പത്തു നിമിഷമെന്നാൽ ചെറിയ സമയമല്ല
text_fieldsഅതൊരു ടോസിടൽ വിഷയമാണ്, ജി20 ഉച്ചകോടിയിൽ രണ്ടു വിഷയങ്ങളിൽ ഏതാകണം മുഖ്യം- 10 മിനിറ്റ് നീണ്ട ബ്ലിങ്കൻ- ലാവ്റോവ് കൂടിക്കാഴ്ചയോ അതല്ല, സംയുക്ത വാർത്തക്കുറിപ്പ് ഇറക്കുന്നതിലെ തർക്കങ്ങളോ? യുക്രെയ്നിൽ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ചെറിയ നീക്കങ്ങൾ എവിടെയെങ്കിലുമുണ്ടോ എന്നതു സംബന്ധിച്ച് ഇരു വിഭാഗവും നൽകുന്നത് തികച്ചും ഭിന്നമായ സൂചനകൾ.
1970കളിൽ റാൻഡ് കോർപറേഷനിലെ പ്രശസ്ത നയകാര്യനായിരുന്ന വിദഗ്ധൻ ഫ്രെഡ് ഇക്ൽ എഴുതി: ‘‘എല്ലാ യുദ്ധങ്ങളും നിർബന്ധമായും അവസാനിക്കണം’’. ഇതിവിടെ പറയുന്നത് റാൻഡ് അടുത്തിടെ നടത്തിയ പഠനത്തിൽ ഇക്ലിന്റെ ക്ലാസിക് പരാമർശം വരുന്നതുകൊണ്ടാണ്. പഠനം മുന്നോട്ടുവെക്കുന്ന പ്രധാന വിഷയം, യുദ്ധം തുടങ്ങുംമുമ്പ് എല്ലാ ഭരണാധികാരികളും ആദ്യം ചെയ്യേണ്ടത് എന്ത് എന്നു മാത്രം ആലോചിക്കുന്നുവെന്നാണ്. എവിടെ അവസാനിക്കുമെന്ന വിഷയം അപ്പോൾ അവരെ അലട്ടാറില്ല. ഓരോ യുദ്ധത്തിലും സാഹചര്യങ്ങൾ മാറാം. അതുവഴി അന്തിമ ഫലവും മറ്റൊന്നാകാം.
റാൻഡ് സർവേയും സംഭവിച്ചേക്കാവുന്ന പെട്ടെന്നുള്ള മാറ്റങ്ങൾക്ക് ഉദാഹരണം പറയുന്നുണ്ട്- സഫോറിഷ്യയിലെ ഗുരുതര ആണവ പ്രശ്നം, പശ്ചിമേഷ്യയിലെ മറ്റൊരു യുദ്ധം, തായ്വാൻ അധിനിവേശം, മറ്റൊരു മാരക മഹാമാരി പടർന്നുപിടിക്കൽ...എന്നിങ്ങനെ. ‘‘ഒരു യുദ്ധം എത്ര ദീർഘിക്കുന്നോ, വിഷയങ്ങൾ പലത് ഇടക്കുകയറി വരാൻ സാധ്യത കൂടുതൽ’’.
പെന്റഗണുമായി അടുപ്പമുള്ള ഒരു വിദഗ്ധ സംഘം, യുദ്ധമുഖത്ത് യുക്രെയ്ന് ഇനിയുമേറെ സാധ്യതകൾ പ്രവചിക്കാത്തവരാണ്. ‘‘സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളും നിരന്തരം റഷ്യ ലക്ഷ്യമിടുന്നത് സ്വയം പ്രതിരോധിക്കാനുള്ള യുക്രെയ്ന്റെ സാധ്യതകളെ മായ്ച്ചുകളയുന്നു’’.
അതിലേറെ വലിയ വെല്ലുവിളി, പാശ്ചാത്യ ശക്തികൾ നൽകിവരുന്ന സൈനിക, സാമ്പത്തിക സഹായം ഘട്ടംഘട്ടമായി അവസാനിക്കും എന്നതാണ്. സംഘർഷവുമായി ബന്ധപ്പെട്ട് യൂറോപ്പിന് അഭിപ്രായൈക്യം ഇല്ലാതെയാവുന്നതോടെ അതിന് സാധ്യതയേറെ. നിലവിലെ ഐക്യം തന്നെ ഒരു മാധ്യമ സൃഷ്ടിയല്ലെന്ന് പറയാനാകില്ല. യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുയർന്ന ഭിന്നതകൾ പലപ്പോഴും മാധ്യമങ്ങൾ പുറത്തുവിടാതിരുന്നുവെന്നതാണ് വസ്തുത. നയതന്ത്ര പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ സംഭാഷണങ്ങൾ മുമ്പ് ഞാൻ തന്നെ ഈ കോളത്തിൽ എഴുതിയിരുന്നതാണ്. 300 വർഷമായി ലോകത്തിനുമേൽ നിലനിൽക്കുന്ന പാശ്ചാത്യ അധീശത്വം അവസാനിക്കാൻ പോകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതുപോലെ പലതുണ്ട് ഉദാഹരണങ്ങൾ.
പാശ്ചാത്യ അധീശത്വം അവസാനത്തോടടുക്കുകയാകാം. യുക്രെയ്നു ശേഷം ആഗോളരാഷ്ട്രീയം അകലം അതിവേഗം വർധിച്ചുവരുന്ന ഇരുധ്രുവങ്ങളാണെന്ന് കാംബ്രിജ് യൂനിവേഴ്സിറ്റി ഗവേഷണം സ്ഥിരീകരിക്കുന്നു. ഇരുധ്രുവമെന്നാൽ ഒന്ന് ‘പടിഞ്ഞാറ് മുന്നോട്ടുവെക്കുന്ന ലിബറൽ ജനാധിപത്യങ്ങളും’ രണ്ടാമത്തേത് റഷ്യയോടും ചൈനയോടും ഇഴയടുപ്പം കാട്ടുന്ന ഏകാധിപത്യ ഭരണകൂടങ്ങളുമാണ്. ഈ പഠന പ്രകാരം ലിബറൽ ജനാധിപത്യ രാജ്യങ്ങളിലെ 120 കോടി ജനസംഖ്യയിൽ 75 ശതമാനം ചൈനയെയും 87 ശതമാനം റഷ്യയെയും മോശമായി കാണുന്നവരാണ്. ഈ അഭിപ്രായ രൂപവത്കരണത്തിൽ പക്ഷേ, യുക്രെയ്ൻ സംഘർഷത്തെ കുറിച്ച പാശ്ചാത്യ റിപ്പോർട്ടുകൾക്ക് വളരെ ചെറിയ പങ്കു മാത്രമാണുള്ളത്. യഥാർഥത്തിൽ, 30 വർഷം മുമ്പ് ചൈനയുടെ വളർച്ചയെ തുടർന്ന് രൂപപ്പെട്ടുവന്നതാണിത്. റഷ്യക്കെതിരായ വികാരം അടുത്തിടെ കൂടുതൽ മൂർച്ച കൂടിയെന്നു മാത്രം.
ഈ ലിബറൽ ജനാധിപത്യങ്ങൾ ശരിക്കും തിരിച്ചറിയേണ്ട ഒന്ന്, ആഗോള ജനസംഖ്യയിൽ ‘മഹത്തായ പടിഞ്ഞാറി’ന് പുറത്തുവസിക്കുന്ന 630 കോടി ജനങ്ങൾക്കും ചൈന, റഷ്യ രാജ്യങ്ങളോട് അത്ര മോശം അഭിപ്രായമല്ല ഉള്ളതെന്നാണ്. ഇതിൽ 70 ശതമാനം പേരും ചൈനയോട് അനുകൂല മനസ്സു പുലർത്തുന്നു. റഷ്യയോട് 66 ശതമാനവും. ഇങ്ങനെ ധ്രുവീകരിക്കപ്പെട്ട വലിയ ജനസംഖ്യ മറുവശത്തുണ്ടാകുന്നത് ആഗോള രാഷ്ട്രീയം, വാണിജ്യം, വ്യാപാരം എന്നിവയിലെല്ലാം ചെലുത്തുക വൻ സ്വാധീനമാകും.
യുക്രെയ്ൻ യുദ്ധാവസാനത്തെ കുറിച്ച് ന്യൂഡൽഹി ജി20 ഉച്ചകോടിയിൽ മാത്രമല്ല, പുറത്തും പ്രചരിക്കുന്നത് ‘‘തണുപ്പൻ സംഘർഷ’മെന്ന പദമാണിപ്പോൾ. ഇങ്ങനെ വരുന്നതോടെ, റഷ്യ നേരത്തേ പിടിയിലൊതുക്കിയ ഭൂമി അവരുടെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്ന് മാത്രമല്ല, യക്രെയ്ൻ പുതിയ ആക്രമണ മുനയിൽ തകർന്നുതരിപ്പണമായി കിടക്കുകയും ചെയ്യും. ‘‘പുതിയ സാഹചര്യത്തിൽ വളരെ കുറച്ച് അഭയാർഥികളേ പിറന്ന നാട്ടിലേക്ക് മടങ്ങൂ’’ റാൻഡ് കോർപറേഷനിലെ ഭീകരവാദ- സുരക്ഷകാര്യ വിദഗ്ധൻ ബ്രിയാൻ മൈക്കൽ ജെൻകിൻസ് പറയുന്നു. അഭയാർഥികൾ മാത്രമല്ല, നിക്ഷേപവും ഉടനൊന്നും അതുവഴി വരില്ലെന്നുറപ്പ്.
ഇതെല്ലാം മതി യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഭിന്നത മറനീക്കാൻ. റഷ്യക്കെതിരായ ഉപരോധം, സാമ്പത്തിക- സൈനിക സഹായം തുടരൽ- എല്ലാം ഇതിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ. യുക്രെയ്ൻ വിഷയത്തിൽ ജോ ബൈഡൻ എങ്ങനെ ചിന്തിക്കുന്നുവെന്നത് മനസ്സിലാക്കാൻ 2022 ഡിസംബർ 30ന് അദ്ദേഹം നടത്തിയ വാർത്ത സമ്മേളനത്തിലെ വാക്കുകൾ കേൾക്കണം. പ്രസിഡന്റ് വൊളോദ്മിർ സെലൻസ്കിയുമായി നടത്തിയ മൂന്നു മണിക്കൂർ കൂടിക്കാഴ്ചക്കുശേഷമായിരുന്നു ഈ വാർത്ത സമ്മേളനം.
അവരുടെ കൂടിക്കാഴ്ചയിൽ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ബൈഡൻ തയാറായതിനെക്കാൾ കുടുതൽ ആയുധങ്ങൾ നൽകണമെന്നായിരുന്നു യുക്രെയ്ൻ ആവശ്യം. പുടിനെ അതിവേഗം കീഴ്പ്പെടുത്താമെന്ന മോഹങ്ങൾക്കപ്പുറത്ത് തുറിച്ച നോക്കിയ വലിയ യാഥാർഥ്യങ്ങൾ മറ്റൊന്ന്. ഇവയെല്ലാം അപ്രതീക്ഷിതമായി തുറന്നുകാട്ടുന്നതായി വാർത്ത സമ്മേളനം. പാട്രിയറ്റ് അടക്കം യുക്രെയ്നിലേക്ക് കയറ്റിയയക്കുന്ന ആയുധങ്ങളെ കുറിച്ച് ബൈഡൻ നെടുനീളൻ സംസാരം തുടരുകയായിരുന്നു. അതിനിടെ ഒരു റിപ്പോർട്ടർ ഇടക്കുകയറി ചോദിച്ചു: ‘‘സംഘർഷം അനാവശ്യമായി മൂർച്ചകൂട്ടാൻ സഹായകമാകുമെന്നതിനാൽ പാട്രിയറ്റ് ആയുധങ്ങൾ നിലവിൽ നൽകുന്നില്ലെന്ന് യുദ്ധാരംഭത്തിൽ ഒരു യു.എസ് ഉദ്യോഗസ്ഥൻ ഞങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ പാട്രിയറ്റും നൽകാൻ പോകുന്നു’’.
റിപ്പോർട്ടറുടെ ചോദ്യം അവിടെയും അവസാനിച്ചില്ല. ‘‘നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കാൻ സഹായകമായ എല്ലാ ആയുധങ്ങളും എന്തുകൊണ്ട് യുക്രെയ്ന് നൽകിക്കൂടാ?’’ ഉത്തരം മുട്ടിയ ബൈഡൻ ഒന്നും മിണ്ടിയില്ല. ഈ നിർദേശത്തിന് സെലൻസ്കി മറുപടി പറയും എന്നു മാത്രം പറഞ്ഞു. സത്യത്തിൽ, തൊട്ടുമുമ്പ് ഇത്തരം ആയുധങ്ങൾ നൽകണമെന്ന സെലൻസ്കിയുടെ ആവശ്യം ബൈഡൻ തള്ളിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
തന്റെ കരുതലിനെ കുറിച്ച് ബൈഡന് പറയാനുണ്ടായിരുന്നത് ഇതായിരുന്നു: ‘യുക്രെയ്ന് ‘എല്ലാം’ നൽകാതിരിക്കാൻ കാരണമുണ്ട്. ഒരു വലിയ സഖ്യം കൂട്ടായി നിന്നാണ് ആയുധങ്ങൾ അയക്കുന്നത്. നാറ്റോ അംഗീകാരം നൽകാത്ത ആയുധങ്ങൾ നൽകിയാൽ സഖ്യത്തിൽ പ്രശ്നങ്ങളാകും. നിലവിൽ യുക്രെയ്ന് പ്രതിരോധിച്ച് നിൽക്കാനുള്ള ആയുധങ്ങളാണ് ഞങ്ങൾ നൽകുന്നത്’’.
ഈ യുദ്ധത്തിൽ റഷ്യക്ക് തോൽക്കാനാകില്ല. നാറ്റോ ചുറ്റും അരികുഭേദിച്ച് വരുമ്പോൾ അതിജീവനമാണ് വിഷയം. യുക്രെയ്നിൽ കൂടുതൽ ആക്രമണവും റഷ്യൻ ആണവ പരീക്ഷണവും സംഭവിച്ചേക്കാം. എന്നാൽ, തങ്ങൾ വിജയികളല്ലാതാവുന്നത് അമേരിക്കക്കാർക്കും താങ്ങാനാകില്ല. ഏകശിലാ ലോകത്തിന്റെ അന്ത്യംകുറിച്ചുള്ള മുദ്ര പതിക്കപ്പെടുന്നത് അവർക്കിഷ്ടമാകില്ല. ഇത്തരം വിഷയങ്ങൾ നിലനിൽക്കുമ്പോഴാണ് ബ്ലിങ്കനും ലാവ്റോവും തമ്മിലെ 10 മിനിറ്റ് ചെറിയ സമയമല്ലെന്നറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.