസ്ഥാനങ്ങളെക്കുറിച്ച സ്മരണകളും ആഖ്യാനങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഞങ്ങളും അനുസ്മരണ ചടങ്ങിൽ പങ്കുകൊള്ളാനെത്തിയേക്കുമെന്ന ധാരണയിൽ സമ്മേളന സ്ഥലത്തുവെച്ച് കാണാമെന്നു പറഞ്ഞ് രമ അങ്ങോട്ട് പുറപ്പെട്ടു. സമ്മേളനത്തിൽ പങ്കെടുക്കാൻ പദ്ധതിയില്ലായിരുന്നെങ്കിലും റോഡിലേക്കിറങ്ങി ആർ.എം.പി.ഐയുടെ പ്രകടനം വരുന്നതു കാണാൻ ഞങ്ങൾ കാത്തുനിന്നു. സ്ത്രീകളുടെ ബാൻഡുകൾ ഉൾപ്പെടെ പ്രകടനം പങ്കാളിത്തംകൊണ്ടും ആവേശംകൊണ്ടും മികവുറ്റതായിരുന്നു. സി.പി.എമ്മിന്റേതായിരുന്നോ ആർ.എം.പി.ഐയുടേതായിരുന്നോ മികച്ച പ്രകടനം എന്നുചോദിച്ചാൽ എനിക്ക് മറുപടി പറയാൻ കഴിയില്ല. സി.പി.എം പ്രകടനം കാണാൻ ഞാൻ പോയിരുന്നില്ല.

പ്രകടനത്തിൽ പങ്കെടുത്തവരുടെ ഉജ്ജ്വല ആവേശം കണ്ടപ്പോൾ ഞാൻ ആലോചിച്ചു -74 വർഷം മുമ്പ് രക്തസാക്ഷിത്വം വഹിച്ച ധീരരെ ആദരിച്ചും അനുസ്മരിച്ചും പ്രകടനത്തിൽ അണിനിരക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച്. ഒഞ്ചിയം രക്തസാക്ഷികളെപ്പറ്റി പുസ്തകം തയാറാക്കിക്കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകനും കളരിപ്പയറ്റ് വിദഗ്ധനുമായ വി.കെ. സുരേഷ് അന്ന് രാത്രി പറഞ്ഞു തന്നു 19ാം നൂറ്റാണ്ടിന്റെ അവസാന പാതിയിൽ സാമൂഹിക പരിഷ്കരണ യത്നങ്ങൾ പുരോഗമന പ്രസ്ഥാനങ്ങൾക്ക് പാകമാംവിധം വടകരയുടെ മണ്ണിനെ ഉഴുതുമറിച്ചതെങ്ങനെയെന്ന്.

വാഗ്ഭടാനന്ദനായിരുന്നു ആ സാമൂഹിക പരിഷ്കർത്താക്കളിലൊരാൾ. അദ്ദേഹത്തിന്റെ പ്രേരണയാലാണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന തൊഴിലാളി സഹകരണ സംഘം- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി 1925ൽ കോഴിക്കോട് ഉദയംകൊള്ളുന്നത്. ജാതീയതക്കെതിരെ പോരാടിയ, സാമൂഹിക സമത്വത്തിനുവേണ്ടി പടവെട്ടിയ മഹാനായ ശ്രീനാരായണ ഗുരുദേവനായിരുന്നു ഈ നാടിന് പ്രചോദനമേകിയ മറ്റൊരാൾ.

സാമൂഹിക പരിഷ്കർത്താക്കൾ മണ്ണൊരുക്കിയെങ്കിൽ രാഷ്ട്രീയ പ്രബുദ്ധതയുള്ള സമൂഹത്തിന് അടിത്തറ പാകിയത് യൂറോപ്പിൽ ഉയർന്നുവന്ന വിപ്ലവങ്ങളും ക്രൈസ്തവ മിഷനറിമാർ പരിപോഷിപ്പിച്ച വിദ്യാഭ്യാസ സംവിധാനങ്ങളുമായിരുന്നു. ആ വളക്കൂറുള്ള മണ്ണിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിപോലുള്ള വിത്തുകൾ പാകപ്പെട്ടു, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നാട്ടിൽ മുളപൊട്ടാനും കിളിർക്കാനും തളിർക്കാനും അത് വഴിയൊരുക്കി.

ആ സാഹചര്യവും ബീഡിത്തൊഴിലാളികൾ, കയർപിരിക്കുന്നവർ, പാടത്തും ചേറിലും പണിയെടുക്കുന്നവർ എന്നിവരടങ്ങിയ തൊഴിലാളി സമൂഹത്തിന്റെ സാന്നിധ്യവും ആ നാടിനെയും തലമുറയെയും ഉണർവിലേക്ക് നയിച്ചു.

r.rajagopal@abp.in

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onchiyammartyrTP Chandrasekharan Murder Case
News Summary - Story of two martyrs
Next Story