‘‘ഹിന്ദുത്വ ഭീകരതക്കെതിരെ ഇടതുപക്ഷ മനസ്സ് രൂപം കൊള്ളുന്നുണ്ട്’’ -സ്വാമി ശക്തിബോധി
text_fieldsആത്മീയതയും അതിൽ നിന്ന് ഉരുവം കൊണ്ട ധർമത്തിലൂന്നിയ ഇടതുപക്ഷ ബോധവും സമന്വയിപ്പിക്കുന്ന സന്ന്യാസിയാണ് സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി. ജനാധിപത്യപരമായ മാനവികവിവേകത്തോടെ വർഗീയതക്കെതിരെയും മതസൗഹാർദത്തിനുവേണ്ടിയും 15 വർഷമായി സജീവമായി അദ്ദേഹം പൊതുപ്രവർത്തന രംഗത്തുണ്ട്. ഇതിനോടകം 5000ത്തിൽ പരം പൊതുപ്രസംഗങ്ങൾ ചെയ്തിട്ടുണ്ട്. വിവിധ പത്രമാധ്യമങ്ങളിലായി 600ൽപരം ലേഖനങ്ങൾ എഴുതി. ഇടതുപക്ഷ ഹിന്ദുത്വം ഒരാമുഖം, അമൃതാനന്ദമയിയും മയിലമ്മയും, ഗീതയും ഖുർആനും ലെനിനും, മഹർഷിമതത്തിെൻറ മൂലതത്ത്വങ്ങൾ, ദൈവമേ സുഖം, മാട്ടിറച്ചിയുടെ മഹാഭാരതം, ഒരു ഹിന്ദു സന്ന്യാസി ഖുർആൻ വായിക്കുന്നു, ശ്രീനാരായണഗുരു ഹിന്ദു സന്ന്യാസിയോ? തുടങ്ങിയ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. രാജ്യം വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാല സാഹചര്യത്തിൽ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുമായി നടത്തിയ സംഭാഷണത്തിെൻറ പ്രസക്ത ഭാഗങ്ങൾ:
അടുത്തിടെയായി അടിക്കടി കേൾക്കുന്ന പദമാണ് ആർഷ ഭാരത സംസ്കാരം. യഥാർഥത്തിൽ എന്താണ് ആർഷ ഭാരത സംസ്കാരം?
സത്യത്തിൽ ആർഷ ഭാരത സംസ്കാരം എന്നൊന്നുണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. ‘ആനോ ഭദ്രാനി ക്രതവോ യന്തുവിശ്വതഃ’–ലോകത്തിെൻറ എല്ലാ ഭാഗത്തു നിന്നും ഞങ്ങളിലേക്ക് നല്ല അറിവുകൾ പ്രവേശിക്കട്ടെ – എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്ത സത്യാന്വേഷകരും ഗവേഷകരുമായ ഋഷിമാർ ഈ നാടിെൻറ മാത്രമായൊരു സത്യ സംസ്കാരത്തെ അവകാശപ്പെട്ടിരുന്നു എന്നു തോന്നുന്നില്ല. ഇന്നാടിനു മാത്രമായൊരു സൂര്യൻ ഇല്ലല്ലോ. അതുപോലെ ഇന്നാടിനുമാത്രമായൊരു സംസ്കാരവും ഇല്ല. തെങ്ങുള്ളതുകൊണ്ടാണ് കേരളം എന്ന് കേരളത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ തെങ്ങ് എന്ന വൃക്ഷം കേരളത്തിൽ മാത്രമല്ല ഉള്ളത്. കേരളം എന്ന് വിളിക്കപ്പെടുന്നിടത്ത് മാത്രമേ തെങ്ങുകൾ ഉള്ളൂ എന്ന് പറയാനാവാത്തതുപോലെ ഭൂമിയിൽ ഭാരതം എന്നു വിളിക്കുന്ന പ്രദേശത്തുമാത്രമെ സത്യാന്വേഷകർ ഉണ്ടായിട്ടുള്ളൂ എന്നും പറഞ്ഞുകൂടാ. അതുകൊണ്ട് തന്നെ, സംസ്കാരം സത്യത്തെ ആശ്രയിക്കുന്നതാണെങ്കിൽ അതു ഭാരതത്തിനു മാത്രം അവകാശപ്പെട്ടതല്ല. ബോധമുള്ള മനുഷ്യർക്കെല്ലാം അവകാശപ്പെട്ടതാണ്. ബോധമുള്ള മനുഷ്യൻ ഉള്ളിടത്തോളം സംഭവിക്കാവുന്നതുമാണ്. ഒരു പ്രേത്യക രാജ്യത്തിെൻറതോ വ്യക്തിയുടെയോ മാത്രമായിട്ട് ഒരു സംസ്കാരമോ ദർശനമോ ഭാഷയോ കലയോ എന്തിനേറെ ഒരു ശ്വാസോച്ഛ്വാസം പോലുമോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉള്ളത് എല്ലാവർക്കും അവകാശപ്പെട്ടതാണ്.
പക്ഷേ, ആ പദം കേൾക്കുന്നതും അത് തുടർച്ചയായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും മറ്റൊരു സാഹചര്യത്തിൽ കൂടിയുമാണല്ലോ? അത് പ്രയോഗിക്കുന്നവരുടെ രാഷ്്ട്രീയം കൂടി അപ്പോൾ കടുന്നുവരുന്നു?
തീർച്ചയായും അത് അപകടം തന്നെയാണ്. ഇപ്പോൾ ആർഷ ഭാരത സംസ്കാരത്തെ ഇങ്ങനെ വേറൊരു രീതിയിൽ എതിർക്കുന്നതിെൻറ കാരണം അതുകൂടിയാണ്. നമ്മുടെ നാടിെൻറ പ്രകൃതിക്കെതിരിലും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയും ഇവിടെ ജീവിക്കുന്നവർ തമ്മിലുള്ള സ്നേഹബന്ധത്തെ അറുത്തു മറിച്ചു കളയുന്നതിനും വേണ്ടിയുമുള്ള കശാപ്പു കത്തിപോലെയാണ് ആർഷ ഭാരത സംസ്കാരത്തെ സംഘ്പരിവാരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ‘‘അദ്വേഷ്ടാ സർവ ഭൂതാനാം– മൈത്രകരുണ ഏവച’’ എല്ലാ സൃഷ്ടികളോടും മൈത്രിയും കരുണയും ആണ് വേണ്ടത്. ദ്വേഷം ഒന്നിനോടും അരുത്– എന്ന് പ്രഘോഷിക്കുന്ന ഭഗവദ്ഗീതയുടെ അധ്യാപകനും വിദ്യാർഥിയും എന്ന നിലയിൽ ആർഷ ഭാരത സംസ്കാരത്തെ വിദ്വേഷം വളർത്തുന്ന മാരകായുധമായി ഉപയോഗിക്കുന്ന നടപടിയെ പിന്തുണക്കനാവുകയില്ല. നാരായണ ഗുരുവിനെയും ഗാന്ധിയെയും സൃഷ്ടിക്കുന്ന ഭാരതീയ സംസ്കാരത്തെ ഞാൻ ബഹുമാനിക്കും. എന്നാൽ, ഗോദ്സെമാരെയും നരേന്ദ്ര മോദിമാരെയും ഉണ്ടാക്കുന്ന ഭാരതീയ സംസ്കാരത്തോട് ഒരു കാരണവശാലും രാജിയാകുവാൻ വയ്യ. ഗോദ്സെമാരെയും മോദിമാരെയും വാർത്തെടുക്കുന്ന വിദ്വേഷത്തിെൻറ വാളേന്തി ആേക്രാശിക്കുന്ന ഭാരതീയ സംസ്കാരം നിലനിൽക്കേണ്ടതില്ല എന്നു തന്നെയാണ് എെൻറ ദൃഢമായ അഭിപ്രായം. ‘‘മാ വിദ്വിഷാ വഹൈ’’ –വിദ്വേഷം അരുത് എന്ന് ഉദ്ഘോഷിക്കുന്ന ഉപനിഷത്തുക്കളുടെ ഭാരതീയ സംസ്കാരം ഒരു സംഘടനയുടെയും കുറുവടിസേന ഇല്ലാതെ തന്നെ ഹിമാലയം പോലെ എക്കാലവും തലയുയർത്തി നിൽക്കാനുള്ള സഹജചൈതന്യമുള്ളതാണ്.
‘‘യദാ യദാ ഹി ധർമസ്യ’’...‘‘സംഭവാമി യുഗേ യുഗേ’’ എന്ന ശ്ലോകം വളരെ പ്രസിദ്ധമാണല്ലോ. എന്താണ് വിഖ്യാതമായ ഈ ശ്ലോകത്തിൽ കൃഷ്ണൻ പറയുന്ന ധർമവും അധർമവും?
ഇത് കൃത്യമായി നമുക്ക് പറയാൻ ആവില്ല. കൃഷ്ണൻ എന്ത് അർഥത്തിലാണ് ധർമം എന്ന വാക്ക് ഉപയോഗിച്ചത് എന്ന് നമുക്കിപ്പോൾ നിശ്ചയിച്ചുറപ്പിച്ച് പറയുവാൻ പരിമിതി ഉണ്ട്. ‘ധർമം’എന്നത് ഉൾപ്പെടെ ഏതൊരു വാക്കും ഏതൊരു ജീവിതവുമെന്നപോലെ കാലത്തിൽ കാലുറപ്പിച്ചതും കാലത്തിെൻറ കരൾ പതിഞ്ഞതും ആയിരിക്കും! അതുകൊണ്ട് തന്നെ കാലനിരപേക്ഷമായി ഒരു പദത്തിനും അർഥം കെണ്ടത്താൻ കാലത്തിൽ കാലൂന്നി മാത്രം ജീവിതം സാധ്യമാവുന്ന മനുഷ്യർക്കാവില്ല. അതിനാൽ ഓരോ വാക്കും ഓരോ കാലത്ത് പുതുക്കപ്പെടും. പുതിയ പുതിയ അർഥങ്ങൾ അതിൻമേൽ ഉണ്ടായിവരും. യേശുക്രിസ്തു സ്നേഹം എന്ന വാക്കുപയോഗിച്ചപ്പോൾ ഉണ്ടായ അർഥമല്ലല്ലോ ഒരു പാർക്കിൽ ഇരുന്ന് ഒരു യുവതിയും യുവാവും സ്നേഹം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്നത്. അയിത്തം സംരക്ഷിക്കലാണ് ധർമം എന്ന് ധാരണയുള്ളവർ ഉണ്ടായിരുന്നു. എന്നാൽ, വിവേകാനന്ദനും നാരായണ ഗുരുവും ഗാന്ധിയുമൊക്കെ അയിത്തം ഇല്ലായ്മ ചെയ്യുന്നതിലാണ് ധർമം കെണ്ടത്തിയത്. ഇങ്ങനെ കാലോചിതമായ പുതുവായനകൾ ധർമ ശബ്ദത്തിന് ഉണ്ടായിട്ടുണ്ട്.
നിങ്ങൾ ഉദ്ധരിച്ച ശ്ലോകത്തിൽ തന്നെ ധർമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ‘പരിത്രാണായ സാധൂനാം’– പാവങ്ങളുടെ, മർദിത ജനവിഭാഗങ്ങളുടെ പരിരക്ഷയാണ് ധർമം എന്ന് അർഥമെടുക്കാം. സാധു എന്ന വാക്കിന് ‘സത്യം’ എന്ന അർഥവും ഉണ്ട്. ഈ അർഥത്തിൽ സത്യ സംരക്ഷണവും ധർമമാണ്. ‘വിനാശായ ച ദുഷ്കൃതാം’ –എന്നതു കൂടി പരിഗണിച്ചാൽ സാധു ജനങ്ങളെ മർദിക്കുന്നവരെ ഇല്ലായ്മ ചെയ്ത് സാധു ജനങ്ങളുടെ പരിപാലനം ഉറപ്പാക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും ധർമം ആണെന്നും സാധുജന മർദനം തടയാതിരിക്കുകയും അതിന് ഒത്താശ ചെയ്യുന്നതും അധർമമാണെന്നുമാണ്. ഈ നിലയിൽ യജ്ഞങ്ങളെയും ക്ഷേത്രങ്ങളെയും പശുക്കളെയും അദാനിമാരെ പോലുള്ള മുതലാളിമാരെയും സംരക്ഷിക്കുന്നതിലൂന്നിയ സംഘ്പരിവാരത്തേക്കാൾ ഗീതാ ധർമത്തിന് ചേർന്നു നിൽക്കുന്ന സംഘാവതാരം ലോകത്തെ മുഴുവൻ മർദിത ജനവിഭാഗങ്ങളുടെയും പരിരക്ഷക്കും വിമോചനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആണെന്നുപോലും പറയാം. ചൂഷക മർദക പക്ഷത്തോട് ചേർന്നു നിൽക്കുന്ന ഏതു പ്രവർത്തനവും അധർമമാണ്. ഇത്തരം പ്രവർത്തനങ്ങൾ കാവി ഉടുത്തിട്ട് ചെയ്താലും ഖദറിട്ടു ചെയ്താലും സ്റ്റാലിൻമീശ വെച്ച് ചെയ്താലും ഭഗവദ് ഗീതയുടെ കാഴ്ചപ്പാടിൽ അധർമം തന്നെയാണ്.
അങ്ങനെയാണെങ്കിൽ രാജ്യത്തെ മർദിത ജനവിഭാഗങ്ങൾക്കൊപ്പം നിലകൊള്ളുക എന്നതല്ലേ യഥാർഥ ധർമം? എന്നാൽ, നേരെ തിരിച്ചുള്ള അനുഭവങ്ങൾ കൂടി നമുക്ക് ചുറ്റും ഉണ്ടാവുന്നു. അഖ്ലാഖിനെ തല്ലിക്കൊന്നതിനെ ന്യായീകരിച്ച് ആർ.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയിൽ വന്ന ലേഖനത്തിൽ പശുവിനെ അറുക്കുന്ന ആളെ കൊല്ലണമെന്ന് വേദത്തിൽ പറയുന്നുണ്ടെന്ന വാദം വരെ ഉന്നയിച്ചിരിക്കുന്നു..?
ആദ്യമേ പറയട്ടെ, ഇന്നാട്ടിലെ മർദിതർക്കൊപ്പം നിലകൊള്ളുക എന്നതു മാത്രമല്ല, ലോകത്തെവിടെയുമുള്ള മർദിതർക്കൊപ്പം നിലകൊള്ളുക എന്നതാണ് ഗീതാധിഷ്ഠിത ധർമം. ബർമയിൽ ബുദ്ധ സന്ന്യാസിമാരാൽ വേട്ടയാടപ്പെട്ട് ഉൗരും ഉയിരും നഷ്ടപ്പെടേണ്ടിവന്ന ൈക്രസ്തവ– മുസ്ലിം ജനവവിഭാഗങ്ങൾക്കൊപ്പവും ബംഗ്ലാദേശിൽ മുസ്ലിംകളാൽ വേട്ടയാടപ്പെട്ട ൈക്രസ്തവ –ഹൈന്ദവ ജനവിഭാഗങ്ങൾക്കൊപ്പവും ഇന്ത്യയിൽ ഗുജറാത്ത്, ഒഡിഷ, മുസഫർ നഗർ തുടങ്ങി ദാദ്രിയിലും ഹിമാചൽ പ്രദേശിലും ഹിന്ദുത്വവാദികളാൽ വേട്ടയാടപ്പെട്ട ൈക്രസ്തവ^മുസ്ലിം ജനവിഭാഗങ്ങൾക്കൊപ്പവും ലോകമെമ്പാടും ആഗോളീകരണത്താൽ വേലയും കൂലിയുമില്ലാതെ നട്ടംതിരിയുന്ന മുഴുവൻ സാധാരണക്കാരായ മനുഷ്യർക്കൊപ്പവും നിലകൊള്ളണ്ടേയാളാണ് ഗീതാധിഷ്ഠിത ധർമബോധമുള്ള ഓരോ ഹിന്ദുവും. അത്തരത്തിലുള്ള യഥാർഥ ഹൈന്ദവ സംഘടനയല്ല ആർ.എസ്.എസ്.
സ്വയംസേവകനായ നരേന്ദ്രമോദി, അദാനിമാരെ പോലുള്ളവർക്ക് പാദസേവ ചെയ്തുകൊണ്ട് നിലവിലുണ്ടായിരുന്ന തൊഴിൽ സുരക്ഷപോലും ഇല്ലാതാക്കിയതുമായ തൊഴിൽ നിയമ ഭേദഗതി നടപ്പിൽ വരുത്തി. മറ്റൊരു സ്വയം സേവകനായ മനോഹർ ലാൽ ഖട്ടാർ എന്ന ഹരിയാന മുഖ്യമന്ത്രി മുസ്ലിംകൾക്കും ൈക്രസ്തവർക്കും ഇന്ത്യയിൽ ജീവിക്കാം, അവർ ബീഫു കഴിക്കാതിരുന്നാൽ മതി എന്ന് പ്രഖ്യാപിച്ചു. സംഘടനാപരമായ വസ്ത്രധാരണം അഥവാ വേഷത്തിൽ പോലും ഭാരതീയത പുലർത്താനാവാത്തവരാണ് സംഘ്പരിവാരം. കാരണം ഭാരതത്തിൽ ഒരു ഋഷിയും ഒരു രാജാവും ഒരു സന്ന്യാസിയും കാക്കിനിക്കറും കരിന്തൊപ്പിയും വെള്ളഷർട്ടും അണിഞ്ഞ് ജീവിച്ചിട്ടില്ല. മരവുരിയും പാളത്താറുമൊക്കെയാണ് ഭാരതീയമായ പരമ്പരാഗത വേഷം. വസ്ത്രധാരണത്തിൽ പോലും ഭാരതീയത നിലനിർത്താനാവാത്ത കാക്കി നിക്കറിട്ടവരുടെ പ്രസ്ഥാനമായ ആർ.എസ്.എസിലൂടെ ഭാരതീയ സംസ്കാരം സംരക്ഷിക്കപ്പെടും എന്നു കരുതുന്നത് രാവണൻ സന്ന്യാസ വേഷം കെട്ടിയത് സീതയെ സംരക്ഷിക്കാനാണെന്ന് കരുതുന്നതുപോലെ മൂഢത്വമാവും.
പശുവിറച്ചി തിന്നുന്നവരെയും പശുഹത്യ ചെയ്യവരെയും തല്ലിക്കൊല്ലുമെന്ന് വാദിക്കുന്ന ഹിന്ദുത്വവാദികൾ പശുവിറച്ചി തിന്നാറുണ്ട്. ഇനിയും തിന്നുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശനെയും മറ്റെവിടെ നിരോധിച്ചാലും ഗോവയിൽ നിരോധിക്കില്ല എന്ന് നേരത്തേ തന്നെ പ്രസ്താവിച്ച ബി.ജെ.പിക്കാരനായ ഗോവ മുഖ്യമന്ത്രിയെയും തല്ലിക്കൊല്ലുമോ എന്ന കാര്യം കൂടി ബി.ജെ.പി എം.പിമാർ വ്യക്തമാക്കേണ്ടതുണ്ട്. പശുവിറച്ചി തിന്നുന്നവരെ വധിക്കേണ്ടതുണ്ടെന്ന പാഞ്ചജന്യയിലെ വാദം തീർത്തും അടിസ്ഥാന രഹിതമാണ്. ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിൽ ഇന്ദ്രൻ യജ്ഞം ചെയ്ത സന്ന്യാസിമാരെ അനുമോദിച്ച് പറയുന്ന ഒരു സൂക്തം മലയാളത്തിലേക്ക് ഇങ്ങനെ തർജമ ചെയ്യാം. ‘‘അവൻ എനിക്കായി മുന്നൂറു പശുക്കളെ അറുത്തു ഹോമിച്ചു. ഇതേ പത്താം മണ്ഡലത്തിൽ തുടർന്നിങ്ങനെ കൂടി വായിക്കാം. പശുക്കളെ വാളു കൊണ്ട് അറുത്തോ മഴുകൊണ്ട് വെട്ടിയോ കൂടം കൊണ്ട് ഇടിച്ചോ വേണം കൊല്ലാൻ എന്ന്. ഋഗ്വേദത്തോളം പ്രാമാണികമായ ഒരു വേദവും ഇല്ല. അതിൽ യജ്ഞാർഥം പശുഹത്യ പതിവുണ്ടെന്ന് പറഞ്ഞിരിക്കെ പശുഹത്യ ചെയ്യുന്നവനെ കൊല്ലണമെന്ന വേദവിധിയുണ്ടെന്ന വാദം വിവരക്കേടു മാത്രമാണ്.
കൂടാതെ ‘തൈത്തരീയ ബ്രാഹ്മണം’ എന്ന പേരിൽ അറിയപ്പെടുന്ന യജ്ഞ വിധികളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥത്തിൽ യാജ്ഞവൽക്യ മഹർഷി ‘‘പശുവും കാളയും വിശുദ്ധമാണ് അതുകൊണ്ട് നാം വിശുദ്ധ ഭോജ്യങ്ങൾ ആഹരിക്കണം’’ എന്നു തന്നെ ഒരു സംവാദത്തിൽ സമർഥിക്കുന്നുണ്ട്. ഗോപാലകനായ ശ്രീകൃഷ്ണെൻറ ജീവിതം വർണിക്കുന്ന ഭാഗവതത്തിൽ ചതുർഥ സ്കന്ധത്തിൽ ‘ദക്ഷയാഗം’ വിവരിക്കുന്ന ഭാഗത്ത് ബൃഹസ്പതിസവം എന്ന യാഗത്തിൽ പശുഹിംസ ചെയ്യാൻ വേദി തന്നെ തയാറാക്കിയിട്ടുള്ളതായും പറഞ്ഞിട്ടുണ്ട്. രാമായണത്തിലെ അശ്വമേധ പുത്രകാമേഷ്ടി യാഗങ്ങളിൽ മുന്നൂറ് പശുക്കളെ അറുത്ത് ഋഷിമാർ ഹോമിച്ചതിെൻറ ഫലമായിട്ടാണ് ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്നന്മാരുടെ പിതാവാകാനുള്ള അനുഗ്രഹം ദശരഥ മഹാരാജാവ് നേടിയത് എന്ന് കൃത്യമായി തന്നെ പറയുന്നുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് പശുഹത്യ ഇല്ലാത്തതല്ല, പശുഹത്യ ചെയ്യുന്നതായിരുന്നു സംസ്കാരം എന്നതാണ്. അതിനാൽ പശുഹത്യ ചെയ്യുന്നവരെ തല്ലിക്കൊല്ലണമെന്ന സംഘ്പരിവാര വാദം ഭാരതത്തിലെ ഏറ്റവും യാഥാസ്ഥിതികമായ വൈദിക യാജ്ഞിക സമ്പ്രദായത്തിനുപോലും നിരക്കാത്തതും സാധൂകരിക്കനാവാത്തതുമാണ്.
ദലിത് –മുസ്ലിം വിരുദ്ധതയാണ് പശുരാഷ്ട്രീയത്തിൽ പ്രത്യക്ഷത്തിൽ തെളിഞ്ഞു കാണുന്നത്. കാലങ്ങളായി ചത്ത കന്നുകാലികളുടെ തൊലി നീക്കം ചെയ്യുന്ന തൊഴിലിൽ ഏർപ്പെടുന്ന ദലിതരെയും ആണ് അവർ ഈ പേരിൽ പരസ്യമായി ആക്രമിക്കുന്നത്..?
ദലിത്, മുസ്ലിം വിരുദ്ധതക്കു മാത്രമാണ് പശുരാഷ്്ട്രീയം ബി.ജെ.പി ഉപയോഗിക്കുന്നതെന്നു പറയുന്നതിനോടു ഞാൻ സൂക്ഷ്മാർഥത്തിൽ യോജിക്കുന്നില്ല. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും മുതലാളിത്തവിരുദ്ധതക്കും എതിരായ ഒരു ആയുധം എന്ന നിലയിലാണ് ബി.ജെ.പി പശുരാഷ്ട്രീയം ഉപയോഗിക്കുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും മുതലാളിത്തവിരുദ്ധതയും ആത്മാവായ രാഷ്്ട്രീയം കൊണ്ടുമാത്രമേ ബി.ജെ.പി വിമുക്തഭാരതം യാഥാർഥ്യമാക്കാനാവൂ. അത്തരമൊരു രാഷ്്ട്രീയ യാഥാർഥ്യമായാലേ ദലിതയായ മായാവതി മുഖ്യമന്ത്രിയായിരുന്ന ഉത്തർ പ്രദേശിനേക്കാൾ സുരക്ഷിതരായി ദലിതർ ജീവിക്കുന്ന കേരളത്തിലെ സ്ഥിതിയെങ്കിലും ദലിതർക്ക് ഇന്ത്യമുഴുവനും അനുഭവിക്കാനാവൂ. പാകിസ്താനിലേതിനേക്കാൾ സമാധാനത്തോടെ മുസ്ലിംകൾക്ക് കേരളത്തിലെന്ന പോലെ ഇന്ത്യയിലെവിടെയും ജീവിക്കാനുമാകൂ. ൈക്രസ്തവരെ സംബന്ധിച്ചും ഇതു തന്നെയാണു പറയാനുള്ളത്.
പശുവിനോടുള്ള ആദരവിെൻറ പേരും പറഞ്ഞാണ് സംഘ്പരിവാർ ആളും ആശയവും ഏറ്റുന്നത്..?
ബി.ജെ.പിക്കാർ പശുവിനെ ആദരിക്കുന്നില്ല. ആദരിച്ചിരുന്നെങ്കിൽ അമിത് ഷാ ബി.ജെ.പിയിൽ നിന്നു മാട്ടിറച്ചിവ്യാപാരത്തിലൂടെ കോടീശ്വരന്മാരായ സംഗീത് സോമിനെപ്പോലുള്ളവരെ പുറത്താക്കേണ്ടിയിരുന്നു. വിദേശികൾക്കു തിന്നാൻ ഗോമാതാവിെൻറ മാംസം വിൽക്കുന്നവരെ തടയാതെ സ്വദേശികൾ കശാപ്പു നടത്തി മാട്ടിറച്ചി ആഹരിക്കുന്നതിനെതിരെ മാത്രം ആേക്രാശിക്കുന്ന സംഘ്പരിവാര നിലപാട് വിദേശികൾക്ക് പാദസേവചെയ്യുന്നതും സ്വദേശികളെ വഞ്ചിക്കുന്നതുമാണ്. അതുകൊണ്ടാണ് അവരുടെ ദേശേപ്രമവും പശുേപ്രമവും ഒക്കെ കപടമാണെന്നു പറയേണ്ടിവരുന്നത്.
എരുമ, പോത്ത് എന്നിവ ദലിതരുടെ ജീവിതവുമായി ചേർന്നു നിൽക്കുന്ന മൃഗമാണ്. എന്നാൽ, പശുവാകട്ടെ സവർണ ബിംബവും. ഈയർഥത്തിൽ സംഘ്പരിവാരത്തിെൻറ ബ്രാഹ്മണ അജണ്ടയെ പലരും ചോദ്യം ചെയ്തു കാണുന്നില്ല?
ഇതൊരു പ്രസക്തമായ വിഷയമാണ്. പശുരാഷ്്ട്രീയവും എരുമരാഷ്ട്രീയവും തമ്മിലുള്ള സംഘർഷത്തിൽ സവർണമായി ബിംബവത്കരിക്കപ്പെട്ട പശുവിനെ കൊല്ലാൻ പാടില്ലാത്ത വിശുദ്ധജീവനും അവർണമായി ബിംബവത്കരിക്കപ്പെട്ട പോത്തിനെ (മഹിഷത്തെ) കൊല്ലാവുന്ന ഒരു ജന്തുവുമായി കണ്ടതു മനുസ്മൃതിയുടെ ആത്മബാധയുള്ളതാണ് ബി.ജെ.പി സർക്കാർ എന്നതിനു തെളിവാണ്. ഇതോടൊപ്പം ഒരു കാര്യം കൂടി ചേർത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഠോപനിഷത്തിലെ ഗുരുവായ യമധർമരുടെ വാഹനമാണ് പോത്ത്. സാധാരണക്കാരുടെ നിലയിൽ പറഞ്ഞാൽ ചാത്തൻ സ്വാമിയുടെ വാഹനവുമാണ് പോത്ത്. അതുകൊണ്ട് പോത്ത് തീർത്തും അവർണമാണെന്നു പറയാൻ അൽപ്പം ആലോചിക്കേണ്ടതുണ്ട്.
പ്രതിരോധവും പ്രതിഷേധവുമായി ബീഫ് ഫെസ്റ്റുകൾ ധാരാളമായി സംഘടിപ്പിക്കപ്പെടുന്നു. അത്തരം ഒരു സമര രീതിയെ അനുകൂലിക്കുന്നുണ്ടോ?
തീർച്ചയായും. ‘‘അല്ലയോ സുഹൃത്തെ നിങ്ങളുടെ അഭിപ്രായത്തോട് തരിമ്പും എനിക്ക് യോജിപ്പില്ല. പക്ഷേ, താങ്കളുടെ അഭിപ്രായം സംരക്ഷിക്കുന്നതിനുവേണ്ടി മരിക്കാനും ഞാൻ സന്നദ്ധനാണ്.’’ –എന്നാണ് വോൾട്ടയർ പറഞ്ഞത്. വോൾട്ടയർ പറഞ്ഞതിെൻറ പ്രയോഗമാണ് ബീഫ് ഫെസ്റ്റുകൾ വഴി പ്രകടമായത്. ജീവിതത്തിൽ ഇന്നുവരെ ഒരു ഇറച്ചിയും കഴിച്ചിട്ടില്ലാത്ത, കഴിക്കണമെന്ന ആഗ്രഹം പോലും തോന്നിയിട്ടില്ലാത്ത ഒരാളാണു ഞാൻ. പക്ഷേ, പശു ഇറച്ചി കഴിച്ചവരെ തല്ലിക്കൊല്ലണം എന്ന് സാധ്വി പ്രാചി പറഞ്ഞ ദിവസം കോഴിക്കോട് ഒരു പരിപാടിയിൽവെച്ച് ബീഫ്കറി മുക്കിയ ഒരു കഷണം ബ്രഡ് കഴിച്ച് പരസ്യമായി ഞാനും പ്രതിഷേധിച്ചു. ബീഫ് കഴിക്കാൻ ആഗ്രഹിക്കാത്തവർ പോലും ബീഫ് കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ആഹാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ചാവേണ്ടി വന്നാൽ അതിനും തയാറായി രംഗത്തു വന്നാലേ ജനാധിപത്യത്തെ സംരക്ഷിക്കാനും ഫാഷിസത്തെ തകർക്കാനും കഴിയൂ.
മോദി സർക്കാർ പച്ചയായി രാജ്യത്തിെൻറ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ചാണ് അവരുടെ പല പദ്ധതികളും നടപ്പാക്കുന്നത്. സമീപകാലത്തൊന്നും ഇന്ത്യൻ ജനാധിപത്യത്തിന് ഇത്രയധികം പരിക്കേറ്റിട്ടില്ല. എങ്ങനെയാണ് ഇവർ ഇത്രത്തോളം ‘മുന്നേറി’യത്?
ബി.ജെ.പിയുടെ മുന്നേറ്റം കോൺഗ്രസിെൻറ തകർച്ചയിൽ നിന്നുണ്ടായതാണ്. ചീഞ്ഞളിഞ്ഞ കോൺഗ്രസിനെ വളമാക്കി വളർന്ന വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമാണു ബി.ജെപി. കോൺഗ്രസ് നേതാക്കളും അണികളുമാണ് ഏറ്റവും കൂടുതൽ ബി.ജെ.പിയിൽ ചേർന്നിട്ടുള്ളതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മേൽപറഞ്ഞതിന് തെളിവാണ്. ഇതല്ലാതെ ആർ. എസ്.എസിനു സംഘടനാപരമായ വളർച്ചയൊന്നും ഉണ്ടായിട്ടില്ല. ആർ.എസ്.എസിെൻറ തന്നെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിലാണ് അവർക്ക് ഏറ്റവും കൂടുതൽ ശാഖകളുള്ളത്; യു.പിയിലോ ഗുജറാത്തിലോ അല്ല. പക്ഷേ ആർ.എസ്.എസിനു ഏറ്റവും കൂടുതൽ ശാഖകളുള്ള കേരളത്തിൽ ബി.ജെ.പിക്ക് ഏതോ ഭാഗ്യത്തിന് ഒരു എം.എൽ.എ ഉണ്ടായി എന്നതല്ലാതെ മറ്റൊരു രാഷ്ട്രീയ നേട്ടവും ഉണ്ടായിട്ടില്ല.
നേമത്ത് ശിവൻകുട്ടിക്കുപകരം വി.എസ്. അച്യുതാനന്ദൻ മത്സരിച്ചിരുന്നെങ്കിൽ തീർച്ചയായും ഒ. രാജഗോപാൽ ജയിക്കുമായിരുന്നില്ല. അതിനാൽ ബി.ജെ.പിയുടെ വളർച്ചക്ക് മുഖ്യ ഉത്തരവാദിത്തം ബി.എസ്.പി– എസ്.പി തുടങ്ങിയ പാർട്ടികളുടെ ചീഞ്ഞഴുകലുകളാണ്. ആഗോളീകരണ ഉദാരീകരണ മുതലാളിത്ത പാദസേവാനയം പിന്തുടരുന്നതിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ ആണെങ്കിലും ജനങ്ങൾ വെറുത്ത കോൺഗ്രസിനെക്കൊണ്ടു പാദസേവ ചെയ്യിപ്പിക്കുന്നതിനേക്കാൾ വിജയസാധ്യത ജനം കോൺഗ്രസ് വിരുദ്ധതയാൽ പിന്തുണക്കാനിടയുള്ള ബി.ജെ.പിയെക്കൊണ്ട് തങ്ങളുടെ പാദസേവ ചെയ്യിപ്പിക്കുന്നതിനുണ്ടാകുമെന്നു മണത്തറിഞ്ഞ അംബാനിമാരും അദാനിമാരും മല്യമാരും ലളിത് മോദിമാരും പണമെറിഞ്ഞു പ്രചാരവേലക്കു സന്നദ്ധരായപ്പോൾ നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായി. വോട്ടു നൽകിയ ജനങ്ങളല്ല; നോട്ടു നൽകിയ അദാനിമാരാണ് തെൻറ യജമാനന്മാരെന്നു തെളിയിച്ച് നരേന്ദ്രമോദി ഭരിച്ചുവരുന്നു.
യു.പി സർക്കാർ അയോധ്യ വിഷയം വീണ്ടും എടുത്തിടുന്നുണ്ടല്ലോ?
അവർ അയോധ്യാവിഷയം എടുത്തു കൊണ്ടുവരുന്നത് മുസ്ലിംകളെ ഭീഷണിപ്പെടുത്താനും ഹിന്ദുത്വതീവ്രവാദികളെ ആഹ്ലാദിപ്പിച്ചു നിർത്താനും ഇതിലൂടെ മുതലാളിമാർക്ക് ഒത്താശചെയ്യുന്ന ജനവിരുദ്ധനയങ്ങളെ മറച്ചുവെക്കാനും മാത്രമാണ്. രാമായണവും രാമഭക്തിയും നിലനിൽക്കാൻ അയോധ്യയിൽ ക്ഷേത്രം വേണ്ടതില്ല. അതിനാൽ ബി.ജെ.പിയുടെ അയോധ്യാ പ്രശ്നം രാമഭക്തരുടെ പ്രശ്നവും അല്ല.
രാജ്യത്തിന് പ്രതിപക്ഷം ഇല്ലാതായതുപോലുള്ള ഒരവസ്ഥ മൊത്തത്തിൽ അനുഭവപ്പെടുന്നുണ്ട്. ഈ വിടവിൽ സംഘ് പരിവാരത്തിന് അജണ്ടകൾ എളുപ്പം നടപ്പാക്കാനുമാവുന്നു. എന്താണ് ഇടതുപക്ഷത്തിെൻറ റോൾ?
പ്രതിപക്ഷം ലോക്സഭയിൽ ഔദ്യോഗികമായി ഇല്ലെന്നേയുള്ളൂ. മോദിക്കെതിരെ വോട്ടു ചെയ്ത 69 ശതമാനം ഇന്ത്യക്കാരും സംഘി ഫാഷിസത്തിന് എതിരാണ്. ഈ ജനകീയ പ്രതിപക്ഷത്തെ രാഷ്ട്രീവത്കരിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിന് ഏറ്റടെുക്കാനുള്ളത്. എം.ബി. രാജേഷ്, പി. രാജീവ്, മുഹമ്മദ് റിയാസ് തുടങ്ങിയ ഇടതുപക്ഷ നേതൃനിരയിൽ വലിയ പ്രതീക്ഷ ഉണ്ട്. ഈ യുവാക്കളുടെ ഒരു ലെഫ്റ്റിസ്റ്റ് യൂത്ത് പോളിറ്റ് ബ്യൂറോ 2019 ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഓരോ സംസ്ഥാനത്തേയും പ്രേത്യകം പഠിച്ചും ഇന്ത്യയെ പൊതുവിൽ കണക്കിലെടുത്തും പദ്ധതികൾ തയാറാക്കി പ്രവർത്തിക്കണം. കോൺഗ്രസിനും വർഗീയതയുടെ മുതലാളിത്ത പാദസേവാരാഷ്ട്രീയമായ ബി.ജെ.പിക്കും ബദലുണ്ടെന്നു പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാറിനെയും മണിക് സർക്കാർ നേതൃത്വം നൽകുന്ന ത്രിപുര സർക്കാറിനെയും മുൻനിർത്തി ജനങ്ങളെ ബോധ്യപ്പെടുത്തണം.
മുഖ്യധാരാ മാധ്യമങ്ങൾ ബി.ജെ.പി പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആരോപണമുണ്ടല്ലോ?
ഇതൊരു ആരോപണമല്ല; പ്രകടമായ യാഥാർഥ്യമാണ്. പണമില്ലാതെ നടത്താവുന്നതല്ല ഇന്നത്തെ മാധ്യമപ്രവർത്തനം. അതിനാൽ പണം നൽകുന്നവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ദൃശ്യങ്ങളും വാർത്തകളും വിനോദങ്ങളും ഒരുക്കലായിരിക്കുന്നു ഇന്നത്തെ മാധ്യമപ്രവർത്തനം. ഇന്ന് പണവും പണക്കാരും കൂടുതൽ ആഭിമുഖ്യം കാണിക്കുന്ന പാർട്ടി ഇന്ത്യയിൽ ബി.ജെ.പിയാണ്. അതിനാൽ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരു ബി.ജെ.പി ചായ്വ് മാധ്യമങ്ങൾക്ക് ഉണ്ട്. മുസ്ലിം ഭീകരത, പാകിസ്താൻ, ഗോമാതാവ്, മതപരിവർത്തനം, കശ്മീർ, രാമജന്മഭൂമി എന്നീ സ്ഥിരം അജണ്ടകളിൽ ചക്കാട്ടുന്ന കാളപോലെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബി.ജ.പി രാഷ്ട്രീയവും. ടൈംസ് നൗ ചാനൽ കേരളത്തെ പാകിസ്താൻ എന്നു വിളിച്ചു. കാരണം അതു ബി.ജെ.പി അജണ്ടയാണ്. കെ. രാമൻപിള്ള ബി.ജെ.പിയുടെ കേരള അധ്യക്ഷനായിരിക്കുമ്പോൾ തന്നെ ബി.ജെ.പി കേരള ഘടകം മലപ്പുറത്തെ മുൻനിർത്തി കേരളത്തെ പാകിസ്താൻ എന്നു വിശേഷിപ്പിക്കുന്ന ഒരു ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്. അതേകാര്യം തന്നെയാണിപ്പോൾ ടൈംസ് നൗ ചാനലും പറയുന്നത്. എന്തുകൊണ്ട് ബി.ജെ.പിക്കാർക്ക് കേരളം പാകിസ്താനെന്നു വിളിക്കേണ്ടുന്ന സംസ്ഥാനമായിരിക്കുന്നു എന്നു ചോദിച്ചാൽ മറ്റേതു സംസ്ഥാനത്തേക്കാൾ കേരളത്തിൽ മുസ്ലിംകൾ സമാധാനത്തോടെയും സന്തോഷത്തോടെയും സമ്പത്തിലും വിദ്യയിലും കലാസാഹിത്യരംഗങ്ങളിലും ഉദ്യോഗങ്ങളിലും മികച്ച നിലവാരത്തോടെ ജീവിക്കുന്നു എന്നതാണ്. ബി.ജെ.പിക്കാർക്ക് അവർ സന്തോഷത്തോടെ ജീവിക്കുന്ന, അയ്യരെയും വാവരുടെയും, മമ്പറം ബാവയുടെയും കോന്തുനായരുടെയും, വക്കം മൗലവിയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും ഒക്കെ ഉജ്ജ്വലസൗഹൃദ പാരമ്പര്യമുള്ള കേരളം, ഒരു ശത്രുരാജ്യമായി തോന്നുന്നതിൽ അദ്ഭുതം ഇല്ല.
ഇസ്ലാമിനെ മനസ്സിലാക്കാനുള്ള സ്വാഭാവികമായ ഒരു സമീപനം ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ? അതും ഒരർഥത്തിൽ പ്രതിരോധമല്ലേ?
അതെ, അതും പ്രതിരോധം തന്നെയാണ്. പക്ഷേ, അത് നിങ്ങൾക്ക് കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ കഴിയില്ല, അടിച്ചച്ചേൽപിക്കാനും ആവില്ല. എന്താണ് യഥാർഥ ഇസ്ലാം എന്ന് ലോകത്തെ പഠിപ്പിക്കുന്ന ഒന്നും ഇസ്ലാമിെൻറ ശത്രുക്കൾ നിർമിക്കില്ല. മലാല യൂസുഫ് സായിമാരെ അവർ നിർമിച്ചെടുക്കും. ഉസാമ ബിൻലാദിനെ സൃഷ്ടിക്കുന്നതുപോലെ അവർക്ക് എളുപ്പമാണ് മലാലമാരെ സൃഷ്ടിക്കുന്നത്. പക്ഷേ, ഒരു ഇമാം ഗസ്സാലിയെയോ മൗലാനാ അബുൽ കലാം ആസാദിനെയോ സാമ്രാജ്യത്വം വാർത്തെടുക്കുകയില്ല എന്നു മാത്രമല്ല, മുഹമ്മദലി ജിന്നയോടുള്ള താൽപര്യം പോലും അത്തരം പ്രതിഭാശാലികളായ ഇസ്ലാമിക പണ്ഡിതന്മാരോട് സാമ്രാജ്യത്വം കാണിക്കില്ല.
ശ്രീനാരായണ ഗുരുവിനെ ഫാഷിസ്റ്റുകൾ ഹൈജാക്ക് ചെയ്തു എന്ന വാദമുണ്ടല്ലോ?
ശ്രീനാരായണ ഗുരുവിനെ ഹൈന്ദവ ഫാഷിസ്റ്റുകൾക്ക് ഹൈജാക്ക് ചെയ്യാൻ കഴിയില്ല. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പഠിപ്പിച്ച ആചാര്യനെ ഏതെങ്കിലും മതക്കാർക്ക് എങ്ങനെയാണ് തങ്ങളുടെ മാത്രം ആളാക്കാൻ കഴിയുക? മുഹമ്മദ് നബിയെ ബിൻലാദിൻ പ്രതിനിധാനംചെയ്തിരുന്നില്ലല്ലോ. ഇതുപോലെ നാരായണഗുരുവിനെ ആർ.എസ്.എസ് ഹിന്ദുത്വവും പ്രതിനിധാനം ചെയ്യുന്നില്ല. നാരായണഗുരു ‘’മാനവസോദരാസർവ്വൈ’’ എന്നാണു പറഞ്ഞത്; ആർ.എസ്.എസ് ‘‘ഹൈന്ദവസോദരാസർവ്വൈ’’ എന്നാണു ആേക്രാശിക്കുന്നത്. ഈ രണ്ടു കാഴ്ചപ്പാടുകളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.
സന്ന്യാസിവര്യന്മാർ എന്നും യോഗികൾ എന്നും സ്വയം അവകാശപ്പെടുന്നവർ മഹത്തായ ഹൈന്ദവ ധർമത്തെ കടുത്ത തോതിൽ ദുരുപയോഗം ചെയ്യുന്നത് കാണുന്നു. മോദി സർക്കാറിെൻറ അടുത്തയാളായ ബാബാ രാംദേവിെൻറ പതഞ്ജലി ഉൽപന്നങ്ങളുംടെ ഗുണമേന്മയെ പ്രതിസ്ഥാനത്തു നിർത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നു. മറ്റൊന്ന് തിരുവനന്തപുരത്ത് പീഡനം നടത്തിയ ഒരു സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവം, യോഗി ആദിത്യനാഥിെൻറ ദലിത് – മുസ്ലിം വിരുദ്ധ പരാമർശങ്ങൾ തുടങ്ങി ഒട്ടനേകം സംഗതികൾ. വേദപണ്ഡിതൻ എന്ന നിലയിൽ ഇതിനെയെല്ലാം എങ്ങനെ നോക്കിക്കാണുന്നു?
‘ഇടതുപക്ഷ ഹിന്ദുത്വം ഒരാമുഖം’ എന്ന എെൻറ ആദ്യ ഗ്രന്ഥം പുറത്തിറങ്ങുന്നത് 2007ൽ ആണ്. അതിൽ സീതയെ കിടപ്പറയിലേക്ക് തട്ടിക്കൊണ്ടുപോകാൻ രാവണൻ സീതയുടെ അടുത്തേക്ക് ചെല്ലുന്നത് കാഷായധാരിയായ സന്ന്യാസിയുടെ വേഷം ധരിച്ചിട്ടാണെന്ന് എഴുതിയിരുന്നു. കാമത്തിെൻറ ചെന്നായത്തരം പൊതിയാൻ കാഷായത്തിെൻറ ആട്ടിൻത്തോലണിയുന്ന കപടസ്വാമി(നി) മാരും ഉണ്ട്. അക്കൂട്ടത്തിൽപ്പെട്ടവരാണ് യോഗി ആദിത്യനാഥും രാംദേവും ഗണേശാനന്ദതീർഥപാദരെ പോലുള്ളവരും. ഇത്തരക്കാർ രാവണസന്ന്യാസിമാരും അമൃതാനന്ദമയിയെപ്പോലുള്ള അമ്മദൈവങ്ങളായി അവതരിക്കുന്നത് പൂതനകളുമാണെന്ന എെൻറ പ്രയോഗങ്ങൾ പൊതുവേ പരിവാര അനുകൂല നിലപാടെടുക്കുന്ന രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ ഏറ്റുപറയാൻ തുടങ്ങിയിട്ടുണ്ട്. എന്നുവെച്ചാൽ കാവിപൊതിഞ്ഞ കാപട്യം അഥവാ രാവണസന്ന്യാസം ഉണ്ടെന്നു സംഘ്പരിവാരബന്ധുക്കൾ പോലും പറയാൻ നിർബന്ധിതരായിരിക്കുന്നു എന്നർഥം. ഇത്തരം രാവണ സ്വാമിമാരെ ഗീത മിഥ്യാചാരർ എന്നാണു പറയുന്നത്. ഖുർആനിക ശൈലിയിൽ ഇവരെ ‘മുനാഫിഖു’കൾ എന്നു പറയാം. ആദിത്യനാഥ്, ആഷാറാംബാപ്പു, സാക്ഷി മഹാരാജ്, ബാബാരാംദേവ് എന്നിവരെ സന്ന്യാസിവര്യന്മാർ എന്നു വിളിക്കരുത്. കടലും കടലാടിയും തമ്മിലുള്ളതിനേക്കാൾ ബന്ധം ത്യാഗം ആദർശമായ സന്ന്യാസവും, ആഡംബരാധികാരഭോഗങ്ങൾ ആദർശമായ മേൽപ്പറഞ്ഞവരുടെയും ജീവിതത്തിനില്ല.
സവർണ ബിംബങ്ങളെയും വ്യക്തിപ്രഭാവത്തെയും മഹത്ത്വവത്കരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രങ്ങളുടെ കാലമാണല്ലോ ഇത്. അത്ര നിഷ്കളങ്കമായി രചിക്കപ്പെടുന്ന തിരക്കഥകൾ അല്ല ഇവയെന്നു പറഞ്ഞാൽ അംഗീകരിക്കുമോ?
ഇൗ നിരീക്ഷണം ശരിയാണ്. ആൾദൈവ സമാനരായ നായകകഥാപാത്രങ്ങളിലൂടെ സവർണത മാന്യവത്കരിക്കപ്പെടുന്നുണ്ട്. ‘ബാഹുബലി’ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ശങ്കർ സംവിധാനം ചെയ്ത ജെൻറിൽമാൻ, മുതൽവൻ, അന്യൻ തുടങ്ങിയ ചിത്രങ്ങളിലെ നായകരെല്ലാം ബ്രാഹ്മണരാണ്. അവരുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ രാജ്യം നന്നാവും എന്ന സേന്ദശമാണ് ഒരുപാടു ആളുകളുടെ കൂട്ടായ അധ്വാനത്തിലൂടെ ഉണ്ടാവുന്ന അത്തരം സിനിമകൾ നൽകുന്നത്. ഇതു സൃഷ്ടിക്കുന്ന പരോക്ഷമായ മനോനിർമിതി മോദിയെപോലൊരു രാഷ്ട്രീയ ആൾദൈവം നാടുഭരിച്ചാൽ എല്ലാം ശരിയാവും എന്നു കരുതാവുന്ന ഒരു സാംസ്കാരിക സാഹചര്യമാണ്. അത് ഫാഷിസത്തിന് അനുകൂലമാണ്. ‘കമീഷണർ’ പോലുള്ള സുരേഷ് ഗോപി ചിത്രങ്ങളും ‘ആറാം തമ്പുരാൻ’, ‘ദേവാസുരം’, ‘രാവണപ്രഭു’, ‘പുലിമുരുകൻ’ പോലുള്ള മോഹൻലാൽ ചിത്രങ്ങളും ‘പ്രജാപതി’, ‘വല്യട്ടേൻ’ പോലുള്ള മമ്മൂട്ടിചിത്രങ്ങളും ഒരാളുടെ അമാനുഷികപ്രഭാവത്താൽ എല്ലാം ശരിയാക്കാനാകുമെന്ന ആൾദൈവസംസ്കാരം പകരുന്നവയാണ്. എന്നാൽ കമൽഹാസെൻറ ‘കുരുതിപുനൽ’ പോലുള്ള ചിത്രങ്ങൾ ഒരാൾക്കെത്ര കഴിവുണ്ടെങ്കിലും ലോകത്തെ പ്രശ്നങ്ങൾ അയാളാൽ മാത്രം ശരിയാവുന്നതല്ല എന്ന യാഥാർഥ്യബോധമാണ് പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.