തമിഴകത്തെ ചാവുനിലങ്ങൾ... (2) ഇളനീരിൽ മരണം ചാലിച്ച് തലൈക്കൂതൽ...
text_fields‘‘അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ
കരുതൽ വേണം
ഉടൽ കൈയിൽനിന്നും വഴുതരുത്
ഇളം ചൂടായിരിക്കണം വെള്ളത്തിന്
കാലം നേർപ്പിച്ച ആ ഉടൽ
കഠിനമണങ്ങൾ പരത്തുന്ന
സോപ്പുലായനികൊണ്ട് പതയ്ക്കരുത്
കണ്ണുകൾ നീറ്റരുത്...’’ ^ (അമ്മയെ കുളിപ്പിക്കുമ്പോൾ/ സാവിത്രി രാജീവൻ)
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുള്ള മക്കൾക്കായി തമിഴ് സംസ്കാരം ഒരുക്കിവെച്ച മറ്റൊരു ദുരാചാരമാണ് തലൈകൂതൽ. വയോവൃദ്ധരായ അച്ഛനെയും അമ്മയെയും ആചാരപൂർവം മരണത്തിന് കൈയേൽപ്പിച്ചു കൊടുക്കുന്ന ലോകത്തിലെ തന്നെ ഏക രീതി ഒരുപക്ഷേ തമിഴ്നാട്ടിലായിരിക്കും. കുടുംബം ഒന്നടങ്കം ആഘോഷേത്താടെ പ്രായമായവരെ മരണത്തിന് ഏൽപിച്ചുകൊടുക്കുന്നു. ‘തലൈക്കൂതൽ’ എന്ന ആ ദുരാചാരം നടമാടുന്ന തമിഴ് കുഗ്രാമങ്ങളിൽ കണ്ട കാഴ്ചകൾ അതിദയനീയമായിരുന്നു....
ആറ്റുകാൽ പൊങ്കാലയുടെ തലേദിവസം. തിരുവനന്തപുരം ഒരു പെൺനഗരമായി മാറിയ രാത്രി. അണിഞ്ഞൊരുങ്ങിയ ആയിരക്കണക്കിന് അമ്മമാർ റോഡിലൂടെ അടുപ്പുകൂട്ടാൻ ഇടം തേടി നടക്കുന്നു. രാത്തൊഴിലിെൻറ ആലസ്യത്തിന് തടയിടാൻ കൂട്ടുകാർക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. റോഡരികിലെ ഇഷ്ടിക അടുപ്പുകൾക്കും മൺകലങ്ങൾക്കും പിറകിൽ അമ്മമാർ വെടിവട്ടവുമായി കൂടിയിരിക്കുന്നു. ആ ഇരവിനെ അടുപ്പുകളും കലങ്ങളും വഴിവെട്ടങ്ങളും ഒക്കെ ചേർന്ന് പത്തരമാറ്റുള്ള പകലാക്കിയിട്ടുണ്ടവർ. പലരെയും പരിചയപ്പെട്ടു. പലരോടും കുശലം പറഞ്ഞു. നാളത്തെ നിവേദ്യപ്പുഴുക്ക് കാത്തുവെക്കാമെന്നും അവിടെ ചെല്ലണമെന്നും പല അമ്മമാരും ഓർമിപ്പിച്ചു. വീട്ടിലെ അമ്മത്തണലിലാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ.
അമ്മകൂട്ടത്തിനിടയിലാണ് ആ അമ്മൂമ്മയെ കണ്ടത്. കാലത്തിെൻറ ചുരുളുകൾ മൊത്തം കടന്നുകയറി ചുറ്റിക്കെട്ടിയ ചുളിവുകൾക്കിടയിലൂടെ ആ അമ്മ ആരെയൊക്കെയോ നോക്കുന്നു. പീലിയടർന്ന കണ്ണുകളിൽ ഭയം നിഴലിക്കുന്ന പോലെ. അടുപ്പു കല്ലുകളും മൺകലവുമില്ലാതെ ആ പൊങ്കാലക്കലങ്ങൾക്കിടയിൽ കരിഞ്ഞുകത്തിത്തീരാറായ ഒരു തിരിപോലെ അവർ കൂനിയിരുന്നു. കൈയിലെ തമിഴ് എഴുതിയ ചണക്കവറിൽ കുറേ തുണികൾ മാത്രം. ചുളിവിെൻറ എണ്ണമില്ലാത്ത ഞൊറിവളകൾ അണിഞ്ഞ കൈകൾ. വിറച്ചിരുന്ന ആ അമ്മ പറഞ്ഞ കഥ...
തമിഴ്നാട്ടിലെ വിരുദനഗറിലെ ഒരു ഉൾഗ്രാമത്തിലാണ് അവരുടെ വീട്. വഴികൾപോലും കൃത്യമായി അറിയില്ല. എങ്ങനെയോ സാത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നും െട്രയിൻ മാർഗം ഇവിടെത്തി. കർഷക കുടുംബം. മകനും മരുമകളുമായിട്ടാണ് താമസം. പ്രായം തളർത്തിയപ്പോൾ അമ്മയെ തലൈക്കൂതലിനൊരുക്കാൻ മകൻ തന്നെ തീരുമാനിച്ചു. അതെങ്ങനെയോ അറിഞ്ഞ് വീട്ടിൽനിന്നിറങ്ങിയതാണ് ആ അമ്മ. അന്നും പിന്നീടുള്ള ചില ദിവസങ്ങളിലും ഉറങ്ങാൻ കഴിഞ്ഞില്ല. അറിയാവുന്ന വിവരങ്ങൾ ശേഖരിച്ച് തമിഴെൻറ കുഗ്രാമങ്ങളിലേക്ക് മക്കൾ മരണം നിശ്ചയിച്ച അമ്മമാരെ തേടി യാത്രയായി.
തമിഴ്നാട്ടിലേക്ക്..
നാഗർകോവിൽ മധുര റൂട്ടിൽ മധുരക്ക് മുമ്പുള്ള പ്രധാന റെയിൽവേ സ്റ്റേഷനാണ് വിരുദനഗർ. ജില്ലാ ആസ്ഥാനം. തമിഴ്നാടിെൻറ വ്യവസായനഗരമാണ് വിരുദനഗർ. ആളുകൾ മാടുകളെപോലെ പണിയെടുക്കുന്ന ഫാക്ടറികൾ. ഉൾഗ്രാമങ്ങളിൽനിന്നും അതിരാവിലെ മിനി ബസുകളിൽ നഗരത്തിലെ ഫാക്ടറികളിലെത്തുന്നവർ രാത്രി വളരെ വൈകിയും തിരികെ ഗ്രാമങ്ങളിലെത്താൻ ബസ് കാത്തുനിൽക്കുന്നത് കാണാം. താമസിച്ച ഹോട്ടലിന് മുന്നിൽനിന്നുതന്നെ തലൈക്കൂതലിൽനിന്നും രക്ഷപെട്ട മറ്റൊരു ഇരയെ കാണാനായി. തമിഴ് സുഹൃത്ത് രാജ അവരോട് കാര്യങ്ങൾ തിരക്കി.
80 വയസ് കഴിഞ്ഞ ജ്ഞാന സൗന്ദരി. വിരുദനഗറിലെ ചപ്പുചവറുകൾ പെറുക്കി മാറ്റുന്നത് കാണുമ്പോൾ യാത്രക്കാർ വല്ലതും കൊടുക്കും. അതുകൊണ്ട് ജീവിക്കുകയാണ് ജ്ഞാന സൗന്ദരി. പേരുപോലെ അവരുടെ ജീവിതം അത്ര സുന്ദരമല്ല. വിരുദനഗറിൽനിന്നും വിദൂരത്തുള്ള മണ്ഡപശാല എന്ന സ്ഥലത്തെ ഉൾഗ്രാമത്തിലായിരുന്നു ജ്ഞാന സൗന്ദരിയുടെ വീട്. ഭർത്താവും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം. വർഷങ്ങൾക്കുമുമ്പ് ഭർത്താവ് മരിച്ചു. മൂത്ത മകൾക്കൊപ്പമായി പിന്നീടുള്ള താമസം. അറുപ്പുകോട്ടൈ എന്ന സ്ഥലത്ത് ചെറിയ കമ്പനിയിലാണ് മകൾക്കും മരുമകനും ജോലി. അവർക്ക് നാല് കുട്ടികൾ. നിറഞ്ഞ പ്രാരബ്ധങ്ങൾക്കിടയിലും വാർധക്യത്തിെൻറയും രോഗത്തിെൻറയും അവശതകൾ മറന്ന് ജ്ഞാനസൗന്ദരി സമീപത്തെ പറമ്പിൽനിന്നും വേപ്പിൻകുരു ശേഖരിക്കാൻ പോകും. ഒരു കിലോ കുരു ശേഖരിച്ചാൽ പതിനഞ്ച് രൂപ കിട്ടും. മകൾക്ക് ഭാരമാകാതിരിക്കാൻ ആ വയോവൃദ്ധ രാപ്പകൾ വേപ്പിൻകുരു പെറുക്കിക്കൊണ്ടേയിരുന്നു. അതൊന്നും ആ കുടുംബത്തിലെ ദാരിദ്യ്രം തുടക്കാൻ പര്യാപ്തമല്ലായിരുന്നു.
ഒടുക്കം മകൾ തന്നെ അവരോട് കാര്യം പറഞ്ഞു. ആദ്യം നെഞ്ച് പൊട്ടുന്നപോലെ ഒരു നീറ്റലായിരുന്നു. സ്വന്തം മകളാണ് മോക്ഷത്തിനുള്ള എളുപ്പവഴി പറയുന്നത്. അവൾക്കും മൂന്ന് പെൺമക്കളാണ്. നാളെ അവളുടെ ചെവിയിലും ഈ വാക്കുകൾ കേൾക്കാതിരിക്കട്ടെ. അന്ന് വീട്വിട്ടിറങ്ങിയതാണ്. വിരുദനഗർ നഗരത്തിലെത്തി. ബസ് സ്റ്റാൻറിലും പുറംപോക്കിലും ഒക്കെയായി കഴിയും. ഇന്നുവരെ ആരും ഉപദ്രവിച്ചിട്ടില്ല. ഈ നഗരമൂലയിൽ എവിടെയെങ്കിലും കിടന്ന് മരിക്കണം. അവരുടെ വാക്കുകളിൽ ചോരപൊടിഞ്ഞു. മാലിന്യം നിറഞ്ഞ വലിയ പ്ലാസ്റ്റിക് കാനയിലേക്ക് അവരുടെ ഉണങ്ങിക്കൂമ്പിയ കൈകൾ നീണ്ടു.
തമിഴ് ഗ്രാമങ്ങളിൽ മാത്രമല്ല, നഗരങ്ങളുടെ ഓരങ്ങളിലും കാണാം പ്രായത്തിെൻറ അവശതകളിൽ വീടുവിട്ടിറങ്ങിയ നൂറ്കണക്കിന് ജ്ഞാനസൗന്ദരിമാരെ. പലരും തലൈക്കൂതൽ എന്ന ദയാവധത്തിന് വിധേയമാകുന്നതിന് മുമ്പ് വീട് വിട്ടിറങ്ങിയവരാണ്. മക്കൾക്ക് ഭാരമാകരുതെന്ന് കരുതി വീട് വിട്ടവരും കുറവല്ല. ഒരു തരത്തിൽ പറഞ്ഞാൽ കേരളത്തിലെ ഗുരുവായൂർ നടതള്ളൽ പോലെ. നമ്മളും പ്രായമായവരോട് ചെയ്യുന്നത് മറ്റൊന്നല്ലല്ലോ. വിരുദനഗർ നഗരത്തിലെ ഏറ്റവും വലിയ അമ്പലമാണ് മാരിയമ്മൻ കോവിൽ. നഗരഹൃദയത്തിൽതന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. മാരിയമ്മൻകോവിലിന് ചുറ്റും നിരവധി വയോധികരെ കാണാം. സമീപത്തെ ഹോട്ടലുകാരും മറ്റും നൽകുന്ന ഭക്ഷണമാണ് ഇവരുടെ ജീവിതം നിലനിർത്തുന്നത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന് രാത്രി പൊലീസ് ഇവരെ പുറത്താക്കും. പിന്നെ പുലരുംവരെ അന്തിയുറങ്ങാൻ ഇടംതേടി അവർ നടക്കും. ആ നടത്തം ചിലദിവസങ്ങളിൽ നേരം വെളുക്കുംവരെ തുടരും. പിന്നെയും തെരുവിെൻറ തിരക്ക ിലേക്ക്...
റെഡ്ഡിയാപ്പട്ടിയിലെ കുഗ്രാമത്തിലെ പാപ്പമ്മക്കുമുണ്ട് വിറയാർന്ന ഒരു കഥ. മേലേ മുടിഞ്ഞാറുകോട്ടൈ എന്ന കുഗ്രാമത്തിൽ രണ്ട് ആൺമക്കൾക്കൊപ്പമാണ് അവർ കഴിയുന്നത്. തരക്കേടില്ലാത്ത ജോലിയുണ്ട് രണ്ടുപേർക്കും. എന്നിട്ടും പാപ്പമ്മയുടെ ഭർത്താവ് ചിന്നരാജയെ സ്വാഭാവിക മരണത്തിന് വിട്ടില്ല മക്കൾ. ചിന്നരാജക്ക് അസുഖം മൂർഛിച്ച ദിവസങ്ങളിലൊന്നിൽ അവരദ്ദേഹത്തിന് പരലോകയാത്ര വിധിച്ചു. സമീപഗ്രാമത്തിലെ ആശുപത്രിയിലെ അറ്റൻഡർ സ്ത്രീ വന്ന് മരുന്ന് കുത്തിവെച്ച് മണിക്കൂറുകൾക്കകം ചിന്നരാജ മരിക്കുകയായിരുന്നു. പാപ്പമ്മ നിരവധി തവണ മക്കളോട് കേണുപറഞ്ഞുനോക്കി. പക്ഷേ ഫലമുണ്ടായില്ല. തെൻറ വിധിയും അങ്ങനെയാകുമോ എന്ന ഭയത്തിലാണ് അവർ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. മക്കൾക്ക് ഭാരമാകും എന്ന തോന്നലുണ്ടാകുമ്പോൾ വീടുവിട്ടിറങ്ങാൻ ഒരുങ്ങിയിരിക്കുകയാണെന്ന് പാപ്പമ്മ പറഞ്ഞു.
ഡോക്ടർ ഡെത്ത്..
ഈയടുത്താണ് മധുരയിൽനിന്നും അവർ അറസ്റ്റിലായ വാർത്ത തമിഴ് മാധ്യമങ്ങളിൽ വന്നത്. തമിഴ്നാട്ടിലെ സന്നദ്ധ സംഘടനകൾ മാരിയമ്മയെ ഡോക്ടർ ഡെത്ത് എന്നാണ് വിളിക്കുന്നത്. പ്രായം കൊണ്ടും രോഗം കൊണ്ടും അവശതയനുഭവിക്കുന്നവർ മാരിയമ്മയെ സമീപിച്ചാൽ മതി. ബാക്കി അവർ നോക്കിക്കൊള്ളും. ഗുരുതര വിഷം കുത്തിവെച്ച് അവർ ‘ശല്യങ്ങളെ’ ഒഴിവാക്കിത്തരും. ഹെൽപ് ഏജ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയെ തുടർന്നാണ് ഇവർ അറസ്റ്റിലായത്.
തലൈക്കൂതൽ എന്നാൽ?
പ്രായമായ ആളുകളെ ദയാവധത്തിന് ഇരയാക്കുന്നതിന് തമിഴ്നാടിെൻറ ഉൾഗ്രാമങ്ങളിൽപുരാതനമായി നിലനിന്ന ആചാരമാണ് ‘തലൈക്കൂതൽ’. ബന്ധുക്കളെയൊക്കെ അറിയിച്ചാണ് ആചാരം നടത്തിയിരുന്നത്. പ്രത്യേകദിവസം തിരഞ്ഞെടുത്ത് തലൈക്കൂതൽ നടത്തേണ്ടയാളെ ശരീരത്തിലും തലയിലും തൈലവും എണ്ണയും തേച്ച് തണുത്ത വെള്ളത്തിൽ കുളിപ്പിക്കും. ശേഷം ഭക്ഷണം കൊടുക്കാതെ വയർ നിറയുന്നത് വരെ കരിക്കിൻവെള്ളം കുടിപ്പിക്കും. പിന്നീട് പുതച്ചുമൂടി കിടത്തും. എതിർപ്പ് കാണിക്കുന്നവരെ ബലംപ്രയോഗിച്ചാവും ഇതൊക്കെ ചെയ്യുക. രണ്ട് ദിവസത്തിനകം ജ്വരം ബാധിച്ച് മരിക്കും. പിന്നെ സ്വാഭാവിക മരണംപോലെ കർമ്മങ്ങൾ ചെയ്യും. ചെളി കലർത്തിയ വെള്ളം കുടിപ്പിച്ചും മൂക്കിലൂടെ വെള്ളം ഒഴിച്ചും, ദഹിക്കാത്ത ഭക്ഷണം വയർനിറയെ തീറ്റിച്ചും ഒക്കെ പലരീതിയിൽ തലൈക്കൂതൽ നടപ്പിലാക്കാറുണ്ട്. ഇതിെൻറ ഏറ്റവും ആധുനിക രൂപമാണ് ഇൻജക്ഷനുകൾ. ഗ്രാമങ്ങളിലെ ചില ആശുപത്രികളിലെ അറ്റൻഡറുമാരും മറ്റുമാണ് ഇത് ചെയ്തുകൊടുക്കുന്നത്.
ഇന്നത്തെ കഥ
തമിഴ്നാടിെൻറ വിവിധ ഭാഗങ്ങളിൽ ഇതിെൻറ ഗൗരവം മുന്നിൽകണ്ട് ബോധവൽകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പഴയതിനെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ ദയാവധങ്ങൾ വളരെ കുറഞ്ഞിട്ടുണ്ടെന്ന് മധുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഓൾഡ് ഏജ്’ സന്നദ്ധസംഘടനയുടെ പ്രവർത്തകൻ പറഞ്ഞു. ശക്തമായ ബോധവത്കരണത്തിലൂടെയും ശിക്ഷയിലൂടെയും മാത്രമേ തലൈക്കൂതലിന് അറുതി വരുത്താനാകൂവെന്ന് വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന മദ്രാസ് യൂനിവേഴ്സിറ്റി ക്രിമിനേനാളജി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോക്ടർ പ്രിയംവദ പറയുന്നു. ഇവരുടെ പഠനറിപ്പോർട്ട് അധികം വൈകാതെ പുറത്തുവരും.
സംഘടനകളും സർക്കാറും ഒക്കെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. വെട്ടമോ വെളിച്ചമോ വഴിയോ ഇല്ലാത്ത ഗ്രാമങ്ങളിലാണ് തലൈക്കൂതൽ നടക്കുന്നത്. ആശുപത്രി അറ്റൻഡറെ വരെ ഡോക്ടറായി കാണുന്നവർ. അവരോടുള്ള ബോധവത്കരണം അതീവപ്രയാസകരമെന്ന് സന്നദ്ധപ്രവർത്തകൻ ചിന്നരാജ പറയുന്നു. സർക്കാർ സംവിധാനങ്ങൾക്കും പൊലീസിനും ഒക്കെ ഉപരിയായി നാട്ടുകൂട്ടങ്ങളും ഈരുകൂട്ടങ്ങളും ഒക്കെയാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതിനെയൊക്കെ മറികടന്നുവേണം ബോധവൽകരണം നടത്താൻ. അതത്ര എളുപ്പമല്ല.
ഇടതൂർന്ന വഴികളിൽ കണ്ട കാഴ്ചകൾ സുഖമുള്ളതായിരുന്നില്ല. ഗ്രാമങ്ങളിലെ ജീവിതത്തോണി കരക്കടുക്കാറായവർ ദയനീയമായി നമ്മളെ നോക്കും. നമ്മൾ എന്തുകൊടുത്താലും വാങ്ങിക്കഴിക്കും. നിരാശയറ്റ കണ്ണുകളുയർത്തി നോക്കും. ഒരു മനുഷ്യായുസ്സ് മുഴുവൻ തമ്പ്രാൻമാരുടെ പാടത്തും പറമ്പിലും പണിയെടുത്ത് ഒടുക്കം ജീവിതത്തിൽ ഒന്നുമല്ലാതായവരുടെ മാത്രം കഥയാണിത്. അതിൽ തിരുവനന്തപുരത്തു കണ്ട ആ അമ്മയും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രം:
മണ്ഡപശാലയിലെ സീനിയമ്മ
റെഡ്ഡിയാപ്പെട്ടി മേലേ മുറിഞ്ഞകോട്ടൈയിൽ താമസിക്കുന്ന പാപ്പമ്മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.