വിജയം ശാശ്വതം, ആത്മാർഥത ചേരുകിൽ
text_fieldsസത്യസന്ധമല്ലാത്ത വഴികളിലൂടെ എങ്ങനെ മുന്നേറിയാലും അതുവഴി എന്ത് നേട്ടം കൊയ്താലും അത് ശാശ്വതമായിരിക്കില്ല. ആത്മാർഥതയും സത്യസന്ധതയുമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽകൂട്ട്. വജ്രത്തേക്കാളും തിളക്കം അതിനുണ്ട്
എന്റെ കുട്ടിക്കാലത്തിന്റെ നല്ലൊരുഭാഗവും പാലക്കാട് പട്ടണത്തിലും പരിസരങ്ങളിലുമായിരുന്നു. പിതാവ് എ.പി.എം. മക്കി സാഹിബ് പാലക്കാട് നഗരസഭയുടെ ഒന്നരനൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുനിസിപ്പൽ കമീഷണറായിരുന്ന വ്യക്തിയായിരുന്നു.
ഇന്നത്തെ മുനിസിപ്പൽ സെക്രട്ടറി പദവിയുടെ മുൻഗാമി. 1976 മുതൽ 1981 വരെ അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ആ നഗരത്തിന്റെ ഒാരോ സ്പന്ദനവും ഹൃദിസ്ഥമായിരുന്നു.
നഗരസഭയുടെ 150ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2015ൽ സംഘടിപ്പിക്കപ്പെട്ട ശ്രദ്ധേയമായ പരിപാടിയിൽ അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള ആദരം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിൽനിന്ന് എന്റെ മാതാവ് ലൈലാ ബീഗം ഏറ്റുവാങ്ങുകയുണ്ടായി. പിതാവിന്റെ വിയോഗത്തിന് 10 വർഷങ്ങൾക്ക് ശേഷമായിരുന്നു അത്. ദൈവനിയോഗമെന്നോണം അന്നത്തെ സംസ്ഥാന നഗരകാര്യ വകുപ്പ് സെക്രട്ടറി ഞാനായിരുന്നു.
കോട്ട മൈതാനത്തെ ആ വേദിയിലിരിക്കുമ്പോൾ എന്റെ ഓർമകൾ ചെറുപ്പത്തിലൂടെ പാഞ്ഞുനടന്നു. കുട്ടിക്കാലത്ത് കായിക മത്സരങ്ങളിൽ എനിക്ക് ഏറെ താൽപര്യമായിരുന്നു. ഫുട്ബാളിനോട് പ്രത്യേക ഇഷ്ടവുമുണ്ടായിരുന്നു. അന്ന് പ്രധാന മത്സരങ്ങളും സെലക്ഷൻ ട്രയലുകളുമെല്ലാം നടന്നിരുന്നത് കോട്ട മൈതാനത്താണ്.
ഞങ്ങളുടെ ഫിസിക്കൽ എജുക്കേഷൻ മാഷ് സ്കൂളിൽനിന്ന് മൈതാനത്തേക്ക് വരുമ്പോൾ പന്തിന് കാറ്റ് നിറക്കാനും മറ്റ് സാമഗ്രികൾ വാങ്ങാനും വിദ്യാർഥികളെ ഏൽപിക്കും. ചെറിയ കാശും തരും. ഒരിക്കൽ മാഷ് എന്നെയാണ് ചുമതലപ്പെടുത്തിയത്. പന്തിൽ കാറ്റ് നിറച്ച് ബാക്കി ലഭിച്ച ചില്ലറത്തുട്ടുകളുമായി മൈതാനത്തിന്റെ മധ്യത്തിൽ നിന്നിരുന്ന മാഷിന്റെ അടുത്തേക്ക് ഞാൻ ഓടി.
പന്തും ചില്ലറത്തുട്ടും അദ്ദേഹത്തെ ഏൽപിച്ചു. മാഷൊന്ന് ചിരിച്ചു. പിന്നെ എല്ലാവരെയും നോക്കി പറഞ്ഞു. ‘ഇങ്ങനെയാണ് കുട്ടികളായാൽ വേണ്ടത്’ ഞാൻ വലിയ ഗമയിൽ തലയുയർത്തിനിന്നു. ശേഷം സെലക്ഷൻ ട്രയലിൽ പങ്കെടുത്തു. ഫലം വന്നു, ടീമിൽ ഞാനില്ല! പന്തിൽ കാറ്റ് നിറച്ച് കൊടുത്തിട്ടും മാഷിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടും എന്തുകൊണ്ട് എനിക്ക് സെലക്ഷൻ ലഭിച്ചില്ല എന്നായി ചിന്ത.
വീണ്ടും മാഷിന്റെ അടുത്തേക്കോടി. ‘അല്ല മാഷേ, ഞാനല്ലേ ഇതിനെല്ലാം മുൻകൈ എടുത്തത്. എന്നിട്ടെന്താ എന്നെ ടീമിൽ എടുക്കാഞ്ഞേ?’ മാഷ് എന്റെ തോളിൽ കൈവെച്ച് ചെറുചിരിയോടെ പറഞ്ഞു. ‘കളിക്കളത്തിൽ മികവ് മാത്രമാണ് മാനദണ്ഡം, മറ്റ് ആനുകൂല്യങ്ങളും പരിഗണനകളുമില്ല. മോൻ ഒന്നുകൂടി കളി മെച്ചപ്പെടുത്തൂ, നന്നായി പരിശീലിക്കൂ, അടുത്ത വർഷം എന്തായാലും ടീമിലുണ്ടാകും’ എനിക്ക് ആശ്വാസമായി.
അദ്ദേഹം തുടർന്ന് പറഞ്ഞു. ‘പന്തിൽ കാറ്റ് നിറക്കാൻ കാശ് തന്നപ്പോൾ അതിന്റെ ബാക്കി അമ്പത് പൈസയും ഇരുപത് പൈസയുമൊക്കെ നീ തിരികെ കൊണ്ടുവരുമെന്ന് ഞാൻ കരുതിയിരുന്നില്ല. സെലക്ഷനിലൂടെ ലഭിക്കുന്ന സന്തോഷത്തേക്കാൾ വലുതായിരിക്കും ആത്മാർഥത കൊണ്ട് നിനക്ക് ലഭിക്കാനിരിക്കുന്ന നേട്ടങ്ങൾ’.
രണ്ടാംലോക യുദ്ധാനന്തരം ഉൽപാദന മേഖലയിൽ വലിയ വളർച്ച കൈവരിച്ച ഒരു ഏഷ്യൻ രാജ്യമുണ്ട്. പക്ഷേ, അവരുടെ ഉൽപന്നങ്ങൾ ചില്ലറ തട്ടിപ്പുകളിലൂടെയും ഒപ്പിക്കലുകളിലൂടെയും മറ്റും ചുരുങ്ങിയ ചെലവിൽ ഉണ്ടാക്കുന്നതായിരുന്നു. കുറഞ്ഞ വിലയ്ക്കായതിനാൽ ലോകമൊട്ടാകെ കുറച്ചുകാലം ആ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരുമുണ്ടായി. ആ അവസ്ഥക്ക് പക്ഷേ, അധിക ആയുസ്സുണ്ടായിരുന്നില്ല.
പതിയെ ലോകം ആ ഉൽപന്നങ്ങളുടെ നിലവാരക്കുറവ് മനസ്സിലാക്കിത്തുടങ്ങി. എന്തിന് പറയുന്നു, മേന്മയില്ലാത്ത ഉൽപന്നങ്ങളെല്ലാം ആ രാജ്യത്തിന് മേൽ ചാർത്തുന്ന രീതി വരെയുണ്ടായി. അത് അവർക്ക് സാമ്പത്തികരംഗത്ത് വലിയ തിരിച്ചടിയും സമ്മാനിച്ചു. അതിലേറെ, വിശ്വാസ്യതക്ക് സംഭവിച്ച ഇടിവാണ് അവരെ ആകെ പിടിച്ചുലച്ചത്.
പക്ഷേ, അസാധാരണവും അദ്ഭുതകരവുമായ തിരുത്തലിന് അവർ മുതിർന്നു. ഉൽപാദന രീതികളിൽ വലിയ പൊളിച്ചെഴുത്തിന് അവർ തയാറായി. ഏറ്റവും മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ ഉൽപന്നങ്ങൾ മാത്രം വിപണിയിലെത്തിക്കുന്നതിലേക്ക് അവർ കളം മാറ്റിച്ചവിട്ടി.
കാപട്യത്തിൽനിന്ന് സത്യസന്ധതയിലേക്കുള്ള ആ ദിശാമാറ്റം സാങ്കേതികവിദ്യ രംഗത്ത് വലിയ കുതിച്ചുചാട്ടം അവർക്ക് സമ്മാനിച്ചു. ഇന്നവർ ലോകത്തെ മുൻനിര സാമ്പത്തിക ശക്തിയാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ ഹബ് ആയി ആ രാജ്യം ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നു.
സത്യസന്ധമല്ലാത്ത വഴികളിലൂടെ എങ്ങനെ മുന്നേറിയാലും അതുവഴി എന്ത് നേട്ടം കൊയ്താലും അത് ശാശ്വതമായിരിക്കില്ല. ആത്മാർഥതയും സത്യസന്ധതയുമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ട്. വജ്രത്തേക്കാളും തിളക്കം അതിനുണ്ട്.
തികഞ്ഞ ആത്മാർഥതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരാൾക്ക് പെട്ടെന്ന് വിജയത്തിലെത്താൻ കഴിഞ്ഞില്ലെന്ന് വരാം. പലവട്ടം ശ്രമിച്ചാൽ മാത്രമേ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ എന്നുമാവാം. വൈകിയെങ്കിലും വന്നെത്തുന്ന ആ വിജയത്തിന് അസാധാരണ മധുരമാണ്.
നിസ്സാരമെന്ന് തോന്നാമെങ്കിലും ഇതിനോട് ചേർത്ത് വായിക്കാവുന്ന കാര്യമാണ് നമ്മുടെ സ്കൂളുകളിലും കോളജുകളിലുമൊക്കെ പരീക്ഷയിൽ വിദ്യാർഥികൾ കാണിക്കുന്ന ചെറിയ ‘വികൃതി’കൾ. കണക്കും രസതന്ത്രവും പോലുള്ള പ്രയാസമുള്ള വിഷയങ്ങളിൽ മാർക്ക് കുറയുന്നത് പേടിച്ചാണ് പലരും അങ്ങനെ ചെയ്യുന്നത്.
പരീക്ഷക്ക് ചില വിഷയങ്ങളിൽ അൽപം മാർക്ക് കുറഞ്ഞെന്നിരിക്കാം. എന്നാൽ, ലോകമാകുന്ന പരീക്ഷ ഹാളിൽ നമ്മൾ ഒരു വമ്പൻ തോൽവി ആകാതെ നോക്കണമെങ്കിൽ കുഞ്ഞുനാൾ തൊട്ട് സത്യസന്ധത, ആത്മാർഥത എന്നീ ഗുണങ്ങളെ കൂടെകൂട്ടിയേ മതിയാകൂ.
കണക്കിലെയും രസതന്ത്രത്തിലെയും ചെറു സമവാക്യങ്ങൾ പോലും ഹൃദിസ്ഥമാക്കാൻ മനസ്സില്ലാത്ത ഒരാൾ ജീവിതമാകുന്ന പരീക്ഷയിൽ എങ്ങനെ വിജയിക്കാനാണ്? കാരണം, മനുഷ്യജീവിതം എന്നത് നിരവധി സമവാക്യങ്ങളുടെ ഒത്തുചേരലാണ്.
ആ സമവാക്യങ്ങളെ തിരിച്ചറിയാനും ഇണക്കിച്ചേർക്കാനും അതിൽനിന്ന് ശക്തി സംഭരിക്കാനും കഴിഞ്ഞെങ്കിൽ മാത്രമേ ജീവിത വിജയം സാധ്യമാകൂ. എപ്പോൾ വേണമെങ്കിലും തിരുത്തലിന് നമുക്ക് അവസരമുണ്ട്. തിരിച്ചറിയുക, അറിവാണ് വിജയം, ആത്മാർഥതയാണ് അതിന്റെ ഇന്ധനം. ഓർത്തുപോകുന്നു വിശ്വകവി റൂമിയുടെ വരികൾ.
‘വാക്കുകളെ ഉയർത്തുക; ശബ്ദത്തെയല്ല.കാരണം, പൂക്കളെ വളർത്തുന്നത് മഴയാണ്; ഇടിനാദമല്ല’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.