ചാവേറുകൾ ഈ പാർട്ടിയുടെ ഐശ്വര്യം
text_fields''അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ആരാണ്? ഇന്നലെ മുളച്ച പിള്ളേർ പാർട്ടിയിൽ ആരുമല്ല...'' കണ്ണൂരിൽ സി.പി.എം - ഡി.വൈ.എഫ്.ഐ നേതാക്കൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന വിശദീകരണമാണിത്. തിങ്കളാഴ്ച കൊച്ചിയിൽ കസ്റ്റംസ് ഓഫിസിൽ ചോദ്യംചെയ്യലിന് ചുവന്ന ഷർട്ടിട്ട് ഹാജരായ അർജുൻ ആയങ്കിക്ക് ഇടംവലം നിന്ന അഭിഭാഷകരെ ഒന്ന് ശ്രദ്ധിച്ചുനോക്കുക. കൂട്ടത്തിൽ കണ്ണൂർ പാർട്ടിയിലെ പ്രബലെൻറ അടുത്ത ഒരാളുമുണ്ട്.''എെൻറ കേസ് ഞാൻ നോക്കിക്കോളാം...'' എന്ന് മാധ്യമങ്ങളോടു പറയുേമ്പാഴും അർജുൻ ഒറ്റക്കല്ലെന്ന് സാരം.
രാമനാട്ടുകര അപകടത്തിന് പിന്നിലെ സ്വർണക്കടത്ത് ബന്ധങ്ങൾ പുറത്തുവന്ന ശേഷവും അർജുനും അയാളുടെ ചുവന്ന കാറും അഴീക്കോട് കറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, പൊലീസ് ഈ കാർ തേടി എത്തിയില്ല. അഴീക്കോട്ട് അടച്ചിട്ട കപ്പൽപൊളിശാലയിലെ ഷെഡിൽ ഒളിപ്പിച്ച കാർ കണ്ടെത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാർ മാറ്റാൻ അർജുെൻറ കൂട്ടാളികൾക്ക് ആവശ്യത്തിന് സമയം നൽകിയാണ് അവിടെ പൊലീസ് എത്തിയത്.
ആറു മാസത്തിന് ഇടയിൽ നടന്ന സംഭവമാണ്. കണ്ണൂർ വിമാനത്താവളം വഴി മൂന്നു തവണയായി കൂത്തുപറമ്പിലെ ചിലർ െകാണ്ടുവന്ന മൂന്നര കിലോയോളം സ്വർണം 'പൊട്ടിക്കൽ ഓപറേഷനി'ലൂടെ ആകാശ് തില്ലങ്കേരിയുടെ സംഘം കൈക്കലാക്കി. കാരിയറെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വരുതിയിലാക്കിയായിരുന്നു ആദ്യത്തെ ഓപറേഷൻ. വിലയ്ക്ക് വാങ്ങാെനന്ന പേരിൽ സമീപിച്ച് ബലംപ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു രണ്ടാമത്. സ്വർണം തിരിച്ചുകിട്ടാൻ ആകാശ് തില്ലങ്കേരിയെ വിളിച്ചപ്പോൾ ഭീഷണിയായിരുന്നു മറുപടി. നഷ്ടപ്പെട്ടത് കോടികളാണ്. അതിെൻറ ഉടമ സ്വർണക്കടത്തിൽ ഇടത്തരക്കാരനാണ്. ഇത്രയും വലിയ നഷ്ടം താങ്ങാനുള്ള പാങ്ങില്ല. അതിെൻറ സങ്കടത്തിൽ അയാൾ ഒന്നു രണ്ടു തവണ കൂടി കാരിയറുടെ മൊബൈലിൽ വിളിച്ചുപോയി.
ക്വട്ടേഷൻ നേതാവിന് അത് ഇഷ്ടമായില്ല. ഉടമയുടെ പാനൂർ മേഖലയിലെ വീട്ടിലെത്തിയാണ് ഇനിയും വിളിച്ചാൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്ന് മറുപടി നൽകിയത്. പൊലീസ് സഹായം തേടിയപ്പോൾ എല്ലാം മറക്കാനുള്ള ഉപദേശമാണ് കിട്ടിയത്! മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവെ ഒരു പകൽ മുഴുവൻ കാമുകിയും ഒപ്പമുണ്ടായിരുന്നു. ഉന്നത നേതാവിെൻറ നിർദേശപ്രകാരമാണ് ജയിൽ വാർഡന്മാരുടെ ഒത്താശയിൽ ഈ സമാഗമം ഒരുക്കിയത്.
ആശാന് എന്തു ജയിൽ?
ക്വട്ടേഷനിൽ ആകാശിെൻറയും അർജുെൻറയും ആശാനായ ടി.പി കേസ് പ്രതി കൊടി സുനി സംഘത്തിന് ലഭിച്ച 'കരുതൽ' ഇതിനുമപ്പുറമാണ്. ശിക്ഷിക്കപ്പെട്ട ഇവർ ജയിലിൽ കഴിയുന്നതിനേക്കാൾ കാലം പുറത്താണെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. ആഗ്രഹിച്ചാൽ മതി. പരോൾ റെഡി. ജില്ല ആയുർവേദ ആശുപത്രിയിൽ 45ദിവസം നീണ്ട സുഖചികിത്സ. ജയിലിനുള്ളിൽ ലഹരി മാത്രമല്ല, സ്മാർട്ട് ഫോൺ സൗകര്യംപോലും ഇഷ്ടംപോലെ ഉപയോഗിക്കാൻ സ്വാതന്ത്ര്യം... സിവിൽ വേഷത്തിൽ ജയിലിനുള്ളിൽ നിൽക്കുന്ന ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടുന്നതുവരെയെത്തി വിളയാട്ടം.
അന്ന് ഋഷിരാജ് സിങ്ങിെൻറ നേതൃത്വത്തിൽ ഇടപെടലുകളെത്തുടർന്ന് ഫോണുകൾ പിടികൂടി. അത് താൽക്കാലികമായിരുന്നു. അന്ന് ഫേസ്ബുക്കിൽ പോസ്റ്റിടലും ചാറ്റിങ്ങുമായിരുന്നുവെങ്കിൽ ഇപ്പോൾ ജയിലിനുള്ളിലിരുന്നാണ് അയാൾ ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത്. സംഘാംഗങ്ങൾക്ക് നിർദേശം നൽകുന്നത് മുഴുവൻ ഫോൺ വഴി. ഗൾഫിലേക്കുവരെ വിളിച്ച് ആളുകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നു.
കൊടി സുനിയുടെ വലംകൈ മുഹമ്മദ് ഷാഫിയുടെ കല്യാണത്തിന് മുഖ്യാതിഥിയും സംഘാടകനുമൊക്കെ എ.എൻ. ഷംസീർ എം.എൽ.എയായിരുന്നു. ഇവരെ പാർട്ടിയുമായി ബന്ധിപ്പിച്ച് നിർത്തിയത് പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തനായിരുന്നു. ടി.പി വധക്കേസിൽ കൊടി സുനിക്കൊപ്പം ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ തെറ്റുകാരനല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുപോലുമുള്ളത്. കുഞ്ഞനന്തൻ മരിച്ചപ്പോൾ സംസ്കാരത്തിന് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പാർട്ടി നേതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. സകല നിയമങ്ങളും കാറ്റിൽപറത്തുന്നതിനിടെ എന്തിന് കോവിഡ് പ്രോട്ടോക്കോൾ മാത്രം പാലിക്കണം!
മിണ്ടാനാകാത്ത ദുരവസ്ഥ
ഇവയെല്ലാം ജനങ്ങൾക്ക് മുന്നിലുള്ള വസ്തുതകളാണ്. ക്വേട്ടഷൻ സംഘങ്ങളെ തള്ളിപ്പറയുന്ന സി.പി.എം നിലപാടിന് പാർട്ടി അണികൾക്കും സ്ഥിരം വോട്ടർമാർക്കുമിടയിൽപോലും വിശ്വാസ്യത കിട്ടാതെ പോകുന്നതും അതുകൊണ്ടാണ്. ക്വട്ടേഷൻ വിഷയത്തിൽ ചർച്ചക്കിരിക്കുേമ്പാൾ പരുങ്ങേണ്ടി വരുന്ന ഗതികേട് നേതാക്കളിൽ പലരും സ്വകാര്യമായി സമ്മതിക്കുന്ന കാര്യമാണ്. ഈ ദുരവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ കണ്ണൂരിൽ സി.പി.എമ്മിനെ സംബന്ധിച്ച് എളുപ്പമല്ല.
ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്ന് പാർട്ടിയുടെ പ്രസ്താവനയുടെ അർഥം പാർട്ടി കമ്മിറ്റി ആലോചിച്ച് ചെയ്ത കാര്യമല്ല അത് എന്നുമാത്രമാണ്. പാർട്ടി കമ്മിറ്റി അറിഞ്ഞിട്ടില്ല. പക്ഷേ, പ്രമുഖ നേതാക്കളിൽ പലരും അറിഞ്ഞിട്ടുണ്ട്. കൊടി സുനിമാർക്ക് ജയിലുകളിൽ പോലും വി.ഐ.പി ജീവിതം സാധ്യമാകുന്നത് അവരുടെ സ്വാധീനത്തിലാണ്. ചെങ്കോട്ടകളിലെ ക്വട്ടേഷൻ കേന്ദ്രങ്ങളിലേക്ക് പൊലീസ് കടന്നുചെല്ലാത്തതിെൻറ കാരണവും മറ്റൊന്നല്ല. ചെങ്കൊടിയേന്തി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ക്വട്ടേഷൻ സഖാക്കളോട് അണികൾക്ക് വീരാരാധനയാണ്.
സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വെത്ത വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലിട്ട കുറിപ്പിനുപോലും ലഭിച്ച വർധിച്ച ലൈക്കും അനുകൂല കമൻറുകളും ഇടതുപക്ഷ പ്രഫൈലുകളിൽനിന്നാണ്. ഇതു നൽകുന്ന സൂചന ഗൗരവമുള്ളതാണ്. സമ്പാദ്യമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ബീഡി തൊഴിലാളി ജനാർദനനേക്കാൾ ക്വട്ടേഷൻ സഖാക്കളോടാണ് പാർട്ടിക്ക് കരുതൽ.
ചാവേറുകളാണ്, കൈവിടാനാകില്ല
പാർട്ടി അണികളുടെ റിയൽ എസ്റ്റേറ്റ്, ലഹരി ശൃംഖല ബന്ധങ്ങൾ നിരീക്ഷിക്കാനും തിരുത്താനും അതിന് തയാറാകാത്തവരെ മാറ്റിനിർത്താനും 2013ൽ പാലക്കാട് പാർട്ടി പ്ലീനം ചേർന്ന് രൂപരേഖ തയാറാക്കിയിരുന്നു സി.പി.എം. കേഡർ പാർട്ടിക്ക് ഏറ്റവും കരുത്തുറ്റ സംഘടനാ സംവിധാനമുള്ള കണ്ണൂരിൽ പാർട്ടിയുടെ മറപറ്റി ക്വട്ടേഷൻ സംഘങ്ങൾ വളർന്നത് നേതൃത്വം അറിയാതിരിക്കാൻ സാധ്യതയില്ല.
എന്നിട്ടും എന്തുകൊണ്ട് പാർട്ടി ഇക്കൂട്ടരെ യഥാർഥത്തിൽ കൈയൊഴിയുന്നില്ല എന്നതിന് കാരണം അത്ര രഹസ്യമൊന്നുമല്ല. ചിലതൊക്കെ തുറന്നുപറയേണ്ടിവരും. വാർത്തസമ്മേളനം പ്രതീക്ഷിക്കാമെന്ന് ആകാശ് തില്ലങ്കേരിയും കൊടി സുനിയുമൊക്കെ ഭീഷണിപ്പെടുത്തിയാൽ തൽക്കാലം സുല്ലിടാനേ പാർട്ടിക്ക് കഴിയൂ. അവർ വായ്തുറന്ന് വിളിച്ചുപറഞ്ഞാൽ പല നേതാക്കൾക്കും ജയിലുകളിലേക്ക് വണ്ടികയറേണ്ടി വരും.
മാത്രമല്ല, സി.പി.എം - ആർ.എസ്.എസ് സംഘർഷത്തിന് ഇപ്പോൾ കുറവുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും സ്ഥിതി മാറാം. തന്നെ തേടി വരുന്ന ഒരു കൊടുവാൾ ഏതുസമയവും പ്രതീക്ഷിക്കുന്നവരാണ് നേതാക്കൾ പലരും. അങ്ങനെയൊരു ഘട്ടത്തിൽ മുൻപിൻ നോക്കാതെ പാർട്ടിയുടെ ഓപറേഷന് ചാവേറായി ചാടിപ്പുറപ്പെടാൻ ഇങ്ങനെയുള്ളവർ തന്നെ വേണം. ഇപ്പോഴത്തെ തള്ളിപ്പറച്ചിലും ക്വട്ടേഷൻ വിരുദ്ധ പ്രചാരണ പരിപാടികളുമെല്ലാം വലിയ പരിക്കില്ലാതെ മുന്നോട്ടുപോകാനുള്ള കരുതൽ മാത്രമാണ്. അതുകൊണ്ടാണ് തുറന്നുപറയുമെന്ന ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി.എമ്മിന് കഴിയാത്തത്.
അവസാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.