ചെറുക്കണം, വംശഹത്യയുടെ ക്രൂര അജണ്ട
text_fieldsഗസ്സയിൽ ഇസ്രായേൽ തുടരുന്ന അതിരൂക്ഷ ആക്രമണം 44 നാൾ പിന്നിടുന്നു. ഗസ്സയെ മുഴുവനായും അധിനിവേശത്തിന് വിധേയമാക്കി ജനങ്ങളെ കുടിയൊഴിപ്പിക്കുക എന്ന ദീർഘകാല അജണ്ടയാണ് ഇസ്രായേൽ നടപ്പാക്കാൻ മുതിരുന്നത്. സ്വമേധയാ പലായനംചെയ്യുക മാത്രമാണ് ഗസ്സയിലെ മനുഷ്യരുടെ മുന്നിലെ ഏക വഴി എന്ന് തീവ്രവലതുപക്ഷ നേതാവും ഇസ്രായേൽ ധനകാര്യ മന്ത്രിയുമായ ബെസലേൽ സ്മോട്രിച് പ്രസ്താവിച്ചിരുന്നു.
ഗസ്സക്കാരെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ഇസ്രായേൽ പാർലമെന്റ് അംഗവും ഐക്യരാഷ്ട്രസഭയിലെ മുൻ ഇസ്രായേൽ സ്ഥിര പ്രതിനിധിയുമായ ഡാനി ഡാനോൻ പറഞ്ഞതിന്റെയും പൊരുൾ ഇതുതന്നെ. നാസി മാതൃകയിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുക വഴി ഫലസ്തീൻ ജനതയുടെ തലമുറയെ ഇല്ലാതാക്കുക എന്ന ക്രൂരതയാണ് നെതന്യാഹു നടപ്പാക്കുന്നത്.
1990കളിൽ ഇസ്രായേലിൽ നിരോധിക്കപ്പെട്ട തീവ്രവംശീയ മുന്നേറ്റമായ കഹാനിസത്തെ പിന്തുടരുന്ന മന്ത്രി ഇത്തെമാർ ബെൻ ഗവിർ ദിവസങ്ങൾക്കുമുമ്പ് പതിനായിരം തോക്കുകളാണ് വെസ്റ്റ് ബാങ്കിലെ ജൂതകൈയേറ്റക്കാർക്ക് ആഘോഷപൂർവം വിതരണം ചെയ്തത്. ഈ തോക്കുകൾ ഉപയോഗിച്ച് ഫലസ്തീനിയരെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. ഇത്തരം പൈശാചികതയെ വിമർശിക്കുന്നവർക്കുമേൽ സെമിറ്റിക് വിരുദ്ധത എന്ന ചാപ്പ കുത്തുന്നു.
ഇസ്രായേലിനെതിരായ വിമർശനങ്ങളും അവരുടെ ക്രൂരതകൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളും സെമിറ്റിക് വിരുദ്ധതയായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയം യൂറോപ്യൻ രാജ്യങ്ങളിലെ പല ഭരണാധികാരികൾക്കുമുണ്ട്. ജൂതമർദനത്തിന്റെയും ഹോളോകോസ്റ്റിന്റെയും ഭൂതകാലമാണ് ഈ ഭയത്തിന്റെ കാതൽ.
ഗസ്സയിലെ വംശഹത്യക്ക് തീവ്രവാദവിരുദ്ധതയുടെ ഒരു കപട മുഖം നൽകാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. നവംബർ 15ന് ബിന്യമിൻ നെതന്യാഹു നടത്തിയ പരസ്യപ്രസ്താവനയിലെ ‘‘ഇന്ന് ഇത് ഇസ്രായേലാണ്. നാളെയിത് യൂറോപ്പിലും മറ്റന്നാൾ അമേരിക്കയിലുമായിരിക്കും’’ എന്ന വരിയിൽ ആ ദുഷ്ടലാക്ക് വ്യക്തമാകുന്നു.
എന്നാൽ, 25 ലക്ഷത്തോളം വരുന്ന ജനങ്ങളെ പരിപൂർണമായും ഉന്മൂലനംചെയ്യുകയെന്ന അജണ്ട നടപ്പാക്കൽ ക്ഷിപ്രസാധ്യമല്ല. ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി വിലയിരുത്തപ്പെടുന്ന നെതന്യാഹുവിന് രാജ്യത്തെ വെറും നാലു ശതമാനം ജനതയുടെ പിന്തുണ മാത്രമാണുള്ളതെന്ന് ബാർ ഇലാൻ സർവകലാശാല നടത്തിയ ജന അഭിപ്രായസർവേ പറയുന്നു, മാരിവ് ദിനപത്രത്തിന്റെ സർവേയിൽ 22 ശതമാനം ജനങ്ങളാണ് പിന്തുണച്ചത്.
തന്റെ പരാജയങ്ങളെയും ദുഷ്പേരിനെയും മറച്ചുപിടിക്കാനും ആസന്നമായ തെരഞ്ഞെടുപ്പിൽ ഉറപ്പായ തോൽവിയെ വൈകിപ്പിക്കാനുമാണ് തീവ്ര ഫലസ്തീൻ വിരുദ്ധത ആളിക്കത്തിക്കുന്ന വംശഹത്യാ തീരുമാനങ്ങളുമായി നെതന്യാഹു മുന്നോട്ടുപോകുന്നത്.
നിലവിൽ ഒരു യുദ്ധകാല കാബിനറ്റ് അഥവാ വാർ കാബിനറ്റാണ് ഭരണം നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ വകുപ്പ് മന്ത്രി യോവ് ഗാലന്റ്, പ്രതിപക്ഷനേതാക്കളിലൊരുവനായ ബെന്നി ഗാന്റ്സ് എന്നിവരാണ് കാബിനറ്റ് അംഗങ്ങൾ. എന്നാൽ, മറ്റു മന്ത്രിമാരും ചില രാഷ്ട്രീയക്കാരും ഈ കാബിനറ്റിൽ കയറിക്കൂടാൻ മത്സരിക്കുകയാണ്.
ഗസ്സ വംശഹത്യയുടെ കുപ്രസിദ്ധി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയത്തിനായി ഉപയോഗിക്കാനാകുമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. അമേരിക്കക്ക് ഗസ്സയിൽനിന്ന് ഒന്നും നേടാനില്ലെങ്കിലും നെതന്യാഹുവിന്റെ കുതന്ത്രത്തിൽ ബൈഡൻ അകപ്പെട്ടുകഴിഞ്ഞു.
ഏതാനും ദിവസം മുമ്പേ നെതന്യാഹു നൽകിയ പ്രസ്താവനയിൽ ഹമാസ് ആധുനികകാലത്തെ അമോലേക്യർ ആണെന്നും ഈ യുദ്ധം അമോലേക്യർക്ക് എതിരായി നടന്ന യുദ്ധത്തിന് സമാനമാണ് എന്നുമാണ് പ്രസ്താവിച്ചത്. ബൈബിളിലെ പഴയ നിയമത്തിൽ ശമുവലിന്റെ ഒന്നാം പുസ്തകം പതിനഞ്ചാം അധ്യായത്തിലാണ് അമോലേക്യരെക്കുറിച്ച് പരാമർശമുള്ളത്.
ഗസ്സയിലെ പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നതിന് ന്യായീകരണം ചമക്കാൻ ലക്ഷ്യമിടുന്ന ഈ പ്രസ്താവന വഴി അമേരിക്കയിലെ ക്രിസ്ത്യൻ സയണിസ്റ്റുകളെ പ്രീതിപ്പെടുത്താമെന്ന് നെതന്യാഹുവിനറിയാം. റിപ്പബ്ലിക്കൻ പാർട്ടിയുടെ വോട്ടുബാങ്ക് വെളുത്തവർഗക്കാരുടെ വംശീയ മേൽക്കോയ്മയിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ സയണിസ്റ്റുകളാണ്.
ഒപ്പംതന്നെ ഇസ്രായേലിലെ കഹാനിസ്റ്റുകളെയും തീവ്രവലതുപക്ഷ പാർട്ടികളായ യുനൈറ്റഡ് തോറ ജൂദായിസം, ഷാസ്, സ്മോട്രിച്ചിന്റെ റിലീജിയസ് സയണിസ്റ്റ് പാർട്ടിയുടെയും മറ്റ് തീവ്ര വിഭാഗങ്ങളുടെയും പിന്തുണയാർജിക്കാനും ഈ പ്രസ്താവനക്ക് സാധിച്ചു.
അഫ്ഗാനിസ്താനിലും ഇറാഖിലും അധിനിവേശം നടത്താൻ ‘ദൈവത്തിന്റെ ഇച്ഛയാണ് താൻ നിറവേറ്റുന്നത്’ എന്നവകാശപ്പെട്ട് ജോർജ് ബുഷ് പ്രയോഗിച്ചതിനു സമാനമായ കുടിലത. ഇതിനൊപ്പം യൂറോപ്പിലും ലോകം മുഴുവനും ഇസ്ലാമോഫോബിയയും കുടിയേറ്റ വിരുദ്ധതയും വീണ്ടും ശക്തമാകുന്നു.
അമേരിക്ക ഇതുവരെ വെടിനിർത്തലിന് ആവശ്യപ്പെട്ടിട്ടില്ല. അവർ പറയുന്ന ‘Humanitarian Pause’ ഒരു കായികമത്സരത്തിനിടയിലെ ഇടവേളപോലെ ഒന്നാണ്. നാലു മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവെച്ച് ജനങ്ങൾ ഒഴിയണം, ശേഷം വീണ്ടും ആക്രമണം തുടരാം എന്നതാണ് അമേരിക്കൻ നിലപാടിന്റെ സാരാംശം.
എവിടെയാണ് ഈ ബോംബാക്രമണങ്ങൾ നടക്കുന്നത്? ജബലിയയിലെ അഭയാർഥി ക്യാമ്പുകളിൽ, ആശുപത്രികളിൽ, പരിക്കേറ്റ് ഈജിപ്തിലേക്ക് അഭയംപ്രാപിക്കാൻ ശ്രമിക്കുന്നവരുടെ നേരെയുമാണ് ആക്രമണങ്ങൾ നടക്കുന്നത്.
ഇസ്രായേലിലെ മുഴുവൻ ജനങ്ങളെയും വംശീയവാദികളെന്ന് വിളിക്കാനാവില്ല. ബോൾഷെവിക് വിപ്ലവത്തിൽ സുപ്രധാന പങ്ക് വഹിച്ചത് ജൂതന്മാരായിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ തലപ്പത്ത് നെൽസൺ മണ്ടേലയോടൊപ്പം അനേകം ജൂതന്മാർ ഉണ്ടായിരുന്നു.
അതുപോലെ ഇസ്രായേലിന്റെ ദക്ഷിണ ഭാഗത്തായി കിബുറ്റ്സ് അഥവാ ഒരു കമ്യൂൺ ജീവിതം നയിക്കുന്ന ജൂതന്മാരിൽ ഗണ്യമായ പങ്ക് പുരോഗമനവാദികളാണ്. ഫലസ്തീന്റെ വിമോചനത്തിനുവേണ്ടി പോരാടുന്ന ജൂതന്മാരാണ് ഈ കിബുറ്റ്സുകളിൽ താമസിക്കുന്നത്.
ലേബർ പാർട്ടിയുടെ ഇടതുപക്ഷം, മെറെറ്റ്സ് എന്ന ജൂത ഇടതുപക്ഷ പാർട്ടിയും ഇസ്രായേലിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ഹഡാഷും മതേതര പുരോഗമന പക്ഷത്ത് നിൽക്കുന്നവയാണ്. ഹഡാഷിൽ അറബ് വംശജർക്കാണ് ഭൂരിപക്ഷമെങ്കിലും ധാരാളം ജൂതർ ഇതിന്റെ ഭാഗമാണ്. ഗസ്സയോട് ചേർന്നുകിടക്കുന്ന കിബുറ്റ്സ് ബേറി, കിബുറ്റ്സ് നേരിയോസ്, കിബുറ്റ്സ് സഫ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ സ്വാധീനമുള്ള സ്ഥലങ്ങളാണ്.
ഇവയൊക്കെ പീസ് ക്യാമ്പുകൾ അഥവാ സമാധാനപൂർണമായ ക്യാമ്പുകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരുമായി ചേർന്നുപോകണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യരാണ് ഇവിടെ വസിക്കുന്നത്. 1993ൽ ഓസ്ലോ കരാറിന്റെ സമയത്ത് ലേബർ പാർട്ടിയും മെറെറ്റ്സും അറബ് പാർട്ടിയും ചേർന്ന് ഇസ്രായേലിൽ 52 ശതമാനം വോട്ട് നേടിയിരുന്നു.
പുരോഗമന ചിന്താഗതിക്കാരായ ജൂതന്മാർ താമസിക്കുന്ന ദക്ഷിണ ഇസ്രായേലിലെ കിബുറ്റ്സുകളും ദൗർഭാഗ്യവശാൽ ഹമാസിന്റെ ആക്രമണത്തിന് വിധേയമായി. ഈ ആക്രമണത്തിൽ ജൂത സമാധാനപ്രവർത്തകനും ഫലസ്തീൻ അനുകൂലിയുമായ ഹൈം കിറ്റ്സ്മാൻ, ഫലസ്തീനിയൻ കുട്ടികൾക്കായി ദ്വിഭാഷ സ്കൂൾ നടത്തുന്ന ജൂതദമ്പതികളായ ശ്ലോമി-ഷഹാർ എന്നിവർ കൊല്ലപ്പെട്ടു.
കുറച്ചു ദിവസം മുമ്പ് ഇസ്രായേലിലെ ഏറ്റവും പ്രമുഖ ജൂത സമാധാന പ്രവർത്തകയും ഫലസ്തീൻ അനുകൂലിയുമായ വിവിയൻ സിൽവറിന്റെ മൃതദേഹം അവരുടെ വീട്ടിൽനിന്ന് കണ്ടെത്തി. ഹമാസ് ആക്രമണത്തിലാണ് ഇവർ മരിച്ചത് എന്ന വസ്തുത ഇസ്രായേലിലെ ഇടതുപക്ഷ ജനങ്ങളെ പ്രതിരോധത്തിലാക്കി. അവരെ രാജ്യദ്രോഹികളും ഹമാസിന്റെ ആക്രമണത്തിന് വളമിട്ടവരെന്നും സെമിറ്റിക് വിരുദ്ധരെന്നും മുദ്രകുത്തി നെതന്യാഹു തീവ്ര വലതുപക്ഷ വികാരം ശക്തമാക്കി.
ഹൈം കിറ്റ്സ്മാന്റെ സഹോദരൻ നോയി കിറ്റ്സ്മാൻ പറഞ്ഞത് ഞങ്ങളുടെ വേദനയുടെ പേരിൽ ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കരുത് എന്നാണ്. നോയി മാത്രമല്ല, ഹമാസ് ബന്ദികളാക്കിയവരുടെ കിബുറ്റ്സിലെ ബന്ധുക്കളും പറയുന്നത് ഞങ്ങളുടെ പേരിൽ ഗസ്സയിലെ ഫലസ്തീൻ ജനങ്ങളെ കൊല്ലരുത് എന്നാണ്.
വലിയൊരു ശതമാനം ജനങ്ങളും ആവശ്യപ്പെടുന്നത് ഹമാസുമായോ ഫലസ്തീൻ ദേശീയ അതോറിറ്റിയുമായോ ഇസ്രായേൽ സർക്കാർ ചർച്ചകളും സംഭാഷണങ്ങളും നടത്തി ബന്ദികളെ മോചിപ്പിക്കണമെന്നാണ്. ലബനാനടുത്തുള്ള കിരിയാത്ത്, സ്മോനെ തുടങ്ങിയ സ്ഥലങ്ങളിലെ, ഒരു ലക്ഷത്തോളം വരുന്ന ഇസ്രായേലി ജൂതന്മാരെ ഒഴിപ്പിച്ച് അവരെ ജറൂസലമിൽ ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.
ഇസ്രായേലിൽ കൃഷിയിലും നിർമാണ മേഖലയിലും ജോലി ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലധികം വരുന്ന ഫലസ്തീനികളാണ്. അവരെ പുറത്താക്കിയതോടെ ഉണ്ടായ തൊഴിലാളിക്ഷാമത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ഫിലിപ്പീൻസിൽനിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നത്.
അഴിമതിക്കേസിൽ ജയിൽശിക്ഷ ഉറപ്പായും ലഭിക്കാവുന്ന ഒരു സ്ഥിതിയിലാണ് നെതന്യാഹു. ആഭ്യന്തരസുരക്ഷയായിരുന്നു നെതന്യാഹുവിന്റെ ഏറ്റവും വലിയ പ്രചാരണ ആയുധവും രാഷ്ട്രീയത്തിലെ തുറുപ്പുശീട്ടും. ഒക്ടോബർ ഏഴിന് ഈ വാദത്തിലെ പൊള്ളത്തരം ജനങ്ങൾക്കു മുന്നിൽ വെളിവാക്കപ്പെട്ടു.
കഴിഞ്ഞ ആഴ്ച സൗദി അറേബ്യ ഗസ്സ വിഷയം ചർച്ചചെയ്യാൻ സംഘടിപ്പിച്ച ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇറാന്റെ പ്രസിഡന്റ് ഇബ്രാഹിം റഈസി പങ്കെടുത്തുവെന്നത് പശ്ചിമേഷ്യയുടെ രാജ്യാന്തര സമവാക്യങ്ങൾ മാറിമറയുന്നതിന്റെ സൂചനയാണ്.
മധ്യേഷ്യയിലെ അറബ്, ഇസ്ലാമിക രാജ്യങ്ങൾ ഈ വിഷയത്തോടെ പരസ്പര ഐക്യം ഊഷ്മളമാക്കി. ഈ രാജ്യങ്ങൾ ഇനിയും ശക്തമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാർഗം കണ്ടെത്താൻ സാധിക്കും. കൊല്ലപ്പെടുന്നത് സാധാരണക്കാരായ മനുഷ്യരാണെന്നും ഈ ശത്രുതയുടെയും അതു മൂലം സംഭവിക്കുന്ന സംഘർഷങ്ങളുടെയും ലാഭംകൊയ്യുന്നത് സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റുകളുമാണ് എന്ന് രാഷ്ട്രത്തലവന്മാർ മനസ്സിലാക്കണം.
അറബ് രാജ്യങ്ങൾക്കിടയിൽ സാമ്രാജ്യത്വം സൃഷ്ടിച്ച അനൈക്യം ഫലസ്തീൻ മുന്നേറ്റത്തെ ദുർബലപ്പെടുത്തി. ഒപ്പം സോവിയറ്റ് യൂനിയൻ ഇല്ലാതായതും ഫലസ്തീൻ വിമോചനസ്വപ്നങ്ങൾക്ക് വലിയ പ്രഹരമായി. ഇപ്പോൾ തുടരുന്ന ഈ വംശഹത്യക്ക് അന്ത്യം കുറിക്കാൻ ഇസ്രായേലിലെ ജനതക്കും പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങൾക്കും മാത്രമേ സാധിക്കൂ.
(വിദേശകാര്യ വിദഗ്ധനും മുൻ പി.എസ്.സി അംഗവുമായ ലേഖകൻ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിൽ വിസിറ്റിങ് പ്രഫസറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.