ചൂഷണത്തിെൻറ അടിസ്ഥാനം സാമ്പത്തികം മാത്രമല്ല
text_fieldsരാജ്യത്ത് പട്ടിണി നിലനിൽക്കുന്നത് രണ്ടു രീതിയിലാണ്. ആദ്യത്തേത് സാമ്പത്തിക അടിസ്ഥാനത്തിലുള്ള ദാരിദ്ര്യമാണെങ്കിൽ രണ്ടാമത്തേത് സ്ഥാപനപരമായ ദാരിദ്ര്യമാണ്. ഇവയിൽ ആദ്യത്തേത് ഏറക്കുറെ നാം പരിഹരിച്ചുകൊണ്ടിരിക്കുന്നവയാണ്. പഞ്ചവത്സര പദ്ധതികൾ മുതൽ തൊഴിലുറപ്പ് പദ്ധതികൾ പോലെയുള്ള ക്ഷേമപ്രവർത്തനങ്ങൾ വരെ അതിലേക്ക് സഹായിച്ചിട്ടുണ്ട്
ജാതി സെൻസസ് സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശ്യമില്ലെന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നു. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച ‘ഇൻഡ്യ’ സഖ്യത്തെ നയിക്കുന്ന ചാലകശക്തിയായി നിലകൊണ്ട നയങ്ങളിൽ ഒന്നായിരുന്നു ജാതി സെൻസസ്. പക്ഷേ, ജാതി സെൻസസിനെക്കുറിച്ച് ആദ്യം മുതൽ സി.പി.എം ഒട്ടും നിഷ്കളങ്കമല്ലാത്ത മൗനം പാലിച്ചു. ആ മൗനമാണ് ഇപ്പോൾ ഭേദിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സർക്കാറിനാണ് സെൻസസ് നടത്താനുള്ള അധികാരമെന്നതാണ് കേരള സർക്കാറിന്റെ ഭാഷ്യം. കേന്ദ്ര സർക്കാറിന്റെ അധികാരത്തെയും നയത്തെയുമൊക്കെ അതേപടി അംഗീകരിക്കാനാണെങ്കിൽ ഗവർണറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രാജ്യത്ത് വൈകാതെ നടപ്പാക്കാനൊരുമ്പെടുന്ന പൗരത്വ ഭേദഗതി നിയമത്തോടുമൊക്കെ സമീപനം എവ്വിധമായിരിക്കും?.
ഇൻഡ്യ മുന്നണിയുടെ ഭാഗമായിരിക്കെയാണ് നിതീഷ് കുമാർ നേതൃത്വം നൽകിയ സർക്കാർ ബിഹാറിൽ ജാതി സർവേ നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്. തെലങ്കാനയിൽ കോൺഗ്രസ് ജാതി സെൻസസ് നടത്തുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കുകയും, രാഹുൽ ഗാന്ധി ആ നീക്കത്തെ അഭിനന്ദിച്ച് മുന്നോട്ടുവരുകയും ചെയ്തിരുന്നു. തെലങ്കാനയിലും ബിഹാറിലും ഇല്ലാത്ത ‘തടസ്സങ്ങളാണ്’ സി.പി.എം ഭരിക്കുന്ന കേരളത്തിൽ എന്നത് ചിന്തിപ്പിക്കേണ്ട വസ്തുതയാണ്.
അടിസ്ഥാനപരമായി സി.പി.എമ്മിനെ ജാതി സെൻസസിൽനിന്ന് അകറ്റിനിർത്തുന്നത് അവരുടെ ആശയബാധ്യതയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സമ്പത്താണ് സമൂഹത്തിൽ ഉള്ളവനെയും ഇല്ലാത്തവനെയും സൃഷ്ടിക്കുന്നതെന്ന ധാരണയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ നയിക്കുന്നത്.
ആ ധാരണ ഒരു പരിധിവരെയും ശരിതന്നെ. പക്ഷേ, സമ്പത്തിനോടൊപ്പം മറ്റു ചില ഘടകങ്ങളും സമൂഹത്തിൽ ചൂഷണ ഉപാധിയായി മാറുന്നുണ്ട് എന്ന വ്യക്തതയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നയിക്കപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ജാതി സെൻസസ് വിരൽചൂണ്ടുന്നത്.
സാമ്പത്തിക സംവരണം എന്ന ഓമനപ്പേരിട്ടു വിളിച്ച സവർണ സംവരണം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെപോലും നാണിപ്പിക്കും വേഗത്തിൽ സി.പി.എം കേരളത്തിൽ നടപ്പാക്കിയതിന് കാരണവും ഈ ആശയബാധ്യതയാണ്. കേരള കാബിനറ്റ് മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ള സവർണ മേൽക്കോയ്മ കാണാൻ കഴിയാതെ പോകുന്നതും സമ്പത്തൊഴികെയുള്ള മറ്റ് ചൂഷണ ഉപാധികളെ തിരിച്ചറിയാത്തതുകൊണ്ടാണ്.
സാമ്പത്തിക സംവരണം നടപ്പാക്കിയാൽ രാജ്യത്തെ പട്ടിണി അഭിസംബോധന ചെയ്യപ്പെടുമെന്ന് വിശ്വസിക്കാൻ മാത്രം നിഷ്കളങ്കത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഉണ്ടാകാൻ പാടില്ല. അത്, ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111ാം സ്ഥാനത്ത് നിൽക്കുന്ന ഈ രാജ്യത്തെ ഇനിയും പിന്നിലേക്ക് നയിക്കാൻ മാത്രമേ സഹായിക്കൂ.
പ്രശ്നം കുടിയിരിക്കുന്നത് അടിസ്ഥാന ആശയത്തിലാണെങ്കിൽ അതിനുള്ള പരിഹാരം ആ ആശയത്തെ നവീകരിക്കുക എന്നതാണ്. പോസ്റ്റ് മാർക്സിസ്റ്റ് ചിന്തകരായ ഏണസ്റ്റോ ലാക്ലൗവും ചന്തൽ മൗഫും മുന്നോട്ടുവെക്കുന്ന ചില ആശയങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സ്വയം നവീകരിക്കാനുള്ള സാധ്യത സമ്മാനിക്കുന്നുണ്ട്.
മാർക്സ് മുന്നോട്ടുവെച്ച കമ്യൂണിസ്റ്റ് ഉട്ടോപ്യക്ക് പകരം മൗഫും ലാക്ലൗവും വഴികാട്ടുന്നത് ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന റാഡിക്കൽ ഡമോക്രസി എന്ന ആശയത്തിലേക്കാണ്. ഇതിനായി, സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി സമത്വവും സ്വാതന്ത്ര്യവും സ്ഥാപിക്കപ്പെടണം.
ഇന്ത്യൻ സാഹചര്യത്തിൽ ഇതിനോട് സാഹോദര്യത്തെകൂടി ചേർത്തുവെക്കാൻ കഴിയും. കാരണം ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപ് തന്നെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങളിലൂന്നിയാണ്.
മാർക്സിസത്തിലെ ദ്വന്ദ്വങ്ങൾ കേവലം ബൂർഷ്വായിലും തൊഴിലാളിയിലും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നെങ്കിൽ റാഡിക്കൽ ഡമോക്രസിയിൽ ചൂഷകരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും പട്ടിക വലുതാണ്. ജാതി, മതം, ഭാഷ, ലിംഗം, ലൈംഗിക ആഭിമുഖ്യം, സമ്പത്ത് തുടങ്ങിയവയെല്ലാം ഈ ദ്വന്ദ്വങ്ങളെ രൂപപ്പെടുത്തുന്നു.
മേൽപറഞ്ഞ ഘടകങ്ങളിൽ ഏത് വിഭാഗമാണോ അടിച്ചമർത്തൽ നേരിടുന്നത്, അവരെ ഒപ്പം നിർത്തി പ്രസ്ഥാനം രൂപവത്കരിക്കപ്പെടണമെന്നാണ് റാഡിക്കൽ ഡമോക്രസി ആവശ്യപ്പെടുന്നത്. ഉദാഹരണമായി ജാതിയെ പരിഗണിച്ചാൽ ഇന്ത്യൻ സാഹചര്യത്തിൽ കീഴ്ജാതികളെന്ന് ചാതുർവർണ്യം നിഷ്കർഷിച്ച വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പ്രസ്ഥാനം പോരാടേണ്ടത്.
മതം ഉദാഹരണമായെടുത്താൽ, രാജ്യത്തെ അവഗണന നേരിടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാകണം പോരാട്ടം. ഇത്തരത്തിൽ സമൂഹത്തിലെ ചൂഷണം നേരിടുന്ന വിവിധ വിഭാഗങ്ങളെ ഒന്നിച്ചുനിർത്താൻ കഴിഞ്ഞാൽ ആ സഖ്യംതന്നെ ഭൂരിപക്ഷമായി മാറും.
ജാതി സെൻസസ് കേവലം ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളുടെ മാത്രം ഉന്നമനത്തിന് വേണ്ടിയല്ല എന്ന വ്യക്തത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്. ഒരു രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ ആകെ വികാസനത്തിന് ജാതിയെ അഭിസംബോധന ചെയ്യേണ്ടത് അനിവാര്യമാണ്.
കാരണം, രാജ്യത്ത് പട്ടിണി നിലനിൽക്കുന്നത് രണ്ടു രീതിയിലാണ്. ആദ്യത്തേത് സാമ്പത്തിക അടിസ്ഥാനത്തിലുള്ള ദാരിദ്ര്യമാണെങ്കിൽ രണ്ടാമത്തേത് സ്ഥാപനപരമായ ദാരിദ്ര്യമാണ്. ഇവയിൽ ആദ്യത്തേത് ഏറക്കുറെ നാം പരിഹരിച്ചുകൊണ്ടിരിക്കുന്നവയാണ്. പഞ്ചവത്സര പദ്ധതികൾ മുതൽ തൊഴിലുറപ്പ് പദ്ധതികൾ പോലെയുള്ള ക്ഷേമപ്രവർത്തനങ്ങൾ വരെ അതിലേക്ക് സഹായിച്ചിട്ടുണ്ട്.
എന്നാൽ, സ്ഥാപനപരമായ ദാരിദ്ര്യം അതിശക്തമായി ഇന്നും നിലനിൽക്കുന്നു. ജാതി, മതം, കുടുംബം തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ വ്യക്തിയുടെ വികാസത്തെ തടയുന്നു. ഇന്ത്യൻ പശ്ചാത്തലത്തിൽ ഇവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ജാതിക്കുതന്നെയാണ്. കുലത്തൊഴിൽ പ്രോത്സാഹിപ്പിക്കുന്ന ജാതിവ്യവസ്ഥ, വിഭവങ്ങളിൽനിന്ന് ഒരു വിഭാഗത്തെ അകറ്റിനിർത്തുന്നു. ഇത് രാഷ്ട്രത്തിന്റെ ആകെയുള്ള വികാസത്തെ ബാധിക്കുന്നു.
ജാതി സെൻസസ് നടത്തിയാൽ മാത്രമാണ് ആനുപാതികമായി എല്ലാ വിഭാഗം ജനങ്ങളിലേക്കും വിഭവങ്ങൾ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ കഴിയുക. രോഗം മനസ്സിലാക്കാൻ എക്സ്റേ എടുക്കുന്നതുപോലെയൊരു നടപടിയാണത്. പക്ഷേ, രോഗം മനസ്സിലാക്കാതെ രോഗി കഷ്ടപ്പെട്ടുകൊള്ളട്ടെ എന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ട്.
മണ്ഡൽ രാഷ്ട്രീയകാലത്തെ തങ്ങളുടെ തെറ്റുകൾ തിരുത്തി ജാതി സെൻസസിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ കോൺഗ്രസിന് സ്വയം പരിവർത്തനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും അതിന് കഴിയേണ്ടതാണ്.
ലോകത്തിലെ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള രാഷ്ട്രമായിട്ടും തൊഴിലാളി പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാർട്ടിക്ക് അത് വോട്ടാക്കി മാറ്റാൻ കഴിയാത്തത് ഇന്ത്യയിലെ സങ്കീർണമായ ജാതിയെ മനസ്സിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്. മാർക്സും അംബേദ്കറും ചേർന്നിരിക്കുന്ന ഭാവി ആഗ്രഹിക്കുന്നവർ തീർച്ചയായും ജാതി സെൻസസിന് എതിരായ കേരള സർക്കാർ തീരുമാനത്തിനെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.