താഴ്വരയിലെ സഖ്യവും സാധ്യതകളും
text_fieldsജമ്മുവിൽ കോൺഗ്രസ് വീണ്ടും പരാജയപ്പെട്ടാൽ നാഷനൽ കോൺഫറൻസ് പുതിയ സഖ്യകക്ഷികളെ തേടേണ്ടിവരും. ഈ നിർണായക ഘട്ടത്തിൽ പ്രതിപക്ഷത്തിരിക്കാൻ പാർട്ടിക്ക് കഴിയില്ലവരുന്ന ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിക്കുക വഴി ചരിത്രപരമായ സഖ്യത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്- നാഷനൽ കോൺഫറൻസ് പാർട്ടികൾ. ഒപ്പം ഭാരതീയ ജനതാപാർട്ടിയുടെ ചങ്കിടിപ്പും വർധിപ്പിച്ചിരിക്കുന്നു. 16 മണ്ഡലങ്ങളിൽ സെപ്റ്റംബർ 18ന്...
ജമ്മുവിൽ കോൺഗ്രസ് വീണ്ടും പരാജയപ്പെട്ടാൽ നാഷനൽ കോൺഫറൻസ് പുതിയ സഖ്യകക്ഷികളെ തേടേണ്ടിവരും. ഈ നിർണായക ഘട്ടത്തിൽ പ്രതിപക്ഷത്തിരിക്കാൻ പാർട്ടിക്ക് കഴിയില്ല
വരുന്ന ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിക്കുക വഴി ചരിത്രപരമായ സഖ്യത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്- നാഷനൽ കോൺഫറൻസ് പാർട്ടികൾ. ഒപ്പം ഭാരതീയ ജനതാപാർട്ടിയുടെ ചങ്കിടിപ്പും വർധിപ്പിച്ചിരിക്കുന്നു.
16 മണ്ഡലങ്ങളിൽ സെപ്റ്റംബർ 18ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പാണ് ചർച്ചകൾക്കായി കോൺഗ്രസ് മുതിർന്ന നേതാക്കളായ സൽമാൻ ഖുർഷിദും കെ.സി. വേണുഗോപാലും ശ്രീനഗറിൽ നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെ വസതിയിലെത്തിയത്. പിന്നീട്, ഇരുപാർട്ടികളും സംയുക്തമായി സീറ്റ് ധാരണ വിവരങ്ങൾ പുറത്തുവിട്ടു.
അതിൻപ്രകാരം നാഷനൽ കോൺഫറൻസ് 51 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ 32 സീറ്റുകളിലും മത്സരിക്കും. സഖ്യത്തിലെ ഘടകകക്ഷികളായ സി.പി.എം, ജമ്മു- കശ്മീർ പാന്തേഴ്സ് പാർട്ടി എന്നിവക്കും ഓരോ സീറ്റ് വീതം നൽകും. 90 അസംബ്ലി സീറ്റുകളിലും ഇരുപാർട്ടികളും തമ്മിൽ സഖ്യമായെന്ന് ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, കാശ്മീർ താഴ്വരയിലെ സോപോർ, ജമ്മുവിലെ ബനിഹാൾ, ഭാദേർവ, ദോഡ, നഗ്രോട്ട എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളുടെ കാര്യത്തിൽ സമവായത്തിലെത്താൻ ഇരു പാർട്ടികൾക്കും സാധിച്ചിട്ടില്ല. ഇവിടങ്ങളിൽ സൗഹൃദ മത്സരം നടക്കുമെന്നാണ് നേതാക്കൾ ഇപ്പോൾ പറയുന്നത്. അവരെക്കാൾ വിജയസാധ്യത നമുക്കാണെന്ന് ഇരുപാർട്ടികളുടെയും പ്രാദേശിക നേതൃത്വം കടുംപിടിത്തം തുടർന്നതാണ് സമവായം അസാധ്യമാക്കിയത്.
ചിനാബ് താഴ്വരയിലെ കിഷ്ത്വാർപോലുള്ള മണ്ഡലങ്ങളിലും ഇത്തരത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് മുതിർന്ന നേതാക്കൾ ഇടപെട്ട് പരിഹാരം കാണുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ, അവിടങ്ങളിൽ നിലനിൽക്കുന്ന ഭിന്നതകൾ വോട്ട് ഏകീകരണ സാധ്യതകൾ ഇല്ലാതാക്കുമെന്ന് പ്രാദേശിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സഖ്യവിജയം പൂമെത്തയല്ല
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻ.സി-കോൺഗ്രസ് കൂട്ടുകെട്ട് ഏറ്റവും വലിയ സഖ്യമായി മാറുമെന്ന് വിശകലന വിദഗ്ധർ കണക്കുകൂട്ടുന്നു. എന്നാൽ, ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ പ്രവണതകൾ സൂചിപ്പിക്കുന്നത് ഈ സഖ്യം തനിച്ച് അധികാരത്തിലെത്താൻ സാധ്യതയില്ലെന്നാണ്. ജമ്മു മേഖലയിലെ രണ്ട് ലോക്സഭാ സീറ്റുകളിലും കോൺഗ്രസ് ബി.ജെ.പിയോട് തോറ്റിരുന്നു. നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ലയാവട്ടെ വടക്കൻ കശ്മീരിലെ ബാരാമുല്ല മണ്ഡലത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.
ജമ്മുവിലെ ഏതാനും നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പിയിലെ ഉൾപ്പോര് പ്രകടമാണെങ്കിലും ജമ്മു- കശ്മീരിന്റെ ഹിന്ദു ഹൃദയഭൂമിയിൽ പാർട്ടി മേൽക്കൈ നിലനിർത്താനാണ് സാധ്യതയെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു.
മറുവശത്ത്, എൻജിനീയർ റാഷിദിന്റെ നേതൃത്വത്തിലെ അവാമി ഇത്തിഹാദ് പാർട്ടി (എ.ഐ.പി)യുടെ വളർച്ചയും ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതും പുതുരാഷ്ട്രീയ ശബ്ദങ്ങളുടെ രംഗപ്രവേശവുമെല്ലാം നാഷനൽ കോൺഫറൻസിന്റെ സാധ്യതകളെയാവും ബാധിക്കുക.
അത്തരത്തിൽ വോട്ടുകൾ ഭിന്നിച്ചുപോയാൽ സർക്കാർ രൂപവത്കരിക്കുന്നതിന് മറ്റ് പാർട്ടികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും പിന്തുണയെ ആശ്രയിക്കാൻ നിർബന്ധിതമാവും ജമ്മു- കശ്മീരിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ കക്ഷി.
തെരഞ്ഞെടുപ്പനന്തര സാധ്യതകൾ
ഒക്ടോബർ 4 ന് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം നാഷനൽ കോൺഫറൻസും ബി.ജെ.പിയും തമ്മിൽ സഖ്യമുണ്ടായാലും അത്ഭുതപ്പെടാനില്ല. അടൽ ബിഹാരി വാജ്പേയി നേതൃത്വം നൽകിയ കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറിന്റെ ഭാഗമായി 2001 ജൂലൈ 23 മുതൽ 2002 ഡിസംബർ 23 വരെ ജൂനിയർ മന്ത്രിയായിരുന്നു ഉമർ അബ്ദുല്ല.
ജമ്മുവിൽ കോൺഗ്രസ് വീണ്ടും പരാജയപ്പെട്ടാൽ നാഷനൽ കോൺഫറൻസ് പുതിയ സഖ്യകക്ഷികളെ തേടേണ്ടിവരും. ജമ്മു- കശ്മീരിന്റെ ചരിത്രത്തിലെ ഈ നിർണായക ഘട്ടത്തിൽ പ്രതിപക്ഷത്തിരിക്കാൻ പാർട്ടിക്ക് കഴിയില്ല. ബി.ജെ.പി വിരുദ്ധ പ്രചാരണം നടത്തിയശേഷം 2014ൽ പി.ഡി.പി അവരുമായി കൈകോർത്തുവെങ്കിൽ എന്തും ഇവിടെ സാധ്യമാണ്- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ശ്രീനഗറിൽനിന്നുള്ള ഒരു വിശകലന വിദഗ്ധൻ തീർത്തുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.