ഒരു കടപ്പുറം സ്കൂളിെൻറ കഥ
text_fieldsഅധ്യാപനത്തിെൻറ വഴികള്‍ എഴുതാന്‍ ഇനിയും എത്രകാലം കഴിഞ്ഞാലും ഞാൻ യോഗ്യയല്ല എന്ന തിരിച്ചറിവോടെയാണ് ഇൗ കുറിപ്പെഴുതുന്നത്. മഹത്തുക്കളും ത്യാഗികളുമായ എത്രയോ ഉന്നതരുടെ ഇടമായിരുന്നു അധ്യാപനം. ‘നിയോഗം’ എന്ന വാക്കിന് ജീവിതത്തില്‍ കൃത്യമായ നിര്‍വചനം ഉണ്ടോ എന്നറിയില്ല. പക്ഷേ, നിയോഗം എന്നത് ഓരോ ജീവിതത്തിലും നിരന്തരം സംഭവിക്കുന്നുണ്ട്. നമ്മളോരോരുത്തരും ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കണം എന്നതുമുതല്‍ ആരെയൊക്കെ കാണണം, എന്തു ഭക്ഷിക്കണം എന്നതുവരെ ഈ കൊച്ചു വാക്കിൻറെ വിപുലമായ തലത്തിലൂടെ കടന്നുപോവുന്നുണ്ട്...തീര്‍ച്ച. അല്ലെങ്കില്‍ എന്‍റെ വഴികള്‍ ഇതൊന്നുമാവില്ലല്ലോ...
പി.എസ്.സി വഴി അധ്യാപക നിയമനത്തിന്‍റെ അഡ്വൈസ് മെമ്മോ കൈപ്പറ്റിയപ്പോൾ, ഒപ്ഷന്‍ നല്‍കാൻ ഒന്നാലോചിക്കേണ്ടിവന്നു. അഞ്ചേരി എന്ന സ്ഥലം ബസ്സില്‍ പോവുമ്പോള്‍ ധാരാളം കണ്ടിട്ടുണ്ട്. അവിടെ ബി.എഡ് ചെയ്തിട്ടുണ്ട്. ആ റേഡരികിലെ സ്കൂള്‍ തന്നെയെന്നുറപ്പിച്ച് ഒന്നാമത്തെ ഒപ്ഷന്‍ വെച്ചു.. അവിടേയ്ക്ക് തന്നെ നിയമന ഉത്തരവും വന്നു. അപ്പോഴാണറിഞ്ഞത് അഞ്ചേരി സ്കൂള്‍ അതല്ല എന്ന്. കുറച്ചുകൂടി ഉള്ളിലേയ്ക്ക് നീങ്ങി ബസ്സ് സൗകര്യം കുറഞ്ഞ ഒരിടത്തുാണത്. അങ്ങനെ അഞ്ചേരി സ്കൂളില്‍ ജോയിന്‍ ചെയ്തു. അഞ്ചുവര്‍ഷം ആ സ്കൂളില്‍ തന്നെയായിരുന്നു. ജീവിതാനുഭവങ്ങള്‍ നിറയെ. നല്ല കൂട്ടായ്മ.. ഒരു സ്ഥലം മാറ്റത്തിനും ശ്രമിക്കേണ്ടതായി വന്നില്ല.
അതിനുശേഷം ഹയര്‍സെക്കൻഡറി നിയമനം കിട്ടി. ഒപഷ്ൻ അയയ്ക്കുകയാണ് ചെയ്തത്. തൊട്ടടുത്ത വഴിയിലെ സ്കൂളില്‍ ഒഴിവുണ്ടായിരുന്നു. ആ ഒപ്ഷൻ അവര്‍ തുറന്നോ എന്നറിയില്ല.. എനിക്ക് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള കടപ്പുറം ഹയര്‍സെക്കൻഡറി സ്കൂള്‍ കിട്ടി. പേര് പോലും കേട്ടിട്ടില്ല. എവിടെ, എങ്ങനെ എത്തണം എന്നും അറിയില്ല. എങ്ങനെയോ ഗുരുവായൂര്‍ വഴി എത്തി.
ആദ്യദിവസങ്ങളില്‍ അഞ്ചേരി വിട്ട വിഷമത്തിൽ കനം തൂങ്ങിയായിരുന്നു ക്ലാസിൽ എത്തിയിരുന്നത്. പതുക്കെ അത് മാറി. സ്കൂളിനോട് സ്നേഹവും അധ്യാപകരോട് ബഹുമാനവും തോന്നി. ആ സ്കൂൾ എെൻറ സ്കൂളായി മാറി. ചാവക്കാട് കടലിന്‍റെ ഒരറ്റം എന്ന് പറയാം കടപ്പുറം പഞ്ചായത്തും സ്കൂളും.. വിദ്യാഭ്യാസകാര്യത്തില്‍ പിന്നാക്കമെന്ന് മുദ്ര കുത്തപ്പെട്ട സ്കൂള്‍.
കടപ്പുറം സ്കൂളിലെ ടീച്ചര്‍ എന്നാല്‍ സഹതാപത്തോടെയേ മറ്റ് അധ്യാപകർ നോക്കൂ... ‘‘എങ്ങനെയാ കുട്ട്യോള്? മഹാമോശാന്ന് കേട്ട്ട്ട്ണ്ട്. വല്ലാത്ത സ്വഭാവം ന്നും...’’ കോഴ്സിന്, പരീക്ഷാ ഡ്യൂട്ടിക്ക്, കലോത്സവങ്ങള്‍ക്ക്, സ്പോര്‍ട്സ് മീറ്റിന് ഒക്കെ പോവുമ്പോള്‍ ഞാനടക്കമുള്ള എല്ലാ അധ്യാപകരും ഇൗ പല്ലവി കേട്ടുകൊണ്ടിരുന്നു. അവരോടൊക്കെ ഞങ്ങള്‍ പറയും. ‘‘പഠിക്കാനിത്തിരി മോശാന്നേ ഉള്ളൂ. നല്ല സ്നേഹള്ള കുട്ട്യോളാണ്... നമ്മള് കൊടുക്കണത് തരും...’’ എന്ന്.
അത് വെറുതെ പറഞ്ഞതായിരുന്നില്ല. പെെട്ടന്ന് പ്രതികരിക്കുന്ന, വൈകാരികമായ സ്വഭാവം ഉള്ള കുട്ടികളാണവർ. കടലിനെപ്പോലെ തന്നെ. പക്ഷേ, ക്ഷോഭിച്ച കടൽ ശാന്തമാകുന്നതുപോലെ അവർ അടങ്ങുന്നത്, കടലാഴങ്ങളുടെ മൗനം കണക്കെ അവര്‍ നിറയുന്നത്, ചിപ്പിയിലെ മുത്തിനായി അവര്‍ ഉരുകുന്നത് അറിയണം. നിത്യജീവിതത്തിലെ പലതരം പ്രശ്നങ്ങള്‍ കടന്നാണ് അവര്‍ വരുന്നത്. അവർക്ക് ഒന്നിനെയും ഭയമില്ല. കുഞ്ഞുനാളിലേ അലറിവിളിക്കുന്ന കടലിനെ അടുത്തറിഞ്ഞവരാണവർ. അതുകൊണ്ടായിരിക്കാം ഒന്നിനും മടിച്ചുനിൽക്കാതെ അവർ എടുത്തുചാടുന്നത്. കരള് തരും നിങ്ങളവരെ സ്നേഹിച്ചാൽ.. ഇതൊന്നും ആരും മനസ്സിലാക്കാറില്ല. അവരുടെ ബോധത്തിൽ കടപ്പുറം സ്കൂൾ ഹിംസ്ര ജീവികൾ പാർക്കുന്ന ഏതോ കൊടുങ്കാടാണ്.
CE മോണിറ്ററിങ്ങിൻറെ ഭാഗമായി എല്ലാ അധ്യാപകരും പരസ്പരം സ്കൂളുകള്‍ സന്ദര്‍ശിച്ച്, ക്ലാസ് എടുക്കണം എന്നു വന്നു. അതേ ഉപജില്ലയിലെ ഒരു കോണ്‍വെൻറ് സ്കൂളിലെ ടീച്ചറോട് ഞാന്‍ കടപ്പുറം സ്കൂളിലേക്ക് വരാമോ എന്നു ചോദിച്ചു... പറഞ്ഞ നാക്ക് അകത്തേക്കെടുക്കുന്നതിനു മുേമ്പ വന്നൂ മറുപടി.
‘‘അയ്യോ...! കടപ്പുറം വേണ്ട... ഒരുജാതി പിള്ളേരാണ്..’’ ഞാനവരോട് ശരിക്കും തര്‍ക്കിച്ചു..
‘‘കുട്ട്യോളെക്കുറിച്ച് അങ്ങനെ പറയല്ലേ. ടീച്ചര്‍ വന്നു നോക്കൂ. അവര് ഒരു പ്രശ്നവും ഉണ്ടാക്കില്ല’’ - എന്നിട്ടും അവര്‍ വന്നില്ല.
പകരം, മറ്റൊരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന്‍ വന്നു. ആ മാഷ്ക്ക് ക്ലാസ് എടുത്തും കവിത ചൊല്ലിയും മതിയായില്ല. ‘ഇനിയും വിളിക്കണം. ഇത്തരം പരിപാടികളില്‍ ഞാന്‍ വരാന്‍ തയ്യാറാണ്’ എന്ന ഉറപ്പിലാണ് ആ മാഷ് പോയത്. അത്ര ആദരവോടെയും സ്നേഹത്തോടെയും കുട്ടികള്‍ ഇരുന്നു.
ഒരു ചെറിയ കുറുമ്പുപോലെ പോലെ, ഞാന്‍ ആ കോണ്‍വെൻറ് സ്കൂൾ തന്നെ ചോദിച്ചുവാങ്ങി. ആ കുട്ടികള്‍ക്ക് ‘അമ്മമാരെക്കുറിച്ചുള്ള’ യൂണിറ്റ് എടുത്തു. എെൻറ സുഹൃത്ത് സാവിത്രിരാജീവന്‍റെ ‘അമ്മയെ കുളിപ്പിക്കുമ്പോള്‍' എന്ന കവിതയും റഫീക്ക് അഹമ്മദിന്‍റെ ‘അമ്മത്തൊട്ടിലും’ അവർക്ക് ക്ലാെസടുത്തു. നല്ല അനുസരണയില്‍, സ്നേഹത്തില്‍ ഇരുന്ന ആ പെണ്‍കുട്ടികളോട് മടങ്ങാറാവുമ്പോള്‍ ഞാന്‍ പറഞ്ഞു..
‘‘കുട്ടികളേ...., നിങ്ങള്‍ നന്നായി വെട്ടിയൊതുക്കിയ പൂന്തോട്ടമാണ്. ഒരേതരം ചെടികള്‍, നല്ല കാലാവസ്ഥ, വളം, വെള്ളം...നന്നായി വളരുന്നു ...എന്‍റെ സ്കൂള്‍ ഒരുകാടാണ്. പടര്‍ന്നുപന്തലിച്ച ചെടികള്‍, മരങ്ങള്‍. നടവഴി പോലുമില്ല. നമ്മള്‍ വഴിയുണ്ടാക്കി കടക്കണം. എങ്കിലും എനിക്കെന്‍റെ കാടാണിഷ്ടം. വെട്ടിയൊതുക്കാത്ത, ഒരേ തരമല്ലാത്ത, പല സാഹചര്യങ്ങളിലെ മക്കള്‍. വേരുറപ്പുള്ളവര്‍. നാളേയ്ക്കായി ജലം കരുതുന്ന വന്‍ മരങ്ങള്‍’’
ഞാൻ പറഞ്ഞത് അവർക്ക് പൂർണമായി മനസ്സിലായോ എന്നെനിക്കറിയില്ല. നാളെ പഠിച്ചിറങ്ങുന്നവർ അത് ഉള്‍ക്കൊള്ളണം എന്ന് തോന്നി.
ഒരിക്കലും അധ്യാപകര്‍ തരം തിരിവ് കാണിക്കരുത്. പ്രദേശത്തിെൻറ പേരിൽ അവർക്കിടയിൽ വിവേചനം അരുത്. ഏത് പ്രദേശത്തായാലും കുട്ടികള്‍ കുട്ടികള്‍ തന്നെയാണ്. പ്രായത്തിന്‍റെയും കാലത്തിന്‍റെയും കുസൃതികള്‍ അവർക്കുണ്ടാവും എന്നല്ലാതെ, ഒരു പ്രത്യേക പ്രദേശം ഒരിക്കലും മോശമാവുന്നില്ല. പിന്നാക്ക മേഖലയെ, കേരളം പോലുള്ള സാക്ഷര-സംസ്കൃത സംസ്ഥാനം ഇങ്ങനെ എഴുതിത്തള്ളുേമ്പാൾ ഇന്ത്യയിലെ മറ്റിടങ്ങളിലെ സ്ഥിതി എന്തായിരിക്കും എന്ന് ആലോചിച്ചുപോയി.
ലോകത്ത് ഒരിടത്തും കുട്ടികള്‍ മോശമല്ല. ഒന്നോ, രണ്ടോ പേരില്‍ അക്രമവാസന കണ്ടേക്കാം. പൊതുവായ ധാരണകളും, മുന്‍വിധികളും, സഹതാപങ്ങളുമില്ലാതെ, നിങ്ങള്‍ കുട്ടികളെ മനസ്സിലാക്കൂ. അവരും മുതിര്‍ന്നവരെ പോലെ കെട്ടകാലത്തിലാണ് ജീവിക്കുന്നത്. അതിന്‍റെ സംഘര്‍ഷങ്ങളും സമരസപ്പെടലും അവരും അനുഭവിക്കുന്നുണ്ട്. സ്കൂളുകള്‍ എല്ലാം കുട്ടികളുടെയാവണം. സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും നാളുകള്‍ നിറഞ്ഞത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.